
കേരളീയർ പൊതുവേ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചവരാണെന്നാണ് പറയാറ്. അങ്ങനെയൊരു നാട്ടിൽ അന്ധവിശ്വാസങ്ങൾ പെറ്റ് പെരുകുന്നുവെന്ന് പറയുമ്പോൾ എന്താണ് സാക്ഷരതയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വ്യവസ്ഥിതികളെ സംശയിക്കേണ്ടിയിരിക്കുന്നു.
കണക്കെടുത്താൽ ഓരോ മാസം കൂടുമ്പോഴും അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ഒരു കൊലയെങ്കിലും നടക്കുന്നുണ്ട്. എണ്ണമറ്റ മറ്റ് ക്രൈമുകളും വ്യപകമാണ്. എല്ലാം ദൈവത്തിന്റെ പേരിലാണെന്ന് പറയുമ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ സാക്ഷരത തല കുനിക്കേണ്ടത്.
പ്രാർത്ഥിച്ചാൽ പ്രയാസങ്ങൾ മാറുമെന്ന അടിസ്ഥാനമാണ് വിശ്വാസത്തിന്റെ മൂലധനം. അങ്ങനെ മാറുമെങ്കിൽ ആശുപത്രികൾ വേണമായിരുന്നോയെന്ന് ചോദിച്ചാലൊന്നും വിശ്വസികൾക്ക് മനസ്സിലാകില്ല. ഈ ഭൂമി ഉൾപ്പെടുന്ന ലോകത്തിന് ഒരു സൃഷ്ടാവ് ഉണ്ടെന്നും. ആ മഹാശക്തിയെ പ്രീതിപ്പെടുത്തിയാൽ മണൽത്തരിയോളം പോന്ന ഈ ഭൂമിയിൽ സുഖമായി ജീവിക്കാമെന്നും കരുതാൻ അസാമാന്യ വിഡ്ഢിത്തരം തന്നെ വേണം. അത്തരം തലമുറകളെ തടയാൻ കെൽപ്പില്ലായെന്ന് പറയുമ്പോഴാണ് നാടിന്റെ വിദ്യാഭ്യാസത്തിന്റെ തല കുനിയേണ്ടത്.
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞിട്ടും നിയമനിർമാണം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ചിരിക്കുന്നു. ഈ പശ്ചാത്തലം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദ സംഘം സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശം. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, കൃത്യമായ നിയമ നിര്‍മ്മാണം നടത്താൻ സര്‍ക്കാരിന് കഴിയുന്നില്ല. അന്ധവിശ്വാസത്തിന്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമം പരിഷ്കരിക്കാനുള്ള സമഗ്ര റിപ്പോര്‍ട്ടാണ് 2021-ൽ കമ്മീഷൻ സര്‍ക്കാരിന് സമര്‍പ്പിച്ചത്. അതിന് ശേഷത്തെ കണക്ക് പരിശോധിച്ചാൽ തന്നെ ഭയന്ന് പോകും.
നരബലികൾ, ലൈംഗീക പീഠനങ്ങളും തുടർന്നുള്ള കൊലപാതകങ്ങളും, സാമ്പത്തിക തട്ടിപ്പ്…. തുടങ്ങിയ നിരവധി സാമൂഹ്യവിരുദ്ധ പ്രവർത്തികളാണ് ദൈവത്തിന്റെ പേരിൽ നടക്കുന്നത്.
ആഭിചാരവും മന്ത്രവാദവും നിരോധിക്കാനുള്ള നിയമ നടപടിക്കായി പൊതുജന അഭിപ്രായം തേടുമെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞിരിക്കുന്നത്. മന്ത്രി പറയുന്നത് പോലെ പൊതുജനത്തിന്റെ അഭിപ്രായം തേടാനൊന്നുമില്ല. ആഭിചാരവും മന്ത്രവാദവും നിരോധിക്കുക തന്നെ വേണം. ഈ അവസരം സർക്കാർ ഉപയോഗിക്കാതെ പോകുന്നത് ആധുനിക മനുഷ്യരോടുള്ള അനീതിയാണെന്നേ പറയാനുള്ളൂ…
അന്നദാന ഇടങ്ങളായും, ആരോഗ്യ കേന്ദ്രങ്ങളായും, ആരാധനാലയങ്ങൾ പരിവർത്തപ്പെടണമെന്നേ ബോധമുള്ള മനുഷ്യർ ചിന്തിക്കുകയുള്ളൂ… മുന്നോട്ടുള്ള ജീവിതത്തിന് ദൈവ അനിവാര്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വയം വിശ്വസിക്കുക. നിന്നിൽ കലരാൻ കെൽപ്പില്ലാത്തവനാണോ നിന്റെ ദൈവമെന്ന് ചിന്തിക്കുക…
‘വിശ്വാസമാണ് ദൈവമെങ്കിൽ,
നിന്നെക്കാളും കൂടുതൽ
നിനക്ക് ആരെയാണ് വിശ്വസിക്കേണ്ടത്…!!!’
ശ്രീജിത്ത് ഇരവിൽ
Usamalayalee.com