പി. റ്റി. കോശിയച്ചൻ.

ദിവസവും വെള്ളം കോരി ചുമന്നു വീടുകളിൽ കൊണ്ടു പോയി കൊടുത്ത് ഉപജീവനം കഴിച്ചിരുന്ന ആ സാധു യുവാവിന് ഒന്നും മിച്ചം വയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ഒരു പൈസ മിച്ചം വയ്ക്കുവാൻ അയാൾക്ക് കഴിഞ്ഞു. പക്ഷേ അതെവിടെ സൂക്ഷിച്ചു വയ്ക്കും? അയാൾ കൊട്ടാര മതിലിൽ ഒരു ചെറിയ കല്ല് ഇളകി ഇരിക്കുന്നത് കണ്ടു. വളരെ രഹസ്യമായി, അയാൾ ആ കല്ലിനിടയിൽ അത് ഭദ്രമായി വെച്ചു. പിന്നീട് വളരെ നാളുകളിലേക്ക് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ അയാൾ വിവാഹിതനായി. ഭാര്യക്ക് ഒരാഗ്രഹം, പട്ടണത്തിലെ വ്യാപാരമേള ഒന്ന് കാണണമെന്ന്. പക്ഷേ പണമില്ലാത്തതിനാൽ അവൾ തന്നെ അത് വേണ്ടെന്നുവച്ചു. എന്നാൽ ഭാര്യയുടെ ആഗ്രഹം സാധിപ്പാനായി ഈ പൈസ എടുക്കാൻ അയാൾ കൊട്ടാര മതിലിന് അടുത്തെത്തി. അയാൾ അവിടെ പതിയിരിക്കുന്നത് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് രാജാവ് കണ്ടു. ഉടൻ സുരക്ഷാ ഭടന്മാർ അയാളെ കൊട്ടാരത്തിൽ എത്തിച്ചു. കാര്യം അറിഞ്ഞ രാജാവ് ആ പൈസയ്ക്ക് പകരം മറ്റൊരു പൈസ കൊടുക്കാം അത് എടുക്കാൻ ശ്രമിക്കാതെ പോയിക്കൊള്ളാൻ ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ പൈസ ലഭിക്കുന്നതിന് അയാൾ താല്പര്യപ്പെട്ടു. ഇത് രാജാവിൽ കൗതുകം ഉളവാക്കി. അതിനാൽ രാജാവ് കൂടുതൽ പൈസ നൽകാൻ തയ്യാറായി. പക്ഷേ അയാൾ തന്‍റെ ഒരു പൈസ വിട്ടു കളയാൻ തയ്യാറായില്ല. ആയിരം പൈസ നൽകാം എന്ന് പറഞ്ഞിട്ടും അയാൾ തന്‍റെ ഒരു പൈസ എടുക്കുവാൻ ആഗ്രഹിച്ചു. രാജാവ് പറഞ്ഞു: “നിന്‍റെ പൈസ മറന്നു കളയൂ ഞാൻ നിനക്ക് ഈ രാജ്യത്തിന്‍റെ പകുതി തരാം, ഏതു ഭാഗമാണ് നിനക്ക് വേണ്ടത് തെക്കു ഭാഗമോ വടക്കുഭാഗമോ?” അവൻ പറഞ്ഞു: “എന്‍റെ പൈസ ഇരിക്കുന്ന മതിൽ ഉൾപ്പെടുന്ന ഭാഗം”. അപ്പോഴും രാജാവിന് അതിശയം വർദ്ധിച്ചു. അവൻ പറഞ്ഞു: “ഈ ഒരു പൈസ ഞാൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയതാണ്, അത് വിട്ടു കളയുവാൻ എനിക്ക് കഴിയുന്നില്ല”. ധാരാളത്വത്തിൽ അഹങ്കരിച്ചിരുന്ന രാജാവിന് അദ്ധ്വാനത്തിന്‍റെ മധുരം മനസ്സിലായി. (ഡി സി ബുക്ക്സ്).
അദ്ധ്വാന ഫലം നഷ്ടപ്പെടുത്തുവാൻ അനേകർക്കും ഇഷ്ടമുണ്ടാവില്ല. സൗജന്യം ലഭിക്കുന്ന ആയിരം പണത്തേക്കാൾ അദ്ധ്വാനിച്ച് നേടിയ ഒന്നിന് മഹിമ കൂടുതലുണ്ട്. അദ്ധ്വാനിക്കുന്നതിന്‍റെ കഷ്ടപ്പാടും അതോടൊപ്പം അതിന്റെ മഹത്വവും സുഖജീവിതം നയിക്കുന്നവർക്ക് മനസ്സിലാകില്ല. വൻ തുകകൾ ലോട്ടറിയിലൂടെ നേടിയിട്ടുള്ള പലർക്കും കാര്യമായ സാമ്പത്തിക അഭിവൃദ്ധി നേടുവാൻ കഴിഞ്ഞിട്ടില്ല. മഹാത്മാഗാന്ധി, 7 മാരക പാപങ്ങളെക്കുറിച്ച് പറയുന്നതിൽ ഒന്ന് അദ്ധ്വാനിക്കാതെ നേടുന്ന സമ്പത്താണ്. ദാനം അനേകരെയും അലസന്മാരാക്കും. ആ അലസത ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ബാധിക്കും. അനവധി ദുശ്ശീലങ്ങൾക്ക് വശം വദരാകാൻ ഇടയാക്കും. അത് ജീവിത വിനാശത്തിന് കാരണമാവുകയും ചെയ്യും. അദ്ധ്വാനം ജീവിതത്തെ ഊർജ്ജസ്വലമാക്കുകയും അതോടൊപ്പം ജീവിത മൂല്യങ്ങളെ വിലമതിക്കാൻ പ്രാപ്തിപ്പെടുത്തുകയും ചെയ്യും. അദ്ധ്വാനത്തിന്റ മധുരം അതിന്‍റെ
കൈപ്പിനേക്കാൾ വളരെ ഉന്നതമാണ്. അലസർക്ക് അതൊരിക്കലും മനസ്സിലാവില്ല. നമുക്ക് നന്നായി അദ്ധ്വാനിക്കാം ജീവിതം ശ്രേഷ്ഠമാക്കാം!

+ 91 9495913953
—————-