മരണമെത്തും നേരത്തു നീയെന്നരികില്‍…

Date:

ബെന്നി
കലന്തിയോളം പെയ്തിറങ്ങിയ മഞ്ഞ് വെളുപ്പിന്റെ പരവതാനി രണ്ടടി കനത്തില് വിരിച്ചിട്ടാണ് ശമിച്ചത്. രാത്രി വൈകിയോളം ഡ്രൈവേയിലെ മഞ്ഞു മാറ്റിയതിന്റെ ക്ഷീണത്തില് സോഫയിലിരുന്നു ടി.വി. കണ്ടങ്ങു മയങ്ങിപോയിരുന്നു. സെല്ഫോണ് തുരുതുരാ ശബ്ദിക്കുന്നതു കേട്ടെങ്കിലും ഉറക്കച്ചടവില് സൈലന്സ് ബട്ടണ് അമര്ത്തിയിട്ട് വീണ്ടും തിരിഞ്ഞു കിടന്നു.

പലവതവണ വീണ്ടും ബെല്ലടിച്ചു.

നാട്ടില് നിന്നുമുള്ള നന്പറാണെന്ന് അരണ്ട വെളിച്ചത്തില് തിരിച്ചറിഞ്ഞു. വൈകിവരുന്ന വിളികള് എപ്പോഴും കൈവിറച്ചാണ് എടുക്കാറ്. അങ്ങേ തലയ്ക്കല് ഐസക്കു ചേട്ടായിയാണ്.

“ഞാമ്മ പെട്ടെന്ന് അടുക്കളയില് മറിഞ്ഞുവീണു….മെഡിക്കല് ട്രസ്റ്റിലെ ഐസിയുവിലാണ്….നിങ്ങള് ഉടനെ വരണം…നിന്നെ കുറെ നേരമായി വിളിക്കണത്…”

അമ്മയുടെ മരണമാണ് അറിയിച്ചതെന്നും വിഷമിക്കാതിരിക്കാനായി ഇങ്ങനെയാണ് സാധാരണ പറയാറുള്ളതെന്നും ഉടനെ മനസ്സിലായി…

ഒരു നിമിഷം സ്തബ്ദനായിപ്പോയി…ഇത്ര പെട്ടെന്ന്…ആയിരം പര്ണ്ണ ചന്ദ്രന്മാരെ കണ്ട അമ്മ, ഇന്നലെ വിളിച്ചപ്പോഴും എന്തു ഉല്ലാസവതിയായിരുന്നു.

ശാസനകളും, പരിഭവങ്ങളും, ഉപദേശങ്ങളും, ഒപ്പം ആവശ്യങ്ങളും മുന്പത്തെപ്പോലെ. കുസൃതി കാണിച്ചിട്ട് പിടിക്കപ്പെട്ട പ്രൈമറി സ്കൂള് കുട്ടി അടി വാങ്ങാനായി കൈനീട്ടി നില്ക്കുന്നതു പോലെ കുറച്ചുനേരം ശാസനകള്ക്ക് സമയം കൊടുക്കും.
ഒന്നും തിരിച്ച് കേള്ക്കാതാവുമ്പോള് സന്തോഷമാകും. പിന്നെ ആവശ്യങ്ങളുടെ നീണ്ടനിരയായി.

“ലക്ഷം കോളനിയിലെ ചോതിയുടെ മോക്കടെ കൊച്ചിന് ക്യാന്സറാ മോനേ….
കോട്ടയം മെഡിക്കല് കോളേജില് അഡ്മിറ്റാ… ഇവിടെ എല്ലാവര്ക്കും ഈ മാരക രോഗാ… മാന്തുകുഴിയിലെ കുഞ്ഞുമ്മക്ക് ദേഹം മുഴുവന് നീരാ…. പള്ളിത്താഴത്തെ കോളനിയിലെ ഏലിയാസ്റ്റിന്റെ മോള് പ്ലസ് ടൂ വിന് എല്ലാത്തിനും എ പ്ലസ് വാങ്ങി. അവളെന്നാ മിടുക്കിയാന്നോ… നേഴ്സിങ്ങിനു പോകണം അവള്ക്ക്.
അവനെങ്ങിനെ വിടാനാ? അതിന് നിന്നോടു പറയ്യാ….
ചാച്ചന്റെ കല്ലറയ്ക്ക് ചുറ്റുള്ള പുല്ലുചെത്തി അവനാ എല്ലാ മാസോം വൃത്തിയാക്കണേ… ഞാന് പറയാറു പോലുമില്ല….അതു നീ മറക്കണ്ട…

പാലങ്ങനാഴിലെ മോള് എന്നാ മിടുക്കിയാണെന്നറിയാവോ? പഠിത്തം ഈ വർഷം തീരും. അവൾക്കു വിസ ശരിയാക്കി നീ അങ്ങോട്ട് കൊണ്ടുപോകണം, മനസ്സിലായോ പറഞ്ഞത്?!”.

