Home Motivational Messagesസ്റ്റെതസ്സ്കോപ്പ്

സ്റ്റെതസ്സ്കോപ്പ്

by admin
0 comments

സ്റ്റെതസ്സ്കോപ്പ് – Rev. PT Koshy 

1817 ഫെബ്രുവരി 17-ാം തീയതി റെനെ ലൈനാക് (Rene Laennec) എന്ന ഡോക്ടരുടെ ക്ലിനിക്കിൽ വന്ന ചെറുപ്പക്കാരിയായ ഒരു രോഗിയുടെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ഡോക്ടർക്ക് ഒരു സങ്കോചം. അന്നൊക്കെ ഡോക്ടർമാർ ഹൃദയമിടിപ്പ് അറിയാൻ ചെവി നേരിട്ട് രോഗിയുടെ നെഞ്ചിൽ ചേർത്ത് വെയ്ക്കുകയായിരുന്നു പതിവ്. പെട്ടെന്ന് അദ്ദേഹത്തിന് ഒരു ആശയം തോന്നി. ഒരു പേപ്പർ ചുരുട്ടി കുഴൽ പോലെയാക്കി ഒരറ്റം രോഗിയുടെ നെഞ്ചിലും മറ്റേ അറ്റം തന്റെ ചെവിയിലും വെച്ചു. അത്ഭുതം! ഇത് വരെ നേരിട്ട് ചെവി വെച്ച് ലഭിക്കുന്നതിനേക്കാൾ വ്യക്തമായ വിധത്തിൽ അദ്ദേഹത്തിന് ആ യുവതിയുടെ ഹൃദയമിടിപ്പ് ലഭിച്ചു. ഓടക്കുഴൽ വായന ഇഷ്ടപ്പെട്ടിരുന്ന ഡോക്ടർ മരക്കുഴലുകൾ ഉപയോഗിച്ച് തന്റെ പരീക്ഷണം തുടരുകയും അനന്തരം ഉണ്ടാക്കിയ ഉപകരണത്തിനു സ്റ്റെതസ്സ്കോപ്പ് എന്ന് പേരിടുകയും ചെയ്തു. “സ്റ്റെതോസ്” എന്നാൽ “നെഞ്ച്”, “സ്കോപ്പോസ്” എന്നാൽ “പരിശോധന”. എന്നാൽ അന്നത്തെ മെഡിക്കൽ ലോകം ചെവികൊണ്ട് നേരിട്ട് പരിശോധിക്കാത്തതിന് അദ്ദേഹത്തെ നിശിതമായി വിമർശിച്ചു.

1851 ലാണ് ഇന്നത്തെ രൂപത്തിലുള്ള സ്റ്റെതസ്സ്കോപ്പ് ആർതർ ലിയേർഡ് വികസിപ്പിച്ചത്. (ഗൂഗിൾ). “ആവശ്യം സൃഷ്ടിയുടെ മാതാവ്” എന്ന വചനം ഏവർക്കും പരിചിതമാണല്ലോ. ഈ ലോകത്തിലെ മഹത്തായ പല കണ്ടുപിടിത്തവും ഓരോരോ പ്രത്യേക ആവശ്യങ്ങളുടെ സന്ദർഭങ്ങളിലാണല്ലോ ഉണ്ടായിട്ടുള്ളത്. പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള നമ്മുടെ കഴിവിനെയും പ്രതിബദ്ധതയെയും വെളിപ്പെടുത്തുന്നതാണ് ഈ കണ്ടുപിടുത്തങ്ങൾ. അതോടൊപ്പം മനുഷ്യ ജീവിതത്തിൽ പ്രതിസന്ധികൾക്കുള്ള സ്ഥാനം വെളിവാകുകയും ചെയ്യുന്നു.

വലിയ മെഷീൻ കണ്ടുപിടിക്കുന്നത് പോലെയുള്ള കണ്ടുപിടിത്തങ്ങൾ അല്ലെങ്കിലും ഓരോ സാഹചര്യങ്ങളെയും തരണം ചെയ്യുവാനുള്ള നമ്മുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നത് പ്രതിസന്ധികളാണ്. അപ്പോൾ ഏതൊരു പ്രതിസന്ധി ഉണ്ടായാലും അവയെ തരണം ചെയ്യുവാൻ ആവശ്യമായ കഴിവ് നൽകിയാണ് സ്രഷ്ടാവാം ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ആകയാൽ ഏതൊരു പ്രതിസന്ധിയിലും അധൈര്യപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യാതെ അവയിലൂടെ ലഭ്യമാകാവുന്ന അനുഗ്രഹങ്ങളെ കണ്ടെത്തുവാൻ സാധ്യമായി തീരണം. അതിന് കഴിയാതെ വരുന്നവരാണ് ആത്മഹത്യ ചെയ്യുന്നതിനും മറ്റുള്ളവരെ കൊല ചെയ്യുന്നതിനും ശ്രമിക്കുന്നത്. ഈ സാധ്യതകളെ കണ്ടെത്തുവാൻ ചിലപ്പോൾ നമുക്ക് സ്വയം കഴിഞ്ഞു എന്നു വരില്ല. അവിടെയാണ് ജീവിതത്തിൽ ദൈവകൃപയ്ക്കുള്ള സ്ഥാനം! ദൈവവുമുള്ള നിരന്തര ധ്യാനത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ആവശ്യമായ മാർഗ്ഗം കണ്ടെത്തുവാൻ സാധിക്കണം. അങ്ങനെ ഏത് പ്രതിസന്ധിയിലും ധന്യമായ ജീവിതം നയിക്കാൻ കഴിയും അതിന് ആവശ്യമായ കൃപയ്ക്കായി പ്രാർത്ഥിക്കാം. “ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽ നിന്നും അവനെ രക്ഷിച്ചു.” (ബൈബിൾ).*
ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

പി. റ്റി. കോശിയച്ചൻ.

You may also like

Leave a Comment