114
യൂദാസേ, നിന്റെ രാജ്യം വന്നിരിക്കുന്നു..
കഥ – ബെന്നി
കടുത്ത ക്രോധം കൊണ്ട് പൊട്ടിത്തെറിച്ച്, നരകത്തിൻ്റെ അഗാധ ഗർത്തത്തിൽ നിന്നും ലൂസിഫർ പുറത്തു വന്നു. രക്തം ഇറ്റിറ്റു വീഴുന്ന നാവ് പുറത്തേക്ക് നീട്ടി, തീ പാറുന്ന ചോരക്കണ്ണുകൾ വലിച്ചു തുറന്ന് ഭൂമിയിലേക്ക് ദൃഷ്‌ടി പായിച്ചുകൊണ്ട് അട്ടഹസിച്ചു. ലൂസിഫറിന്റെ അട്ടഹാസം ഭൂമിയിൽ മുഴങ്ങി.
“എടാ… യൂദാസേ… യൂദാസേ… “
രണ്ടു സഹസ്രാബ്ദം അക്കൽദാമയിലെ രഹസ്യ ഗുഹയിൽ നീണ്ട നിദ്രയിലായിരുന്ന യൂദാസ് ഞെട്ടിയുണർന്നു.
“അല്ലയോ, എൻ്റെ ഗുരോ, ഇതാ അടിയൻ. എന്താണ് ഈയുള്ളവനിൽ നിന്നും വീണ്ടും ആവശ്യപ്പെടുന്നത്?”
“ഒട്ടും ഉത്തരവാദിത്തബോധം ഇല്ലാതെ രാവും പകലും നിൻ്റെയൊരു നശിച്ച ഉറക്കം. അടിമുടി വിറക്യാ ഞാൻ. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, കഴുവേറി…”
“അയ്യോ… എന്റെ ഗുരോ, കരുണ തോന്നി അടിയന്റെ തെറ്റ് പൊറുത്താലും. കുതന്ത്രത്തിന്റെ ഭാഗമായി അടിയൻ ഉറക്കം നടിക്കുകയായിരുന്നു. അടുത്ത പ്രോജെക്ട് പ്ലാനിന്റെ രാപകലുള്ള റ്റീടിയസ്സ് വർക്കിലാണ്.”
“എടാ, വിവരദോഷി, നിൻ്റെ കണ്ണിലെന്താ വസൂരി വന്നോ? “
കണ്ണു തിരുമ്മിയിട്ട് യൂദാസ് പറഞ്ഞു.
“അടിയനെന്നും അങ്ങിൻ്റെ കല്പനകൾ നിവർത്തിക്കാൻ ജാഗരൂകനാണല്ലോ.”
“പ്രപഞ്ചത്തിലെ വെറുമൊരു മൺതരി മാത്രമായ ഭുമിയുടെ അവകാശം മുഴുവൻ നിന്നെ ഏൽപ്പിച്ചു. എന്നിട്ട് കുഴിമടിയനായി നീ ഉറങ്ങുന്നുവോ, പഹയ?”
“അടിയൻ… കല്പിച്ചാലും… റ്റൂ മച്ച് വർക്ക് ലോഡ്. അതിനാൽ ഔട്ട്സോർസ് ചെയ്തിരിക്യാ ഗുരോ. അടിയന്റെ മിടുമിടുക്കരായ ഏജന്റുമാർ ഭൂമിയിൽ മുഴുവനുമുണ്ട്. അവർക്ക് സബ്-കോൺട്രാക്റ്റ് കൊടുത്തിരിക്യാ. ടെയ്-ലീ മോർണിംഗ്-ൽ റിപ്പോർട്ട് പരിശോധിക്കും. ആവശ്യമായ ഇൻസ്ട്രക്ഷൻസ് കൊടുക്കും. ടഫ് കേസുകൾ മാത്രമാണ് അടിയൻ അറ്റൻഡ് ചെയ്യാറ്. അടിയന്റെ സമയം വെരി വെരി എക്സ്പെൻസീവ് എന്നത് അങ്ങേക്ക് അറികയില്ലയോ?”
