ശിഷ്യന്മാരുടെ ചെടികൾ
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
പത്തുവർഷത്തെ പഠന പദ്ധതിയിൽ ഒൻപത് വർഷം തികഞ്ഞപ്പോൾ ഗുരുവിന് മുഖ്യ ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള സമയമായി. ഇരുപത് ശിഷ്യന്മാരും പഠന മികവുള്ളവരായതിനാൽ ഗുരു മറ്റൊരു പരീക്ഷ ഏർപ്പെടുത്തി. എല്ലാവർക്കും ഓരോ വിത്ത് കൊടുത്തിട്ടു അത് നട്ടുവളർത്തുവാൻ പറഞ്ഞു. പഠനം പൂർത്തിയാവുമ്പോൾ “ആരുടെ ചെടിക്കാണോ ഏറ്റവും ഉയരം അവനെ മുഖ്യശിഷ്യനായി വാഴിക്കും”.
കൃത്യം ഒരു വർഷം പിന്നിട്ടപ്പോൾ ഗുരു ചെടികൾ കാണുവാനായി വന്നു. 19 ശിഷ്യന്മാരുടെയും ചെടികൾ ഇലക്കൊഴുപ്പോടെ പൂക്കളുമായി നിന്നു. എന്നാൽ, ഇരുപതാമൻ രാമുവിനോട് ഗുരു ചോദിച്ചു: “നിന്റെ ചെടി എവിടെ?”രാമു പറഞ്ഞു: “ഗുരോ എന്നോടു പൊറുത്താലും. അങ്ങ് എനിക്ക് നൽകിയ വിത്ത് ഇതുവരെ കിളിർത്തിട്ടില്ല. ചില വിത്തുകൾ മണ്ണിനുള്ളിൽ ഏറെക്കാലം ഉറങ്ങുന്നവ ഉണ്ടല്ലോ. ഇനിയും കാത്തിരിക്കാൻ എന്നെ അനുവദിച്ചാലും”. ഗുരു പറഞ്ഞു- “സാധ്യമല്ല, സമയം കഴിഞ്ഞിരിക്കുന്നു. ഇതുകേട്ട് 19 പേരും ആർത്തുചിരിച്ചു. അനന്തരം പാഠശാലയിലെത്തിയ ഗുരു പറഞ്ഞു: “ഈ ആശ്രമത്തിന്റെ അനന്തര അവകാശിയും മുഖ്യ ശിഷ്യനുമായി രാമുവിനെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. പഠനം പൂർത്തിയായതിനാൽ മറ്റുള്ളവർക്കു വീടുകളിലേക്കു മടങ്ങാം”.
എല്ലാവരും അമ്പരന്നു: രാമുവിന്റെ വിത്ത് കിളിർക്കുക പോലും ചെയ്തിട്ടില്ല, പിന്നെ എങ്ങനെയാണ് അവൻ വിജയിക്കുന്നത്? ഗുരു പറഞ്ഞു: “ഞാൻ നിങ്ങൾ 20 പേർക്കും നൽകിയ വിത്തുകൾ വേവിച്ചവ ആയിരുന്നു. അപ്പോൾ നിങ്ങളുടെ വിത്തുകൾ കിളിർത്തത് എങ്ങനെയാണ്? നിങ്ങൾ വേറെ വിത്തുകൾ കുഴിച്ചിട്ട് കിളിർപ്പിച്ചു, അല്ലേ? 19 പേരും ലജ്ജിതരായി തലതാഴ്ത്തി ആശ്രമം വിട്ടു. (ഗൂഗിൾ).
കാര്യസാധ്യങ്ങൾക്കായി കുത്സിത മാർഗ്ഗങ്ങൾ സ്വീകരിപ്പാൻ മടിയില്ലാത്തവരാണ് മിക്കവരും. വേവിച്ച വിത്തിനെ കിളിർപ്പിക്കാൻ പോലും പലരും സമർത്ഥരാണ്. എന്നാൽ നമ്മെക്കാൾ സാമർത്ഥ്യം ഉള്ളവരുടെ മുൻപിൽ നമ്മുടെ കപട സാമർത്ഥ്യം നിഷ്പ്രഭങ്ങളായി തീരും. എന്നാൽ ഒരിക്കലും തകർന്നുപോകാത്ത ഒരു സാമർത്ഥ്യമാണ് വിശ്വസ്തത എന്നുള്ളത്. വിശ്വസ്തരായി ജീവിക്കുന്നവർക്ക് ഒരിക്കലും ലജ്ജിച്ചു പോകേണ്ടി വരില്ല. ചിലപ്പോൾ താൽക്കാലികമായി ചിലർ കുറ്റപ്പെടുത്തിയെന്നു വരാം. മറ്റുള്ളവർ പരിഹസിച്ചു എന്നും വരാം. എന്നാൽ ആത്യന്തികമായി ജീവിത വിജയത്തിന് ഒരിക്കലും ഒഴിച്ചുകൂടാൻ പാടില്ലാത്ത കാര്യമാണ് വിശ്വസ്തത. എല്ലാ സൂത്രങ്ങളും പൊളിയുന്ന ചില നിമിഷങ്ങൾ ഉണ്ട്. വഞ്ചന കാട്ടിയിട്ടുള്ളവർ അത് വെളിപ്പെടുന്ന അവസരങ്ങൾ ഉണ്ടായാൽ എങ്ങനെ നിവർന്നു നിൽക്കും?
സത്യത്തെ എന്നും മൂടിവയ്ക്കുവാൻ ആവാത്തതു പോലെ ചതിവും വഞ്ചനയും ഒരിക്കലും വെളിപ്പെടാതിരിക്കില്ല. ജീവിതത്തിൽ ചില പരീക്ഷണഘട്ടങ്ങൾ ഉണ്ടാവാം അപ്പോൾ നാം അറിയാതെ നമ്മുടെ തനി സ്വഭാവം വെളിപ്പെടും. ആകയാൽ ചതിവും വഞ്ചനയും ഉപേക്ഷിച്ച് വിശ്വസ്തതയോടെ സത്യത്തിന്‍റെ പാതയിൽ ജീവിപ്പാൻ നമുക്ക് സാധിക്കണം. അതിനായി നമുക്ക് സമർപ്പിതരാവാം.