നല്ല മാര്ക്കു വാങ്ങുന്ന കുട്ടികളെന്നും അമ്മയ്ക്കൊരു ബലഹീനതയായിരുന്നു. ഗ്രാമത്തിലെ പ്രൈമറി സ്കൂളില് നീണ്ട മുപ്പത്തഞ്ചു വര്ഷത്തോളം പഠിപ്പിച്ചു പിരിഞ്ഞപ്പോള് “മൂന്നു തലമുറയിലെ ശിഷ്യഗണങ്ങളാ എന്റെ സമ്പത്തെ’ ന്ന് അഭിമാനിച്ചിരുന്നു.

ആവശ്യങ്ങളുടെ നീണ്ട നിര എന്നുമുണ്ടായിരുന്നു. ഗ്രാമത്തിലെ ഓരോ വീടുകളിലേയും ആവശ്യങ്ങള് അമ്മയെ തേടി മാത്രം എത്താറുള്ളതിന്റെ രഹസ്യം ഒരു അന്വേഷണ കമ്മീഷന് വിടണണമന്ന് തമാശയായി ഞങ്ങള് പറയുമായിരുന്നു.
എങ്കിലും അടുത്ത ഫോണ് വിളിയിലും പുതിയ ലിസ്റ്റുകള്ക്ക് ഒരു കുറവുമില്ലായിരുന്നു.

കെന്നഡി എയര്പോര്ട്ടിലെ ബോര്ഡിങ്ങ് ഏരിയായിലെ കാത്തിരിപ്പ്…. ഓര്മ്മകള് മഴവെള്ളപ്പാച്ചില് പോലെ ഓടിയോടി എത്തികൊ്ണ്ടിരുന്നു..

“എന്റെ കണ്ണുകൂട്ടാനും, ശോശപ്പ വലിച്ചിട്ട് മുഖം മറയ്ക്കാനും നീ ഉണ്ടാകണം. ..നിന്റെ ചാച്ചന്റെ അടക്കത്തിന് നിനക്ക് വരാന് കഴിഞ്ഞില്ലെന്ന് അറിയാല്ലോ?…”

മൂന്നു പതിറ്റാണ്ടായി വേട്ടയാടികൊണ്ടിരിക്കുന്ന നേരിലേക്ക് അമ്മ ഇടക്കിടക്ക് വിരല് ചൂണ്ടും.

പുതിയ പ്രവാസ ലോകത്തിലേക്ക് വന്നിട്ട്, കാലു നിലത്തുറപ്പിക്കാന് പോലും ആകാതെ അതി ജീവനത്തിന്റെ (‘ആടുജീവിത’ത്തിന്റെ) കയിപ്പുനീര് ആവോളം കുടിച്ചു നിന്നിരുന്ന ആ സമയത്ത്, പിതാവിന്റെ അകാല വേര്പാടില് നാട്ടിലെത്താന് ആയില്ല എന്നതു ഒരു ദുസ്വപ്നം പോലെ ഇന്നും വേട്ടയാടുന്നു എന്നത് അമ്മയോട് പറഞ്ഞിരുന്നില്ലാ.
അത് സ്വയം കുടിച്ചു തീർത്താൽ മതി…..

വൈധവ്യത്തിന്റെ ഏകാന്ത നിശബ്ദ നൊമ്പരങ്ങളിൽ ഇക്കാലമത്രയും ഉരുകിയുരുകിക്കൊണ്ടിരുന്നിട്ടും ഉള്ളലാ മുറിവുകള് എല്ലാം ഒളിപ്പിച്ച് ഗ്രാമത്തിലെ എന്താവശ്യത്തിനും അമ്മ മുന്നിലുണ്ടായിരുന്നു.