“വലിയ നോമ്പിൻ്റെ അനുതാപ നമസ്ക്കാരങ്ങൾ ഭൂമിയിൽ വല്യ കൊട്ടിഘോഷത്തോടെ നടന്നത് നീ അറിഞ്ഞില്ലേ കോവർ കഴുതേ? നിൻ്റെ ചെവിയിൽ ഈയമുരുക്കിയൊഴിച്ചിരിയ്കയാണോ ടാ? ജനം നമ്മുടെ വഴികളിൽ നിന്നും മാറിപ്പോകുന്നതിൽ നാം വളരെ അസ്വസ്ഥനാകുന്നു. മനസ്സിലായൊടാ, ബ്ലഡി ഫൂൾ ഇഡിയറ്റ്.”
തൻ്റെ രണ്ടു കൊമ്പുകളും കൊണ്ട് ഭൂമിയുടെ അച്ചുതണ്ടിനെ കുടിക്കിട്ടു പിടിച്ചിട്ട്, രക്തം ഇറ്റുവീഴുന്ന നാവുകൊണ്ട് അക്കൽദാമയുടെ ഗുഹയിൽ ഒളിച്ചിരിക്കുന്ന യൂദാസിനെ വളഞ്ഞു പിടിച്ചു.
“അനുസരണയില്ലാത്ത നശിച്ച സന്തതി, ഭൂമിയിൽ നമുക്കൊരു പിടിവള്ളി കിട്ടിയത് അന്നു നീ ഒറ്റികൊടുത്ത നസ്രേത്തുകാരൻ്റെ ക്രൂശു മരണത്തോടെയാണെന്നത് അറിയുന്നില്ലയോ?
പക്ഷേ, എടാ പോത്തേ, അവന്റെ ഉയർപ്പിൻ്റെ ആഘോഷത്തിലേക്ക് ഭുമിയിലെ അബാലവൃദ്ധ ജനങ്ങളും, ഭയഭക്തിയോടെ, നേർച്ച കാഴ്ചകളോടെ ഇരച്ചെത്തിയത് നീയിതുവരെ എന്നെ അറിയിച്ചില്ല!”
“ഉത്തരവ്… അടിയൻ…”
“നമ്മെ വല്ലാതെ തളർത്തിക്കളഞ്ഞത് കൌമാരക്കാരുടെ അഭൂതപൂർവമായ ഒഴുക്കാണ്. കനാനിലെയൊരു ദേവാലയത്തിൽ ഇടയന്റെ നേത്രുത്വത്തിൽ, കൌമാരക്കാരുടെ വലിയൊരു കൂട്ടം നോമ്പു നോറ്റ്, രാപകലില്ലാതെ, എല്ലാ യാമങ്ങളിലും ഉപവാസ പ്രാർത്ഥനയായിരുന്നുയെന്നത്, വിഡ്ഡി നീ അറിഞ്ഞിരുന്നോ?
നമ്മുടെ സിംഹാസനത്തിന്റെ അടിവേരിളക്കുന്ന വലിയൊരു ഭീക്ഷിണിയാണത്. രഹസ്യ ചാരന്മാർ നമ്മെ അതറിയിച്ചതു മുതൽ നാം ഉറങ്ങിയിട്ടില്ല. ഇവരെ കണ്ടിട്ട് കനാനിലെ മറ്റനേകം ദേവാലയങ്ങളിലെ കൌമാരക്കാർ അവരുടെ ഇടയന്മാരെ സമീപിച്ചതായ രഹസ്യ ഇന്റലിജെന്സ് റിപ്പോർട്ട് നമുക്ക് കിട്ടിയിട്ടുണ്ട്! കൌമാരക്കാരിങ്ങനെ വഴിതെറ്റിപ്പോയാൽ ഭൂമിയിൽ നമ്മുടെ സാമ്രാജ്യം തകർന്നു തരിപ്പണമാകും. നിനക്കിത് അറിയോ, വിവരദോഷി.”
