42
പി. റ്റി. കോശിയച്ചൻ.

ആ ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ പ്രൈമറി ക്‌ളാസ് ടീച്ചർ, കുട്ടികൾ സാമൂഹ്യ പ്രബുദ്ധതയുള്ളവർ ആകുന്നതിനു വേണ്ടി അവർക്ക് ഒരു പ്രൊജക്റ്റ് നൽകി. കുട്ടികൾ ഒരു റിബ്ബൺ അഭിനന്ദനമർഹിക്കുന്നയാൾ എന്ന് അവർക്ക് തോന്നുന്ന ഒരു വ്യക്തിയുടെ കയ്യിൽ കെട്ടി കൊടുക്കണം. അഭിനന്ദിക്കാനുള്ള കാരണം മുഖത്തുനോക്കി പറയണം. ഈ റിബ്ബൺ മറ്റൊരാളെ കണ്ടെത്തി ഇതുപോലെ കെട്ടി കൊടുക്കണം എന്നും പറയണം. ആ ക്ലാസിലെ ഒരു മിടുക്കികുട്ടി അന്നൊരു റിബൺ വാങ്ങി. പക്ഷേ ആരുടെ കയ്യിൽ കെട്ടണം? അടുത്ത ദിവസം രാവിലെ സ്കൂൾബസ്സിന് കാത്തു നിൽക്കവെ, എന്നും റെയിൽവേ സ്റ്റേഷനിലേക്ക് കൃത്യസമയത്ത് പോകുന്ന ആ ഉദ്യോഗസ്ഥനെ സമീപിച്ച് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയെ അനുമോദിച്ച് കയ്യിൽ ആ റിബ്ബൺ കെട്ടിക്കൊടുത്തു. അത് മറ്റൊരാൾക്ക് കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു. അദ്ദേഹം അത്, വളരെ കണിശക്കാരനായ തന്റെ ഓഫീസറെ അനുമോദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കയ്യിൽ കെട്ടിക്കൊടുത്തു. ആ കുട്ടിയുടെ പ്രോജക്ടിനെക്കുറിച്ചും പറഞ്ഞു. രാത്രി വൈകി മാത്രം വീട്ടിൽ എത്തുന്ന വിഭാര്യനായ ആ ഓഫീസർ തന്റെ ഏക മകന്റെ മുറിയിലേക്ക് പോയി. അവൻ സമർത്ഥനാണ്, പക്ഷേ അവനെ അഭിനന്ദിക്കുവാൻ കഴിഞ്ഞിട്ടില്ല. അന്ന് ആ പിതാവ് മകനെ അഭിനന്ദിച്ചു റിബ്ബൺ കയ്യിൽ കെട്ടിക്കൊടുത്തു. അപ്പോഴാണ് അവന്റെ കയ്യിൽ നിന്നും താഴെ വീണ പേപ്പർ ആ പിതാവ് കണ്ടത്. തന്നെ സ്നേഹിപ്പാൻ ആരുമില്ല എന്നും അതിനാൽ മരിക്കുകയാണ് എന്നും അവൻ എഴുതിയ ഒരു ആത്മഹത്യാ ക്കുറിപ്പ് ആയിരുന്നു അത്. പിതാവ് അവനെ കെട്ടിപ്പിടിച്ച് വളരെസമയം കരഞ്ഞു. വർഷങ്ങൾ പിന്നിട്ടു. അവൻ സമർത്ഥനായ ഒരു ഡോക്ടറായി. തന്റെ പിതാവിൽ നിന്നും ആ റിബ്ബണിന്റെ കഥയറിഞ്ഞ ഡോക്ടർ, ആ സർക്കാർ സ്കൂളിലെ ആ പ്രോജക്ട് കുട്ടികളെ ഏൽപ്പിച്ച ടീച്ചറിന്റെ റിട്ടയർമെന്റ് മീറ്റിംഗിൽ ക്ഷണിക്കപ്പെടാതെ അവിടെ എത്തി. അതുവരെയും താൻ നിധി പോലെ സൂക്ഷിച്ചുവച്ചിരുന്ന, തന്നെ ആത്മ ഹത്യയിൽ നിന്നും രക്ഷിച്ച ആ റിബൺ ടീച്ചറിനെ അനുമോദിച്ചു കൊണ്ട് ടീച്ചറിന്റെ കയ്യിൽ കെട്ടി ക്കൊടുത്തു. (ഗൂഗിൾ).
