ഹേ തപസ്വിനി… കാലപ്രവാഹമായ ഈ പുഴയുടെ മറുകര അനന്തമഞ്ജാതമാണ്. ഒരു പുനർജന്മ സങ്കൽപ്പതീരം…
പ്രിയനേ… നിന്റെ പാദസ്പർശമേറ്റ ഈ പുഴയോരതീരത്ത്, ഈ കൽപടവിങ്കൽ, വിമുഖമായ ആ മറുകരയിലേക്ക് കണ്ണുനട്ട് ഞാനിരിക്കട്ടേ. സായാംസന്ധ്യ പടിവാതിൽക്കൽ എത്തിയത് അറിയാൻ ഞാനേറെ വൈകിപ്പോയി. 😔
കലാലയ ഇടനാഴികളിൽ നിന്നും പെറുക്കിയെടുത്ത കുറെയേറെ തങ്ക കിനാക്കളെന്നെ വേട്ടയാടുകയായിരുന്നു.
നീയാ സ്വപ്നങ്ങൾക്ക് നിറം നൽകിയ ശിൽപിയായിരുന്നല്ലോ… അന്നു നീ ഓലയിൽ കുറിച്ചുതന്നതെല്ലാം മനസ്സിൽ ഒളിപ്പിച്ചിരുന്നു.
നിനക്കായിരം നാവുകളുണ്ടാകുന്ന ഈ പുഴയെക്കുറിച്ച്. കാറ്റിലുലയുന്ന നെൽപ്പാടങ്ങളെ മുറിച്ചു പോകുന്ന വയൽ വരമ്പുകളെക്കുറിച്ച്.
ചെമ്മൺ പാതയുടെ ഇരുവശങ്ങളിലും ചാഞ്ചാടി നിൽക്കുന്ന ചെത്തിയേയും ചെമ്പരത്തിയേയും ഇലഞ്ഞിയേയും കുറിച്ച്.
നീ പിന്നേയും ഒരുപാടെഴുതി…
”പ്രിയേ, ശ്വേതാശ്വങ്ങളെ പൂട്ടിയ സ്വർണ്ണരഥത്തിൽ രാജകുമാരിയായി നിന്നെ ഞാനെൻറെ ഗ്രാമത്തിലേക്കു കൊണ്ടുപോകും. കൊന്നപ്പൂക്കൾ വിഷുക്കണിയൊരുക്കും. കാറ്റിലാടി നെന്മണികൾ നൃത്തം ചെയ്യും. പൊട്ടിച്ചിരിച്ചു പുഴ കിന്നാരം പറയും.
കൊട്ടും കുരവയുമായി… ഭദ്രദീപം കീയ്യിലേന്തി, ആരതി ഉഴിഞ്ഞ്, വലതുകാൽ വെച്ച്, പൂമുഖപടിതുറന്ന് ഗ്രാമവധുവായി നീ വരണം.ഗ്രാമം തിമിർത്താടും.”
നിന്റെ കവിതകളിലെ രാജകുമാരിയായി ഞാൻ വേഷം കെട്ടിയാടി.
ഓണാവധി കഴിഞ്ഞവന്നൊരു ചാറ്റൽ മഴയുള്ള മദ്ധ്യാഹ്നത്തിൽ ഗണിത പുസ്തകം വെറുതെ നീ ചോദിച്ചു വാങ്ങിയതും. അകത്താളിൽ ഒരു മയിൽ പീലി ഒളിപ്പിച്ചു തന്നതും. മാനം കാണിക്കാതെ, എന്റെ പ്രാണനെ ഞാനതിൽ ചേർത്തുവച്ചു.
മുല്ലപ്പന്തലിൻ മുന്നിലെ രസതന്ത്രക്ലാസ്സിന്റെ വരാന്തയിൽ നീ കാത്തു നിൽക്കാറുള്ളതും. എന്നെ തിരയുന്ന നിന്റെ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങൾ മിന്നിമറയുതും, എന്റെ ഹൃദയമിടിപ്പ് അറിയാതെ ഉയരുന്നതും.
മൗനം വാചാലമായിരുന്നിട്ടും..
നീയെന്തെ ഒുന്നും ഉരിയാടാതിരുന്നത്?
എങ്കിലും, അരങ്ങിൽ ഞാൻ പാടിയപ്പോഴെല്ലാം, നീയെന്റെ പാട്ടിന്റെ ഈണമായി അലിയുന്നതും, നിന്റെ കവിതകളിൽ ഞാനൊരു മലരായി വിരിയുന്നതും തമ്മിലറിയാതെ മറഞ്ഞുപോയി..