“എൻ്റെ ഗുരോ… സമാധാനപ്പെട്ടാലും… അപ്പോഴേ അറിഞ്ഞിരുന്നു. അതിനുള്ള കുതന്ത്ര വിഷമരുന്ന് അന്നേ പ്രയോഗിച്ചു കഴിഞ്ഞു. അങ്ങ് ഈയുള്ളവനെ വിശ്വസിച്ചാലും. ടെൻഷനടിക്കല്ലേ ഗുരോ. ഇത് പഴയ യൂദാസല്ല, ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ യൂദാസാ പറേണത്.
നിർമ്മിത ബുദ്ധിയുടെ പ്രത്യേകമായാ ഇൻസ്ട്രക്ഷനിൽ കിട്ടിയ പുതിയപുതിയ അടവുകൾ, കൌശലങ്ങൾ, ഉപായങ്ങൾ, സൂത്രങ്ങൾ, ചതികൾ, വഞ്ചനകൾ, കുതികാൽ ചവുട്ട് ഒക്കെ വേണ്ടവിധം എടുത്തിട്ടാ പയറ്റണേ… പോരാഞ്ഞ് ചാറ്റ്ജിപിറ്റി 4.0 യുടെ പെയ്‌ഡ് സബ്സ്ക്രിപ്ഷൻ കൂടിയുണ്ട്.
അടിയൻ എന്ത് ടാസ്ക് ഫൈനലൈസ് ചെയ്യുന്നതിനും മുമ്പ് ചാറ്റ്ജിപിറ്റിയുടെ അഡ് വൈസ് എടുത്തിട്ടാ തുടങ്ങണെ.
ഇവിടെത്തെ ഈ പീറപ്പിള്ളേർക്ക് ഇതുവല്ലതും അറിയ്യോ. പൊട്ടന്മാർ. അവർക്കൊക്കെ വൺ പ്ലസ് വൺ റ്റു ആണ്. അടിയന് ബല്യ ഒന്നാ! അതാ ഈ യൂദസ്സിന്റെ അസാമാന്യ കുതന്ത്ര ബുദ്ധി.
അടിയെന്റെ ഐ-ക്യു ഐൻസ്റ്റയിനും മേലേയാണെന്ന് അങ്ങുതന്നെ പലപ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ!
ഐൻസ്റ്റയിൻ ഈ ടാസ്കുകളില് അടിയന്റെ മുമ്പിൽ വെറും ബിഗിനെർ!
ലോക കുതന്ത്ര ചെസ്സിലെ ഹൈയ്യസ്റ്റ് റേറ്റഡ് ഗ്രാൻഡ് മാസ്റ്ററോഡാ ഈ പൊട്ടപ്പിള്ളേര് കളിക്കാൻ വരണത്! നിർദ്ദയം പൊട്ടി പാളീസാകും. അല്ലെങ്കിൽ കണ്ടോ.
കുനിഷ്ഠിന്റെ ഉസ്താദായ മ്മടെ മുന്നിൽ ഈ പിള്ളേർ വെറും ക്രിമികൾ..”
“ഒരു ഗുണോം ഇല്ലാത്ത സർപ്പ സന്തതി, നിർത്തടാ നിന്റെ വാചകമടി. കേട്ടുകേട്ട് ചെവി കല്ലിച്ചു. നീ പ്രവർത്തിയിൽ കാണിച്ച് വിശ്വാസം വീണ്ടെടുക്ക്.
നാം കല്പിക്കുന്നതെന്തെന്നാൽ, കുഞ്ഞാടുകൾക്ക് വേണ്ടപോലെ മൃദുല വികാരവായ്പ്പുകൾ വിളമ്പിക്കൊടുത്ത്, അവരെ അതിന് അടിമകളാക്കുക.
കൌമാരക്കാരെ ലൂസിഫറിന്റെ വഴിയിൽ കൊണ്ടുവരുകയെന്ന പുതിയൊരു ഉത്തരവാദിത്തം കൂടി നാം കല്പിക്കുന്നു. പ്രപഞ്ചത്തിൻ്റെ ചക്രവർത്തിയായ ലൂസിഫർ എന്ന ഈ ദേവനെ ആരാധിച്ച് അവർ ആനന്ദം കൊള്ളട്ടെ.”
