Home Malayalamവീട്ടച്ഛൻ-രാധിക മേനോന്‍

വീട്ടച്ഛൻ-രാധിക മേനോന്‍

by admin
0 comments

       സൂസന്‍റെ  കഥ കേൾക്കാം. പത്തൊമ്പത് വയസ്സിൽ, കോളേജിലെ രണ്ടാം കൊല്ലത്തിൽ ഇന്‍റേണ്‍  ആയി വന്നതാണ് കമ്പനിയിൽ. പിന്നത്തെ രണ്ട് കൊല്ലത്തിനകം  അണ്ടർ ഗ്രാഡ് കഴിഞ്ഞതോടെ ഫുൾ ടൈം ജോലിക്കാരിയായി. അടുത്ത മൂന്നു കൊല്ലത്തിനുള്ളിൽ രണ്ട് പ്രൊമോഷനൊക്കെ കിട്ടി മാനേജർ സീറ്റിലെത്തി. പിന്നെയും രണ്ടു കൊല്ലം കൂടി കഴിഞ്ഞപ്പോൾ മാനേജർ തസ്തികയിലെ അടുത്ത ലെവൽ. ഇതിനിടയിൽ ഹൈ സ്‌കൂൾ സ്വീറ്റ് ഹാർട്ടുമായി വിവാഹം. എല്ലാ ബഹളങ്ങൾക്കുമിടയിൽ അതീവ കഠിനമായ എല്ലാ പ്രൊഫഷണൽ പരീക്ഷകളും പാസായി. ഒന്നാമത്തെ കുട്ടിയെ പ്രസവിക്കുന്നതിന്‍റെ  രണ്ട് ദിവസം മുൻപായിരുന്നു നീണ്ട ശൃംഖലയിലെ അവസാനത്തെ പ്രൊഫഷണൽ പരീക്ഷ അവളെഴുതിയത്. സിസേറിയനും കഴിഞ്ഞ് എട്ടാഴ്ചയുടെ അവധിയും കഴിഞ്ഞ് പോയതിലും മിടുക്കിയായാണ് വന്നത്. കുട്ടിയെ നോക്കാൻ ഭർത്താവ് ജോലിയിൽ പാർട്ട് ടൈം ആയി മാറിയത്രേ. ആദ്യത്തെ കുട്ടിക്ക് മൂന്ന് വയസ്സായപ്പോൾ അടുത്ത കുട്ടിയുമെത്തി. അതിനിടയിൽ എം ബി എ അടക്കം രണ്ട് മാസ്റ്റേഴ്സ് എടുത്തു അവർ. കമ്പൂട്ടറിൽ ഒരു ക്ലാസ്സ് പോലും എടുത്തിട്ടില്ല.  കണക്കും ബിസിനസ്സുമൊക്കെയായിരുന്നു കോളേജിൽ അവരുടെ മേജർ.  ഇന്നവർ ഐടി മേഖലയിലെ ഒരു വിഭാഗത്തിന്‍റെ  ഡയറക്ടർ ആണ്. കംപ്യൂട്ടറിൽ ഡിഗ്രിയും ഉപരിപഠനവും നടത്തി പത്തിരുപത് വർഷങ്ങളായി കമ്പനിയിൽ ജോലി ചെയ്യുന്ന കുറേ മദ്ധ്യവയസ്കരൊക്കെ കൂടിയ വലിയൊരു യൂണിറ്റിന്‍റെ  തലപ്പക്കാരിയാണ് മുപ്പതു വയസ്സ് തികയാത്ത അവരിന്ന്!   ഇന്നലെ കണ്ടപ്പോൾ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന വിശേഷം പറഞ്ഞു. ഒന്നാമത്തെ കുട്ടി കെജിയിൽ പോകും അടുത്ത കൊല്ലം, ഭർത്താവ് ഇപ്പോഴും പാർട്ട് ടൈം ആണ്, ചില ദിവസങ്ങളിൽ കുട്ടികൾ ഡേകെയറിൽ പോകും. വീക്കെന്‍റുക ളിൽ ഇടക്ക് അദ്ദേഹം ബാസ്കറ്റ് ബോൾ  കോച്ചിങ്ങിനു പോകും. അദ്ദേഹത്തിന്‍റെ     മറ്റൊരു പാഷൻ ആണത്.  ജീവിതം സുന്ദരം! ഭർത്താവും ഹാപ്പി, അവരും ഹാപ്പി.

