Home Motivational Messagesആത്മീക വളര്‍ച്ച- ചില അടിസ്ഥാന പ്രമാണങ്ങള്‍

ആത്മീക വളര്‍ച്ച- ചില അടിസ്ഥാന പ്രമാണങ്ങള്‍

by admin
0 comments

പ്രൊഫ. മേരി തോമസ്

    നാം നിലമൊരുക്കി, പാകത്തിനുള്ള കുഴിയെടുത്ത്, വിത്തും അതിലിട്ട് മണ്ണുകൊണ്ടു മൂടി- പിന്നെ ആകാംക്ഷയോടെ കാത്തിരിക്കും. നല്ല ഫലങ്ങള്‍ ധാരാളം കായ്ക്കുന്ന ഒരു വൃക്ഷമാകാന്‍, വിത്തു മുളച്ചു വളര്‍ന്ന് വരണമെന്ന് നാം ആഗ്രഹിയ്ക്കുന്നു. ആ വിത്ത് അതിന്‍റെ  അതേ രൂപത്തില്‍ത്തന്നെ ഭൂമിയ്ക്കടിയില്‍ കഴിയുന്നത് ഒട്ടും അഭികാമ്യമല്ല. മുളച്ചു പുറത്തുവരുമ്പോള്‍, നാം വെള്ളവും വളവും തണലും ഒക്കെ നല്‍കുന്നു. ഒരു വ‍ൃക്ഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വെറും വിത്തായിരിക്കുന്ന സ്ഥിതിയോ ചെറിയ ചെടിയായിരിക്കുന്ന സ്ഥിതിയോ അല്ല മഹത്തരം. അതു കാലത്തിനും കാലാവസ്ഥയ്ക്കും അനുരൂപമായി വളര്‍ന്ന്, വലിയ മരമായി, നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് നമ്മുടെ താല്‍പ്പര്യം. അതുപോലെ, വിശ്വാസത്തിന്‍റെ വിത്തു നമ്മുടെ ഉള്ളില്‍ വീണുകഴിഞ്ഞാല്‍ അതു അതേ അവസ്ഥയില്‍ കിടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. അത് യഥാകാലം ശക്തി പ്രാപിച്ച്, പുറത്തുവന്ന്, നല്ല ഫലങ്ങള്‍ ഉളവാക്കണം എന്നാണ് അവന്‍റെ താല്‍പ്പര്യം. ആത്മികമായി വളര്‍ന്ന്, പക്വത പ്രാപിച്ച്, ആത്മിക ഫലങ്ങള്‍ പുറപ്പെടുവിക്കുക. തന്‍റെ രണ്ടാം ലേഖനത്തില്‍ വിശുദ്ധ പത്രോസ് വിശ്വാസികള്‍ക്കു നല്‍കുന്ന ആഹ്വാനം അതാണ്.

യഥാര്‍ത്ഥ വിശ്വാസികളായി വളരുന്നതിന്, ദിനംതോറുമുള്ള സമര്‍പ്പണം ആവശ്യമാണ്. വളരെ ചിലവുകളുള്ളതും അതേസമയം വിലയേറിയതും മഹത്വപൂര്‍ണ്ണവുമായ ഫലങ്ങള്‍ ഉളവാകുന്നതുമാണ് യഥാര്‍ത്ഥ സമര്‍പ്പണം. നാം പലപ്പോഴും പറയാറുണ്ട്, ഞാന്‍ ഇന്ന ദിവസം അല്ലെങ്കില്‍ ഇത്രാമത്തെ വയസ്സില്‍, അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു പ്രത്യേക സാഹചര്യത്തില്‍ എന്നെ സമര്‍പ്പിച്ചതാണല്ലോ എന്ന്. എന്നാല്‍, നാം വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ സമര്‍പ്പിക്കുന്നതില്‍നിന്ന് വ്യത്യസ്തമായ സാഹചര്യവും അനുഭവവുമാണ് യൗവനത്തിലും വാര്‍ദ്ധക്യത്തിലുമൊക്കെ ഉണ്ടാകുന്നത്. നമ്മുടെ സമര്‍പ്പണം ഒരിക്കലായിട്ടു മാത്രം നടക്കേണ്ടതല്ല. ദിനംതോറുമുള്ള ആത്മികവളര്‍ച്ചയ്ക്ക് ദിനന്തോറുമുള്ള സമര്‍പ്പണം ആവശ്യമാണ്. അതുകൊണ്ട് ഓരോ ദിവസവും ആരംഭിക്കുന്നത്, ദൈവ ഹിതത്തിനു പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടാകട്ടെ. അന്നത്തെ അനുഭവങ്ങള്‍ ദൈവഹിതപ്രകാരമുള്ളതെന്ന് ധൈര്യപ്പെടാന്‍ അപ്പോള്‍ നമുക്കു കഴിയും. വ്യത്യസ്തമായ സാഹചര്യങ്ങളിലും അനുഭവങ്ങളിലും  കൂടെ കടന്നു പോകുമ്പോള്‍, അതാതിനാവശ്യമായ കൃപയാണ് നമുക്കു വേണ്ടത്.  അതുകൊണ്ട്, നമ്മുടെ സമര്‍പ്പണം നിരന്തരമായി ഉണ്ടാകേണ്ട ഒരു പ്രക്രിയയാണ്.