“ഉത്തരവ്, ഗുരോ.. ദേവാലയങ്ങൾ ഓരോന്നോയി സൂത്രത്തിൽ വാങ്ങിയിട്ട് നൃത്തശാലകൾ ആക്കിക്കൊണ്ടിരിക്കുന്നത് അങ്ങ് കാണുന്നില്ലയോ?! പുതിയതായി എവിടെയെങ്കിലും മുളയ്ക്കുന്നത് അറിഞ്ഞാൽ ഉടനെയവരുടെ മദ്ധ്യേ ചെന്ന് പരസ്പര കലഹം സൂത്രത്തിൽ തുറന്നു വിടും.
ഈയുള്ളവന് അതിൽ പ്രത്യേക പാടവമുണ്ടെന്നെത് അങ്ങ് അറിയുന്നില്ലയോ? അവർ പിന്നെ പരസ്പരം തലതല്ലിക്കീറി പലതായി ഛിന്നഭിന്നമായിക്കൊള്ളും. ഹാ, ഈ യൂദാസ് മാറിനിന്നു കണ്ട് പൊട്ടിച്ചിരിക്കും. ഈ യൂദാസിനെ ആ കുഞ്ഞാടുകൾക്കൊന്നും ഇതുവരെ നന്നായി പിടികിട്ടിയിട്ടില്ല, ഗുരോ! യൂദാസിനോടാണോ ഈ ഉണ്ണാപ്പിള്ളേര് മുട്ടാൻ വരേണത്!”
“മിടുമിടുക്കൻ! നീ എന്റെ പ്രിയപുത്രൻ. നിന്നിൽ നാം പൂർണ്ണമായും പ്രസാദിച്ചിരിക്കുന്നു. എത്രയും വേഗം പുറപ്പെടുക. ലൂസിഫർ എന്ന പ്രപഞ്ചത്തിന്റെ സർവതന്ത്ര പരിജ്ഞാനിയായ ഈ ദേവന്റെ കീഴീൽ ഭൂമിയെ പൂർണ്ണമായും വെട്ടിപ്പിടിച്ച് ഏൽപ്പിക്കുക. മനസ്സിലായോ നിനക്ക്? “
യൂദാസിനെ ചുറ്റി വളഞ്ഞിരുന്ന ചോരനാവ് വിടുവിച്ച് ലൂസിഫർ വിജയാളിയായി പാതാളത്തിലേക്ക് പിൻവലിഞ്ഞു.
*****
അക്കൽദാമയിൽ നേരം വെളുത്തുവരുന്നതെയുള്ളു. കോഴി മൂന്ന് കൂകുന്നതിന് മുമ്പേതന്നെ യൂദാസ് എഴുന്നേറ്റു. ആട്ടിൻ തോലുകൊണ്ടുള്ള കുപ്പായം പൊടിതട്ടിയെടുത്ത് ധരിച്ചു. ആട്ടിൻ രോമത്തിൻ്റെ തൊപ്പിയും തലയിൽ വെച്ചു. തന്റെ ഗുരുവിന്റെ കല്പന നിവർത്തിക്കാൻ ചതിക്കുഴികൾ പലതുള്ള ഇടവഴികളിൽ കൂടി യൂദാസ് യാത്ര തുടങ്ങി.
പിലാത്തോസിൻ്റെ അരമനയുടെ മുറ്റത്തു നിന്നുമുള്ള ആരവം കേട്ട് അങ്ങോട്ടു നടന്നു.
‘ബറബ്ബാസിനെ വിട്ടുതരിക. നസ്രേത്തുകാരനെ ക്രൂശിക്ക… നസ്രേത്തുകാരനെ ക്രൂശിക്ക… ‘
എന്ന അട്ടഹാസത്തിൻ്റെ പ്രതിധ്വനി അരമന മുറ്റത്ത് ഇന്നും പ്രകമ്പനം കൊള്ളുന്നത് കേട്ട് യൂദാസ് ആർത്തു ചിരിച്ചു.
