ഷെയ്ക് ചിലിയുടെ വയസ്സ്.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
ഷെയ്ക് ചിലിക്ക് നാലു വയസ്സുള്ളപ്പോൾ ഒരിക്കൽ പിതാവിനോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. മൂന്നു വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം എങ്കിലും ഷെയ്ക് ചിലി യുടെ പിതാവ് മകന് ടിക്കറ്റ് എടുത്തിരുന്നില്ല. ടിക്കറ്റ് എക്സാമിനർ വന്നപ്പോൾ മകന്റെ പ്രായം തിരക്കി. പിതാവ് പറഞ്ഞു അവന് മൂന്നു വയസ്സെയുള്ളുവെന്ന്. അത് ബോധ്യമാകാഞ്ഞ എക്സാമിനർ കുട്ടിയോട് തന്നെ വയസ്സ് ചോദിച്ചു. ഷേക്ക് ചിലി പറഞ്ഞു വീട്ടിൽ നാലു വയസ്സും ട്രെയിനിൽ മൂന്നു വയസ്സും. പിതാവ് ടിക്കറ്റ് എക്സാമിനറൊട് മാപ്പപേക്ഷിക്കുകയും കുട്ടിയുടെ ടിക്കറ്റ് കൂടി എടുക്കുകയും ചെയ്തു.
ഇത് പലരുടെയും സ്വഭാവമാണ്. അല്പം സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നതിനേക്കാൾ അധികമായി ഒരു സൂത്രം പ്രയോഗിച്ച് അല്പം ലാഭമുണ്ടാക്കുവാൻ ഒരു രസം! ഒരു കൊച്ചു വെട്ടിപ്പ് നടത്തുന്നത് ഒരു സുഖമാണ്. മറ്റു പലതിനും ധാരാളമായി വ്യയം ചെയ്യുമ്പോൾ ഒരു ചെറിയ സാമർത്ഥ്യം കാണിക്കാൻ ഒരു സുഖം! ഞാൻ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്യുമ്പോൾ ആ ദേശത്തുള്ള ഒരു ധനികയുവാവിനെ കുറിച്ച് ഇപ്രകാരം കേട്ടിട്ടുണ്ട്. ഏത് ഷോപ്പിൽ പോയാലും അവന് അവിടുന്ന് എന്തെങ്കിലും ഒന്ന് കൈയ്ക്കൽ ആക്കണം. പല കടക്കാരും അവനെ പിടിച്ചിട്ടുണ്ട്. അഭിമാനിയായ അവന്റെ പിതാവ് അവനെ ശാസിച്ചിട്ടുണ്ടെങ്കിലും എന്തെങ്കിലുമൊന്ന് എടുക്കണം. അത് അവന് ഒരാനന്ദമാണ്. ഒടുവിൽ പല ഷോപ്പുകളിലും അദ്ദേഹം പറഞ്ഞു, “അവൻ എന്തെങ്കിലും എടുത്താൽ നിങ്ങൾ അവനെ പിടിക്കാതെ കണക്കെഴുതി വെച്ചിരുന്നാൽ മതി ഞാൻ തന്നു കൊള്ളാം.” നാം ആരും ആ യുവാവിനെ പോലെയല്ല, എങ്കിലും ചിലപ്പോൾ ചില ചെറിയ കാര്യങ്ങളിൽ അങ്ങനെ പ്രവർത്തിക്കാറില്ലേ? നമ്മുടെ ഇമ്മാതിരി പ്രവർത്തനങ്ങൾ തലമുറയെ വ്യാപകമായ തെറ്റിലേക്ക് നയിക്കുവാൻ കാരണമാകും എന്നത് നാം വിസ്മരിക്കരുത്.
മാതാപിതാക്കളുടെ നല്ല നടപടികളെ അനുകരിക്കുന്നതിനേക്കാൾ വേഗത്തിൽ അവരുടെ മോശം നടപടികളെ തലമുറകൾ അനുകരിക്കുന്നവർ ആയിത്തീരും! ആകയാൽ മക്കളുടെയും കുഞ്ഞുമക്കളുടെയും മുന്നിൽ യാതൊരു കാരണവശാലും ശരിയല്ലാത്ത കാര്യങ്ങൾ പ്രവർത്തിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതാണ്. നമ്മുടെ മോശം പ്രവർത്തനങ്ങൾ ഒരു വേള അവർ കണ്ടില്ലെങ്കിലും അത് നമ്മുടെ സ്വഭാവമാണെങ്കിൽ അവർ അനുകരിപ്പാൻ സാധ്യതയുണ്ട്. അതിനാൽ നാം ശരിയുടെ പാതയിൽ തന്നെ മുന്നോട്ടു പോകുന്നില്ലെങ്കിൽ തലമുറ നശിച്ചു പോകുവാൻ ഇടയാകും. നമ്മുടെ തെറ്റുകൾ മക്കൾ കാണരുത് എന്ന് മാത്രമല്ല നമ്മുടെ ആളത്തം യാതൊരു വിധത്തിലും വികലമായി തീരുവാൻ ഇടയാകരുത്. അതിനാൽ ശരിയുടെ മാർഗ്ഗത്തിൽ, സത്യവും നീതിയും നിലനിർത്തി, മുന്നോട്ടു പോകുവാൻ നമുക്ക് പരിശ്രമിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953