Home Motivational Messagesമിന്നാമിനുങ്ങിനെ വിഴുങ്ങുന്ന പാമ്പ്.

മിന്നാമിനുങ്ങിനെ വിഴുങ്ങുന്ന പാമ്പ്.

by admin
0 comments
മിന്നാമിനുങ്ങിനെ വിഴുങ്ങുന്ന പാമ്പ്.
പി. റ്റി. കോശിയച്ചൻ.
 
ഒരു കലാകാരന്റെ ഭാവനയിലുള്ള ഒരു കഥയാണ് ചുവടെ ചേർത്തിരിക്കുന്നത്. ഒരു പാമ്പ് ഒരു മിന്നാമിനുങ്ങിനെ വിഴുങ്ങുവാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ മിന്നാമിനുങ്ങ് പാമ്പിനോട് പറഞ്ഞു:
” എനിക്ക് നിന്നോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കുവാൻ ഉണ്ട്.” പാമ്പ് പറഞ്ഞു: “ചോദിച്ചുകൊള്ളൂ”.
ചോദ്യങ്ങൾ: 1). “ഞാൻ നിങ്ങളുടെ ഭക്ഷണശൃംഖലയിൽ ഉൾപ്പെടുന്ന ഒരു വസ്തുവാണോ? പാമ്പ്: അല്ല. 2). “ഞാൻ നിന്നെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചിട്ടുണ്ടോ?” പാമ്പ്: ഇല്ല. 3). “പിന്നെ എന്തുകൊണ്ടാണ് എന്നെ വിഴുങ്ങാൻ ശ്രമിക്കുന്നത്?”
പാമ്പ്: “നീ തിളങ്ങുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.” (ഗൂഗിൾ).
 
ഇത് വാസ്തവത്തിൽ പാമ്പിന്റെയും മിന്നാമിനുങ്ങിന്റെയും കഥയല്ല. മനുഷ്യന്റെ കഥയാണ്. നമ്മിൽ പലരുടെയും കഥയാണ്! സമൂഹത്തിൽ, ചിലർ അങ്ങനെയാണ്! മറ്റുള്ളവർ തിളങ്ങുന്നത് സഹിക്കുവാൻ കഴിയില്ല. അങ്ങനെയുള്ളവർ പാമ്പുകളെപ്പോലെ നിശ്ശബ്ദരായി മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു! പക്ഷേ അവർ ആ വസ്തുത ഒരിക്കലും വെളിപ്പെടുത്തുകയില്ല. അനേക മനുഷ്യനും ഇങ്ങനെയാണ് എന്നത് വളരെ കയ്പേറിയ ഒരു സത്യമാണ്.
 
സഹോദരന്റെയോ അയൽക്കാരന്റെയോ അഭിവൃദ്ധിയിൽ അസൂയപ്പെടുന്ന എത്രയധികം മനുഷ്യരുണ്ട്! അയൽക്കാരൻ അഭിവൃദ്ധി പ്രാപിക്കുന്നതാണോ നശിച്ചു പോകുന്നതാണോ നമുക്ക് നല്ലത്? ഈ ചോദ്യത്തിന്റെ ഉത്തരം ഓരോരുത്തരുടെയും കാഴ്ചപ്പാട് അനുസരിച്ച് വ്യത്യസ്തമായിരിക്കും. മറ്റുള്ളവരുടെ കഷ്ടപ്പാടിൽ സന്തോഷിക്കുന്ന ചില ആളുകളുണ്ട്. അവർക്ക് അയൽക്കാർ അഭിവൃദ്ധി പ്രാപിക്കുന്നത് നല്ലതെന്ന് ഒരിക്കലും ചിന്തിപ്പാനാവില്ല. വസ്തുനിഷ്ഠമായി ചിന്തിച്ചാൽ അയൽക്കാർ അഭിവൃദ്ധി പ്രാപിക്കുന്നതുകൊണ്ട് നമുക്ക് എന്ത് ദോഷമാണ് ഉണ്ടാവുന്നത്? എന്റെ ചിന്തയിൽ ഒരു ദോഷവും ഉണ്ടാവില്ല, എന്നു മാത്രമല്ല, അത് നമുക്കും നല്ലതാണ്. എന്നു പറഞ്ഞാലും അത് മനസ്സിന് ഒരു സുഖമല്ല! അല്ലേ? അവർ നരകിക്കുന്നത് കാണുവാൻ ഒരു രസം! ഇവിടെ യഥാർത്ഥത്തിൽ ഒരു നികൃഷ്ട ഹൃദയം കാണുവാൻ കഴിയും. ഇല്ലേ?
 
യഥാർത്ഥത്തിൽ എല്ലാ മനുഷ്യർക്കും ഇക്കാര്യത്തിൽ ഒരു മാനസാന്തരം സംഭവിക്കേണ്ടിയിരിക്കുന്നു! മറ്റുള്ളവർക്ക് നന്മയുണ്ടാകുമ്പോൾ സന്തോഷിക്കുക, എന്നു മാത്രമല്ല, മറ്റുള്ളവർക്ക് നന്മയുണ്ടാകുന്നതിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്! നമ്മുടെ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം എല്ലാവർക്കും നന്മ ഉണ്ടാവുക എന്നത് തന്നെയായിരിക്കണം. ശത്രുക്കൾക്കുപോലും നന്മയുണ്ടാകുന്നതിനായി പ്രയത്നിപ്പാൻ കഴിയണം. അത് വളരെ ഉന്നതമായ ആളത്തമുള്ളവർക്കേ സാധ്യമാവൂ. പക്ഷേ അത് നമുക്ക് സാധ്യമാക്കണം. അല്ലെങ്കിൽ നമ്മുടെ ജീവിതം എത്ര നികൃഷ്ടമായിരിക്കും! മറ്റുള്ളവരുടെ നന്മയ്ക്കായി ആഗ്രഹിപ്പാനും അതിനായി പ്രയത്നിപ്പാനും നമ്മെ സമർപ്പിക്കുകയും ദൈവമേ അതിനായി എന്നെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം.
 
പി. റ്റി. കോശിയച്ചൻ.
+ 91 9495913953

You may also like

Leave a Comment