പ്രൊഫ. മേരി തോമസ്
ശാരീരികമായ ബലഹീനതകളും രോഗവും മരണവുമൊക്കെ ജീവിതത്തില്‍ ഇച്ഛാഭംഗവും പരാജയബോധവും നിരാശയുമുളവാക്കുക സ്വാഭാവികമാണ്. എന്നാല്‍, അവ മഹത്തായ ഉദ്ദേശ്യത്തോടുകുടെ ദൈവം നമുക്കു നല്‍കിയതാണ് എന്നു അംഗീകരിക്കാന്‍ കഴിയുമ്പോള്‍ ദൈവത്തിന്‍റെ പ്രവൃത്തി നമ്മില്‍ നിറവേറുകയാണ്.അവനില്‍ പരിപൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിക്കുവാന്‍ നമുക്കു കഴിയണം എന്നു മാത്രം.
സാമാന്യം നല്ല വേഗതയില്‍ കുഴപ്പമൊന്നുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്നു എന്‍ജിന്‍ നിന്നുപോയാല്‍ ഏതു സ്ഥിതിയിലാകും? അപ്രതീക്ഷിതമായുണ്ടാകുന്ന സ്തംഭനത്തില്‍, അതിലെ യാത്രക്കാര്‍ ശക്തിയായി മുന്നോട്ടു ആഞ്ഞു എന്നു വരാം. തലയോ നെഞ്ചോ മുട്ടോ ഒക്കെ എവിടെയെങ്കിലും ഇടിയ്ക്കും. അതിന്‍റെ പ്രത്യാഘാതത്തില്‍നിന്നു മുക്തിനേടാന്‍ സമയം കുറേ വേണ്ടിവരും.
മനുഷ്യ ജീവിതത്തിന്‍റെ പ്രതീകമാണ് ഈ വാഹനം. ജീവിതത്തെ ഭദ്രവും ശോഭനവും സുരക്ഷിതവുമൊക്ക ആക്കുവാനുള്ള നെട്ടോട്ടത്തിനിടയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നേരിടുന്ന ആപത്തുകള്‍,തടസ്സങ്ങള്‍, പരിപൂര്‍ണ്ണ വിഷാദങ്ങള്‍ – ഇവയുടെ മുമ്പില്‍ നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും? കയ്പേറിയ അനുഭവങ്ങളുടെ അര്‍ത്ഥമോ, ഉദ്ദേശ്യമോ മനസ്സിലാക്കാന്‍ കഴിയാതെ, എന്തു ചെയ്യണമെന്നറിയാതെ, അന്തംവിട്ട്, പരിഭ്രാന്തിയോടുകൂടെ നാം വിലപിക്കും. ദൈവം സ്നേഹവും കരുതലുമുള്ളവനാണെങ്കില്‍ എന്തിന് എന്നോടിങ്ങനെ ചെയ്തു എന്ന് ചോദിക്കും.
ഈ ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തണമെങ്കില്‍ തിരുവചനത്തിലേക്കു നോക്കണം. അവിടെ നാം കാണുന്ന ഒരു മഹാ സത്യം ഇതാണ്- എല്ലാറ്റിനും ദൈവത്തിനു തന്‍റേതായ കാരണവും തന്‍റേതായ സമയവുമുണ്ട്. ഇതു തെളിയിക്കുന്ന ഹൃദയസ്പര്‍ശിയായ കഥയാണ് ലാസറിന്‍റേത്.
