Home Americaഎന്തൊക്കെ കാണണം… ‘ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കും കിട്ടണം’, സമാധാന നൊബേൽ കിട്ടാൻ വിറളി പൂണ്ട് ട്രംപ്!

എന്തൊക്കെ കാണണം… ‘ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കും കിട്ടണം’, സമാധാന നൊബേൽ കിട്ടാൻ വിറളി പൂണ്ട് ട്രംപ്!

by admin
0 comments
എന്തൊക്കെ കാണണം… ‘ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കും കിട്ടണം’, സമാധാന നൊബേൽ കിട്ടാൻ വിറളിപൂണ്ട് ട്രംപ്!

അമേരിക്കൻ പ്രസിഡന്റ് ‘ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം’. ലോകത്തിന്റെ പല കോണുകളിൽ നിന്നായി പലപ്പോഴായി ഉയർന്നുകേട്ട ഒരാവിശ്യമാണിത്. എന്തടിസ്ഥാനത്തിൽ കൊടുക്കണം എന്ന് ചോദിച്ചാൽ ലോക പോലീസിന്റെ കുപ്പായമെടുത്തണിഞ്ഞ്, തർക്കഭൂമികളിൽ സമാധാനമുണ്ടാക്കാൻ നടക്കുന്ന ട്രംപിന്റെ നിസ്വാർത്ഥ സേവനത്തിന് ആണത്രേ.

ആവശ്യവുമായി ആദ്യം രംഗത്ത് വന്നത്, കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റ് ആയിരുന്നു. കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാൻ സഹായിച്ചതിനാണ് ഈ നോമിനേഷൻ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് അടുത്തതായി രംഗത്ത് വന്ന സമാധാന പോരാളി. പലസ്തീനുമായി ഒരു സമാധാന കരാർ ഉണ്ടാക്കാൻ ശ്രമിച്ചതിനും മറ്റ് മേഖലകളിൽ സമാധാനം കൊണ്ടുവരാൻ സഹായിച്ചതിനുമാണ് ട്രംപിന് നൊബേൽ സമ്മാനം കൊടുക്കേണ്ടത് എന്നാണ് നെതന്യാഹു വാദിച്ചത്.

തൊട്ടുപിന്നാലെ ഇന്ത്യയുമായി പാകിസ്ഥാന് ഉണ്ടായിരുന്ന സംഘർഷം പരിഹരിക്കാൻ ട്രംപ് നടത്തിയ ഇടപെടലുകൾ മുൻനിർത്തികൊണ്ട് പാകിസ്ഥാനും, പതിറ്റാണ്ടുകളായി അർമേനിയയും അസർബൈജാനും തമ്മിലുണ്ടായിരുന്ന യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ സഹായിച്ചതിന് ഈ രണ്ട് രാജ്യങ്ങളിലെയും നേതാക്കളും ട്രംപിനെ സംയുക്തമായി നോമിനേറ്റ് ചെയ്തു. ഏറ്റവും ഒടുവിലായി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, വിമതസംഘടനയുമായുള്ള സമാധാന കരാറിന് ട്രംപ് നൽകിയ സംഭാവനകൾ ചൂണ്ടി കാണിച്ചുകൊണ്ട് നോമിനേറ്റ് ചെയ്തു. ഇവരൊക്കെ ഒരേ സ്വരത്തിൽ പറയുന്നത് ഒന്നുമാത്രമാണ്, ‘ട്രംപ് ഒരു ലോക സമാധാന നായകനാണ്, അദ്ദേഹത്തിന് സമാധാന നൊബേൽ നൽകി ആദരിക്കണം’.

