രാജഭക്തനും ദൈവഭക്തനും.
വലിയ രാജഭക്തനും തികഞ്ഞ ദൈവഭക്തനും ആയ രണ്ടു പേർ ഒരു ഗ്രാമത്തിൽ ഉണ്ടായിരുന്നു. രാജാവിന്റെ കരുണ കൊണ്ടാണ് താൻ ജീവിച്ചു പോകുന്നതെന്നു രാജഭക്തൻ വിശ്വസിച്ചിരുന്നു. ദൈവഭക്തൻ സദാസമയവും ദൈവത്തെ സ്തുതിച്ചുപോന്നു. രാജാവ് ഒരിക്കൽ അവരുടെ ഗ്രാമത്തിലെത്തി. ഇരുവരുടെയും ഭക്തിയെപ്പറ്റി അറിഞ്ഞു. ആർക്കാണു കുടുതൽ മഹത്വം രാജാവിനൊരു സംശയം. കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് തന്റെ മഹത്വം വെളിപ്പെടുത്താൻ വലിയൊരു മത്തങ്ങയിൽ സ്വർണ്ണ നാണയങ്ങൾ നിറച്ച് തന്റെ ഭക്തന് സമ്മാനമായി കൊടുത്തയച്ചു. സമ്മാനം ലഭിച്ച അയാൾ സന്തോഷം കൊണ്ട് മതിമറന്ന് രാജാവിനെ പുകഴ്ത്തി. തുടർന്ന് രാജാവ് രണ്ടു പേരെയും രാജസദസ്സിൽ വിളിപ്പിച്ച് തന്റെ ഭക്തനോട്: “നിന്റെ രാജഭക്തി കൊണ്ട് നിനക്ക് എന്ത് പ്രതിഫലം കിട്ടി?” “അങ്ങ് അടിയന് ഒരു വലിയ മത്തങ്ങ സമ്മാനമായിത്തന്നു. ഞാനത് ചന്തയിൽ വിറ്റു. 10 രൂപ കിട്ടി.” രാജാവ് അബദ്ധം മണത്തറിഞ്ഞു. “നീ ദൈവത്തെ ആരാധിക്കുന്നതു കൊണ്ട് നിനക്ക് എന്തു കിട്ടി?” ദൈവഭക്തനോട് ചോദിച്ചു. “അടിയൻ ഇന്നലെ ചന്തയിൽ നിന്നും ഒരു മത്തങ്ങ വാങ്ങി വീട്ടിൽ കൊണ്ടുവന്നു മുറിച്ചു. അതിൽ നിറയെ സ്വർണ്ണ നാണയങ്ങൾ!” ഇതു കേട്ട് രാജാവ് തല താഴ്ത്തി നിന്നു. (ഗൂഗിൾ). ദൈവത്തേക്കാൾ മഹാൻ എന്ന് ആരെങ്കിലും നിരൂപിച്ചാൽ അത് അവരുടെ ജീവിതത്തിന്റെ പരാജയം തന്നെയായിരിക്കും! അതല്ലേ രാജാവിന് സംഭവിച്ചത്? ഈ പ്രപഞ്ചത്തിൽ ദൈവം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്യുവാൻ രാജാവിനോ മാറ്റാർക്കെങ്കിലുമോ കഴിയുമോ? നമ്മുടെ നാട്ടിലെ ഒരു ചൊല്ല് ഓർക്കുന്നു: “ആന വായ് പൊളിക്കുന്നത് കണ്ട് അണ്ണാറക്കണ്ണൻ വായ് പൊളിച്ചാലോ?” എത്ര പ്രഗത്ഭരായാലും തങ്ങൾ കേവലം മർത്യർ മാത്രമാകുന്നു എന്നത് എന്തേ ചില മനുഷ്യർ മറന്നു പോകുന്നു? സ്വന്തം പരിമിതി തിരിച്ചറിയുവാൻ കഴിയാത്തവർ എങ്ങനെ മറ്റുള്ളവരുടെ പരിമിതിയോ, മഹത്വമോ മനസ്സിലാക്കും? ഈ ലോകത്തിൽ സ്വയം ദൈവത്തിന്റെ സ്ഥാനം ഏറ്റെടുത്തിട്ടുള്ള രാജാക്കന്മാരുണ്ട്. റോമാ ഭരണാധിപന്മാരായ കൈസർമാർ തങ്ങളെ ആരാധിക്കുവാൻ കൽപ്പന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ അവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ധനവും പ്രതാപവും ഉണ്ടെന്നുള്ളതല്ലാതെ ദൈവത്തിന്റെ എന്ത് യോഗ്യതയാണ് അവർക്കുള്ളത്. ഈ ഭൂമിയിൽ ആർക്കും ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവില്ല. കൂടാതെ, ദൈവം നമ്മെ പുലർത്തുന്ന പ്രകാരം ഈ ലോകത്തിൽ ആർക്കും തന്നെ നമുക്ക് ആവശ്യമായുള്ളതെല്ലാം നൽകുവാൻ കഴിയില്ല. എന്തെങ്കിലും തന്നു നമ്മെ സഹായിക്കുന്നവർക്ക് പോലും കുറെനാൾ കഴിയുമ്പോൾ നാം ഒരു ഭാരമായി തീരുന്നു. എന്നാൽ ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും നാം ചിന്തിക്കുന്നതിലും ഉപരിയായി പരിപാലിക്കുന്ന ദൈവം എത്ര മഹത്വവാൻ. ആ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കപ്പെട്ടവരായി നമുക്ക് ജീവിക്കാം. “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” (ബൈബിൾ).*
ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.
പി. റ്റി. കോശിയച്ചൻ.
—————-
*1 കൊരിന്ത്യർ 2:9.