കൂടെ പോരുന്ന അനിയത്തിയാണ് പെട്ടെന്നു വിളിച്ചുണര്ത്തിയത്.

“ഫ്ളൈറ്റില് കേറാനായി കുറെ നേരമായി അനൗണ്സ് ചെയ്തിട്ട്….ഏണീക്ക് കുഞ്ഞാഞ്ഞേ…!”

‘ദിവസേന രണ്ടുനേരം ബ്ലഡ് പ്രഷറിന്റെ മരുന്നെടുക്കുന്നതാ അവള്….അളിയനൊന്ന് ഓര്മിപ്പിച്ച് കഴിപ്പിച്ചേക്കണം. അല്ലെങ്കില് അവളത് വേണ്ടാന്നുവയ്ക്കും. ഞാന് ജോലിയിലാണെങ്കിലും എപ്പോഴുമിത് മെസ്സേജയച്ച് ഓര്മ്മിപ്പിച്ചാ കഴിപ്പിക്കാറ്’.
സെക്യൂരിറ്റി ചെക്കിങ്ങിനു കേറുന്നതിനു മുമ്പ് അളിയനൊന്നുകൂടി ഓര്മ്മിപ്പിച്ചിരുന്നു.

ഫ്ളൈറ്റ് ദുബായിലേക്കുള്ള പറക്കം തുടങ്ങി….

അകാലത്തില് വിടപറഞ്ഞുപോയ പ്രിയപ്പെട്ടവന്റെ വേര്പാടില് മരവിച്ചു പോയിരുന്ന വീട്. അടക്കം കഴിഞ്ഞ് നാലാം ദിവസം പ്രഭാതത്തില് പണിക്കാരികളേയും കൂട്ടി കൊട്ടയും തൂമ്പയും എടുത്ത് തൊടിയുടെ താഴെയുള്ള നെല്വയലിലെ കളകള് പറപ്പിക്കാന് പുറപ്പെടുന്നു…. അനിയത്തി ദേഷ്യപ്പെട്ടു…

“ഞാമ്മയെന്നതാ ഈ കാണിക്കണേ?….കൊറച്ചു ദിവസോടെ ഇവിടെങ് അടങ്ങിയിരിക്ക്….നാട്ടുകാരെക്കൊണ്ട് പറയിക്കണോ!”?

അനിയത്തിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അമ്മ പറഞ്ഞു.

“എടീ, ഇവിടെ ഈ പെരയ്ക്കാത്ത് കരഞ്ഞോണ്ടീരുന്നാലെ നിന്റെ ചാച്ചന് വിതച്ചു, വളോം ഇട്ട് വലുതാക്കിയ ആ നെല്ലു മുഴുവന് കളകേറി നശിക്കും. ചാച്ചനത് സഹിക്കില്ലയെന്ന് നിനക്കറിയ്യോ?…ഇത്തവണയാണെങ്കില് കൃഷിയാഫീസര് പറഞ്ഞ് “ഐ ആര് അഞ്ചെ”ന്ന പുതിയ വിത്താ ചാച്ചന് വിതപ്പിച്ചേക്കണേ, ദിവസം രണ്ടു നേരമെങ്കിലും പാടത്ത് പോയാലേ ചാച്ചന് സമാധാനേണ്ടാര്ന്നുള്ളു!”

അവളെ കെട്ടിപ്പിടിച്ചിട്ട് തുടര്ന്നു.

“മ്മടെ വിശ്വാസാനുസരിച്ച് ആത്മാവിപ്പോഴും ഇവിടെ തന്നെയില്ലേ മോളേ… ചാച്ചനിതു മുഴുവന് കാണുന്നുണ്ട്. പിന്നെ ഈ “പരിതാപം” പറയാന് വരുന്നോരുടെ മുഖോം കുറച്ചു നേരത്തേയ്ക്കെങ്കിലും കാണാതിരിക്കാല്ലോ”

കണ്ണില് ഉരുണ്ടുകൂടിയ രണ്ടുതുള്ളി കണ്ണീര് അനിയത്തിയുടെ കവിളത്തു വീണു….