യേശുവിന്‍റെ പ്രത്യേക സ്നേഹത്തിനും പരിഗണനയ്ക്കും പാത്രമായിരുന്നു ലാസര്‍. യേശുവിനു പ്രിയനായവന്‍ എന്നു സഹോദരിമാരായ മാര്‍ത്തയും മറിയയും വിശേഷിപ്പിക്കുന്നുണ്ട്. ലാസര്‍ ദീനമായി കിടക്കുന്നുവെന്നറിഞ്ഞിട്ടും യേശു അവരുടെ ഗ്രാമമായ ബേഥാന്യയിലേക്കു പോവുകയോ ലാസറിനെ സൗഖ്യമാക്കുകയോ ചെയ്യുന്നില്ല. എന്താണിതിന്‍റെ അര്‍ത്ഥം? യേശുവിന്‍റെ സ്നേഹം അല്പം പോലും ആത്മാര്‍ത്ഥതയില്ലാത്തതായിരുന്നോ? യേശു ലാസറിന്‍റെ രോഗത്തെക്കുറിച്ച് പറയുന്നതു ശ്രദ്ധിക്കുക. ” ഈ ദീനം മരണത്തിനായിട്ടല്ല…… ദൈവത്തിന്‍റെ മഹത്വത്തിന്നായിട്ടത്രെ”
വെറുമൊരു സാധാരണക്കാരനായ ലാസറിന്‍െറ രോഗം ദൈവത്തേയു ദൈവപുത്രനേയും മഹത്വപ്പെടുത്തുന്നതെങ്ങനെ? തന്നെയുമല്ല, അതിന് ലാസറിനെ മാരകമായ രോഗം ബാധിക്കണമായിരുന്നോ? സ്വാഭാവികമായും, യേശുവിന്‍റെ നന്മയെയും സ്നേഹത്തേയും ആത്മാര്‍ത്ഥതയേയുമൊക്കെ ചോദ്യം ചെയ്തുപോകാവുന്ന സന്ദര്‍ഭമാണത്.
ലാസറിന്‍റെ രോഗവും മരണവും ദൈവ നിശ്ചയപ്രകാരമായിരുന്നു എന്ന സത്യം നമുക്കു പിന്നീടു കാണാന്‍ കഴിയുന്നുണ്ട് എന്നതു ശരിതന്നെ. എന്നാല്‍ രോഗത്തിന്‍റേയും മരണത്തിന്‍റേയും അനുഭവങ്ങളില്‍ക്കൂടെ കടന്നുപോകുമ്പോള്‍ അതെങ്ങനെ, എത്രത്തോളം, മനസ്സിലാക്കാന്‍ സാധിക്കും? ജീവിതത്തിലെ തിക്താനുഭവങ്ങള്‍ക്കും വേദനയ്ക്കും ദൈവത്തിനു പ്രത്യേകമായ ഉദ്ദേശ്യങ്ങളുണ്ട് എന്നു ഗ്രഹിക്കാനും അംഗീകരിക്കാനും നമ്മുടെ അല്പമായ ബുദ്ധിക്കു പലപ്പോഴും കഴിയാറില്ല.
നാം പ്രതീക്ഷിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ദു:ഖാനുഭവങ്ങള്‍ നേരിടുമ്പോള്‍, നമ്മുടെ മനസ്സു പ്രതികരിക്കുന്നത് പല രീതിയിലാണ്. ചിലപ്പോള്‍ നമ്മുടെ മനസ്സും ഹൃദയവും കഠിനമായേക്കാം. അപ്പോള്‍ നാം നിസ്സംഗമായി, ഒന്നിനോടും പ്രതികരിക്കാതെയിരിക്കാം. ചിലപ്പോള്‍ നമ്മുടെ ഹൃദയം തകര്‍ന്നു പോയേക്കാം. കണ്ണുനീരിന്‍റെ കരകാണാക്കടലില്‍ നാം മുങ്ങിത്താഴും. ദു:ഖത്തിന്‍റേയും നിരാശയുടേയും ഇച്ഛാഭംഗത്തിന്‍റേയും ഭാരം വന്നു വീഴുമ്പോള്‍ നമ്മുടെ സപ്ത നാഡികളും തകര്‍ന്നു തരിപ്പണമായേക്കാം. ജീവിതംതന്നെ അങ്ങ് അവസാനിപ്പിച്ചാലെന്തെന്നു തോന്നിപ്പോകും. കാരണം നാം എപ്പോഴും സന്തോഷവും സുഖവും സുരക്ഷിതത്വവും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആരാധനയ്ക്കും പ്രാര്‍ത്ഥനക്കും ഇരിക്കുമ്പോള്‍ നാം പാടും, ” നിന്‍റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ….
