Home Motivational Messagesതലയിൽ മാമ്പഴം വീണപ്പോൾ.

തലയിൽ മാമ്പഴം വീണപ്പോൾ.

by admin
0 comments
 
പി. റ്റി. കോശിയച്ചൻ.
 
മനോഹരമായ ആ സുപ്രഭാതത്തിൽ ഒരു യുവാവ് ആ മാന്തോട്ടത്തിലൂടെ നടക്കുകയായിരുന്നു. പലതരം മാവുകള്, ചിലത് പൂത്തും മറ്റുചിലത് കായ്ച്ചും നില്ക്കുന്ന ഒരു മാന്തോപ്പ്. പലമാവുകളിലും പഴുത്ത മാങ്ങകള്. പലതിലും ഭംഗിയുള്ള കിളികള് സ്വൈര വിഹാരം ചെയ്യുന്നു. ഈ സമയം പെട്ടെന്ന് ആ യുവാവിന്റെ തലയില് ഒരു മാമ്പഴം വീണു. മുഴു കഷണ്ടിക്കാരനായ ആ യുവാവിന്റെ ശിരസ്സിലും നെറ്റിയിലും കണ്ണിലും കൂടി മാമ്പഴത്തിന്റെ നീര് ഒഴുകി, വസ്ത്രത്തിലേക്ക് വീണു. അപ്പോൾ യുവാവിന് ദേഷ്യം സഹിക്കാനായില്ല. ഇത്രയും നേരം സുന്ദരമായി തോന്നിയ ആ മാന്തോപ്പ് ആ യുവാവിനെ സംബന്ധിച്ച് വെറുക്കപ്പെട്ട സ്ഥലമായി മാറി.
തന്റെ തലയിലേക്ക് മാങ്ങ കൊത്തിയിട്ട കിളിയെ അയാള് ശപിച്ചു. ഈ മാങ്ങ നിന്നിരുന്ന മാവ് നശിച്ചുപോകട്ടെ എന്ന് ഉറക്കെ പറഞ്ഞു. ”നാശം പിടിച്ച ഈ മാങ്ങ എന്റെ തലയില്ത്തന്നെ വീണല്ലോ”: അയാള് ഉറക്കെ പറഞ്ഞു. മുകളില്നിന്നുവീണ മാങ്ങ നേരെ തന്റെ തലയിലേക്ക് വീണതിന് ഗുരുത്വാകര്ഷത്തെപ്പോലും ആ യുവാവ് പഴിച്ചു. ഇത്രയും നേരം മനോഹരമായി തോന്നിയ പ്രകൃതിയെയും പ്രഭാതത്തെയും ആ മാന്തോപ്പിനെയും ആ യുവാവ് പഴിക്കാന് തുടങ്ങി. ‘നാശം നാശം’ എന്ന് ഉറക്കെ പറഞ്ഞു. (ഗൂഗിൾ).
 
ജീവിതത്തിൽ ആഗ്രഹിക്കാത്ത സംഭവങ്ങൾ ഉണ്ടാകുമ്പോൾ പലരും അതുവരെ സന്തോഷകരമായിരുന്ന സ്ഥലങ്ങളെയും സമൂഹങ്ങളെയും സാഹചര്യങ്ങളെയും ഒക്കെ വെറുക്കാൻ ഇടയായേക്കും. ഉറ്റ സ്നേഹിതരെയും വെറുത്തെന്നു വരാം. ചിലർ ശപിക്കുക മാത്രമല്ല, ആക്രമിക്കുകയും ചെയ്തേക്കാം. പലപ്രാവശ്യമാകുമ്പോൾ ഇഷ്ടമല്ലാത്തവ പ്രവർത്തിച്ച ചിലർ ജീവിത പങ്കാളിയെ പോലും ഉപേക്ഷിച്ചെന്നു വരാം. അങ്ങനെ വെറുപ്പ് ഉണ്ടാകുമ്പോൾ ചിലരൊക്കെ പറയും: “ഞാൻ നിന്നെ ഇങ്ങനെയല്ല വിചാരിച്ചത്. ” എന്ന്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ ചിലർക്ക് സ്വന്തം ജീവിതത്തോട് തന്നെ വെറുപ്പ് തോന്നാം. ചിലർ ആത്മഹത്യ ചെയ്തു എന്നും വരാം. പക്ഷേ ഇതുവരെ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങൾ മാത്രം ആരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. നാം ആഗ്രഹിക്കാത്ത എത്രയോ സംഭവങ്ങൾ അനുദിനം ജീവിതത്തിൽ സംഭവിക്കുന്നു. ഇനിയും സംഭവിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യ ത്തിൽ നമ്മുടെ പ്രതികരണം എങ്ങനെ ആയിരിക്കണം എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.
 
നാം എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ജീവിതത്തിൽ സംഭവിക്കുന്ന എല്ലാറ്റിനെക്കുറിച്ചും പോസിറ്റീവായ ഒരു മനോഭാവം പുലർത്തുവാൻ നമുക്ക് സാധിക്കണം. അനേകരും പ്രതികരിക്കുന്നത് വളരെ നെഗറ്റീവായ വിധത്തിലാണ്. അങ്ങനെ പോസിറ്റീവ് ആയി കാണുവാൻ കഴിയുന്നവർക്ക് ഈ പ്രതിസന്ധികൾ അനുഗ്രഹമായി രൂപാന്തരപ്പെടും. ഒരു വിധത്തിൽ അനുകൂല സാഹചര്യങ്ങളെക്കാൾ പ്രതികൂല സാഹചര്യങ്ങളാണ് നമ്മെ കൂടുതൽ ശക്തികരിക്കുന്നത്. സഹജീവികളെയോ പ്രകൃതിയെയോ നാം ശപിക്കുന്നത് കൊണ്ട് എന്തു ഗുണം? യാതൊരു ഗുണവും ഇല്ല എന്ന് മാത്രമല്ല, ആ നെഗറ്റീവ് മനോഭാവം നമുക്ക് തന്നെ ദോഷകര മായി ഭവിക്കുകയും ചെയ്യും.’ സംഭവിച്ചതും സംഭവിക്കുന്നതും എല്ലാം നന്മയ്ക്ക്’ എന്ന ദർശനം പോസിറ്റീവ് മനോഭാവം വളർത്തുവാൻ സഹായകരമാണ്. അങ്ങനെ വിശ്വസിക്കുവാൻ കഴിഞ്ഞാൽ പ്രതികൂലങ്ങളെല്ലാം അനുഗ്രഹങ്ങളായി ഭവിക്കും. പ്രതിസന്ധികളെ അനുഗ്രഹ മുഖാന്തരങ്ങളായി കാണുവാൻ നമ്മുടെ കണ്ണുകൾ പ്രകാശിക്കട്ടെ!
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
 
 

You may also like

Leave a Comment