ദുബായില് നാലുമണിക്കൂര് താമസ്സമുണ്ട് നെടുമ്പാശ്ശേരി ഫ്ളൈറ്റിന്. വെയിറ്റിങ്ങ് ഏരിയായിലെ ഒഴിഞ്ഞ ഒരു കോണിലെ കസേരയില് ചടഞ്ഞൂകൂടി. ബാഗ് തുറന്നപ്പോഴാ അതിനടിയില് നിന്നും ബാല്യകാല സുഹൃത്ത് നാട്ടില് പോയി വന്നപ്പോള് “താനിതു വായിക്കണം” എന്ന പ്രത്യേകം പറഞ്ഞ് തന്ന പുസ്തകം “മൊയ്തീന്-കാഞ്ചനമാല ഒരപൂര്വ്വ ജീവിതം” എടുത്തു മറിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴ അപഹരിച്ച സ്വപ്നങ്ങളുടെ കദനകഥ…

അമ്മയുടെ ജീവിതകഥയും വല്യമാറ്റങ്ങളില്ലാതെ ചേര്ത്തു വായിക്കാമെന്ന് വളരെ വൈകി വന്ന അറിവ് വല്ലാതെ നോവിച്ചിരുന്നു. മനുഷ്യ ജന്മങ്ങള് ഏതെല്ലാം തലങ്ങളിലാണ് പലരോടും പൊരുതേണ്ടി വരുകയെന്നതും വിധിക്കാന്

നമ്മള്ക്കാര്ക്കും ഒരു അര്ഹതയുമില്ലെന്നുള്ള നീതിശാസ്ത്രം!

ചാച്ചന്റെ വേര്പാടിന് ശേഷം ഇങ്ങോട്ടു പോരുവാനും എവിടെ താമസിക്കുവാനുമുള്ള ഞങ്ങളുടെ നിര്ബന്ധം കൂടിക്കൂടി വന്നപ്പോള് ഒരിക്കല് ഫോണിന്റെ മറ്റേ തലക്കല്.

“നീയെന്നതാ ഈ ഭ്രാന്തു പറയണത്…. ചാച്ചനെ ഇവിടെ തനിച്ചാക്കീട്ട് എന്നോട് അമേരിക്കയ്ക്ക് വരാനോ!!!… നിന്നോടിതു പറയാനായിട്ട് ഞാന് പല പ്രാവശ്യം തുനിഞ്ഞതാ… ഇനി എന്നോടിത് പറയരുത്..”

എത്രയോ പ്രതിബന്ധങ്ങളെ പടവെട്ടി അതിജീവിച്ച്, തന്റെ ബാല്യകാല സഖോയുമായി ജീവിക്കാന് കഴിഞ്ഞ മഹാഭാഗ്യം, ആ ഓര്മ്മകള് അയവിറക്കീ തന്റെ അന്ത്യം വരെ ഈ കൊച്ചു ഗ്രാമത്തില് കഴിയണമെന്ന ആഗ്രഹത്തിനു ഞങ്ങളാരും പിന്നീട് ഒന്നും പറഞ്ഞിരുന്നില്ലാ………

സമുദായ തര്ക്കത്തിന്റെ വിഷപ്പുകയില് വെന്തു കരിഞ്ഞ് പോകുമായിരുന്ന ഗ്രാമം, ജന്മാന്തര കുടുംബ ബന്ധങ്ങളില് അസൂയപ്പെടുത്തിയിരുന്ന ഒരു ദേശം… തീ കത്തി പടരാതെ,. വെള്ളമൊഴിച്ച് കെടുത്താന് രാപകലില്ലാതെ ഉണര്ന്നിരുന്ന ഒരു സ്ത്രീ… എന്നന്നേയ്ക്കുമായി പൊട്ടിപ്പോകുമെന്ന് ഭയന്നിരുന്ന കുടുംബ ബന്ധങ്ങളുടെ കണ്ണികള് വീണ്ടും വീണ്ടും വിളക്കിച്ചേര്ക്കുകയായിരുന്നു. അതു തന്റെ രക്തം ദാനം ചെയ്തിട്ടു തന്നെ. ഒരു തീപൊരി മാത്രം മതിയാകുമായിരുന്നു പല സന്ദര്ഭങ്ങളിലും ബന്ധങ്ങളെല്ലാം കത്തി ചാമ്പലാകാന്..