എന്‍റെ ഹിതം പോലെയല്ലേ… … ” എന്നും, ” ദു:ഖത്തിന്‍റെ പാനപാത്രം കര്‍ത്താവെന്‍റെ കയ്യില്‍ത്തന്നാല്‍ സന്തോഷത്തോടതുവാങ്ങി, ഹല്ലേലുയ്യാ പാടീടും ഞാന്‍” എന്നുമൊക്കെ. എന്നാല്‍ അതൊരു യാഥാര്‍ത്ഥ്യമായി അനുഭവിക്കാന്‍ പ്രയാസമാണ്.
ശാരീരികമായ ബലഹീനതകളും രോഗവും മരണവുമൊക്കെ ജീവിതത്തില്‍ ഇച്ഛാഭംഗവും പരാജയബോധവും നിരാശയുമുളവാക്കുക സ്വാഭാവികമാണ്. എന്നാല്‍, അവ മഹത്തായ ഉദ്ദേശ്യത്തോടുകുടെ ദൈവം നമുക്കു നല്‍കിയതാണ് എന്നു അംഗീകരിക്കാന്‍ കഴിയുമ്പോള്‍ ദൈവത്തിന്‍റെ പ്രവൃത്തി നമ്മില്‍ നിറവേറുകയാണ്. അവനില്‍ പരിപൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിക്കുവാന്‍ നമുക്കു കഴിയണം എന്നു മാത്രം.
ആവശ്യബോധത്തോടും ഹൃദയവേദനയോടും കൂടെയുള്ള നമ്മുടെ പ്രാര്‍ത്ഥനക്ക് ഉടനടി നാം ആഗ്രഹിക്കുന്നതുപോലെയുള്ള മറുപടി ലഭിക്കാതെവരുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. കര്‍ത്താവ് അകലെ സ്ഥിതിചെയ്യുന്നതായും തക്കസമയത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതായും നമുക്കു തോന്നിപ്പോകും. അപ്പോഴും ” വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണും” എന്ന വാഗ്ദത്തമാണ് നമുക്കു ലഭിക്കുന്നത്. അതേസമയം ദൈവത്തിന്‍റെ മഹത്വം കാണുന്നതിനു വിശ്വസിക്കണം എന്ന നിബന്ധനയും ആ വാക്യത്തിലുണ്ട്.
ലാസര്‍ രോഗബാധിതനായി എന്ന വിവരം അറിയുന്ന ഉടന്‍ തന്‍റെ എല്ലാ പരിപാടികളും മാറ്റിവെച്ച്, യേശു ഓടിവന്ന് ലാസറിനെ സൗഖ്യമാക്കണമെന്ന് മാര്‍ത്തയും മറിയയും പ്രതീക്ഷിച്ചിരിക്കാം. പക്ഷെ, യേശു ചെയ്തതെന്താണ്? ” താന്‍ ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്‍ത്തു.” നമ്മുടെ സാമാന്യ ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ കഴിയാത്ത നടപടിയല്ലേ അത്? എന്നാല്‍ തുടര്‍ന്നുള്ള ഭാഗങ്ങള്‍വായിക്കുമ്പോള്‍ എത്ര വലിയ ആത്മീയ സത്യങ്ങളാണ് യേശു വെളിപ്പെടുത്തുന്നത്!
ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് നമ്മുടെ ജീവിതത്തെ ധന്യവും ഫലപ്രദവുമാക്കാന്‍ ഏതവസ്ഥയിലും നമുക്കു സാധിക്കും. അതു നാം ബോധപൂര്‍വ്വം ചെയ്തില്ലെങ്കില്‍ ബാലിശവും വിവേകശൂന്യവുമായ ചിന്തകളും വികാരങ്ങളും നമ്മെ കീഴ്പ്പെടുത്തി, നമ്മെ പ്രയോജനമില്ലാത്തവരാക്കിത്തീര്‍ക്കും. അതിനിടയാകാതെ, നമുക്കു നമ്മെ സൂക്ഷിക്കാം.