എനിക്കറിയാം ഞാൻ മാത്രമല്ല അമ്മ

Date:

സ്വാതി ശശിധരൻ

എന്റെ ഫേസ്ബുക്ക് കുറിപ്പുകളില്‍ മിക്കവാറും,എന്റെ രണ്ടു കുട്ടികളുടെ കുസൃതികളും, വേലത്തരങ്ങളും അമ്മയെ പറ്റിക്കാനുള്ള തന്ത്രങ്ങളും (കണ്ടുപിടിക്കപ്പെട്ടവ) അത് ഞാൻ പൊളിച്ചടുക്കിയതും മറ്റു ചിലപ്പോള്‍ അവർ എന്നെ പൊളിച്ചടുക്കിയതും ഇങ്ങനെ അവരുമായി ബന്ധപ്പെട്ട സംഭവങ്ങൾ മിക്കതും മാത്രം പോസ്റ്റ്‌ ആക്കി എഴുതുമ്പോള്‍ പല അമ്മമാര്‍ക്കും ഒരു തോന്നല്‍ കാണും.

“ഇതൊക്കെ എല്ലാ വീട്ടിലും നടക്കുന്നതല്ലേ? പിള്ളേര് ഉള്ള വീടായാല്‍ പിന്നെ ഇങ്ങനെ ഉള്ള സംഭവങ്ങള്‍ സാധാരണം. ഇവര്‍ക്ക് മാത്രമെന്താ? എപ്പോഴും പിള്ളേരുടെ മാത്രം കാര്യം. വേറെ ഒന്നും ഇല്ലേ പോസ്റ്റ്‌ ചെയ്യാന്‍”

ഇതിന്‍റെ പ്രതികരണം പല രീതിയില്‍ ആയിരിക്കും. ചിലര്‍ തമാശരൂപേണ “ഡേയ് , ഒന്ന് മാറ്റിപ്പിടി”എന്നും, ചിലര്‍ ഇതേ കാര്യം തന്നെ ഉപദേശരൂപേണ “എപ്പഴും ഇത് തന്നെ ആയാല്‍ വെറുപ്പിക്കും”. ചിലര്‍ അല്പം കൂടി ക്രൂരമായി “അത് വായിച്ചാല്‍ തനിക്ക് മാത്രമേ കുട്ടികള്‍ ഉള്ളൂ എന്ന് തോന്നുമല്ലോ?” എന്നും എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പറയട്ടെ?

ചെറിയ കുട്ടികളെ അത്രയധികം ഇഷ്ടപ്പെട്ടിരുന്ന അവരെ കണ്ടാല്‍ എടുത്തു കൊഞ്ചിച്ച് ഉമ്മ വെക്കുന്ന ഒരു സാധാരണ പെൺകുട്ടി അല്ലായിരുന്നു ഞാന്‍. കല്യാണം കഴിഞ്ഞിട്ട് പോലും, എന്‍റെ ഈ തോന്നലില്‍ മാറ്റം വന്നില്ല. കുട്ടികളെ ഇഷ്ടമാണ് ഒരു പരിധി വരെ മാത്രം. എന്തേ ഞാന്‍ ഇങ്ങനെ എന്ന് വരെ തോന്നിയിട്ടുണ്ട്.

പ്രീഡിഗ്രിക്ക് കൂടെ പഠിച്ച അസിത പറഞ്ഞിട്ടുണ്ട്, “ഇങ്ങനത്തെ ഒരു ജന്മത്തിനെ ആദ്യമായാണ് കാണുന്നതെന്ന്. താനെന്താ ഇങ്ങനെ ആയി പോയതെന്ന്?”. എനിക്ക് ഉത്തരം ഇല്ലായിരുന്നു. ഒരു പക്ഷേ ഒറ്റ കുട്ടിയായി വളര്‍ന്നതിന്റെ സ്വാര്‍ഥത ആവാം. എന്തിന് അമ്മ മറ്റു കുട്ടികളെ ഓമനിക്കുന്നത് പോലും എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല.  ഇത് എൻ്റെ അച്ഛനോടും അമ്മയോടും ഞാന്‍ പറയുമായിരുന്നു.

