ഒരു വിമാനത്തിൻ്റെ 2500 ഹോഴ്സ് പവർ (HP) വീതമുള്ള എൻജിനുകൾ എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് ”സ്റ്റേ എലൈവ് ഓൾ യുവർ ലൈഫ്” എന്ന ഗ്രന്ഥത്തിൽ പാൻ അമേരിക്കൻ വിമാനത്തിൻ്റെ ഒരു പൈലറ്റ് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. വിമാനം നിലത്തുനിന്നുയരുമ്പോൾ ഓരോ എൻജിൻ്റെയും മുഴുശക്തിയും ഉപയോഗിക്കും. നിലത്തു നിന്നു പൊങ്ങിയാലുടൻ 1800 HP യായി കുറയ്ക്കും. മുന്നോട്ടു പറക്കാനുള്ള ഉയരത്തിൽ എത്തിയാലുടൻ 1200 HP യായി കുറയ്ക്കും. നീണ്ട പറക്കലിന് അത്രയും ശക്തി തന്നെ ആവശ്യമില്ലാത്തതിനാൽ ഓരോ എൻജിൻ്റെയും ആയിരം HP യിലേറെ ഉപയോഗപ്പെടുത്തുകയില്ല. നിലത്തു നിന്നുയരുമ്പോൾ വിമാനത്തിൻ്റെ പരമാവധി ശക്തി ഉപയോഗിക്കുമെങ്കിലും രണ്ടു മിനിറ്റിലധികം അത്രയും ശക്തി ഉപയോഗിക്കാറില്ല. കൂടുതൽ സമയം പരമാവധി ശക്തി ഉപയോഗിച്ചാൽ എൻജിൻ തന്നെ തകർന്നു പോകും. (ഗൂഗിൾ)
ഇത് മനുഷ്യന്റെ കാര്യത്തിലും ഒരു യാഥാർത്ഥ്യമാണ്. ഒരു മനുഷ്യന് എത്ര സമയം തുടർച്ചയായി തന്റെ മുഴു ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയും? അങ്ങനെ കുറച്ചു സമയം കഴിയുമ്പോൾ അയാൾ ക്ഷീണിക്കും. അപ്പോൾ വിശ്രമം ആവശ്യമാണ്. ഇത് ശാരീരിക ശക്തിയുടെ കാര്യത്തിൽ മാത്രമല്ല, മാനസിക ശക്തിയുടെ കാര്യത്തിലും യാഥാർത്ഥ്യമാണ്. ജീവിതത്തിൽ പ്രതിസന്ധികളെ അതിജീവിക്കുവാൻ ഒരാൾ തന്റെ മുഴുശക്തിയും ഉപയോഗിക്കേണ്ടി വരാം. എന്നാൽ ആ അവസ്ഥയിൽ ദീർഘകാലം തുടരാൻ ആവില്ല. ഇടയ്ക്ക് സ്വസ്ഥമായി വിശ്രമിക്കുവാൻ കഴിയണം. കോപാക്രാന്തരായ ചിലർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ കണ്ടിട്ടില്ലേ? അപ്പോൾ മുഴുശക്തിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ആ രംഗം കഴിയുമ്പോൾ, അയാളുടെ ഭാവം മുഴുവനും മാറും. ചിലപ്പോൾ ആരോടും സംസാരിക്കാതെ മൗനിയായി കുറെ സമയം ഇരുന്നുവെന്നു വരാം. മുഴുശക്തി ഉപയോഗിച്ചതിന്റെ തകരാർ പരിഹരിക്കുന്നതിന് അയാൾ പോലും അറിയാതെ സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയാണത്. അങ്ങനെ സ്വസ്ഥമായി ഇരിപ്പാൻ കഴിഞ്ഞില്ലെങ്കിൽ നിശ്ചയമായും അയാൾ തകർന്നു പോകും. ശരിയുടെ മാർഗ്ഗമെങ്കിലും, തെറ്റിന്റെ മാർഗ്ഗമെങ്കിലും മുഴു ശക്തി ഉപയോഗിച്ചു കഴിയുമ്പോൾ വിശ്രമം അനിവാര്യമാണ്.
അതുകൊണ്ടാണ് പകലത്തെ അദ്ധ്വാനത്തിന് ശേഷം വിശ്രമിപ്പാനായി ദൈവം രാത്രി ഒരുക്കിയിരിക്കുന്നത്. കൂടാതെ മനസ്സിനെ ശാന്തമാക്കി ബാഹ്യമായ എല്ലാറ്റിനെയും വിസ്മരിച്ചു നിശബ്ദമായി കുറെ സമയം ഇരിക്കുന്നത് നല്ലതാണ്. അതൊരു ധ്യാനമാണ്. അതിലൂടെ ചോർന്നു പോയ ശക്തിവീണ്ടെടുക്കുവാൻ കഴിയും. ഈ ശാന്തമായ ധ്യാനസമയം ഹൃദയങ്ങളെയും മനസ്സുകളെയും ദൈവത്തിങ്കലേക്കു തിരിപ്പിക്കുവാൻ കഴിഞ്ഞാൽ നാം പുതുശക്തിയുള്ള വരായി തീരും. തത്ഫലമായി തെറ്റായ മേഖലകളിൽ നമ്മുടെ ശക്തി വിനിയോഗിക്കാതെ ജീവിപ്പാൻ, ആവശ്യമായ പുതുശക്തി ആർജ്ജിപ്പാനും കഴിയും. ഇങ്ങനെ ദൈവികശക്തി (പുതുശക്തി) ആർജിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ നാം ക്രമേണ മരണാവസ്ഥയിലേക്ക് നീങ്ങുകയായിരിക്കും ഫലം. ആകയാൽ, ദൈവിക ധ്യാനത്തിൽ പുതുശക്തി ആർജ്ജിച്ചു പുതു മനുഷ്യരായി ജീവിക്കാൻ നമ്മെ ദൈവ കരങ്ങളിൽ സമർപ്പിക്കാം.