നമ്മുടെ ആത്മിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മറ്റു ചില അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് ചിന്തിക്കാം.

ഒന്നാമതായി, നാം ദൈവമക്കളാണ് എന്ന ഉറപ്പ് നമുക്കുണ്ടായിരിക്കണം. എപ്പോഴാണ് നാം ദൈവമക്കളാകുന്നത്?  നാം നമ്മുടെ പാപങ്ങളെക്കുറിച്ച് ബോധമുള്ളവരായി, അനുതപിച്ച്, ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുമ്പോള്‍ കര്‍ത്താവു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും നാം രക്ഷിക്കപ്പെട്ടു, വീണ്ടും ജനനത്തിന്‍റെ  അനുഭവത്തിലേക്കു കടക്കുകയും ചെയ്യുന്നു എന്ന് തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നു. വീണ്ടും ജനിച്ചവര്‍ക്ക് ദൈവമക്കള്‍ എന്ന പദവി ലഭിക്കുന്നു. ആ പദവി നഷ്ടപ്പെടുത്താതെ അതിനു യോജിച്ച വിധത്തില്‍ ജീവിതം നയിയ്ക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. നമ്മുടെ ജീവിതം നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനു ദു:ഖമോ അപമാനമോ വരുത്തുന്നതാകാന്‍ പാടില്ല. ആത്മീകവും സാന്മാര്‍ഗ്ഗികവുമായി ഉയര്‍ന്ന മനോഭാവം പുലര്‍ത്തുന്ന ജീവിതമാണ് വിശ്വാസികള്‍ നയിക്കേണ്ടത്.

ചിലപ്പോള്‍ നാം നമ്മുടെ രക്ഷയെക്കുറിച്ചും വീണ്ടും ജനനത്തെക്കുറിച്ചും ഒക്കെ ഉറപ്പില്ലാത്തവരായി എന്നു വരാം. രക്ഷിക്കപ്പെട്ടതിനുശേഷം   ഒരു പക്ഷേ, നമുക്കു വീഴ്ചകളും പാളിച്ചകളും പറ്റിപ്പോയിരിക്കാം. അല്ലെങ്കില്‍, ഉദ്ദേശിച്ചതുപോലെ വിജയമോ, സല്‍ഫലമോ ജീവിത്തിലുണ്ടായില്ലെന്നു വരാം.   അധമ വികാരങ്ങള്‍ക്കും ദുഷ്ച്ചിന്തകള്‍ക്കും ചിലപ്പോള്‍ നാം വിധേയരായി എന്നു വരാം. സാത്താന്‍ തക്കസമയം നോക്കി നമ്മില്‍ പരാജയത്തിന്‍റെയും മോഹഭംഗത്തിന്‍റേയും വിത്തുകളെ പാകിമുളപ്പിക്കും. അതു നമ്മുടെ വിശ്വാസത്തിന്‍റേയും ആശ്രയത്തിന്‍റേയും അനുസരണത്തിന്‍റേയും സമര്‍പ്പണത്തിന്‍റേയും വിത്തുകളെ ഞെരുക്കിക്കളയും. അപ്പോള്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?

