Home Healthഈ ജന്മത്തിൽ കണ്ണുകൾ ദാനം ചെയ്താൽ അടുത്ത ജന്മത്തിൽ അന്ധരായി ജനിക്കുമോ?

ഈ ജന്മത്തിൽ കണ്ണുകൾ ദാനം ചെയ്താൽ അടുത്ത ജന്മത്തിൽ അന്ധരായി ജനിക്കുമോ?

by admin
0 comments

ഈ ജന്മത്തിൽ കണ്ണുകൾ ദാനം ചെയ്താൽ അടുത്ത ജന്മത്തിൽ അന്ധരായി ജനിക്കുമെന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ടെന്നത് അത്ഭുതമായാണ് തോന്നുന്നത്. തീർത്തും അശാസ്ത്രീയപരമാണത്. ഇതുപോലെ ഇനിയുമേറെ തെറ്റിദ്ധാരണകൾ ഉണ്ട്. കണ്ണുകൾ ദാനം ചെയ്താൽ അവരുടെ കണ്ണുണ്ടായിരുന്ന ഇടത്ത് ദ്വാരങ്ങൾ ഉണ്ടാകുമെന്നാണ് നേത്രദാനവുമായി ബന്ധപ്പെട്ട മറ്റൊരു മിഥ്യാധാരണ. കണ്ണിന്റെ കോർണിയ ഭാഗം മാത്രമേ നീക്കം ചെയ്യുന്നുള്ളൂ.. അതിനാൽ മരിച്ചയാളുടെ മുഖത്തിന്റെ രൂപം അതേപടി തുടരുന്നു. 

വ്യക്തി മരിച്ച് ആറ് മണിക്കൂറിനുള്ളിൽ അടുത്തുള്ള നേത്രബാങ്കിലേക്ക് വേണ്ടപ്പെട്ടവർ വിളിക്കുകയാണ് വേണ്ടത്. കാറ്റ് കയറാത്ത മുറിയിൽ മരിച്ചയാളെ കിടത്തണം. തലയിണ ഉപയോഗിച്ച് തല ഉയർത്തിയ ശേഷം പോളകൾ പതുക്കെ അടക്കുക. തുടർന്ന്, കണ്ണുകൾക്ക് മുകളിൽ നനഞ്ഞ തുണി വയ്ക്കാൻ പറ്റിയാൽ അത്രയും നല്ലത്. നേത്രദാനം ചെയ്യുന്നതിന് ആരിൽ നിന്നും പണം ഈടാക്കുന്നില്ല. ഒരു ലോക്കൽ ടെലിഫോൺ കോൾ മാത്രമാണ് ചിലവായി വരുക.

മരിച്ചയാൾ ജീവിച്ചിരിക്കുമ്പോൾ നേത്രദാനം ചെയ്യാൻ സമ്മതം കൊടുത്തിട്ടില്ലെങ്കിൽ പോലും അടുത്ത കുടുംബാംഗങ്ങൾക്കോ ​​ബന്ധുക്കൾക്കോ ​​അവരുടെ കണ്ണുകൾ ദാനം ചെയ്യാൻ കഴിയും. ഇന്ത്യയിലെ ഏത് നേത്രബാങ്കിലും ഇതിനുള്ള സൗകര്യമുണ്ട്. തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രപ്രശ്നങ്ങളുള്ള വ്യക്തിക്ക് കണ്ണുകൾ ദാനം ചെയ്യാൻ കഴിയില്ല. എന്നാൽ, ഇവയ്ക്കൊക്കെ ശസ്ത്രക്രിയ നടത്തിയ വ്യക്തിയെ നേത്രദാനത്തിന് പരിഗണിക്കാവുന്നതാണ്. 
 
ഒരാളുടെ നേത്രദാനം വഴി രണ്ട് കോർണിയ അന്ധർക്ക് കാഴ്ച ലഭിക്കും. ഒരു വ്യക്തിക്ക് നിസ്സാരമായി ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച ദാനം നേത്രദാനമെന്ന് പറയുന്നതിൽ തെറ്റ് കാണുന്നില്ല. കോർണിയയുടെ തകരാറ് മൂലം അത്രയേറെ ആൾക്കാർ അന്ധതയിലേക്ക് പോകുന്നു. കൃഷ്ണമണിയുടെ നേർത്ത കോശപാളി മാത്രമാണ് ശസ്ത്രക്രിയയ്ക്ക് അടിസ്ഥാനം. ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണുകൾ ദാനം ചെയ്യുന്നതിന് പ്രേരിപ്പിക്കുതും ധാർമികതയാണെന്ന് വേണം കരുതാൻ.
 
യഥാർത്ഥത്തിൽ നേത്രദാനം വളരേ നല്ല പ്രവൃത്തിയാണ്. ഒരു നല്ല പ്രവൃത്തി എല്ലായ്പ്പോഴും നന്മയ്ക്ക് കാരണമാകുന്നു…
 
ശ്രീജിത്ത്‌ ഇരവിൽ

You may also like

Leave a Comment