      വിദേശ രാജ്യങ്ങളിലും മറ്റും നഴ്സ് ആയി ജോലി  ചെയ്യുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരെ കളിയാക്കുന്ന പലരേയും കണ്ടിട്ടുണ്ട്, തിരിച്ചറിവില്ലാതിരുന്ന കാലത്ത് അവരോടൊപ്പം കൂടിയിട്ടുമുണ്ട്. പെണ്ണൂഞ്ഞാലി, പെൺകോന്തൻ, പെണ്ണിന്‍റെ  ചെലവിൽ കഴിയുന്നവൻ എന്നൊക്കെ എത്ര വിളികളും അടക്കം പറച്ചിലുകളും അവരെ അനുഗമിക്കുന്നുണ്ടാവും?

       ഡോക്ടറും എൻജിനീയറും സയന്‍റിസ്റ്റുമൊക്കെയായ       എത്രയോ സ്ത്രീകൾ കല്യാണത്തിനും കുട്ടികൾക്കും ശേഷം ജോലി രാജിവെക്കുന്നു. ചിലരെങ്കിലും കുട്ടികൾ സ്‌കൂളിൽ പോയിത്തുടങ്ങുമ്പോൾ കഠിനപ്രയത്നം നടത്തി കഷ്ടപ്പെട്ട് തിരിച്ചെത്തുന്നു എന്ന സത്യം അവഗണിക്കുന്നില്ല. എന്നാൽ തിരിച്ച്,  ഭാര്യക്ക് തന്നെക്കാൾ പെട്ടെന്ന് ഉയരങ്ങളിൽ എത്താനുള്ള കഴിവും സാദ്ധ്യതയും ഉണ്ടെന്ന് മനസ്സിലാക്കിയ എത്ര പുരുഷന്മാർ ഇങ്ങനെ ചെയ്യുന്നുണ്ട്?
       അച്ചിയുടെ അടിപ്പാവാടയലക്കുന്നവൻ (എന്നാലോ കാന്തന്‍റെ  ഷഡ്ഢിയലക്കുന്നത് സർവ്വസാധാരണവുമാണ് – അതിൽ കളിയാക്കാനൊന്നുമില്ല. അത് കടമയും തിരിച്ചായാൽ അഹമ്മതിയുമാണ്.) വിദേശരാജ്യങ്ങളിൽ ജോലിയുള്ള സ്ത്രീകളെ വിവാഹം കഴിച്ചു പോകുന്നവർ മോശക്കാർ അല്ലെങ്കിൽ അന്തസ്സ് കമ്മിയായവർ. അതേ സുരക്ഷിതത്വവും സൗകര്യവും അന്വേഷിച്ചു പോകുന്ന പെണ്ണുങ്ങൾ അതിഭാഗ്യവതികൾ. എന്തൊരു ഇരട്ടത്താപ്പാണ് നമ്മുടെ ചില സമൂഹ സഹജീവികൾക്ക്!
       തുല്യതയെപ്പറ്റി ഒരു വരിയെഴുതിയാൽ പലർക്കും എന്തൊരു അസ്വസ്ഥതയാണ്! സ്ഥിരം ക്ളീഷേ വാദങ്ങൾ വരിവരിയായി ഉയർത്തിപ്പിടിക്കാൻ എത്ര പേരാണ്! ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ!
-പെണ്ണുങ്ങൾക്ക് ഈഗോ പാടില്ല
-സ്ത്രീക്കാണ് കുഞ്ഞുങ്ങളെ നോക്കാനുള്ള ക്ഷമ ദൈവം കൊടുത്തത്
-50:50 അസംഭവ്യമാണ്. മിനിമം 49:51 എങ്കിലുമാവണം.