വിശ്വാസത്താലുള്ള നീതീകരണത്തെക്കുറിച്ച് നാം നമ്മെത്തന്നെ ഉറപ്പിക്കണം. നമ്മുടെ യഥാര്‍ അവസ്ഥ അറിയുന്നവനാണ് നമ്മുടെ കര്‍ത്താവ്. നമ്മുടെ ബലഹീനതകളും തോല്‍വികളും എല്ലാം അവന്‍ അറിയുന്നു. എന്നാല്‍ നമ്മുടെ അഹംഭാവം അവനോടടുത്തു ചെല്ലുന്നതില്‍നിന്നും നമ്മുടെ ഒന്നുമില്ലായ്മയെ സമ്മതിക്കുന്നതില്‍ നിന്നും, സൗജന്യമായി അവന്‍ നല്‍കുന്ന കൃപയെ സ്വീകരിക്കുന്നതില്‍നിന്നും  നമ്മെ പിന്തിരിപ്പിക്കുന്നു. പാപക്ഷമയും നീതീകരണവും പ്രാപിക്കുന്നതിന് നാം ചിലപ്പോള്‍ മറ്റു കുറുക്കുവഴികള്‍ സ്വീകരിച്ചേക്കാം- സല്‍പ്രവൃത്തികളോ നിയമങ്ങളോ ആരാധനയോ മറ്റു ചിട്ടകളോ ഒക്കെ ആവശ്യമാണെന്നു നാം വിശ്വസിച്ചേക്കാം.

എന്നാല്‍, നമ്മുടെ കര്‍ത്താവിന്‍റെ കൃപ സൗജന്യമാണ്. നമ്മുടെ നീതിപ്രവൃത്തികള്‍ അതിനാവശ്യമില്ല. വിശ്വാസത്താല്‍ അതു സ്വന്തമാക്കേണ്ടതാണ്. വിശുദ്ധ പൗലോസ് ഗലാത്യര്‍ക്കുള്ള ലേഖനത്തില്‍, വിശ്വാസത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. എന്നാല്‍ വിശ്വാസത്താലുള്ള നീതീകരണം പ്രാപിച്ചവര്‍, തങ്ങളുടെ വിശ്വാസത്തിനു യോജിച്ച പ്രവൃത്തികള്‍ ചെയ്യേണ്ടത് ആവശ്യവുമാണ് എന്ന് വിശുദ്ധ യാക്കോബ് തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. വിശുദ്ധ പൗലോസും വിശുദ്ധ യാക്കോബും പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളാണ് പറയുന്നത് എന്ന് പ്രഥമദൃഷ്ടിയില്‍ തോന്നിയേക്കാം. എന്നാല്‍ ആ ലേഖനങ്ങള്‍ ശ്രദ്ധിച്ചു പരിശോധിക്കുമ്പോള്‍ വിരുദ്ധങ്ങളായ ആശയങ്ങളല്ല, ഒന്നു മറ്റേതിന്നു  പരസ്പര പൂരകമാണെന്നു വ്യക്തമാകും. നമ്മുടെ വിശ്വാസത്തെ വെറും വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തികള്‍ കൊണ്ട് തെളിയിക്കണം. നന്മപ്രവൃത്തികള്‍ മൂലമല്ല, വിശ്വാസം മൂലമാണ് രക്ഷിക്കപ്പെടേണ്ടത്. എന്നാല്‍ രക്ഷിക്കപ്പെട്ടതിന്‍റെ ഫലമായി, വിശ്വാസത്തിനും രക്ഷയ്ക്കും അനുയോജ്യമായ സല്‍പ്രവൃത്തികള്‍ ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ നമ്മുടെ വിശ്വാസം നിര്‍ജ്ജീവവും അപൂര്‍ണ്ണവുമായിപ്പോകും. നമ്മുടെ വിശ്വാസമാകുന്ന വൃക്ഷം വളര്‍ന്ന്, ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ച്, സല്‍ഫലങ്ങള്‍ ധാരാളം കായ്ക്കുന്നതായി തീരണം.