ഫ്ളൈറ്റ് നെടുമ്പാശ്ശേരിയില് എത്തി. തത്രപ്പെട്ട് പുറത്തിറങ്ങി വന്നപ്പോള് പതിവുപോലെ പ്രദീപ് വണ്ടിയുമായി എത്തിയിട്ടുണ്ട്. അനിയത്തി കണ്ണു തുടച്ച് മുഖത്തൊരു പുഞ്ചിരി വരുത്താന് ശ്രമിക്കുന്നതു കാണാമായിരുന്നു.

“ഇന്നു വൈകുന്നേരം മുന്നു മണിക്കാ വീട്ടിലെ പ്രാര്ത്ഥന, നാലു മണിക്ക് പള്ളീലും”…..പ്രദീപ് പറഞ്ഞു നിര്ത്തി.

“അപ്പോ ഞാമ്മ പോയില്ലേ….പോയില്ലേ കുഞ്ഞാഞ്ഞേ…പോയില്ലേ പ്രദീപേ…?” അനിയത്തി അലമുറയിടാന് തുടങ്ങി. അവളോട് സത്യം മുഴുവന് പറഞ്ഞിരുന്നില്ല.. ചിലപ്പോള് ഐസിയുവില് തന്നെയായിരിക്കുമെന്ന പ്രതീക്ഷയും എന്റെ ഉള്ളിലും ഉണ്ടായിരുന്നു… ഇല്ല….സ്വപ്നമല്ല…ഞാമ്മ പോയി…..

പ്രിയതമന്റെ വേര്പാടിന്റെ ഇരുപത്തഞ്ചാം വാര്ഷികമെത്തുന്നു. വല്യ ആഘോഷമായി, കേമമായി നടത്തണണെന്ന് ബന്ധുക്കളും, പള്ളിക്കാരും, സുഹൃത്തുക്കളും, ഇവിടെന്ന് ഞങ്ങളും വിളിച്ചു പറഞ്ഞിരുന്നു..

‘ചാച്ചന് മരിച്ചതിനുശേഷം ഇതുവരെ വീട്ടില് ആഘോഷങ്ങളൊന്നും നടത്തിയിട്ടില്ലല്ലോ. ഇത് നമ്മക്ക് കേമമാക്കണം. എല്ലാരേം വിളിച്ച് നല്ല ഭക്ഷണം കൊടുക്കണം’ ബന്ധുക്കള് ഉപദേശിച്ചു.

പക്ഷേ, ആ ദിവസം എത്തുന്നതിന് ഒരാഴ്ച മുമ്പ് അമ്മയുടെ ഒരു ഫോണ് കോള്.

“നീയെന്നേ ഒന്നിങ്ങോട്ടു വിളിച്ചേ…ഒന്നു രണ്ടു കാര്യങ്ങള് പറയാനുണ്ട്”..

ഓര്മ നടത്തുന്നതിന്റെ വിഭവങ്ങളുടേയും വിളിക്കുന്നവരുടേയും വിവരങ്ങള് പറയാനായിരിക്കുമെന്ന് ഞാന് കരുതി ഞങ്ങളാണെങ്കില് ടിക്കറ്റെല്ലാം ബുക്കു ആഘോഷത്തിനായി പോകാന് തയ്യാറായിട്ടിരിക്കുന്നു.

വിളിച്ചപ്പോഴാണ് ഇടിവെട്ടുപോലെ ഒരു കല്പന!!

“ചാച്ചന്റെ ഇരുപത്തഞ്ചാം ഓര്മ്മയ്ക്ക് ഒരു ആഘോഷവും വേണ്ടെന്ന് ഞാനങ്ങു നിശ്ചയിച്ചു. മറിച്ചെന്നോടൊന്നും നീ പറയരുത്. ചുമ്മാ കൊറേ സദ്യേം നടത്തി വല്യാഘോഷം കാണിച്ചിട്ട് ആര്ക്ക് എന്നാ. നേടാനാ… ആരെ കാണിക്കാനാ?…ഇവിടെ ഈ ഭാഗത്തെല്ലാടത്തും ഒരു നിവൃത്തിയില്ലാത്ത രോഗികളാ മുഴുവന്…..അവര്ക്കീ കാശുകൊണ്ട് നല്ലൊരു ഭക്ഷണം കൊടുക്കാന് ഞാനങ്ങു തീരുമാനിച്ചു. ഞാനതിന്റെ ഏര്പ്പാട് പഞ്ചായത്തിലെ പാലിയേറ്റീവിന്റെ ചാര്ജ്ജുള്ള മെമ്പര് മോളിയെ ഏല്പ്പിച്ചു.”

