ജീവിതത്തില്‍ നമുക്കെല്ലാം ചില ലക്ഷ്യവും പ്രതീക്ഷകളുമുണ്ട്. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് അവയില്‍ മാറ്റങ്ങള്‍ വന്നേക്കാം. ചിലതെല്ലാം സാധിക്കും. ചിലതു വെറും സ്വപാനങ്ങളായി അവശേഷിക്കാം. സഫലമാകാത്ത ഉദ്ദേശ്യങ്ങളേയും ആശകളേയും ഓര്‍ത്തു നാം വിലപിക്കും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ദു:ഖഭാരവും പേറി ജീവിക്കും. ഒരു വിശ്വാസി ജീവിതത്തില്‍ ഭാരങ്ങളും പ്രയാസങ്ങളും പരാജയങ്ങളും ഇച്ഛാഭംഗങ്ങളും ഉണ്ടാകുമ്പോള്‍, എങ്ങനെ പ്രതികരിക്കണം?
നാം പ്രകൃത്യാ ബലഹീനരാണ്. വളരെ വേഗത്തില്‍ ക്ഷീണിച്ചും തളര്‍ന്നും പോകുമ്പോള്‍, ദു:ഖത്തിന്‍റെ ഒരു ചെറിയ ഉഷ്ണക്കാറ്റടിച്ചാല്‍ മതി നമ്മുടെ ജീവിതച്ചെടി വാടിയും കരിഞ്ഞും പോകാന്‍. നേടാനാഗ്രഹിക്കുന്നതു സംഭവിച്ചില്ലെങ്കില്‍, അദ്ധ്വാനം ഫലിച്ചില്ലെങ്കില്‍, ആഗ്രഹിക്കാത്തതും സംഭവിച്ചാല്‍, നാം ആകെ തളര്‍ന്നുപോകുന്നു. ആ തകര്‍ച്ചയില്‍നിന്നും വിടുതല്‍ നേടാന്‍, വീഴ്ചയില്‍നിന്നും എഴുന്നേല്‍ക്കാന്‍ വര്‍ഷങ്ങളെടുത്തെന്നു വരാം. ചിലപ്പോള്‍ ഒരിക്കലും കഴിഞ്ഞില്ലെന്നും വരാം. ഏറ്റവും ദുസ്സഹമായിട്ടുള്ളത്, പല പ്രശ്നങ്ങളും ദു:ഖങ്ങളും മറ്റാരുമായും പങ്കുവെയ്ക്കാന്‍ ആവാത്തവയാണെന്നുള്ളതാണ്. പലതിനും അവരവര്‍ കൊടുക്കുന്ന ഗൗരവം മറ്റൊരാള്‍ കൊടുത്തില്ലെന്നും വരാം. ദുര്‍വഹമായ ഭാരവും പേറി, ദുര്‍ഗ്ഗമങ്ങളായ വഴികള്‍ താണ്ടി, ദുര്‍ഘടമായ മലമുകളിലേക്ക് ഏകാകിയായി സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് പലര്‍ക്കുമുണ്ടാവുകം. എന്നാല്‍ ഏതവസ്ഥയിലും നാം തനിയെ അല്ല എന്നുള്ളതാണ് ദൈവവിശ്വാസികള്‍ക്കുള്ള പ്രാഗത്ഭ്യം.