കംബോഡിയയും തായ്‌ലാൻഡും പാകിസ്ഥാനും ഒക്കെ വിട്ട് ഗാസയിലേക്ക് മാത്രം ശ്രദ്ധ തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നെതന്യാഹു, ഗാസയെ പൂർണമായും ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചത്. 2 വർഷത്തിനിടെ സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളുമടക്കമുള്ള പതിനായിരക്കണക്കിന് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ട ഗാസ വംശഹത്യയുടെ അപ്പോസ്തലന്മാരായ ഇസ്രയേൽ, ഗാസ ഏറ്റെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചപ്പോൾ ട്രംപ് ചെയ്തതോ? യുദ്ധം ആരംഭിച്ചതുമുതൽ ഇന്നുവരെ ചെയ്തുകൊണ്ടിരുന്നത് തന്നെ, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുക. വംശഹത്യ ചെയ്താലും രാജ്യം പിടിച്ചെടുത്താലും, എന്ത് തന്നെ ക്രൂരത ചെയ്താലും ഇസ്രയേലിനൊപ്പമുണ്ട് എന്ന് ഉറപ്പിച്ചുകൊണ്ടേയിരിക്കുക. ഇതേ ട്രംപ് തന്നെയാണ് ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടത്, റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്ന് ആയുധവും, പണവും ആവോളം എത്തിച്ചുനൽകുന്നത്, യുദ്ധത്തെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നതും. എന്നിട്ടും ട്രംപിന് പേര് സമാധാന നായകൻ എന്ന്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് ഇടപെട്ടു എന്നാണ് പാകിസ്ഥാനും ട്രംപും വാദിക്കുന്നത്. പാകിസ്ഥാന് ആയുധമെത്തിച്ചു നൽകി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാക്കിക്കൊണ്ടാണ് ഇടപെട്ടത് എന്ന് സമ്മതിച്ചാൽ വിശ്വസിക്കാം, അല്ലാതെ ട്രംപ് ഇടപെട്ട് സംഘർഷം ഒഴിവാക്കാൻ കാരണമായി എന്നൊക്കെ വാദിച്ചാൽ കേട്ടോണ്ടിരിക്കാൻ ലോകത്തുള്ളവരൊക്കെ വിഡ്ഢികളാണെന്നാണോ വിചാരം?

തർക്ക ഭൂമികളിലെല്ലാം ചെന്ന് കരാർ ഉണ്ടാക്കി എന്നാണല്ലോ വാദം. ട്രംപിന്റെ മധ്യസ്ഥതയിൽ ഉണ്ടായ പല കരാറുകൾക്കും ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പില്ല. ഉണ്ടാക്കിയെന്ന് പറയുന്ന പല കരാറുകളും രാഷ്ട്രീയ ലാഭത്തിനായി ഉണ്ടാക്കിയതാണ്, അതുകൊണ്ട് തന്നെ അവയൊന്നും യഥാർത്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളല്ല. അതിനുള്ള ഉദാഹരണങ്ങളാണ്, തായ്‌ലൻഡ്-കംബോഡിയ, കോംഗോ, അർമേനിയ-അസർബൈജാൻ സമാധാന കരാറുകൾ. ട്രംപ് കണ്ടെത്തി എന്ന് പറയുന്ന സമാധാനം ഇവിടങ്ങളിലൊന്നും ഇതുവരെ നിലവിൽ വന്നിട്ടില്ല എന്നത് തന്നെ കാരണം.

പിന്നെ, നോമിനേറ്റ് ചെയ്തുകൊണ്ടുള്ള രാജ്യങ്ങളുടെ പരസ്യമായ ഈ രംഗപ്രവേശം, ട്രംപ് എന്ന അല്പനെ പൊക്കിയടിച്ചാൽ തങ്ങൾക്കുണ്ടാവാൻ പോകുന്ന രാഷ്ട്രീയലാഭം ഒന്നുമാത്രം കണ്ടുകൊണ്ട് അയാളെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്ന് ആർക്കാണ് മനസ്സിലാവാത്തത്? പരസ്പര വിരുദ്ധമായി പ്രവർത്തിക്കുന്ന ട്രംപിനെ സമാധാനത്തിന്റെ വെള്ളരിപ്രാവായി അവരോധിക്കുന്നത് കാണുമ്പോൾ തന്നെ ഊഹിക്കാവുന്നതേയുള്ളു, അതിനു പിന്നിലെ യാഥാർഥ്യം.