സുപ്രീം കോടതിയുടെ ഫുള് ബെഞ്ചിന്റെ വിധി പോലയാണ് ചില കാര്യങ്ങളില് അമ്മ. ഇറക്കുന്ന കല്പനകള്ക്ക് അപ്പീലിനു പോയിട്ടും ഒരു കാര്യവുമില്ലെന്നറിയാം. പിന്നീടാണ് അറിഞ്ഞത് വല്യ ദുര്ഘടം പിടിച്ച വെട്ടുവഴിയില് കൂടി ഒരു ഓട്ടോറിക്ഷാ പോലും കയറിച്ചെല്ലാത്ത മലമുകളിലെ വീടുകളില് അമ്മ മോളിയേയും കൂട്ടി ഭക്ഷണപ്പൊതികളുമായി പോയിരുന്നു എന്ന്. കാലിന്റെ മുട്ട് മാറ്റിവെച്ച ഓപ്പറേഷന് കഴിഞ്ഞിട്ട് അധിക മാസങ്ങളൊന്നും ആയിരുന്നില്ല. ആരൊക്കെയോ എടുത്താണ് അവിടെ എത്തിയതു പോലും.

“മക്കളാരും അറിയരുത് ഞാനിവിടെ വന്നു എന്നത്. അവരറിഞ്ഞാല് വല്യ ബഹളമുണ്ടാക്കും. കാലു മുട്ട് മാറ്റി പതുക്കെ ശരിയായി വരുന്നതെയുള്ളു.” എന്ന് മെമ്പര് മോളി പിന്നീട് പറഞ്ഞിരുന്നു.

“ഈ സാഹസിക മലകയറ്റ”ത്തിന്റെ വാട്സ്സാപ്പ് മെസ്സേജുകളും പിന്നീട് അയച്ചു കിട്ടി!.

ജീവിതം നാടകത്തിന്റെ അവസാന രംഗത്തിന്റെ അണിയറ ഒരുക്കങ്ങള്.

പള്ളിയിലേക്കുള്ള അന്ത്യയാത്രയുടെ തയ്യാറെടുപ്പ്. അനിയത്തി കണ്ണുതുടച്ച് എന്റെ അടുത്തു വന്നു പറഞ്ഞു.

“കുഞ്ഞാഞ്ഞേ, ഞാമ്മയെ മ്മക്ക് പാടത്തിന്റെ അരീക്കൂടെയുള്ള വരമ്പത്തുക്കൂടി പള്ളീട്ടുകൊണ്ടുപോകാം. അതീക്കുടെ അല്ലാര്ന്നോ കൊച്ചിലെ മ്മളും ഞാമ്മേടെ കയ്യേ തൂങ്ങി പള്ളീ പോകാറ്”.

എല്ലാവരും എതിര്ത്തു.

“ആ വഴി മുഴുവന് ചെളി നിറഞ്ഞു കിടക്കാ….ആമ്പുലന്സ് പോകില്ല. എല്ലാരും നടക്കണം. ഗായക സംഘക്കാര് കൂടെ വരില്ല. കൊടേം കുരിശും ഒക്കെ മുന്നില് പോകണം.”

അനിയത്തി സമ്മതിച്ചില്ല. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്ക്കു മുമ്പില് ആരും പിന്നീടൊന്നും പറഞ്ഞില്ല. ബന്ധുക്കള് പെട്ടിയുടെ നാലു വശത്തും പിടിച്ച് പള്ളിയിലേക്ക് പുറപ്പെട്ടു. അമ്മ വെള്ളമൊഴിച്ച് നട്ടുവളര്ത്തിയ തെങ്ങിന് തൈകള് പീലി വിടര്ത്തിയാടി അന്ത്യാഞ്ജലി അര്പ്പിക്കുന്നു. വയലിലേക്കുള്ള കരിങ്കല് പടവുകള് ഇറങ്ങി…ചെങ്കതിര്വിരിയിച്ച് വിളഞ്ഞു നില്ക്കുന്ന നെല്പാടത്തിലേക്ക്… വിളഞ്ഞു കൊയ്യാറായി നില്ക്കുന്ന പാടത്തില് കൂടിയുള്ള ഇടുങ്ങിയ വരമ്പത്തുകൂടി…. സായാഹ്ന മാരുതനില് സ്വര്ണ്ണച്ചാമരം വിരിയിച്ച് നെല്വയല്…. നെല്ക്കതിരുകള് പെട്ടിയില് തട്ടി ഉതിര്ന്ന് അമ്മയുടെ ദേഹത്തു മുഴുവന്.. അന്ത്യചുംബനം അര്പ്പിച്ച് പെട്ടിയ്ക്കുളളിലെല്ലാം നെല്മണികള്.