രണ്ടാമതായി, വേദപുസ്തകം, ദൈവത്തിന്‍റെ വചനമാണ് എന്ന ഉറപ്പു നമുക്കുണ്ടായിരിക്കണം. പലര്‍ക്കും വേദപുസ്തകത്തിന്‍റെ വിശ്വസനീയതയെക്കുറിച്ച് സംശയമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് പഴയനിയമം. പലതും വെറും കെട്ടുകഥകളും അവിശ്വസനീയമായ ചരിത്ര സംക്ഷപങ്ങളുമാണ് എന്നു ചിന്തിക്കുന്നവരുണ്ട്. ആധുനിക ശാസ്ത്രമനുഷ്യന്‍റെ വിശകലനബുദ്ധിയ്ക്കും അന്വേഷണത്വരയ്ക്കും യുക്തിചിന്തയ്ക്കും അംഗീകരിക്കാന്‍ കഴിയാത്ത സങ്കല്‍പ്പകഥകളാണ് പഴയനിയമത്തിലുള്ളതെന്ന് പലരും  ചിന്തിക്കാറുണ്ട്. എന്നാല്‍, ആദ്യാവസാനം നാം പ്രാര്‍ത്ഥനാപൂര്‍വം ശ്രദ്ധിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍, കാലാ കാലങ്ങളിലായി ദൈവത്തിന്‍റെ ഉദ്ദേശ്യവും അതിന്‍റെ നിവൃത്തിക്കായുള്ള പ്രവൃത്തികളും നമുക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നു വരും. എന്നാല്‍ സര്‍വജ്ഞനും സര്‍വവ്യാപിയും സര്‍വശക്തനുമാണ് ദൈവം എന്നും, അവന്‍ സകല പ്രഞ്ചത്തിന്‍റേയും        സ്രഷ്ടാവും അധിപനുമാണ് എന്നും അംഗീകരിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ വേദപുസ്തകം ജീവനുള്ള ദൈവത്തിന്‍റെ ജീവിപ്പിക്കുന്ന വചനമാണെന്ന്,  പരിശുദ്ധാത്മ പ്രേരിതമായിട്ടാണ് അതെഴുതപ്പെട്ടതെന്ന്, അതുകൊണ്ട് അതു വിശ്വാസ്യമാണെന്ന് കാണാന്‍ കഴിയും. കാലഘട്ടത്തിന്‍റെയും സാഹചര്യത്തിന്‍റേയും സ്വാധീനവും എഴുതിയവരുടെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതകളും ഉണ്ടെങ്കിലും സനാതനങ്ങളായ സത്യങ്ങളാണ് അതിലുള്ളത്.

തിരുവചനത്തില്‍ അടിയുറച്ച വിശ്വാസവും അടിസ്ഥാനപരമായ അറിവും ഇല്ലെങ്കില്‍, നാം വളരെ വേഗത്തില്‍ തെറ്റിപ്പോകും. നമ്മുടെ ചിന്തകളെയും വാക്കുകളെയും  പ്രവൃത്തികളെയും തിരുവചനത്തിന്‍റെ നിയന്ത്രണത്തിലാക്കണം. വചനത്തില്‍ വേരൂന്നി നാം വളര്‍ന്നില്ലെങ്കില്‍, നമുക്കു വിശ്വാസത്തില്‍ ശക്തിപ്രാപിക്കാനും നിലനില്‍ക്കാനും കഴിയുകയില്ല. ലൗകികരുടെ തത്വസംഹിതകളെയും പിശാചിന്‍റെ ദുരുപദേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ തിരുവചനത്തിലധിഷ്ഠിതമായ വിശ്വാസം നമുക്കുണ്ടാകണം.  ഇല്ലെങ്കില്‍ നാം പലതും തെറ്റായി ധരിക്കുകയും ചിന്താക്കുഴപ്പത്തിലാകുകയും  ചെയ്യും. പിശാചിന്‍റെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനോ, ഉപദേശങ്ങളെ തിരസ്കരിക്കാനോ, പരീക്ഷകളെ ജയിക്കാനോ നമുക്കു കഴിയുകയില്ല. മാത്രമല്ല, സ്നേഹത്തിന്‍റേയും സത്യത്തിന്‍റേയും പാതയിലൂടെ സഞ്ചരിക്കാന്‍ നാം അപ്രാപ്തരായിത്തീരുകയും ചെയ്യും.