കലാലയത്തിന്റെ പിരിയൻ ഗോവിണിപ്പടി
ചുവടിൽ, വിടപറയുന്ന ആ മാത്രയിൽ, വിറയ്ക്കുന്ന കൈയ്യാൽ നീയെനിക്കു നീട്ടിയ ചെമ്പനീർ മൊട്ട്…
പ്രിയനേ, എന്റെ ഹൃദയത്തിലാണതു ഞാൻ ഏുറ്റുവാങ്ങിയത്. അറിഞ്ഞിട്ടും അറിയാതെ, ഒരു വാക്കു പറയാതെ നീ നടന്നകന്നു…
എന്നിട്ടുമണയാത്തൊരു പൊൻവിളക്കായ് അതിന്നുമെന്നുള്ളിൽ.
വാതിൽ പാതിചാരി, കിളിവാതിലിലൂടെ നിന്റെ നിഴൽ കാത്തു ഞാനിരുന്നു.
രാജകുമാരിയായി, തേരിൽ കയറി നിന്റെ ഗ്രാമത്തിലേക്ക്. നിനക്കിഷ്ടമുള്ള പിച്ചിപ്പൂമാലയും, കതിർ നിറമുള്ള കസവു പുടവയുമണിഞ്ഞ്, പാദസരം ചാർത്തി, തരിവളകളണിഞ്ഞ്, പൊട്ടുകുത്തി, മുടിയിൽ മുല്ലപ്പൂ അണിഞ്ഞ് ഒരു നവവധുവായി ഞാനൊരുങ്ങിയിരുന്നു…
നീ വന്നില്ല… നിന്നെ മാത്രം കണ്ടില്ല…
ആത്മാവിലെരിയുന്നൊരു ചിതയായ് നിന്നോർമകൾ….
എങ്കിലും.. ഉള്ളിന്റെയുള്ളിൽ കൂടുകൂട്ടിയിരുന്ന നിന്റെ ചിത്രത്തിന് ഒരിക്കൽ ജീവൻ വെയ്ക്കുമെന്ന് ഞാനാശിച്ചിരുന്നു… ഞാൻ നട്ടുവളർത്തിയ തേന്മാവിലെ ആദ്യമായ് കായ്ച്ച തേനൂറുന്ന ആ മാമ്പഴവും നിനുക്കു വേണ്ടി ഞാൻ കരുതിയിരുന്നു…
എന്റെ ഏതോ സ്വപ്നാടനത്തിൽ നീയൊരു ഗന്ധർവ്വനായി വന്നൂ… ഞാൻ വൈകിയെന്നു നീ പരിഭവം പറഞ്ഞു. പിണങ്ങിയെന്നും.
പ്രിയനേ, നീയായിരുന്നല്ലേ എന്നെവന്നു കൊണ്ടുപോകേണ്ടത്… നിന്റെ ഗ്രാമത്തിലേക്ക്… രാജകുമാരിയായി… ഒരു വിളികാത്ത് ഈ ജന്മം മുഴുവൻ ഞാൻ കാത്തിരിക്കുകയായിരുന്നില്ലേ…
ഒരു യാത്രാമൊഴിയുടെ നൊമ്പരം പോലെ നീ മറഞ്ഞു… സ്‌നേഹിച്ചിരുന്നുവെന്നു നീയറിഞ്ഞില്ല.. നമ്മൾ പറഞ്ഞില്ല.
പറയാതെ പോയ… പറയാനാകതെ പോയ… വൈകിപ്പോയ… പറയാൻ മറന്നുപോയ…
എന്റെയുള്ളിൽ നിന്റെ കുറിപ്പുകൾ ഇുന്നും സ്പന്ദിക്കുന്നു…
”പാദസരത്തിൻ നേർത്ത കിലുക്കം ഈ മണ്ണിനെ ഉന്മത്തമാക്കും….പ്രിയേ….വെൺമണികളുള്ള പാദസരമണിഞ്ഞു നീയെന്റെ ഗ്രാമത്തിലേക്കു വരണം….”
പ്രിയനേ…
ആ സ്വപ്നദേശത്തിലേക്കുള്ള എന്റെ തീർത്ഥാടനം…
പുഴയുടെ തീരത്ത്, പാദസരങ്ങളണിഞ്ഞു, തളിരിട്ട കിനാക്കളെ താലോലിച്ച്. വാടിക്കറിഞ്ഞ ഇലഞ്ഞിപ്പൂമാല ഈ കൽപടവുകളിൽ കാറ്റിൻറെ മർമ്മരത്തിനായ് കാത്തിരിക്കുന്നു.
തന്ത്രിപൊട്ടിയ എന്റെ പൊൻ വീണയിൽ വീണ്ടും സ്വരങ്ങൾ മുള പൊട്ടി കിളിർത്തു വരുന്നുവോ…
എന്നോ നിലച്ചുപോയിരുന്ന എന്റാത്മാവിലെ സംഗീത രാഗങ്ങൾ പൊൻ വീണ മീട്ടി വീണ്ടുമൊന്നു കൂടി…
നിന്റെ വേണുനാദത്തിന്റെ ശ്രുതിചേർന്നു, നിന്റെ അരുകിലിരുന്ന് പാടാൻ ആശിച്ചിരുന്ന
ആ രാഗമൊന്നു മൂളാൻ ശ്രമിക്കട്ടെ….
