രണ്ട് പൂവൻ കോഴികൾ.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
പൂവൻകോഴികൾ തമ്മിൽ കൊത്തുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവുമല്ലോ. ഒരിക്കൽ അയൽവീട്ടുകാർ കോഴിപ്പോരിനായി വളർത്തിയിരുന്ന രണ്ട് പൂവൻ കോഴികൾ തമ്മിൽ ഒരു അങ്കം ആരംഭിച്ചു. രണ്ടു കോഴികളും നല്ലതുപോലെ പൊരുതി. പോര് ദീർഘസമയം തുടർന്നു. രണ്ടു കോഴികളുടെയും മുഖത്ത് നിന്ന് ചോര ഒഴുകുവാൻ തുടങ്ങി. അവസാനം ഒരു കോഴിക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. അത് ഓടിപ്പോയി ഒരു സ്ഥലത്ത് പതുങ്ങിയിരുന്നു. ഇപ്പോൾ മറ്റെ കോഴി വിജയിച്ചു എന്ന് ഭാവത്തിൽ ഉറക്ക കൂവാൻ തുടങ്ങി. തറയിൽ നിന്ന് കൂവിയിട്ട് തൃപ്തിയാവാതെ അത് പുരമുകളിൽ കയറി നിന്ന് കൂവിത്തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ആകാശത്തുകൂടി പറന്നുപോയ ഒരു കഴുകൻ പുരപ്പുറത്തു നിൽക്കുന്ന കോഴിയെ കണ്ടിട്ട് താണുപറന്ന് അതിനെ റാഞ്ചി കൊണ്ട് സ്ഥലം വിട്ടു.
അപ്പോൾ പരാജയമടഞ്ഞ കോഴി പുറത്തുവന്ന് ഉച്ചത്തിലൊന്നു കൂവി. പോരിൽ വിജയിക്കുന്നത് എല്ലാവർക്കും ആഹ്ളാദപ്രദമാണ്. എന്നാൽ അമിതമായ ആഹ്ളാദം വലിയ വിപത്തിന് കാരണമാവാം. മിക്ക പോരിലും ആരെങ്കിലും ഒരാൾ മാത്രമേ ജയിക്കാൻ സാധ്യതയുള്ളൂ. ജയിച്ച ആൾ വലിയ ശക്തനും. തോൽപ്പിക്കപ്പെട്ടയാൾ തീരെ ബലഹീനനും ആണെന്ന് കരുതരുത്. ഒരുപക്ഷേ ജയാളിക്ക് അല്പം ശക്തി കൂടുതൽ ഉണ്ടാവാം, മറ്റെന്തെങ്കിലും അനുകൂല സാഹചര്യങ്ങൾ കൊണ്ട് വിജയിച്ചതും ആവാം. അമിത ആഹ്ലാദം ഞാൻ ഏറ്റവും ശക്തൻ എന്ന ഭാവം നമ്മിൽ ഉളവാക്കുന്നു. ചില കാര്യങ്ങളിൽ നാം ശക്തരായിരിക്കുമ്പോൾ മറ്റു ചില വശങ്ങൾ ബലഹീനമാകാം. കോഴിപ്പോരിൽ ജയിച്ച കോഴിയുടെ ശക്തി കഴുകന്റെ അരികിൽ നിഷ്പ്രഭമായിരുന്നു എന്നത് വിസ്മരിക്കരുത്. കായികശക്തി കൂടുതലുള്ളവർ, തങ്ങളെക്കാൾ ശക്തന്മാർ ഉണ്ടാവാം എന്നത് അംഗീകരിച്ചാൽ നല്ലത്. ആകയാൽ, ആരും തങ്ങളുടെ ബലഹീന വശങ്ങളെ ഒരിക്കലും വിസ്മരിക്കരുത്.
അല്ലെങ്കിൽത്തന്നെ നാം എത്ര ശക്തരായാലും മറ്റു ചില രംഗങ്ങളിൽ ബലഹീനരാവാം. ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും ഒരേപോലെ ശക്തരായ ആരും തന്നെ ഈ ലോകത്തിൽ ഇല്ല. കായിക ശേഷി കൂടുതലുണ്ടെങ്കിലും ബുദ്ധിശക്തിയിൽ ചിലർ പിന്നിലായിരിക്കാം. ഇവ രണ്ടും ഉള്ളവർ ചിലപ്പോൾ വേണ്ടത്ര വിജ്ഞാനം ഇല്ലാത്തവരാകാം. അല്ല, നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാവുന്ന ഒരു ചെറിയ വ്യതിയാനം, നമ്മുടെ ശക്തിയെ ചോർത്തിക്കളെയുവാൻ മതിയായതാണ്. അതിലും ഉപരിയായി, യൗവനക്കാർ ആയിരിക്കുമ്പോൾ നമുക്കുള്ള ശക്തി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ കുറഞ്ഞു വരികയാണ്. ഒരു ശക്തനും ഈ ലോകത്തിൽ ചിരഞ്ജീവി അല്ല, ബലഹീനരെ പോലെ തന്നെ ശക്തന്മാരെല്ലാം മരണത്തിന് വിധേയരാണ്. കായികാഭ്യാസികളും കലാസാഹിത്യ രംഗങ്ങളിൽ ശ്രേഷ്ഠരായിട്ടുള്ളവരും രാഷ്ട്രീയ വിജയം കൈവരിച്ചിട്ടുള്ള പൊതു പ്രവർത്തകരും ശാസ്ത്രീയ നേട്ടം കൈവരിച്ചിട്ടുള്ളവരും പരാജയപ്പെടുവാൻ ഒരു നിമിഷാർത്ഥം മതി. ആകയാൽ നമ്മുടെ വിജയങ്ങളിൽ ഊറ്റം കൊള്ളുമ്പോൾത്തന്നെ നമ്മുടെ ബലഹീനതകളെ മനസ്സിലാക്കി നമ്മുടെ കഴിവുകൾ എല്ലാം ദൈവത്തിന്‍റെ ദാനം എന്ന് മനസ്സിലാക്കി, ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ നമുക്ക് സാധ്യമായി തീരട്ടെ.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953