മൂന്നാമതായി, നമുക്കു നമ്മെക്കുറിച്ചുതന്നെ ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കണം. ഇതു വളരെ പ്രയാസമാണ്. അതുപോലെ വളരെ പ്രധാനവും.  പലരും തങ്ങള്‍ ആയിരിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ശ്രേഷഠന്മാരായിട്ടാണ് സ്വയം കരുതുന്നത് . അതു വളരെ അപകടകാരിയായ ചിന്തയാണ്. തന്നോടുതന്നെ പ്രാര്‍ത്ഥിക്കുന്ന ഒരു പരീശനെ ലൂക്കോസിന്‍റെ സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. തന്‍റെ മേന്മകള്‍, സല്‍പ്രവൃത്തികള്‍, എല്ലാം താന്‍ ഘോഷിക്കുകയാണ്. അയാള്‍ നീതീകരിക്കപ്പെട്ടില്ല.  എന്നാല്‍ സ്വന്തം വ്യക്തിത്വവും കഴിവുകളും വേണ്ടതുപോലെ മനസ്സിലാക്കാത്തതും ദോഷമുണ്ടാക്കും. കാരണം, അപ്പോഴാണ് നിരാശയിലേക്കും സ്വയം കുറ്റപ്പെടുത്തലിലേക്കും ഒക്കെ വഴുതി വീഴുക. ഓരോ വിശ്വാസിയും  ദൈവത്തില്‍ വിശ്രമം കണ്ടെത്തണം. സകല ചിന്താകുലവും അവന്‍റെ മേല്‍ ഇട്ടുകൊള്ളാനും പഠിക്കേണ്ടതാണ്. ആകുല ചിന്തയും പരാജയബോധവും നമ്മെ ഭരിയ്ക്കുന്നെങ്കില്‍ നാം നമ്മെത്തന്നെ പിശാചിന് കീഴ്പ്പെടുത്തിക്കൊടുക്കുകയാണ്. അതോടുകൂടെ ദൈവത്തിനു നമ്മില്‍ സ്ഥാനമില്ലാതാകുന്നു. നമ്മില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു.  അതേ സമയം നാം നമ്മെത്തന്നെ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. നമ്മുടെ കഴിവുകളും പരിമിതികളും നാം വിലയിരുത്തണം.  ഉപമയിലെ ചുങ്കക്കാരനെപ്പോലെ തന്നെത്തന്നെ മനസ്സിലാക്കി, പാപബോധവും പശ്ചാത്താപവും ഏറ്റുപറച്ചിലും  ഉണ്ടാകുമ്പോള്‍, നീതീകരിക്കപ്പെടുന്നു.

നമ്മുടെ ജീവിത്തിലെ ദു:ഖാനുഭവങ്ങളെ  നമ്മെ മഹത്തായ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനും ശ്രേഷ്ഠമായ അനുഭവങ്ങളിലെത്തിക്കുന്നതിനും ദൈവം ഉപയോഗിക്കും. നാം നമ്മെത്തന്നെ അവന്‍റെ നടത്തിപ്പിനും നിയന്ത്രണത്തിനും വിധേയരാക്കണം എന്നു മാത്രം. നമ്മുടെ പ്രശ്നങ്ങളെ നാം തന്നെയോ നമ്മെപ്പോലുള്ളവരോ പരിഹരിക്കാന്‍ ശ്രമിക്കാതെ ദൈവസന്നിധിയില്‍ കൊണ്ടുവരികയും അവന്‍റെ സമയത്തിനും പ്ലാനിനും അനുസരിച്ച് പരിഹരിക്കപ്പെടുവാന്‍ അവയെ വിട്ടുകൊടുക്കുകയും ചെയ്യുമ്പോള്‍ അവന്‍ അവയെ കൈകാര്യം ചെയ്യും. നമ്മുടെ സമയത്തേയും പദ്ധതികളേയുംകാള്‍ എത്രയോ കുറ്റമറ്റതാണ് അവന്‍റേതെന്ന് അംഗീകരിക്കാന്‍ നമുക്കു കഴിയണം. നാം കടന്നു പോകേണ്ട വഴി എത്ര ദുര്‍ഘടവും അന്ധകാരം നിറഞ്ഞതുമാകട്ടെ, അവന്‍ നമ്മോടൊപ്പമുണ്ട്.  തക്ക സമയമാകുമ്പോള്‍ അവന്‍റെ വെളിച്ചം നമ്മുടെ ജീവിത പാതയെ പ്രകാശിപ്പിക്കുകതന്നെ ചെയ്യും. കാര്‍മേഘം സൂര്യനെ തല്‍ക്കാലത്തേയ്ക്കു മറച്ചാലും സൂര്യന്‍ പൂര്‍വാധികം ശോഭയോടെ ക്രമേണ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും.

ജീവിതത്തിലെ വിവിധ അനുഭവങ്ങളെ നേരിടാനുള്ള കരുത്ത് നമുക്കു ലഭിയ്ക്കുന്നത് ദൈവത്തില്‍നിന്നും  ദൈവ വചനങ്ങളില്‍ നിന്നുമാണ്. അനിഷ്ടസംഭവങ്ങളെ, കാലതാമസത്തെ, കൈപ്പേറിയ അനുഭവങ്ങളെ ഒക്കെ ഭയപ്പെടാതെ, ദൈവകൃപയോടുകൂടെ അവയെ നേരിട്ടു വിജയിക്കുവാന്‍ ദൈവവചനം നമ്മെ സഹായിക്കുകയും ശക്തീകരിക്കുകയും ചെയ്യും.

 

 

You may also like

Leave a Comment