ജീവിതത്തിന്‍റെ നാല്‍ക്കവലകളില്‍ വഴിയറിയാതെ പകച്ചു നില്‍ക്കുമ്പോള്‍, എത്തിച്ചേരാനുള്ള ലക്ഷ്യം അകലെ സ്ഥിതിചെയ്യുന്നു എന്നു തോന്നുമ്പോള്‍, ചുറ്റും അന്ധകാരം വ്യാപിക്കുമ്പോള്‍, സഹായത്തിന് ആരുമില്ലെന്നു വരുമ്പോള്‍, നാം ഭയന്നു പിന്മാറേണ്ടതില്ല. നമ്മുടെ ജീവിതംകൊണ്ട് എന്തു നേടണമെന്നു മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ദൈവം നമ്മുടെ വിഷമസ്ഥിതിയില്‍ നമ്മോടൊപ്പമുണ്ട്. അവന്‍ നമുക്കു നല്‍കിയ കഴിവുകളേയും അവസരങ്ങളേയും വേണ്ടവിധം വിനിയോഗിച്ച്, പോരായ്മകളെ നികത്താന്‍ തന്നിലാശ്രയിച്ച് മുന്നോട്ടു പോകാനാണ് ദൈവം ആഗ്രഹിക്കുന്നത്.
അവന്‍ നമ്മോടൊപ്പമുള്ളതുകൊണ്ട്, വെല്ലുവിളികളും പരാജയങ്ങളും ഇല്ലെന്നര്‍ത്ഥമില്ല. എന്നാല്‍ അവയെ നേരിട്ട് തരണം ചെയ്ത് വിജയം വരിക്കാന്‍ നമുക്കു കഴിയും. അതിനു സര്‍വ്വപ്രധാനമായി നമുക്കു വേണ്ടത് ദൈവത്തിലും അവന്‍ നമുക്കു നല്‍കിയിട്ടുള്ള കഴിവുകളിലും ഉള്ള വിശ്വാസമാണ്. നിഷേധാത്മകമായി ചിന്തിക്കുകയല്ല, പരാതിയും പരിഭവവും പറയുകയല്ല, ദൈവത്തേയും മറ്റുള്ളവരേയം കുറ്റപ്പെടുത്തുകയല്ല നാം ചെയ്യേണ്ടത്. മറിച്ച്, ഒരു പോരാളിയുടെ മനോഭാവത്തോടുകൂടെ മുന്നേറുകയാണ് വേണ്ടത്. ജീവിതത്തിലെ ഓരോ അനുഭവത്തിന്‍റേയും പിന്നിലുള്ള ദൈവോദ്ദേശ്യം വേണ്ടവിധം മനസ്സിലാക്കാന്‍ നമുക്കു കഴിഞ്ഞില്ലെന്നു വരാം. എന്നാലും ദൈവമാണ് സകലത്തേയും നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നത് എന്നു വിശ്വസിക്കാന്‍ നമുക്കു കഴിയണം. ജീവിത്തില്‍ നമുക്കു എന്തിനെയൊക്കെ അഭിമുഖീകരിക്കേണ്ടിവന്നാലും നാം സ്വയം വീണുകൊടുത്തില്ലെങ്കില്‍, അവയ്ക്കു നമ്മെ വീഴ്ത്താന്‍ ഒരിക്കലും സാദ്ധ്യമല്ല.
നമുക്കു പ്രിയപ്പെട്ടത്, സമ്പത്തോ സ്ഥാനമാനങ്ങളോ, വ്യക്തികളോ എന്തുമാകട്ടെ, നമുക്കു നഷ്ടപ്പെടുമ്പോള്‍, അതിനപ്പുറം ദൈവം എന്താണ് നമുക്കുവേണ്ടി കരുതിയിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരു പക്ഷെ, സാഹചര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമായിരിക്കാം. എന്നാല്‍ അവ നമ്മെ കീഴ്പ്പെടുത്താന്‍ അനുവദിക്കരുത്. നാം നല്ലതെന്നു വിചാരിക്കുന്ന ഒരു വാതില്‍ നമ്മുടെ മുമ്പില്‍ അടയുമ്പോള്‍, ദൈവം അതിനേക്കാള്‍ അഭികാമ്യമായ മറ്റൊരു വാതില്‍ തുറന്നു തരുന്നു. അതിലൂടെ നാം പുറത്തുകടക്കുമ്പോള്‍, കൂടുതല്‍ വിശാലമായ വിളഭൂമിയിലേക്കായിരിക്കും നാം പ്രവേശിക്കുക.