തൻ്റെ അരപ്പട്ടയിൽ തുന്നിപ്പിടിപ്പിച്ച തുകൽ സഞ്ചിയിലേക്ക് അവന്റെ കൈയ്യെത്തി. മുപ്പത് വെള്ളിക്കാശ് സൂക്ഷിച്ചിരുന്ന പണ സഞ്ചി. ലൂസിഫർ ദേവന്റെ പ്രിയ പുത്രനായി ഈ കാണുന്ന സൌഭാഗ്യം നേടി തന്ന പാനപാത്രം. താനിന്ന് ഭൂമിയിലെ ചക്രവർത്തി!
നടന്നുനടന്ന് ഗെത്ത്ശെമന തോട്ടത്തിന്റെ താഴെ എത്തി. നട്ടുച്ച നേരത്തെ സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുന്ന ഗെത്ത്ശെമനയെ കണ്ട് അവൻ വല്ലാതെ ഭയപ്പെട്ടു.
തനിക്ക് മുപ്പത് വെള്ളിക്കാശ് നേടിക്കൊടുത്ത ഗെത്ത്ശെമനയെ വണങ്ങിയിട്ട് അവൻ നടത്തം തുടർന്നു.
ആ മുപ്പത് വെള്ളിക്കാശിന്ന് പരശതം കോടാനുകോടികളായിരിക്കുന്നു. പണമില്ലാത്തവൻ വെറും പിണമാണെന്നത് ഏത് കുഞ്ഞുകുട്ടിക്കും അറിയാം. താനൊരു സ്നേഹ ചുംബനം അർപ്പിക്കുക മാത്രമായിരുന്നുവെന്നത് കൂട്ടുകാരോടെല്ലാം പലവട്ടം പറഞ്ഞിട്ടും അവരാരും തന്നെ വിശ്വസിച്ചില്ല. വിശ്വാസിക്കാത്തവർ പോയി തുലയട്ടെ. ബുദ്ധിയില്ലാത്തവരോട് ആഡം സ്മിത്തിന്റെ തിയറിയൊന്നും പ്രസംഗിച്ചിട്ട് ഒരു കാര്യോല്ല!
ഭൂമി തൻ്റെ കാൽക്കീഴിൽ വന്നുകൊണ്ടിരിക്കുന്നു. ദേവാലയങ്ങളായ ദേവാലയങ്ങൾ മിക്കതും നിസ്സാര വിലക്ക് വാങ്ങിക്കൂട്ടി മയക്കുമരുന്നും മദിരയും നിറച്ച്, മദിരാക്ഷികളുടെ നൃത്തശാലകളാക്കി മാറ്റി. അങ്ങനെ ശതകോടീശനായത് ഓർത്തിട്ടവൻ ഊറിയൂറി ചിരിച്ചു. കൂട്ടുകാർ തന്റെ സമ്പത്ത് കണ്ട് അസൂയപ്പെടട്ടെ! അവരിപ്പോഴും മീൻ പിടിച്ച് നടക്കുന്നു. തലേലെഴുത്ത് അനുഭവിച്ചു തന്നെ തീരണം.
ഇതാ ഗോഗുൽത്തയിലെത്തി. മലയുടെ നെറുകയിലേക്ക് നടന്നു കയറിയിട്ട് യൂദാസ് ഭുമിയെ ഒന്നുകൂടി നോക്കിക്കണ്ടു. ഇനിയും തൻ്റെ ചതിയിൽ വീഴാത്ത ദേശങ്ങളെ അവൻ അടയാളപ്പെടുത്തി. അത്തിമരത്തിന്റെ ചോട്ടിലിരുന്ന് പുതിയ കുറെ കുതന്ത്രങ്ങൾ മസ്തിഷ്ക കോശങ്ങളിലിട്ട് കറക്കി, നിർമ്മിത ബുദ്ധിയിൽ വിശകലനം ചെയ്തു.
