എന്റെ സുന്ദരനായ ഫാൾസ് കളർ ട്രീ
ഇങ്ങു അമേരിക്കയിലെ ഞങ്ങളുടെ നടവഴികളിലൊന്നില് ഒറ്റപ്പെട്ടുനിൽക്കുന്ന സുന്ദരനായ മരമാണിവൻ.
അരികിലൂടെ കടന്നുപോകുമ്പോഴെല്ലാം ഇവനെന്നെ നോക്കി സുസ്മിതം പൊഴിക്കാറുണ്ട്……..തന്റെ ചുവന്നുതുടുത്ത നയനസുന്ദരമായ ഇലമഴകളിലൂടെ…….
അറിയാതെയാണെങ്കിലും ഒരല്പനേരം ഞാനീചാരത്തു നിന്നു പോകാറുണ്ട്.. അതോ ഇവനെന്നെ ബലാൽക്കാരമായി പിടിച്ചുവെയ്ക്കുകയാണോ? അറിയില്ല.
എന്തായാലും ഞാനരികിലണഞ്ഞാലുടൻ ഇല്ലാത്ത കാറ്റിനെ മാടിവിളിച്ചു ദലമർമ്മരം പൊഴിക്കും. ചിരിക്കാൻ പിശുക്കുന്ന എന്നെകൊണ്ട് പുഞ്ചിരിപ്പിക്കും..
ഇത്ര നാളായിട്ടും അപരിചിതൊത്വം നടിക്കുന്നതുകൊണ്ടാവാം ഇന്നലെ എന്നെ കണ്ടിട്ടും ഇലമനസുകൾ ഇളക്കാതെ പിണങ്ങിയത്പോലെ അനങ്ങാതെയിരുന്നു..
ഉടനെ ഞാനിവനെ എന്നിലേക്ക് ചേർത്ത്പിടിച്ചു.. ആഹ്ലാദാരവംകൊണണ്ടാവണം,ചുവന്ന ഇലകൾ പൊഴിച്ചിവനെന്റെ ശിരസിൽ ഒരു പുഷ്പ വൃഷ്ട്ടി തന്നേ നടത്തിക്കളഞ്ഞു….
ഹാ…. എത്ര നയനമനോഹരമായ കാഴ്ച….പൊഴിഞ്ഞുവീണ ദളങ്ങൾ കാരണം ടാറിട്ട റോഡിന്റെ കവിളുകൾ ചുവന്നുതുടുത്തപോലെ തോന്നിച്ചു..
സന്തോഷാശ്രുക്കൾകൊണ്ട് എന്റെ കണ്ണും നിറഞ്ഞുവോ?
.
.
.
അല്ല നിനക്കു എന്റെ മുന്നിൽ നിന്നും ഫോട്ടോ എടുക്കണ്ടേ?
പൊടുന്നനെയായിരുന്നു ആ ചോദ്യം എന്നിലേക്കുവന്നു തൊടുത്തത്!. ഞാൻ പുഞ്ചിരിച്ചു.
നിനക്കെന്റെ പേരറിയാമോ? ശിഖരങ്ങൾ കുലുക്കിയവൻ ചോദിച്ചു. ഇല്ലെന്ന മട്ടിൽ ഞാൻ തലയാട്ടി….
ഫാൾസ് കളർ ട്രീ എന്നാണ് എല്ലാവരും എന്നെ വിളിക്കുക ..തിക്കും തിരക്കും കൂട്ടീ എന്റെ മുന്നിൽ നിന്നും ഫോട്ടോ എടുക്കുവാൻ എല്ലാവരും എത്തുന്ന സമയമാണിത്…സങ്കടങ്ങൾ മറച്ചുവെച്ചു അവരുടെ ചിത്രങ്ങളെ ഞാൻ മനോഹരമാക്കും..
പൂത്തുപൂന്തലിച്ചു നിൽക്കുന്ന നിനക്കും സങ്കടമോ?
എന്റെ ചോദ്യത്തിന് ആശ്ച്ചയര്യത്തിന്റെ അകമ്പടി ഉണ്ടായതു സ്വഭാവികം..
അവൻ വാചാലനായി..
തളിരുകൾവന്നു, പിന്നെയും വളർന്നു പച്ചയും മഞ്ഞയും നിറങ്ങളെ പുൽകി,അവസാനം ദാ ഈ ചുവപ്പിലേക്കു എത്തുമ്പോൾ എന്റെ സൗന്ദര്യാം ഞാൻ സ്വയം ആസ്വദിക്കാൻ തുടങ്ങും..
എന്നിൽ അസൂയ മൂത്തപോലെ ഡിസംബറും ജനുവരിയും മഞ്ഞും തണുപ്പുമായി വന്നു എന്നെ തകർത്തു പോവും.
എന്റെ സൗന്ദര്യത്തിനു പൂർണ്ണത വരുത്തിയ ഇലകൾ പൊഴിയുമ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ ഞാനൊറ്റപ്പെടും…
എന്നാലും തേങ്ങലുകൾ പുറത്തുകാണിക്കാറില്ല . അടുത്ത ഗ്രീഷ്മകാല തളിരിടലിനായി പ്രതീക്ഷകളെ വളമാക്കി കാത്തുനിൽക്കും…
നിറഞ്ഞ മിഴികൾ തുടച്ചു പിന്തിരിഞ്ഞ എന്നെ, തന്റെ ഒരു ചില്ലയാൽ പിടിച്ചു നിർത്തി ഒരു ചോദ്യം കൂടി ഇവൻ ചോദിച്ചു..,
ഇലകൾ പൊഴിഞ്ഞു സൗന്ദര്യാംമെല്ലാം നഷ്ടപ്പെട്ടു ഞാൻ ഒറ്റയാനായി നിക്കുമ്പോൾ ഇടയ്ക്കൊന്നുവന്നെന്നെ കെട്ടിപുണരാമോ…..മൽസഖീ…………