സാറ ദീപ ചെറിയാൻ
——————————
വിദ്യാഭ്യാസ ലോണിനെപ്പറ്റിയായിരുന്നു ഞങ്ങൾ അപ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്.
“രണ്ടെണ്ണത്തിനെ പഠിപ്പിക്കാൻ ചിലവാക്കിയ പണം ഉണ്ടായിരുന്നെങ്കിൽ ഒരു തുണ്ടു ഭൂമി വാങ്ങിയിടാമായിരുന്നു കടമെല്ലാം ബാക്കിയുള്ളവന്റെ തലയിൽ .നല്ല നേരം നോക്കിയാണ് രണ്ടും വല്ലതും അയക്കുക അത് പലിശക്ക് പോലും തികയുന്നില്ല”
പറയുന്നത് അങ്ങനെയിങ്ങനെ ക്ഷോഭം വരുന്ന ആളല്ല. പക്ഷെ ബാങ്ക് നോട്ടീസുകൾ ഇങ്ങനെ ഒന്നിന് പുറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുമ്പോൾ ആർക്കാണ് സമനില തെറ്റാത്തത്. ഒന്നും മിണ്ടാതിരിക്കുകയാണു ഭംഗി. മിണ്ടിപ്പോയാൽ ചിലപ്പോൾ കലി മൂക്കും. ഗേറ്റിൽ ഒരു ബൈക് വന്നു നിൽക്കുന്നുണ്ട് .ഭാഗ്യം ആരെങ്കിലും ഒന്ന് വന്നുകിട്ടിയിരുന്നെങ്കിൽ ഈ തോറ്റംപാട്ടിനു അറുതി കിട്ടുമായിരുന്നു.
പടി കടന്നു വന്നത് മകന്റെ സ്നേഹിതൻ സതീർഥ്യൻ.
മുറ്റത്തുനിന്നേ അവൻ വിളിച്ചുപറഞ്ഞു പിന്നെ അരികിൽ വന്നു അരപ്ലേസിൽ ചമ്രം പടിഞ്ഞിരുന്നു.
“അച്ഛൻ മരിക്കുന്നതിനുമുമ്പേ ഉറപ്പിച്ചതാണ്. അമ്മാവന്റെ മകൻ കൊല്ലം തികയാനൊന്നും കാത്തു നിൽക്കുന്നില്ല അച്ഛനും ഇങ്ങനെതന്നെയാവും ഇഷ്ടം”
ചായയുണ്ടാക്കാനായി എഴുന്നേറ്റപ്പോൾ അവനും ഒപ്പം വന്നു
അവൻ വല്ലാതെ മുതിർന്നുപോയല്ലോ എന്നെനിക്ക് തോന്നി.അദൃശ്യമായ ഏതോ ഭാരം കൊണ്ടെന്നപോലെ അവന്റെ ചുമൽ കൂനിപ്പോയിട്ടുണ്ട് ഒരിക്കൽ വികൃതിയും കുറുമ്പും കൊണ്ട് രസത്തുള്ളി പോലെ ഉരുണ്ടു കളിച്ചിരുന്ന ചെക്കനായിരുന്നു.
” വീടും പത്തു സെന്റ് സ്ഥലവും ഞാൻ അവൾക്ക് എഴുതി കൊടുത്തു അമ്മയെയും കൊണ്ട് ഞാൻ ജോലിസ്ഥലത്തെ വാടകവീട്ടിലേക് പോകും . കൊടുക്കാൻ മറ്റൊന്നും കാര്യമായിട്ടില്ല.”
ഇറങ്ങാൻ നേരം ഒതുക്കുകല്ലിൽനിന്നുകൊണ്ട് അവൻ ഫോണിൽ എന്തോ തിരയുന്നത് കണ്ടു
പിന്നീട് അത് എന്റെ നേരെ നീട്ടിക്കൊണ്ടു അവൻ പറഞ്ഞു
“അപ്പുവിന്റെ മെസ്സേജ് ആണ് ഇന്നലെ വന്നത്”
ഞാൻ അത് വാങ്ങി ഉറക്കെ വായിച്ചു മകൻ എഴുതിയിരിക്കുന്നു
“അധികമൊന്നുമില്ലെടോ. എങ്കിലും ഈ പൈസ കൊണ്ട് നീ പെങ്ങൾക് എന്തെങ്കിലും ഒരു കഷ്ണം സ്വർണം വാങ്ങണം. പിന്നെ നിനക്ക് ഒരു ഷർട്ടും അന്ന് ഞാൻ ബാംഗ്ലൂർ ൽ ഇന്റർവ്യൂ നു പോകാൻ നേരം നീയെനിക്ക് ഊരിത്തന്നതു പോലത്തെ ഒന്ന്. ഒരു നീലവരയൻ..”
തുടർന്ന് വായിക്കാൻ കഴിഞ്ഞില്ല ന്യൂസ്പേപ്പ ർ കൊണ്ട് മുഖം മറച്ചിരിക്കുന്ന ആളുടെ നെഞ്ചിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയരുന്നത് കേട്ടു. നടക്കല്ലിൽ നിന്ന് യാത്ര പറയുന്നവന്റെ ചിരി കണ്ണീർ വീണ് നനഞ്ഞു.
മക്കളെ മക്കളെ