പെട്ടെന്ന് വലിയൊരിടിവെട്ടി.
കണ്ണിഞ്ചിക്കുന്ന പ്രകാശത്താൽ ഗോഗുൽത്ത വെട്ടിത്തിളങ്ങി. ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി. ഭൂമി തന്റെ ചുറ്റും കറങ്ങുന്നതായും കണ്ണുകൾ അടഞ്ഞു പോകുന്നതായും അവനു തോന്നി. ബോധത്തിന്റെ നേർത്ത അതിരുകളിൽ അവൻ അത്തിവൃക്ഷത്തിൽ ചാരിയിരുന്നു. ആകാശത്തുനിന്നുമുള്ള അശരീരി അവന്റെയുള്ളിൽ മുഴങ്ങി. ആരോ തന്നെ പേരു പറഞ്ഞ് വിളിക്കുന്നു.
“യൂദാസേ…. യൂദാസേ….”
ആരേയും കാണുന്നില്ല.
“യൂദാസേ, നീ ആരെയാണ് വീണ്ടും തിരയുന്നത്?”
ശബ്ദം കൂടുതൽ കൂടുതൽ ഉച്ഛത്തിൽ കേട്ടുതുടങ്ങി.
“നിങ്ങൾ ആരാണ്? “
“യൂദാസേ, നിനക്കെന്നെ നന്നായി അറിയാമല്ലോ. നീ വിജയിച്ചിരിക്കുന്നു, യൂദാസേ…”
“വിജയിക്കാനായി ജനിച്ചവരാണ് എൻ്റെ തലമുറകൾ.”
“അന്നത്തെ ആ മുപ്പത് വെള്ളിത്തുട്ടുകൾ ഇന്ന് പരശതം കോടികളായി മാറ്റിയിട്ട് ഭൂമിയിലെ ജനത്തെ നിൻ്റെ വഴിയിൽക്കൂടി നടത്തുന്നു.”
“അതാണെൻ്റെ മിടുക്ക്. എൻ്റെ ബിസിനസ്സ് രഹസ്യം. നിങ്ങളാരാണ്?”
ആരേയും കാണുന്നില്ലല്ലോ? നല്ല പരിചയമുള്ള ശബ്ദം. ആ പഴയ നസ്രായേൻ്റ തളർന്ന ശബ്ദമാണല്ലോ തൻ്റെ ചെവികളിൽ മുഴങ്ങുന്നത്. വീണ്ടും വന്ന് തൻ്റെ ബിസിനസ്സ് പരാജയപ്പെടുത്താനാണല്ലോ തുനിയുന്നത്. ഇത്തവണ തക്ക മറുപടി കൊടുക്കുകതന്നെ.
“നിങ്ങളെന്റെ ബിസിനസ്സിന് ഇടങ്കോലിടരുത്. മനസ്സിലായോ?”
“യൂദാസേ, ഞാൻ എന്നോ പരാജിതനായി. അന്നു മുതൽ നിൻ്റെ സമയം തുടങ്ങി. നീയിന്ന് ഭുമിയിലെ മുടിചൂടാമന്നൻ. നിന്റെ ബിസിനസ്സ് ഭൂമി മുഴുവൻ തഴച്ചു വളർന്നിരിക്കുന്നു. മിടുക്കൻ നീ തന്നെ. ഇതു നിൻ്റെ സമയം.”
“അതെ, ഇത് യൂദാസിന്റെ സമയം. ‘എല്ലാറ്റിനും ഒരു സമയമുണ്ട്… മരിക്കുവാൻ ഒരു കാലം… സമ്പാദിക്കുവാൻ ഒരു കാലം’ എന്നറിയുന്നില്ലയോ?!”