നൊബേൽ സമ്മാനം എന്ന ആഗ്രഹം ട്രംപിന്റെ ഉള്ളിൽ കടന്നുകൂടിയത് ഇന്നോ ഇന്നലെയോ അല്ല, 2009 – ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചതുമുതൽ ട്രംപിനുമുണ്ട് അങ്ങനെയൊരാഗ്രഹം. ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കും കിട്ടണം. പക്ഷെ എന്തുകൊണ്ട് ഒബാമക്ക് കിട്ടി എന്നോ, എന്തുകൊണ്ട് ട്രംപിന് അത് കിട്ടാൻ പാടില്ല എന്നോ, ട്രംപോ, മുകളിൽ പറഞ്ഞ സമാധാന കാംഷികകളെന്നവകാശപ്പെടുന്ന, നെതന്യാഹുവിനെപ്പോലുള്ള ക്രൂരതയുടെ വക്താക്കളായ ട്രംപ് അനുകൂലികളോ ചിന്തിക്കുന്നില്ല.

നോർവീജിയൻ നൊബേൽ കമ്മിറ്റി പറയുന്നതനുസരിച്ച്, “അന്താരാഷ്ട്ര നയതന്ത്രം ശക്തിപ്പെടുത്താനും ജനങ്ങൾക്കിടയിലുള്ള സഹകരണം വളർത്താനും അദ്ദേഹം നടത്തിയ അസാധാരണമായ ശ്രമങ്ങൾ”ക്കാണ് ഒബാമയ്ക്ക് നൊബേൽ സമ്മാനം നൽകിയത് എന്നാണ്. ഇതിന് കാരണങ്ങളായി ബരാക്ക് ഒബാമ ചെയ്ത കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട് കമ്മിറ്റി.

ബഹുരാഷ്ട്ര നയതന്ത്രത്തിന് ഊന്നൽ നൽകിയ വ്യക്തിയായിരുന്നു ഒബാമ. തനിക്ക് മുൻപുണ്ടായിരുന്ന പ്രസിഡന്റിന്റെ ഏകപക്ഷീയമായ നയങ്ങളിൽ നിന്നുമാറി, യു എൻ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള ഒബാമയുടെ ശ്രമങ്ങളെ കമ്മിറ്റി പ്രശംസിച്ചിരുന്നു. ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ഒബാമയുടെ പ്രതിബദ്ധത ഒരു പ്രധാന കാരണമായിരുന്നു. പശ്ചിമേഷ്യയും മുസ്ലീം ലോകവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെയും കമ്മിറ്റി എടുത്തുപറഞ്ഞു. കെയ്‌റോയിൽ നടത്തിയ ഒബാമയുടെ പ്രസംഗവും അതിന്റെ ഭാഗമായി കമ്മിറ്റി ഉയർത്തിക്കാട്ടിയിരുന്നു. അങ്ങനെ, ട്രംപിന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ചിന്തിച്ചും ലോകത്തിനു മുമ്പിൽ പ്രവർത്തിച്ചു കാണിച്ചുമാണ് നൊബേൽ സമ്മാനത്തിനുള്ള തന്റെ യോഗ്യത ഒബാമ തെളിയിച്ചത്. അല്ലാതെ ഒരു കൈകൊണ്ട് സമാധാന കരാർ ഒപ്പിട്ട് മറുകൈകൊണ്ട് യുദ്ധത്തിനും വംശഹത്യയ്‌ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നില്ല.

അതുകൊണ്ട്, സമാധാന നൊബേൽ എന്ന പവിത്രമായ സമ്മാനത്തിന് ഡോണൾഡ്‌ ട്രംപ്, നിങ്ങൾ യോഗ്യനല്ല. അത്ര ആഗ്രഹമുണ്ടെങ്കിൽ നെതന്യാഹുവോ മറ്റേതെങ്കിലും നേതാക്കളോ ഇടപെട്ട് ഏതെങ്കിലും കടയിൽ നിന്നും അത്തരമൊരെണ്ണം വാങ്ങി നൽകുന്നതാവും നല്ലത്. അല്ലാതെ സമാധാനം എന്ന വാക്കിന്റെ അർഥം പോലും മനസിലാക്കാൻ കഴിയാത്ത ട്രംപിന് ഒരു കാരണവശാലും നൊബേൽ സമ്മാനം നൽകാൻ പാടില്ല.

usamalayalee.com

You may also like

Leave a Comment