Home Motivational Messagesതേൻ കുടവും തേനീച്ചയും.

തേൻ കുടവും തേനീച്ചയും.

by admin
0 comments

തേൻ കുടവും തേനീച്ചയും.

പി. റ്റി. കോശിയച്ചൻ.
+ 91 9495913953

ഒരു കുടത്തിൽ ഉണ്ടായിരുന്ന തേൻ തുളുമ്പി കുടത്തിന്റെ ചുവട്ടിൽ വീണു കിടന്നു. ഇതു കണ്ട ഒരു പറ്റം തേനീച്ചകൾ അതിൽ ചെന്നിരുന്നു കുടിക്കാൻ തുടങ്ങി. താമസിയാതെ ഈച്ചകളുടെ കാലുകൾ തേൻ കൊണ്ടു പൊതിയപ്പെട്ടു. തേനിൽ പൂണ്ടുപോയ കാലുകൾ വലിച്ചെടുക്കാനോ, പറന്നു പോകാനോ സാധിക്കാതെ ആ ഈച്ചകൾ തേനിൽ തന്നെ ശ്വാസം മുട്ടി ചത്തു. (ഗൂഗിൾ ).

തേൻ നിശ്ചയമായും നല്ലതാണ്. പൂക്കളിൽ നിന്ന് തേൻ നുകർന്ന് അത് തേനടകളിൽ നിക്ഷേപിച്ച് തങ്ങളുടെ ഗ്രന്ഥികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചില പ്രത്യേക രസങ്ങൾ കൂടി ചേർത്ത് മധുരമേറിയ തേനാക്കി രൂപപ്പെടുത്തിയെടുക്കുന്നത് തേനീച്ചകൾ തന്നെയാണല്ലോ. തേൻ എവിടെയെങ്കിലും തൂകി പോയാൽ ഈച്ചകൾ തന്നെ അത് ഭക്ഷിക്കുന്നത് കാണുവാൻ സാധിക്കും. അങ്ങനെ തേൻ നുകരുന്നത് പക്ഷേ അവയ്ക്ക് ആപത്തിന് കാരണമാകാം. ചിറകുകളും കാലുകളും തേൻ പുരണ്ട് ചലനം അസാധ്യമായി എന്നു വരാം, അധികം തേൻ കുടിച്ച് പറക്കുവാൻ കഴിയാതെയാകാം. പുറമേ നിന്ന് തേൻ ലഭിക്കുമ്പോൾ അമിതമായി കുടിക്കുവാൻ സാധ്യതയുണ്ടല്ലോ. അത് അപകടകരമാണ്.

മനുഷ്യന്റെ കാര്യവും ഈ ഈച്ചകളെ പോലെയാണ്. ഈ ലോകത്തിൽ ലഭ്യമായിട്ടുള്ള അനുഗ്രഹങ്ങൾ ശ്രദ്ധാപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ അവ വിനാശകരമാകുവാൻ സാധ്യതയുണ്ട്. അനുഗ്രഹ സമൃദ്ധിയിൽ, ശ്രദ്ധയില്ലാതെ അവയെ കൈകാര്യം ചെയ്യുമ്പോൾ, വളരെ പ്രയോജനകരമായ വസ്തുക്കൾ വിനാശകരമായി ഭവിക്കാറുണ്ട്. അധിക സമ്പത്തും ഉന്നത സ്ഥാനങ്ങളും പലരുടെയും ജീവിതത്തെ തകർത്തിട്ടുണ്ട്. ദാരിദ്ര്യം കൊണ്ട് രോഗികൾ ആയിട്ടുള്ളവരെക്കാൾ അമിത ഭക്ഷണം കൊണ്ട് രോഗികളായവർ അധികമാണ്. അമിതമായാൽ അമൃതും വിഷം, എന്ന് ചൊല്ല് ഏവർക്കും പരിചിതമാണല്ലോ. തീയും വെള്ളവും എത്ര അത്യാവശ്യമായ വസ്തുക്കളാണ്. എന്നാൽ ഇവ രണ്ടും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ ജീവന് ഭീഷണിയായി ഭവിക്കും. അതുപോലെ തന്നെയാണല്ലോ വൈദ്യുതി. ഇന്ന് വൈദ്യുതി കൂടാതെ ജീവിക്കുവാൻ കഴിയില്ല, എന്നാൽ അല്പം അശ്രദ്ധ മതി അത് ജീവനു വിനാശകരമായി തീരും. വിനോദങ്ങൾക്ക് വേണ്ടി ഇവയൊക്കെ ഉപയോഗിക്കപ്പെടുമ്പോൾ പലപ്പോഴും അശ്രദ്ധ സംഭവിക്കാൻ സാധ്യതയുണ്ട്. താൽക്കാലിക ഉല്ലാസങ്ങൾക്ക് വേണ്ടിയുള്ള പല ക്രമീകരണങ്ങളും ആത്യന്തികമായി വിനാശം വരുത്തുവാൻ ഇടവരുത്തിയേക്കാം. അവിടെ മരണം തന്നെ സംഭവിക്കാം.

ഈ വസ്തുതകളെല്ലാം നമ്മുടെ ജീവിതം എത്രമാത്രം ശ്രദ്ധയോടെ ആയിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്നവയാണ്. ആകയാൽ ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ സ്വയ ഉപയോഗത്തിന് മാത്രമെന്നു കരുതാതെ  അനുഗ്രഹങ്ങളെ പങ്കുവയ്ക്കുന്ന ധന്യമായ ജീവിതം നയിപ്പാൻ നമുക്ക് സമർപ്പിതരാവാം.

പി. റ്റി. കോശിയച്ചൻ.
+ 91 9495913953

You may also like

Leave a Comment