“യൂദസേ, ആദാം മുതലുള്ള മനുഷ്യരാശിയുടെ പാപങ്ങൾ സ്വയം ഏറ്റെടുത്ത് ഈയുള്ളവൻ ബലിയാടായി. ശിരസ്സിൽ തറച്ചുകയറിയ മുൾക്കിരീടത്തിൽ എന്റെ തലയോട്ടി തകർന്നു. ചാട്ടവാറിന്റെ അടിയേറ്റു. നഗ്നനായി അവരെന്നെ തൂക്കിയിട്ടും ക്ഷമിക്കുകയായിരുന്നു. എന്റെ വിലാപ്പുറത്തു നിന്നും ചീന്തിയ രക്തം പകരം നല്കിയാണ് നിങ്ങളുടെ പാപക്കറകൾ കഴുകിക്കളഞ്ഞത്… “
“അതിന് ഞങ്ങളാരും അവശ്യപ്പെട്ടില്ലല്ലോ.. . സ്വയം കുരിശെടുക്കുകയായിരുന്നല്ലോ!”
“ദൈവപുത്രൻ കുരിശെടുത്തില്ലായിരുന്നെങ്കിൽ ഭൂമിയിലെ തലമുറകളെന്നുമെന്നും കുരിശു ചുമന്നേനെയെന്ന് നീ അറിയുന്നില്ലയോ?”
“നിങ്ങളുടെയൊരു തത്വ ശാസ്ത്രം… ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടെന്നത് അറിയുമോ?…”
“യൂദസേ, നീയിത് എന്തിന്റെ പുറപ്പാടാണ്? എന്നെ വീണ്ടും ക്രൂശിക്കാനായി കാണിച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പാണോ… സ്വർഗ്ഗത്തിലെ പിതാവ് നിന്നോട് ക്ഷമിക്കട്ടെ.”
ശബ്ദം അകന്നകന്ന് പോയി. യൂദാസിന് ബോധം തെളിഞ്ഞു. താനൊരു സ്വപ്നത്തിലായിരുന്നതായി അവനു തോന്നി.
യൂദാസ് തൻ്റെ അരപ്പട്ടയിൽ തുന്നിപ്പിടിപ്പിച്ച തുകൽ സഞ്ചി തപ്പിനോക്കി. അനേക ചതികളുടെ മുപ്പതു വെള്ളിക്കാശുകൾ ഇനിയുമതിൽ നിറയ്കണം! ഭൂമി തന്റെ ചൊൽപ്പടിയിൽ ആക്കണം.
മഹാനഗരങ്ങളിൽ ആകാശംമുട്ടെ വളർന്നിരിക്കുന്ന ദേവാലയങ്ങളുടെ സ്വർണ്ണ മിനാരങ്ങളിൽ അവൻ്റെ കണ്ണുടക്കി. അവനതെല്ലാം കുറിച്ചുവെച്ചു. തൻ്റെ ഏജൻ്റുമാരെ വിളിച്ച് വാങ്ങിക്കൂട്ടാനുള്ള ആലയങ്ങളുടെ വിവരങ്ങൾ കൈമാറി. അവയെല്ലാം എങ്ങനെ കസിനോകളും, നൃത്തശാലകളുമായി മാറ്റാമെന്നതിന്റെ അപ്രൂവഡ് ഡിസൈൻ ഡ്രോയിങ്ങ് അവർക്ക് അയച്ചുകൊടുത്തു.
“വരട്ടെ, എൻ്റെ ഗുരുവായ ലൂസിഫറിൻ്റെ മഹാരാജ്യം, അവിടെ തനിയ്കുള്ള സിംഹാസനം. അതിൽ ആരൂഢനായിരുന്ന് യൂദാസെന്നയീ മഹാവീര്യ കുതന്ത്ര ചക്രവർത്തി ഭൂമിയിലെ കുഞ്ഞാടുകളെ ഭരിക്കും. അമ്പട ഞാനേ! യൂദാസിനോടാണോ ട പടയ്ക്ക് വരുന്നത്.”
