ഇന്ദുവിൽ ഇന്ത്യയും
പി. റ്റി. കോശിയച്ചൻ.
ഞാൻ രണ്ടാം ക്ലാസിൽ പഠിച്ച ഒരു കഥ ഓർക്കുന്നു. ജോലി കഴിഞ്ഞ് വൈകിട്ട് കുളിക്കാൻ കിണറ്റരികിൽ ചെന്ന മുത്തുപ്പിള്ള കിണറ്റിലേക്ക് നോക്കിയപ്പോൾ അതാ ചന്ദ്രൻ കിണറ്റിൽ കിടക്കുന്നു. അയാൾ വലിയ വേദനയോടെ വീട്ടിലേക്കോടി പാതാളക്കരണ്ടി കൊണ്ടുവന്നു ചന്ദ്രനെ വലിച്ചു കയറ്റാൻ ശ്രമിക്കവേ, പെട്ടെന്ന് പിറകോട്ട് മലച്ചു വീണുപോയി. ആ കിടപ്പിൽ കിടന്നു മുത്തുപ്പിള്ള മുകളിലേക്ക് നോക്കിയപ്പോൾ അതാ ചന്ദ്രൻ ആകാശത്തു നിൽക്കുന്നു. അയാൾ പറഞ്ഞു ഞാൻ വീണെങ്കിലെന്താ അമ്പിളിയമ്മാവനെ ആകാശത്ത് എത്തിക്കാൻ കഴിഞ്ഞല്ലോ. ഏതാണ്ട് 70 വർഷം മുമ്പ് മനുഷ്യന് ചന്ദ്രനെ കുറിച്ചുള്ള ബോധ്യം ഇങ്ങനെയായിരുന്നു.
എന്നാൽ ഇന്ന് ഇന്ത്യ ചന്ദ്രനിൽ എത്തിച്ചേർന്നിരിക്കുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ച ഇസ്രോയിലെ(ISRO) എല്ലാ ശാസ്ത്രജ്ഞരും അഭിനന്ദനം അർഹിക്കുന്നു! ദീർഘ വർഷങ്ങളിലെ പരിശ്രമ ഫലമായ ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിന് ശേഷം ഏതാണ്ട് നാലു വർഷങ്ങൾ കൂടെ ലക്ഷ്യബോധം കൈവിടാതെ തീവ്രമായ പരിശ്രമത്തിലൂടെ ഇന്ത്യ നേടിയ നേട്ടമാണ് ചന്ദ്രയാൻ മൂന്നിനെ ചന്ദ്രനിൽ എത്തിച്ചത്. ഭൂമിയിലിരുന്ന് ശാസ്ത്രജ്ഞർ പ്ലാൻ ചെയ്ത കൃത്യസമയത്ത് കൃത്യമായ വിധത്തിൽ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തു എന്നത് ഇന്ത്യയുടെ ഒരു വലിയ നേട്ടം തന്നെയാണ്. വളരെ ശ്രമസാധ്യമായ ഒരു ദൗത്യമാണ് വിജയം കണ്ടെത്തിയത്! എത്രയായിരം ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും ടെക്നീഷ്യൻസിന്റെയും മറ്റനേക സ്റ്റാഫിന്റെയും മറ്റും കഠിന പരിശ്രമത്തിന്റെ ഫലമാണ് നാം നേടിയ വിജയം! ഈ വലിയ സംഭവം, മഹാകവി കെ സി കേശവപിള്ള രചിച്ച ഒരു കവിതാ ശകലം എന്റെ ഓർമ്മയിൽ കൊണ്ടുവരുന്നു:
“പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ.”
അടുത്ത ദശാബ്ദത്തിൽ ഒരു വേള ഇന്ത്യയിൽ നിന്ന് എകസ്‌കെർഷൻ പോകുന്നത് ചന്ദ്രനിലേക്ക് ആകാൻ സാധ്യതയുണ്ട്! എന്നാൽ ഇവിടെ നാം ഓർക്കേണ്ട ഒരു കാര്യം മഹാകവി തന്റെ കവിതയിൽ ചേർത്തിരിക്കുന്നു. അത് ദീർഘങ്ങളാം കൈകളെ നൽകിയത് ‘ഈശൻ’ (ദൈവം) ആകുന്നു എന്ന വസ്തുതയത്രേ. നേട്ടങ്ങൾ വർദ്ധിക്കുമ്പോൾ ദൈവത്തെ മറന്നു പോകാതിരിപ്പാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദീർഘങ്ങളാം കൈകളോടൊപ്പം ചിന്താശക്തിയും ബുദ്ധിയും എല്ലാം നൽകിയത് ദൈവം ആകുന്നു എന്നോർക്കുന്നത് നന്ന്. നമ്മുടെ കഴിവുകളിൽ പ്രശംസിക്കുന്നതോടൊപ്പം ബലഹീനതകളെയും പരിമിതികളെയും കുറിച്ചുള്ള ബോധ്യം ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. ഒരു ശ്വാസം വിലങ്ങിയാൽ അവസാനിക്കുന്ന ജീവിതമാണ് നമുക്കുള്ളതെന്ന് ഓർത്തുകൊണ്ട് ദൈവകൃപയിൽ ആശ്രയിച്ച് അനുദിനം മുന്നേറുവാൻ നമുക്ക് ഇടയാകട്ടെ!