ശ്രേഷ്ഠമായ ലക്ഷ്യത്തോടെ, നാം ചെയ്യുന്ന നന്മപ്രവർത്തികൾ, ഒരിക്കലും വൃഥാവാകില്ല. കുഞ്ഞുങ്ങൾ സാമൂഹ്യ പ്രബുദ്ധതയുള്ളവർ ആകുവാൻ ലക്ഷ്യമിട്ട് അവർക്ക് കൊടുത്ത ഒരു പ്രോജക്ട് ഒരു ജീവൻ രക്ഷിപ്പാൻ കാരണമായി എന്നതെത്ര ശ്രേഷ്ഠം! സ്വാർത്ഥലാഭങ്ങൾ ലക്ഷ്യമാക്കാതെ നാം ചെയ്യുന്ന ഏത് പ്രവൃത്തിയും സമൂഹത്തിന് അനുഗ്രഹകരമാണ്. ഇവിടെ നമ്മുടെ മാനസിക ഭാവം പ്രത്യേകം ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഒരു മനസ്സ് നമുക്ക് എപ്പോഴും ഉണ്ടാവണം. അതിന് അനുസരണമായി മാത്രമേ നമ്മുടെ പ്രവർത്തികൾ രൂപപ്പെടുകയുള്ളൂ. ദുഷ്ട ഹൃദയങ്ങളിൽ നിന്ന് ഉടലെടുക്കുന്ന പ്രവൃത്തികൾ നീചവും സാമൂഹ്യ ദ്രോഹപരവും ആയിരിക്കും. അങ്ങനെ ദുഷ്ട ഹൃദയമുള്ളവർക്ക് ആരെയും നേർവഴിയിൽ നടത്താൻ ആവില്ല. തലമുറകൾ നന്നാകണം എന്ന് ചിന്തിക്കുവാൻ പോലും ആവില്ല. അവരുടെയെല്ലാം നോട്ടം ഭൗതിക നേട്ടങ്ങളിലാണ്. അതിനു വേണ്ടി ഏത് കുൽസിതമാർഗ്ഗങ്ങളും സ്വീകരിപ്പാൻ അവർ മടിക്കില്ല, തലമുറകൾ അങ്ങനെയാകുന്നതിൽ വേദനയുമില്ല.
ഇവിടെ ഇതാ ആ ടീച്ചറിന്റെ ഒരു നല്ല മനസ്സ് അവർ ഒരിക്കലും ചിന്തിക്കാത്ത വിധം ആത്മഹത്യയിൽ നിന്ന് ഒരുവനെ രക്ഷിക്കുവാൻ കാരണമായി. ആ പ്രവൃത്തിയിൽ പങ്കാളികളായവർക്കും അതറിഞ്ഞവർക്കും എന്തൊരാനന്ദം! ഇവിടെ നന്മ പ്രവർത്തികൾ പ്രശംസയ്ക്ക് വേണ്ടിയോ മാനത്തിനു വേണ്ടിയോ ആയിരുന്നില്ലല്ലോ. അതാണ് നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഭാവം. അത് ദൈവികഭാവമാണ്! ദൈവിക ഭാവമുള്ളവരായി സമൂഹത്തിന്റെ നന്മയ്ക്കായി നമുക്ക് ജീവിക്കാം!
പി. റ്റി. കോശിയച്ചൻ.