-ലോകത്തിൽ അപൂർവ്വമായി മാത്രമേ ഭാര്യമാർ ഭർത്താക്കന്മാരെക്കാൾ കഴിവുള്ളവരാവൂ. അതാണ് പ്രകൃതി നിയമം.
       അത്യാവശ്യം പഠിച്ച ആണുങ്ങൾക്കെല്ലാം നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്ണിനെ മതി വധുവായിട്ട്. പെണ്ണുങ്ങൾക്കാണെങ്കിൽ തന്നെക്കാൾ പഠിപ്പ് ഉള്ളവരെയാണ് വേണ്ടത്. വിവാഹശേഷം തന്‍റെ  സർട്ടിഫിക്കറ്റുകൾ ഉപ്പിലിടാൻ പലരും തയ്യാറുമാണ്. പലയിടത്തും ബന്ധുമിത്രാദികളുടെ ഉദാര ഉപദേശവർഷങ്ങളും ഉണ്ടാവും.
-ജോലിയൊക്കെ എപ്പോൾ വേണമെങ്കിലും ആവാലോ, കുട്ട്യോളൊക്കെ വലുതാവട്ടെ. ഇപ്പൊ അതാ പ്രധാനം.
-നിങ്ങൾക്ക് മൂന്നാൾക്ക് സുഖായി കഴിയാനുള്ളത് അവനുണ്ടാക്കുന്നുണ്ടല്ലോ. പിന്നെന്തിനാ കഷ്ടപ്പെടണേ?
       രണ്ടുപേർ തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റാണ് വിവാഹം – ശരി തന്നെ. അവർക്ക് രണ്ടാൾക്കും ശരിയെന്ന് തോന്നുന്നത്, സ്നേഹമെന്ന് മനസ്സിലാക്കുന്നത് ചെയ്യാം – ശരി  തന്നെ.
       പക്ഷേ വല്ലപ്പോഴും ഒന്നോർത്തു നോക്കുന്നത് നല്ലതാണ്. ഒരു ബന്ധത്തിനെ മുന്നോട്ടു നന്നായി കൊണ്ടുപോകാൻ നിങ്ങൾ കൊടുക്കുന്ന അല്ലെങ്കിൽ വാങ്ങുന്ന ആൾ മാത്രമാണോയെന്ന്. മുഴുവൻ കൊടുക്കലും മുഴുവൻ വാങ്ങലും അന്യായമാണ്.
ആരെത്ര ന്യായീകരിക്കാൻ നോക്കിയാലും. ഒന്നുകിൽ  ചിലർക്കത് മനസ്സിലാക്കാനുള്ള ചിന്താശേഷിയില്ല. അല്ലെങ്കിൽ അവർ കണ്ണടച്ചിരുട്ടാക്കുന്നു. കൊടുക്കൽ വാങ്ങൽ പണവും വസ്തുവകകളും മാത്രമല്ല- സമയവും സഹായവും കൂടിയാണ്.
       ജോലിക്ക് പോകാത്ത പല പെണ്ണുങ്ങളും പറയുന്ന ന്യായീകരണമാണ് – ‘അങ്ങേർക്ക് ഓഫീസിൽ ഭയങ്കര പണിയാണ്. വീട്ടിൽ വന്നാൽ ഒന്നും ചെയ്യാൻ ഞാൻ സമ്മതിക്കില്ല. റിലാക്സ് ചെയ്യട്ടെ’. ഭാര്യയുടെ സ്നേഹം തന്നെയാണ് അങ്ങനെ പറയിക്കുന്നത്.  എന്നാൽ തിരിച്ച് ഭാര്യ ജോലി ചെയ്യുമ്പോൾ ഭർത്താവ് അങ്ങനെ വിചാരിക്കുന്നുണ്ടോ എന്നുകൂടിയറിയുമ്പോഴാണ് ആ സ്നേഹം അർത്ഥപൂർണ്ണമാവുന്നത്.