യൂദാസിൻ്റെ ആഹ്ലാദ തിമർപ്പിൻ്റെ അട്ടഹാസത്തിൽ ഭൂമി കുലുങ്ങി. സൂര്യൻ അസ്തമിച്ചു. റോക്ക് മ്യൂസിക്കിന്റെ ചെവിതുളയ്ക്കുന്ന ശബ്ദത്തിൽ, മയക്കുമരുന്നിന്റെ ആലസ്യത്തിൽ, ലഹരിയുടെ ആവേശത്തിൽ ഭൂമിയിലെ കുഞ്ഞാടുകൾ ആനന്ദ നൃത്തമാടി. യൂദാസിന്റെ നവ ഫിലോസോഫിയിൽ ആകൃഷ്ടരായായി കൌമാരക്കാർ കൂട്ടം കൂട്ടമായി ശിഷ്യന്മാരായിക്കൊണ്ടിരിക്കുന്നു.
ഭൂമി മുഴുവൻ അക്കൽദാമകളായി മാറിക്കൊണ്ടിരിക്കുന്നതറിഞ്ഞ ലൂസിഫർ ആനന്ദതിമർപ്പിൽ വേഷം മാറിയെത്തി, അങ്ങോളമിങ്ങോളമുള്ള നൃത്തശാലകളെല്ലാം കയറിയിറങ്ങി. വീഞ്ഞുകുടിച്ച് മത്തനായി, മദിരാക്ഷിമാരുമായി നൃത്തം ചെയ്ത് തന്റെ വിജയം കൊട്ടിഘോഷിച്ചു.
പാതാളത്തിലേക്ക് എടുക്കപ്പെടുന്നതിന് മുമ്പായി യൂദാസിനെ വിളിപ്പിച്ചു.
യൂദാസിന്റെ ശിരസ്സിൽ പവിഴമുത്തുകൾ പതിപ്പിച്ച പൊൻകിരീടം അണിയിച്ചിട്ട് ഉറക്കെ ആട്ടഹസിച്ചു.
യൂദാസിന്റെ ശിരസ്സിൽ പവിഴമുത്തുകൾ പതിപ്പിച്ച പൊൻകിരീടം അണിയിച്ചിട്ട് ഉറക്കെ ആട്ടഹസിച്ചു.
“യൂദാസേ, നിന്റെ രാജ്യം വന്നിരിക്കുന്നു. നീ ഭൂമിയുടെ ചക്രവർത്തിയായി നാം ഉത്തരവ് പുറപ്പെടുവിക്കുന്നു.”
നൃത്തശാലകളിൽ നിന്നുമുള്ള കുഞ്ഞാടുകളുടെ ‘ചിയേഴ്സ്’ വിളികൾ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. പാതാളത്തിൽ പാപികളുടെ ആത്മാക്കളത് ഏറ്റുപാടി.
ഗോഗുൽത്തായുടെ നെറുകയിൽ വലിയ ഇടിമുഴക്കവും മിന്നൽപ്പിണറും ഉണ്ടായി. പിന്നീടത് വലിയ കൊടുംങ്കാറ്റായി ഭൂമിയിൽ വീശി. സൂര്യൻ തീയായി പെയ്തിറങ്ങി. സ്വർഗ്ഗവാതിലുകൾ തുറക്കപ്പെട്ടു. മാടപ്രാവുകളുടെ വേഷത്തിൽ മാലാഖമാർ ഗോഗുൽത്തായിൽ പറന്നിറങ്ങി. വീണയോടും കിന്നരത്തോടും കൂടെ മധുരസ്വരത്തിൽ അവർ യഹോവയ്ക്ക് കീർത്തനം ചൊല്ലി.
‘പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ..
യെരൂശലേം പുത്രിമാരേ, നിങ്ങളെയും നിങ്ങളുടെ മക്കളെയും നിങ്ങളുടെ ഭർത്താക്കന്മാരേയും ചൊല്ലി കരവിൻ…’
അശരീരിയുടെ അത്യുച്ചത്തിലുള്ള മുഴക്കത്തിൽ ഭയചകിതരായി നൃത്തശാലകളിൽ ആറാടിയിരുന്ന കുഞ്ഞാടുകൾ മാളങ്ങളിൽ ഒളിച്ചു.