ദൈവത്തിന്റെ സ്നേഹിതൻ.
പി. റ്റി. കോശിയച്ചൻ.

ഒരു ചൂടുകാലത്ത് ഒരു കുട്ടി റോഡിലൂടെ പഴങ്ങൾവിറ്റു നടക്കുകയായിരുന്നു. ചൂടു കാരണം റോഡിലൂടെ നടക്കാൻ വലിയ പ്രയാസമായിരുന്നു. അവന്റെ കാലിൽ അവിടെയായി ചില മുറിവുകളും ഉണ്ടായിരുന്നു. ഈ പഴങ്ങൾ വിൽക്കുന്ന കുട്ടിയുടെ ദയനീയ സ്ഥിതി കണ്ട ഒരു മനുഷ്യൻ അവന് ഒരു ജോഡി ഷൂ വാങ്ങിക്കൊടുത്തു. അവൻ സന്തോഷ പൂർവ്വം നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അത് സ്വീകരിച്ചു. എന്നിട്ട് ചോദിച്ചു: “താങ്കൾ ദൈവമാണോ?” അയാൾ പറഞ്ഞു: “അല്ല മോനെ.” കുട്ടി പറഞ്ഞു: “എന്നാൽ ദൈവത്തിന്റെ സ്നേഹിതൻ ആയിരിക്കും. ഞാൻ ഇന്നലെ രാത്രിയിലും ദൈവത്തോട് പ്രാർത്ഥിച്ചു: ദൈവമേ എനിക്ക് ഒരു ജോഡി ഷൂ വാങ്ങാൻ സഹായിക്കണമെ, എന്ന്. ഇന്ന് അതെനിക്ക് നൽകിയ അങ്ങ് ദൈവം അല്ലെങ്കിൽ നിശ്ചയമായും ദൈവത്തിന്റെ സ്നേഹിതൻ തന്നെ.” ആ ബഹുമതിക്ക് അയാൾ അവനോട് നന്ദി പറഞ്ഞു യാത്രയായി. വീട്ടിലേക്കുള്ള ആ യാത്രയിൽ അയാൾ ചിന്തിച്ചു: ദൈവം അല്ലെങ്കിലും ദൈവത്തിന്റെ സ്നേഹിതനാവാൻ കഴിഞ്ഞല്ലോ. (ഗൂഗിൾ).
നമുക്കെല്ലാവർക്കും അറിയാം, നാം ആരും ദൈവമല്ല എന്ന്. എന്നാൽ ദൈവത്തിന്റെ സ്നേഹിതർ ആകുവാൻ എല്ലാവർക്കും കഴിയുന്നതല്ലേ? ദൈവം ദീനരിൽ മനസ്സിലിവ് ഉള്ളവനാണ്. അങ്ങനെയൊരു മനസ്സുള്ള എല്ലാവരും നിശ്ചയമായും ദൈവത്തിന്റെ സ്നേഹിതരാണ്. എന്തുകൊണ്ടാണ് വേദനപ്പെടുന്നവരോടും പ്രയാസങ്ങൾ അനുഭവി ക്കുന്നവരോടും നമുക്ക് മനസ്സലിവില്ലാത്തത്? ദൈവത്തിന്റെ മനസ്സ് നമുക്കില്ല എന്നുള്ളത് തന്നെ. ദൈവത്തിന്റെ സ്നേഹിതർ ദൈവ ഹൃദയത്തിന്റെ ഭാവം ഉൾക്കൊള്ളുന്നവരാണ്. വിവിധ കാരണങ്ങളാൽ വേദനപ്പെടുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്! വേദനപ്പെടുന്നവരെ നിഷ്ഠൂരമായി തള്ളിക്കളയുന്നത് പൈശാചികമല്ലേ?
വിരുദ്ധ സ്വഭാവങ്ങൾ ഉള്ളവർക്കു സ്നേഹിതരായി ജീവിപ്പാൻ പ്രയാസമാണ്. അതിനാൽ സ്നേഹിതർ തമ്മിൽ തമ്മിൽ ഒരു മാനസിക ഐക്യം ഉണ്ടായിരിക്കും. അങ്ങനെ അല്ലാതെയുള്ള സുഹൃത്ത്ബന്ധങ്ങൾ വേഗത്തിൽ നഷ്ടമാകും. ദൈവത്തിന്റെ സ്നേഹിതർ ആയിരിക്കുന്നത് ദൈവസ്വഭാവത്തോട് അനുരൂപപ്പെടുന്നതിലൂടെയാണ്. ഷൂ നൽകിയ ആ വ്യക്തിയിൽ ആ കുട്ടി പ്രതീക്ഷിച്ച ദൈവസ്വഭാവം കാണുവാൻ കഴിഞ്ഞതിനാലാണ് അങ്ങ് ദൈവമാണോ എന്ന് ചോദിച്ചത്. അല്ലെങ്കിൽ ദൈവത്തിന്റെ സ്നേഹിതൻ ആയിരിക്കും എന്ന് പറഞ്ഞതും. ദൈവത്തിന്റെ ഈ മഹത്തായ സ്നേഹം നമ്മിലും ഉണ്ടായിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ നാം ദൈവത്തിന്റെ സ്നേഹിതർ ആയിരിക്കണം എന്നാണ് ദൈവം പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള ഒരു ജീവിതമാണ് സമൂഹവും നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അങ്ങനെ ദൈവത്തിന്റെ സ്നേഹിതരായി ജീവിക്കാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
