പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ!
പി. റ്റി. കോശിയച്ചൻ.

ഒരു തിയേറ്ററിൽ സിനിമയ്ക്ക് മുൻപായി ഒരു അനൗൺസ്മെന്റ് ഉണ്ടായി. അടുത്ത ഷോ തുടങ്ങുന്നതിനു മുൻപ്, 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഷോട്ട് അവാർഡ് ഫിലിം പ്രദർശിപ്പിക്കുന്ന താണ്. അതിൻ പ്രകാരം മിക്കവരും സന്തോഷത്തോടെ മുൻകൂട്ടി തന്നെ തിയേറ്ററിൽ സ്ഥാനം പിടിച്ചു. നിശ്ചിത സമയം പ്രദർശനം ആരംഭിച്ചു, ഒരു മുറിയുടെ സീലിംഗ് ആണ് പ്രദർശിപ്പിച്ചത്. അതു മാറ്റമില്ലാതെ മിനിറ്റുകൾ തുടർന്നു. എല്ലാവർക്കും ദേഷ്യം വന്നു. ആറു മിനിറ്റ്, ഏഴു മിനിറ്റ്, മാറ്റമില്ലാതെ സീലിങ്ങിന്റെ ചിത്രം തന്നെ കാണാം. എല്ലാവരുടെയും മുഖത്ത് ദേഷ്യം പ്രകടമാണ്. പെട്ടെന്ന്, ഒന്ന് അനങ്ങാൻ പോലും കഴിയാതെ കട്ടിലിൽ മലർന്നു കിടക്കുന്ന ഒരു രോഗിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. തുടർന്ന് എഴുതിയത്, നിങ്ങൾ ഏഴു മിനിറ്റോളം ഒരു സീലിങ്ങിന്റെ ചിത്രം മാത്രം കണ്ടപ്പോൾ കോപവും ദേഷ്യവും വന്നു ഇല്ലേ? എന്നാൽ നാളുകളായി ഈ സീലിംഗ് മാത്രം കണ്ടുകൊണ്ട് കിടക്കുന്ന നട്ടെല്ല് തകർന്ന ഈ മനുഷ്യൻ ഇനിയും എത്ര നാൾ ഇങ്ങനെ സീലിംഗ് മാത്രം കണ്ടുകൊണ്ട് കിടക്കണം! (ഗൂഗിൾ).
ഈ അനുഭവം ആർക്കും ഉണ്ടാകാവുന്നതാണ്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ മിക്കവാറും എല്ലാവരും ‘എനിക്കിങ്ങനെ വന്നല്ലോ’ എന്ന് കരുതി നിരാശപ്പെട്ട് പോയേക്കാം. ലോകം ആകെ ചുറ്റി സഞ്ചരിച്ചവർ, വിവിധ രംഗങ്ങളിൽ സജ്ജീവമായി പ്രവർത്തിച്ചിരുന്നവർ ഒരു മുറിയിലേക്കോ ഒരു കട്ടിലിലേക്കോ ഒതുങ്ങേണ്ടി വരുമ്പോൾ അത് സ്വീകരിപ്പാൻ നമുക്ക് എങ്ങനെ കഴിയും? എന്നാൽ ഏത് പ്രതിസന്ധി ജീവിതത്തിലുണ്ടായാലും മനസ്സോടെ അല്ലെങ്കിൽ പോലും അത് നാം അംഗീകരിച്ചേ കഴിയുള്ളൂ എങ്കിൽ അത് സന്തോഷത്തോടെ സ്വീകരിക്കുന്നതല്ലേ നല്ലത്?
എനിക്കും ഭാര്യക്കും അമേരിക്കയിൽ വെച്ചുണ്ടായ ഒരു കാർ ആക്സിഡന്റിനെ തുടർന്ന് എന്റെ ഭാര്യ ഒരു മാസത്തിലധികം നാളുകൾ അങ്ങനെ കിടക്കേണ്ടി വന്നതാണ്. എന്റെ ഭാര്യയോട് ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു: “വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ആയുഷ്കാലം മുഴുവൻ ഫാനും കണ്ടുകൊണ്ട് ഇങ്ങനെ കിടക്കേണ്ടി വരും എന്ന്. ദൈവകൃപയാൽ ആ പ്രതിസന്ധികളെ തരണം ചെയ്തു തിരികെ നാട്ടിലെത്തി വീട്ടിൽ ഇന്ന് ആരോഗ്യത്തോടെ ജീവിച്ചിരിപ്പാൻ ഇടയായി. അനേകായിരങ്ങൾ ഞങ്ങൾക്കായി പ്രാർത്ഥിച്ചു എല്ലാവരോടുള്ള നന്ദി രേഖപ്പെടുത്തട്ടെ. എന്നാൽ അനേകർ ദീർഘ വർഷങ്ങളായി അങ്ങനെ കിടക്കേണ്ടുന്ന സ്ഥിതി സംജാതമായിട്ടുണ്ടല്ലോ. ഇവിടെ ഏറ്റവും ആവശ്യമായ ഒരു കാര്യം നിരാശപ്പെട്ട് മാനസിക ശക്തി ചോർന്നു പോകാതിരിക്കുവാൻ കഴിയണം എന്നതാണ്. ആയുഷ്കാലം മുഴുവൻ അങ്ങനെ കിടക്കേണ്ടി വന്നാലും മാനസികമായി തളരാതിരിക്കുവാൻ കഴിയണം. മനശക്തി നഷ്ടപ്പെട്ടാൽ ജീവിതം വലിയ ദുരിതമായി പോകും. മനശക്തി നിലനിർത്തിയാൽ പ്രതിസന്ധികളിലും ഒരു ശക്തമായ ജീവിതം നയിക്കാൻ കഴിയും! ഈ മനശക്തി നിലനിർത്തുവാൻ നമ്മെ ഏറ്റവും അധികം സഹായിക്കുന്ന ഘടകം ദൈവത്തിലുള്ള വിശ്വാസവും ആശ്രയവുമാണ്. ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു എന്ന് വിശ്വസിക്കുവാൻ കഴിയണം. എങ്കിൽ പ്രതിസന്ധികളിൽ പോലും ധൈര്യമായി മുന്നോട്ടു പോകുവാൻ ആവും. ചിലപ്പോൾ പ്രതിസന്ധികൾ മാറിയില്ല എന്ന് വരാം, എങ്കിലും സന്തോഷമായി ജീവിക്കാൻ കഴിയും.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകുവാൻ നമുക്ക് നമ്മുടെ ജീവിതത്തെ ദൈവകരങ്ങളിൽ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-