മാനുഷികമായ ബലഹീനതകള്‍ മൂലം നാം തെറ്റു ചെയ്തേക്കാം. പലതിലും പരാജയപ്പെട്ടേക്കാം. പലപ്പോഴും ഉറച്ചുനില്‍ക്കാന്‍ കഴിയാതെ വഴുതി വീണേക്കാം. സംശയവും ഭയവും നമ്മുടെ ചിന്താശക്തിയേയും തീരുമാനങ്ങളെയും ഉലച്ചേക്കാം. നമ്മുടെ വിശ്വാസം ക്ഷീണിച്ചു പോയേക്കാം. എന്നാല്‍ നാം ആ നിലയില്‍ത്തന്നെ തുടരാനുള്ളവരല്ല. പഴയ തൂവലുകള്‍ പൊഴിഞ്ഞുപോയാല്‍ പുതിയ തൂവലുകള്‍ മുളച്ചുവന്ന് ശക്തിപ്രാപിച്ച്, വീണ്ടും ഉയര്‍ന്നു പറക്കുന്ന ഫീനിക്സ് പക്ഷിയേപ്പോലെ, ഉന്നതമായ ലക്ഷ്യങ്ങളുള്ളവരായി ആത്മിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍, ഉയര്‍ന്നു പറക്കേണ്ടവരാണ് നാം. തളര്‍ന്നുവീണു നാം കിടന്നാല്‍ ശത്രു നമ്മുടെമേല്‍ ജയഘോഷം കൊള്ളും. ജഡത്തിന്‍റേയും ലോകത്തിന്‍റേയും അടിമത്തത്തില്‍ നാം നമ്മുടെ വ്യക്തിത്വം നഷ്ടപ്പെട്ടവരായിത്തീരും.
അതിനിടയാക്കാതെ നമ്മിലുള്ള ശക്തി ശരിക്കും തിരിച്ചറിയാനും വിലയിരുത്താനും നമുക്കു കഴിയണം. ഏറ്റവും വലിയ, അപ്രമേയമായ ശക്തിയാണ് നമ്മിലോരോരുത്തരിലും ദൈവം നിക്ഷേപിച്ചിട്ടള്ളത്. പലപ്പോഴും നാം നമ്മെത്തന്നെ അറിയുന്നതില്‍ നമ്മുടെ കഴിവുകളെ വിലയിരുത്തുന്നതില്‍ ഒക്കെ പരാജയപ്പെടുന്നവരാണ്. മറ്റു ചില സാഹചര്യങ്ങളില്‍ നാം നമ്മെത്തന്നെ അമിതമായി വിലമതിക്കുന്നവരും നമുക്കുള്ള കഴിവുകളെക്കുറിച്ച് ഉള്ളതിലധികം അഹങ്കരിക്കുന്നവരും അല്ലെങ്കില്‍ നമുക്കില്ലാത്തവയെക്കുറിച്ച് വിലപിക്കുന്നവരും ആണ്. ഒരുതരം മൂഢസ്വര്‍ഗ്ഗത്തില്‍ വിഹരിക്കുന്നവരാണ് പലരും. എന്നാല്‍ ദൈവം നമ്മെ കാണുന്ന രീതിയില്‍, നമ്മുടെ യഥാര്‍ത്ഥ നില മനസ്സിലാക്കേണ്ടത് നമ്മുടെ പോരായ്മകളെ പരിഹരിക്കുന്നതിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ആവശ്യമാണ്.
അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തില്‍ ജീവിക്കുന്ന നമുക്ക് എല്ലാ കാര്യങ്ങളും നാം ഉദ്ദേശിയ്ക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന രീതിയില്‍ എത്രയും വേഗം സാധിച്ചു കിട്ടണം. അല്‍പ്പം താമസിച്ചാല്‍, അഥവാ കിട്ടാതെവന്നാല്‍, അല്ലെങ്കില്‍ നാം ആഗ്രഹിക്കാത്ത രീതിയില്‍ കിട്ടിയാല്‍, നാം അക്ഷമയും അസംതൃപ്തിയുമുള്ളവരാകും. നമ്മുടെ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും പെട്ടെന്ന് പൂവണിയണം എന്നാണ് നമ്മുടെ താല്‍പ്പര്യം. എന്നാല്‍ നാം ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ട ഒരു സത്യം, ദൈവത്തിന് എല്ലാറ്റിനും അവന്‍റേതായ സമയമുണ്ട് എന്നതാണ്. അതിനെ ചോദ്യം ചെയ്യാന്‍ നമുക്കു കഴിവോ അവകാശമോ ഇല്ല. ചോദ്യം ചെയ്താല്‍ പ്രയോജനവുമില്ല. ഇച്ഛാഭംഗവും ദു:ഖവുമായിരിക്കും ഫലം.
സ്നേഹവാനെങ്കിലും അച്ചടക്കവും നിയന്ത്രണവും പഠിപ്പിയ്ക്കുന്ന ലൗകിക പിതാവിന്‍റെ മുമ്പില്‍ ദുശ്ശാഠ്യക്കാരനായ മകന്‍ എത്രതന്നെ കരഞ്ഞാലും അപേക്ഷിച്ചാലും ആ പിതാവ് മനസ്സലിവു കാണിക്കുകയോ, മകന്‍റെ ഇംഗിതത്തിനു വഴങ്ങുകയോ ചെയ്യുകയില്ലല്ലോ. അതുപോലെ, സ്വര്‍ഗ്ഗീയ പിതാവ് എത്രമാത്രം സ്നേഹസമ്പന്നനാണെങ്കിലും എല്ലാറ്റിനും ഒരു പ്രത്യേക കണക്കും ചിട്ടയും അളവും സമയവും താന്‍ കല്‍പ്പിക്കുന്നുണ്ട്. നമ്മുടെ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളുടെ നിയന്താവാണ് താന്‍. സര്‍വവല്ലഭനായ ദൈവത്തിന്‍റെ ഉദ്ദേശ്യത്തെയും സമയത്തേയും മാറ്റി മറിയ്ക്കാന്‍, നമ്മുടെ ഹിതത്തിനും വരുതിക്കും ആക്കിത്തീര്‍ക്കാന്‍, നമുക്കു കഴിയുകയില്ല. എല്ലാം ദൈവം ഉദ്ദേശിച്ച സമയത്തും രീതിയിലും നടക്കും എന്ന സത്യം അംഗീകരിക്കാന്‍ നാം തയ്യാറാകുമ്പോള്‍ നമുക്കു സ്വസ്ഥതയും മന:ശാന്തിയും ലഭിക്കും. അതിനു വിനയപൂര്‍വം വിധേയരാകുമ്പോള്‍, നമ്മുടെ മനസ്സിന്‍റെ പിരിമുറുക്കം അയയും.
കുശവന്‍റെ കയ്യിലെ കളിമണ്ണുപോലെയാണ് നാം. കുശവനു തന്‍റെ ഭാവനയ്ക്കും ഇഷ്ടത്തിനും അനുസരിച്ചുള്ള വിശേഷപ്പെട്ട പാത്രം മെനഞ്ഞെടുക്കണമെങ്കില്‍ കളിമണ്ണു മയമുള്ളതും നല്ലപോലെ വഴങ്ങുന്നതുമായിരിയ്ക്കണം. അതുപോലെ, നമ്മെ തനിക്കിണങ്ങിയ മണ്‍പാത്രമാക്കിത്തീര്‍ക്കുന്നതിന് നാം ദൈവത്തിന്‍റെ കയ്യില്‍ പരിപൂര്‍ണ്ണ വിധേയത്വം ഉള്ളവരായിരിക്കണം.