പിന്നീട്, ഒരു ഇരുപത് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ എങ്ങനെയോ ഒക്കെ മാറിയിരുന്നു ഒരുപാട്. പല രീതികളിലും.. ചെറിയ കുഞ്ഞുങ്ങളെ അവരുടെ കരച്ചിലിനെ ശല്യമായി തോന്നിയ പെൺകുട്ടിയിൽ നിന്ന് ഒരു സ്ത്രീയിലേക്കുള്ള വളർച്ച.

ആ വളര്‍ച്ച പൂര്‍ണ്ണമായത് ഒരു പക്ഷേ കല്യാണം കഴിഞ്ഞു ഏഴു വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് കുട്ടികള്‍ ഇല്ലാതിരുന്നത് കൊണ്ടാവാം. പണ്ട് വെറുപ്പിച്ചിരുന്ന പല കാര്യങ്ങളും അമ്മയുടെ ഉപദേശങ്ങള്‍ പോലെ വര്‍ഷങ്ങള്‍ക്കു ശേഷം സത്യമായിരുന്നു എന്ന തിരിച്ചറിവ് പോലെ.

പിന്നെ അന്യരുടെ ഉപദേശങ്ങളും, കുറ്റപ്പെടുത്തലുകളും, സഹതാപപ്രകടനങ്ങളും .
അങ്ങനെ ഏഴു കൊല്ലങ്ങള്‍ക്ക് ശേഷം എന്‍റെ മുപ്പത്തി നാലാം വയസ്സിൽ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം കിട്ടിയത് കൊണ്ടാവാം ഇന്ന് എന്റെ കുട്ടികളോടുള്ള ഓരോ നിമിഷവും ഞാന്‍ നിധി പോലെ സൂക്ഷിച്ചു വെക്കുന്നത്.

ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോള്‍ അവളുടെ കാലില്‍ കെട്ടിയിരുന്ന ഹോസ്പിറ്റൽ ബാൻഡ്, രണ്ടാമത്തെ മോളുടെ പൊക്കിൾക്കൊടിയുടെ ക്ലിപ്പ്, മൂത്തവളുടെ ആദ്യത്തെ കൊഴിഞ്ഞ പാൽപ്പല്ല്….ഇതൊക്കെ കാണുന്ന എന്‍റെ ഭര്‍ത്താവിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. “നീ അല്ലാതെ ആരെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വെക്കുമോ?” എന്ന് പറയുന്ന കാരണം ഞാന്‍ അതിപ്പോ പുറത്തു കാണിക്കാറില്ല.

എനിക്ക് കുട്ടികള്‍ ഉണ്ടാവില്ല എന്ന് എല്ലാരും ഉറപ്പിച്ചിരുന്നു.
‘ഹൈപ്പറെമിസിസ്’ എന്ന്‍ നിര്‍ത്താത്ത ശര്‍ദ്ദില്‍ കാരണം (എച്.സി.ജി ഹോര്‍മോണ്‍ പരിധി വിട്ടു കൂടിയത് കൊണ്ട്) ഡീഹൈഡ്രേഷന്‍ കൂടി, വെയിറ്റ് കുറഞ്ഞു. ഞാന്‍ ഇവിടെ ഒരു മാസത്തോളം ആശുപത്രിയില്‍ ഗ്ലൂക്കോസ് കയറ്റി കിടപ്പ് ആയിരുന്നു.

വീട്ടിലാകെ ശര്‍ദ്ദില്‍ അത് കോരി തളര്‍ന്ന ഭര്‍ത്താവും ഒടുവിൽ എന്നെ നാട്ടില്‍ വിടാമെന്ന തീരുമാനം ആയി. നാട്ടില്‍ സുഖിച്ച് പോകാന്‍ ബിസിനസ്സ് ക്ലാസ് ടിക്കറ്റ് ഉം എടുത്തു തന്നു. (പിന്നൊരിക്കലും ബിസിനസ്സ് ക്ലാസ്സ്‌ കണ്ടിട്ടില്ലെന്നത് മറ്റൊരു സത്യം.)

സ്വന്തം മകൾക്കു അമ്മയുടെ വയറ്റില്‍ പോലും ഒരു കുലുക്കം പോലും തട്ടരുതെന്നു വിചാരിച്ചായിരിക്കും അന്ന് അത് എടുത്ത് തന്നത്. ആദ്യം എക്ടോപിക് പ്രെഗ്നന്‍സി എന്നും സംശയിച്ചിരുന്നു.