       ഇനി നല്ല ജോലിയുണ്ടായിരുന്ന ചില പെണ്ണുങ്ങളെങ്കിലും കുറച്ചു കഴിയുമ്പോൾ ജോലിയൊക്കെ നിർത്തി വീട്ടിലിരിക്കാൻ മറ്റൊരു കാരണമുണ്ട്. ഓഫീസിലെ തിരക്കുപിടിച്ച പണികഴിഞ്ഞ് വീട്ടിലെത്തിയാൽ അവിടേയും പണിയോട് പണി. വീട്ടുപണികളിൽ ഭർത്താവിന് സമയവും താത്പര്യവും തീരെ ഇല്ല. അപ്പോൾപ്പിന്നെ  കുട്ടികളെ നോക്കലും അടുക്കളപ്പണിയും ഒറ്റക്കെടുത്ത് തളർന്നവൾ കരിയറിൽ എങ്ങനെ ഒപ്പത്തിനൊപ്പം മുന്നേറാനാണ്?
       എന്റെ പ്രിയപ്പെട്ടവരേ,
കുട്ടികളുടെ ഉത്തരവാദിത്വം അമ്മയ്ക്കും അച്ഛനും ഒരുപോലെയാണ് – ഒട്ടും കുറവും കൂടുതലും ആർക്കുമില്ല. മാതൃസ്നേഹം പോലെ മറ്റൊന്നുമില്ല എന്നൊക്കെ കാവ്യാത്മകമായി പറയാമെങ്കിലും മുലപ്പാൽ കൊടുക്കുന്നതൊഴിച്ച്‌ ഒന്നും ഒന്നും തന്നെ അമ്മ തനിച്ചു ചെയ്യേണ്ടതല്ല. ഇനി മുലപ്പാൽ പോലും അമ്മ പമ്പ് ചെയ്തു വെച്ച് അച്ഛൻ കുഞ്ഞിനെടുത്ത് കൊടുക്കുന്നതും എത്ര സുന്ദരമായ കാര്യമാണ്. അച്ഛൻ കുഞ്ഞുങ്ങളെ അമ്മയോളം തന്നെ ചിലപ്പോൾ അതിലധികമോ കരുതലോടെ നോക്കുന്നത് കണ്ടിട്ടുണ്ടോ? അതിലും ധന്യമായ ഒരു കാഴ്ച്ചയും ഇല്ല എന്ന് തന്നെ പറയാം.
       ‘അയ്യോ അപ്പിയിട്ടു’, ‘കരയുന്നു’, ‘വന്നെടുക്കൂ’ എന്നൊക്കെ പരാതിപ്പെട്ട് ഭാര്യയെയോ അമ്മയെയോ ഒക്കെ വിളിക്കുമ്പോൾ സ്വന്തം കുട്ടികളുമായി വിലയേറിയ, പകരംവെക്കാനില്ലാത്ത, ഒരു ബോണ്ടിങ്ങിനുള്ള ഒരു അസുലഭ അവസരം കൂടിയാണ് പല അച്ഛന്മാരും  പാഴാക്കുന്നത്. താൻ തത്കാലം ‘സ്റ്റെ അറ്റ് ഹോം ഡാഡ്’ ആണെന്ന് അഭിമാനപൂർവ്വം പറയുന്ന പുരുഷന്മാരുണ്ടല്ലോ- അവരുടെയൊക്കെ ഭൂരിപക്ഷം കുറച്ചെങ്കിലും കൂടുന്ന ഒരു ലോകമാണ് ഇനി വരേണ്ടത്. ആ ലോകത്തിന്‍റെ  ഭംഗിയാണ് പലരും അറിയേണ്ടത്.
      സ്നേഹപൂര്‍വ്വം,
      രാധിക  മേനോന്‍

You may also like

Leave a Comment