”നീയാരാണ്?” ഗ്രാമത്തിന്റെ ആത്മാവ് എന്നോടു ചോദിച്ചു…
‘നിന്റെ ദത്തു പുത്രിയാകാൻ മോഹിച്ചിരുന്ന, നിന്റെ മകന്റെ പെണ്ണാകേണ്ടവൾ’..
പൂത്തുലഞ്ഞു നിൽക്കുന്ന കൈതച്ചെടികൾ പൊട്ടിച്ചിരിച്ചു… അമ്പലകുളത്തിലെ താമരകൾ വിടർന്നു നൃത്തമാടി… നിലയ്ക്കാതെ പെയ്യുന്ന മഴയിൽ പുഴ ആർത്തുല്ലഹസിച്ചു… നെൽക്കതിരുകൾ പുളകമാടി…
നീ മാത്രമില്ലാത്ത നിന്റെ ഗ്രാമം എന്നെ എതിരേൽക്കുകയാണ്…
കൊട്ടും കുരവയുമായി… ആനയും അമ്പാരിയുമായി… നാദസ്വരമേളത്തോടെ…
ഭദ്രദീപം തെളിച്ച്, വലതുകാൽ വെച്ച് നിന്റെ ഗ്രാമത്തിലേ്ക്ക് ഞാൻ പ്രവേശിക്കട്ടേ..
പുല്ലാങ്കുഴലിന്റെയൊരു നേർത്ത നാദമടുത്തടുത്തു വരുന്നുവോ?
ഈ ഗ്രാമം നീയാണ്… നിന്റെ ശബ്ദമാണിവിടം. നിന്റെ നിറം.. നിന്റെ ഗന്ധം.. നിന്റെ കവിത.. നിന്റെ പുഴ… എനിക്കു നഷ്ടെപ്പെട്ട ഈ തട്ടകത്തിൽ വീണ്ടും പുനർജനിക്കണം…
ഈ മണ്ണിനെ ഞാനൊന്നു ചുംബിക്കട്ടേ…
ഒരുനുള്ളു മണ്ണെടുത്തെന്റെ സീമന്തരേഖയിൽ തിലകം ചാർത്തെട്ടേ…
നിന്റെ ഗന്ധമുള്ള ഈ മണ്ണിലലിഞ്ഞു, പുഴ വെള്ളം കൈക്കുമ്പിളിൽ കോരിയെടുത്ത്, പൂഴി ചാലിച്ച് എന്റെ ദേഹം മുഴുവൻ പൊതിയട്ടേ…
പുഴയോരത്ത് ഈ ആൽചുവട്ടിൽ കൊടും തപസ്സു തുടങ്ങട്ടെ.
ഒരേ ഒരു വരം മാത്രം ചോദിക്കുന്നു ഞാൻ….
ഋതു ചക്രത്തെ പിന്നോട്ടു തിരിക്കാൻ…!!
കാലപ്രവാഹമായ ഈ പുഴയെ തിരികെ ഒഴുക്കാൻ, ‘വിക്ടറി സ്റ്റാൻഡി’ന്റെ മുമ്പിലേക്കൊന്നുകൂടി പറന്നിറങ്ങാൻ… മുല്ലപ്പന്തലിന്റെ മുമ്പിലെ രസതന്ത്ര ക്ളാസിന്റെ വരാന്തയിൽ… ഗണിത
പുസ്തകം ഒുന്നുകൂടി കൈമാറാൻ.. അകത്താളിലൊളിപ്പിച്ച് ഒരു മയിൽ പീലി കിട്ടുവാൻ… ആ പിരിയൻ ഗോവണിപ്പടിയുടെ മറവിൽ നിന്നൊരു ചെമ്പനീർ മൊട്ടു വീണ്ടും വാങ്ങുവാൻ…
ഈ ഗ്രാമത്തിൻ വാൽമീകത്തിനുള്ളിൽ, കാതരമായ നിന്റെ വിളിക്കായ്… ഓർമ്മകളൊഴുകുന്ന ഈ പുഴയുടെ തീരത്ത്
ഒരു സോപന സംഗീതമായി, നിലാവു പെയ്യുന്നൊരു രാവിൽ, പുഴയുടെ സംഗീതത്തിലലിഞ്ഞ്
ഈ മണൽപ്പുറത്ത് ഒരുമിച്ചിരുന്നൊരു കിനാവുകാണാൻ..
നിന്റെ കവിതകളിൽ വീണ്ടുമൊരു രാധയാകാൻ….
ഒരു നിമിഷമെങ്കിലും..
ഒരു നിമിഷം..
വൃന്ദാവനത്തിലെ രാധയാകാൻ….