നാട്ടില്‍ എന്റെ സിസേറിയന്‍ കഴിഞ്ഞ സമയയത്ത്‌ മോളെ എന്‍റെ അമ്മയേക്കാൾ മുമ്പേ കൈയ്യില്‍ വാങ്ങിയത് എന്‍റെ ഭര്‍ത്താവാണ്. അപ്പോള്‍ ഞാന്‍ അന്സതേഷ്യ പ്രശ്നങ്ങള്‍ കാരണം ഐ.സി.യു.വില്‍ ആയിരുന്നു. പുറത്തു നിന്നു രക്തവും വേണമായിരുന്നു. രണ്ടു ദിവസം എടുത്തു പുറത്തു വരാന്‍.

അത്രയധികം കോംപ്ലിക്കേഷന്‍സ് ഉള്ളത് കൊണ്ട് എന്‍റെ വീട്ടില്‍ ആര്‍ക്കും മറ്റൊരു കുഞ്ഞിനെ പറ്റി ചിന്ത ഇല്ലായിരുന്നു. ഭര്‍ത്താവിനു പോലും പക്ഷേ എനിക്ക് വാശി- അല്ല ഭയങ്കര ആഗ്രഹം രണ്ടാമത് ഒരു കുഞ്ഞിനെ കൂടി വേണം. കാരണം ഉണ്ട്. വീട്ടിലെ ഒറ്റ കുട്ടിക്ക് എന്നും ഭരിച്ച ഉത്തരവാദിത്തങ്ങള്‍ ആയിരിക്കും. അച്ഛനമ്മമാരുടെ പ്രതീക്ഷ എല്ലാം കൂടി നടുവില്‍ എടുത്തു വെച്ച് ഒരു പരുവം ആകും… ഇത് എന്‍റെ സ്വന്തം അനുഭവം. അത് കൊണ്ട് മാത്രം ‘പ്രതീക്ഷാഭാരം’ പങ്കുവെക്കാന്‍ ഒരാളെ കൂടി. ഇതായിരുന്നു എന്‍റെ ചിന്ത.

ആദ്യത്തെ മോള്‍ക്ക്‌ ഒന്നര വയസ്സായപ്പോള്‍ ഞാന്‍ രണ്ടാമതും പ്രെഗ്നന്റ് ആയി. ഭര്‍ത്താവ് ഉടനെ തന്നെ ബെല്‍ജിയത്തിലേക്ക് പോവേണ്ടി വന്നു.
എട്ടാം ആഴ്ചയിൽ ചെറിയ മോളുടെ ഹാർട്ട് ബീറ്റ് ആദ്യം കണ്ട എന്റെ ഭർത്താവിന്റെ സന്തോഷം ഇപ്പഴും ഓര്‍മ്മ ഉണ്ട്. ഇവിടെ ആയതു കൊണ്ട് രണ്ടും പെണ്കുട്ടികളാണെന്നു മൂന്നാം മാസത്തിലെ തന്നെ,ഞങ്ങൾ അറിഞ്ഞിരുന്നു.

ഇന്ന് അമ്മ ഡിസിപ്ലിന്‍ പഠിപ്പിക്കാന്‍ ‘മോൺസ്റ്റർ മമ്മ’ ആവാൻ നോക്കുമ്പോൾ മൂന്നര വയസ്സുകാരി അച്ഛന്റെ ‘മാത്രം’ മോളാണ്…

‘മമ്മിയെ’ പോലും ‘ഡാഡി ‘എന്ന് വിളിക്കുന്ന അച്ഛന്റെ വലംകൈ!. അവൾക്കു ‘മമ്മി’ എന്ന് വായിൽ വരില്ല ‘ഡാഡി’ എന്നേ വരൂ.

അതിനു ചിലപ്പോള്‍ കാരണം കാണാം. എന്‍റെ രണ്ടാം സിസേറിയന്‍ കഴിഞ്ഞ ആദ്യ ദിവസം ഭര്‍ത്താവ് മാത്രമേ എന്നോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നുള്ളൂ. എന്റെയോ, ഭര്‍ത്താവിന്റെയോ വീട്ടുകാര്‍ ആരും തന്നെ ഇല്ല. എനിക്ക് ആണെങ്കില്‍ അരക്ക് കീഴ്പ്പോട്ടു മരവിപ്പ് ആണ്. അടുത്ത് ഈ ഒരു ദിവസം പ്രായമായ കുഞ്ഞും! കുഞ്ഞിനാണെങ്കിൽ ഓരോ മണികൂര്‍ ഇടവിട്ടും പച്ച നിറത്തില്‍ വയറ്റീന്നു പൊയ്ക്കൊണ്ടിരുന്നു. കൂടെ, നിര്‍ത്താതെ കരച്ചിലും.

