പഴയ സുഹൃത്തുക്കളും
അദ്ധ്യാപകനും.
പി. റ്റി. കോശിയച്ചൻ.
വർഷങ്ങൾക്കു ശേഷം, ആ പഴയ സുഹൃത്തുക്കൾ മധുര സ്മരണകൾ പങ്കു വെക്കാൻ അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്റെ അടുക്കൽ ഒത്തു കൂടി. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം അവർ പ്രകടിപ്പിച്ചു. പലരും പല മേഖലകളിൽ ജീവിക്കുന്നു. തങ്ങളുടെ ആ പഴയ അദ്ധ്യാപകനുമായി അവർ ജീവിതാനുഭവങ്ങൾ പങ്കു വച്ചു. ഓരോരുത്തരും പല മേഖലകളിൽ ജീവിക്കുന്നു എന്ന് അറിഞ്ഞു ആ അധ്യാപകൻ സന്തോഷിച്ചു. തന്റെ പ്രിയപ്പെട്ട ആ വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ദേഹം അകത്തു പോയി ചായ ഉണ്ടാക്കി കൊണ്ടുവന്നു. ചായ എടുക്കുവാൻ പല തരത്തിലുള്ളതും വിലകൂടിയതും കുറഞ്ഞതുമായ ഗ്ലാസുകളും, കപ്പുകളും, ക്രിസ്റ്റൽ കപ്പുകളും സാധാരണ കപ്പുകളും എല്ലാം നിരത്തി വച്ചിട്ട് അവർ തന്നെ സ്വയം ചായ എടുത്ത് കുടിക്കുവാൻ ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവരും ചായ എടുത്തു കഴിഞ്ഞപ്പോൾ ആ അധ്യാപകൻ അവരോട് പറഞ്ഞു: ”നിങ്ങൾ ഏവരും എടുത്തിരിക്കുന്നത് ഇവിടെയുള്ളതിൽ മനോഹരമായ കപ്പുകളാണ്. വില കുറഞ്ഞ സാധരണ കപ്പുകൾ എടുക്കാതിരിക്കുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഇത് സാധരണ എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യം ആണ്. (ഗൂഗിൾ).
മനോഹരമായതും, വിലകൂടിയതുമാണ് എല്ലാവർക്കും ഇഷ്ടം. വിലകൂടിയ കപ്പുകളിൽ ഉള്ള ചായയും വിലകുറഞ്ഞ കപ്പുകളിൽ ഉള്ള ചായയും തമ്മിൽ എന്ത് വ്യത്യാസം? രുചിയിലോ ഗുണത്തിലോ വ്യത്യാസമില്ലല്ലോ. ചായയേക്കാൾ ചായക്കപ്പുകൾക്ക് പ്രാധാന്യം നൽകുന്നവരാണ് നാം. ഇത് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രതിഫലനമാണ്. ആന്തരികമായ കാര്യങ്ങളെക്കാൾ ബാഹ്യമായതിന് പ്രാധാന്യം കൊടുക്കുന്നതിനാണ് എല്ലാവർക്കും ഇഷ്ടം. 1,00,000 രൂപയുടെ വാച്ചും 500 രൂപയുടെ വാച്ചും ഒരേ സമയം തന്നെയല്ലേ കാണിക്കുന്നത്? എങ്കിലും വിലകൂടിയ വാച്ചുകളോട് ഒരു താൽപര്യം! വീടുകൾ പണിയുമ്പോൾ സൗകര്യങ്ങളെക്കാൾ കൂടുതൽ ഭംഗിക്ക് പ്രാധാന്യം നൽകുന്നവരാണ് അനേകരും. സൗന്ദര്യവസ്തുക്കൾ ധാരാളം ഉപയോഗിച്ച് സുന്ദരന്മാരും സുന്ദരികളുമായി ജീവിക്കുന്ന അനേകരും തങ്ങളുടെ ആന്തരിക ആളത്തത്തിന്റെ സൗന്ദര്യം ശ്രദ്ധിക്കുന്നില്ല എന്നുള്ളത് ഖേദകരമല്ലേ?
ബാഹ്യ മുഖ സൗന്ദര്യത്തേക്കാൾ സ്വഭാവ സൗന്ദര്യം എത്രയോ പ്രാധാന്യമർഹിക്കുന്നതാണ്! ബാഹ്യ ക്രമീകരണങ്ങളിൽ സന്തോഷം കണ്ടെത്തുന്ന അനേകർ ആന്തരികമായി പലവിധ സംഘർഷങ്ങളും പ്രശ്നങ്ങളും അനുഭവിക്കുന്നവരാകാം. നമ്മുടെ ഉന്നത ഉദ്യോഗം, ധനസമൃദ്ധി, സ്ഥാനമാനങ്ങൾ, ഉന്നത പദവികൾ ഇവയൊന്നും സന്തോഷവും സമാധാനവും നൽകുവാൻ പര്യാപ്തമാകണമെന്നില്ല. സന്തോഷവും സമാധാനവും ആന്തരിക സ്വഭാവത്തിന്റെ മഹത്വത്തെ ആശ്രയിച്ചിരിക്കുന്നു. ബാഹ്യ സൗന്ദര്യം മാത്രം കാണുവാൻ കഴിയുന്ന മനുഷ്യരാൽ ലഭിക്കുന്ന മാനത്തെക്കാൾ, മറ്റുള്ളവർക്ക് കാണുവാൻ കഴിഞ്ഞില്ലെങ്കിലും ഹൃദയങ്ങളെ അറിയുന്ന ദൈവത്തിന്റെ സന്നിധിയിൽ മഹത്വപൂർണ്ണമായ ആളത്തത്തിന്റെ ഉടമകൾ ആയിരിക്കുന്നതല്ലേ ശ്രേഷ്ഠം? ദൈവകൃപയിൽ ആശ്രയിച്ച് മഹത്വപൂർണ്ണമായ ആലത്തത്തിന്റെ ഉടമകളായി ജീവിക്കുവാൻ നമുക്ക് നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+1 9495913953
https://www.kindspring.org/story/view.php?sid=8488