എന്താണെന്ന്‍ അറിയില്ല ആ പോസ്റ്റ്‌ ഓപറേറ്റീവ് വാര്‍ഡില്‍ അന്ന് അധികം നേഴ്സ്മാര്‍ ഇല്ലായിരുന്നു. ആദ്യമൊക്കെ ഭര്‍ത്താവ് നേഴ്സ് നെ തിരക്കി പോയി. പിന്നെ അവര്‍ വരാതായപ്പോള്‍ അങ്ങേര് തന്നെ കുഞ്ഞിനെ മുഴുവന്‍ തുടച്ചു വൃത്തിയാക്കി എടുത്തു അതിനു കുപ്പിപാല് കൊടുത്തു. ഞാന്‍ മരുന്ന് കഴിക്കുന്നുണ്ടായിരുന്ന കാരണം ഫീഡ് ചെയ്യണ്ട, എന്ന് പറഞ്ഞിരുന്നു. പിറ്റേന്ന് റൌണ്ട്സ് നു വന്നപ്പോള്‍ ഇതറിഞ്ഞ ഡോക്ടര്‍ നേഴ്സ്മാര്‍ക്ക് കടുത്ത വാണിംഗ് കൊടുതെന്നറിഞ്ഞു. അവര്‍ അറിഞ്ഞില്ലത്രേ, എന്‍റെ കൂടെ ഭര്‍ത്താവ് മാത്രമേ ഉള്ളൂ എന്ന്.

പണ്ട് കല്യാണം കഴിഞ്ഞ സമയത്ത് എട്ടു മക്കളുള്ള എന്റെ അമ്മായിഅമ്മ , എന്നോട് പറഞ്ഞിട്ടുണ്ട്..

“മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുതെന്ന്”

ഞങ്ങള്‍ മദിക്കുന്നില്ല വളരെ താമസിച്ചു കിട്ടിയ അവരോടൊപ്പമുള്ള ഓരോ നിമിഷത്തിലും ഈശ്വരനെ സ്മരിക്കുന്നു. താമസിച്ചാണെങ്കിലും എനിക്ക് അവരെ വളർത്താൻ തന്ന ആളിന്റെ കരങ്ങളിൽ അവര്‍ എന്നെന്നും സുരക്ഷിതരാണെന്ന് വിശ്വാസം— ഞങ്ങളുടെ അഭാവത്തിലും. അത് മാത്രമാണ് എന്നെ അമ്മ ആക്കുന്നത് – അത് പോലെ അവരെ പറ്റി പരാതി പറയുമ്പോള്‍ ഭര്‍ത്താവ് ഓര്‍മപ്പെടുത്തും “നാളെ, വലുതാകുമ്പോള്‍ ഒരിക്കല്‍ എങ്കിലും അവര്‍ ഇങ്ങനെ കുസൃതി കാട്ടി നടന്നിരുന്നെങ്കില്‍, എന്ന്‍ നീ ആഗ്രഹിക്കും..”

അതേ….അതാണ് കാലം!

പിന്‍ചിന്ത
°°°°°°°°°
ഖലീൽ ജിബ്രാന്‍റെ വരികള്‍

“നിങ്ങളുടെ മക്കൾ നിങ്ങളുടെ കുട്ടികളല്ല.
അവ ജീവന്റെ വാഞ്ഛയുടെ താദാത്മ്യം പ്രാപിക്കുന്ന മക്കളാണ്.
അവർ നിങ്ങളിലൂടെ കടന്നുപോകുന്നു..
അവർ നിങ്ങളോടൊപ്പം ആയിരുന്നാലും അവർ നിങ്ങളുടെയല്ല.
======================

കമ്പ്യൂട്ടർ എഞ്ചിനീയർ ആയ സ്വാതി ശശിധരൻ സകുടുംബം അയർലൻഡിൽ താമസിക്കുന്നു

കടപ്പാട് : #പെണ്ണിടം

എനിക്കറിയാം ഞാൻ മാത്രമല്ല അമ്മ

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...