അനിയത്തി ഐഫോണെടുത്ത് സ്വരം കുറച്ച് ഒരു പാട്ടിട്ട് അമ്മയുടെ ചെവിയുടെ അടുത്തു വയ്ക്കുന്നതു കണ്ടു.

“മരണമെത്തുന്നനേരത്തു….” മൃദുലമായി ആ കവിത നിറഞ്ഞു നിന്നു. അമ്മയുടെ ശബ്ദം തന്നെയാണല്ലോ അത്!!…

“പ്രവാസത്തിന്റെ മാസ്മരികതയില് പെട്ട് ഈ നാടുമറക്കല്ലെ എന്റെ പൊന്മക്കളേ….ഞങ്ങളു മരിക്കുമ്പോഴെങ്കിലും ഇങ്ങോട്ടൊന്നു വരണേ…” എന്ന് ഓര്മ്മിപ്പിച്ച് അമ്മ പാടി കേള്പ്പിക്കാറുള്ള കവിത!

അമ്മയുടെ മരവിച്ച കൈവിരലുകള് കോര്ത്തു പിടിച്ച് അനിയത്തി പെട്ടിയുടെ ഒപ്പം നടന്നു നീങ്ങുന്നു.

“കുഞ്ഞിലേ ഞാമ്മടെ കയ്യേ തൂങ്ങി…”

അതുവരെ നിയന്ത്രിച്ചിരുന്ന എന്റെ കണ്ണുകള് തുരുതുരെ നിറഞ്ഞ് തുളുമ്പിപ്പോയി….

പള്ളിയില് ചെന്ന് അന്ത്യ ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് നെല്മണികളെല്ലാം മാറ്റി പെട്ടി വൃത്തിയാക്കാന് വന്ന ബന്ധുവിനോട് അനിയത്തി സ്വരം താഴ്ത്തി പറഞ്ഞു.

“അതവിടെ തന്നെ കിടന്നോട്ടെ ചേട്ടായി….അതെടുത്ത് മാറ്റേണ്ട. പ്രിയപ്പെട്ടവനെ അടക്കിയ അതേ കല്ലറയിലേക്കാണല്ലോ യാത്ര അവസാനിപ്പിക്കുന്നത്…ഈ വിത്തുകള് അവിടെ കിടന്ന് മുളയ്ക്കട്ടെ…കതിരായി നൂറു മേനി വിളയട്ടെ..”
***
അമ്മ വിടപറഞ്ഞുപോയിട്ടു വര്ഷംങ്ങൾ ഒന്നൊന്നായി പൊഴിഞ്ഞൂപൊയ്ക്ക്കൊണ്ടിരിക്കുന്നു..
വേര്പാടിന്റെ ഒന്നാമാണ്ടിന്റെ ചടങ്ങുകള് കഴിഞ്ഞു തിരികെ പോരുന്ന സായാഹ്നത്തില് ഒരിക്കല് കൂടി കബറിങ്കല് പോയി.

കല്ലറയില് തലോടി ലാളിച്ചിട്ട്, മെല്ലെ മുഖമമർത്തി മൃദുവായി ചോദിച്ചു.

‘സുഖാര്ന്നോമ്മേ, കഴിഞ്ഞ ഒരു വര്ഷം?
ഒരു വർഷം നിത്യകാമുകന്റെ കൂടെ രാവും പകലും..

എന്ത് ഭാഗ്യവതി.. അസൂയ ട്ടോ ..”

“പോടാ..” മറുപടി..

ശ്മശാനത്തിന്റെ കരിങ്കല് പടവുകള് കയറി പ്രവേശന കവാടത്തില് ഒരുനിമിഷം നിന്നു….

തിരിഞ്ഞു നോക്കാന് ശക്തിയില്ലായിരുന്നതിനാല് കൈകാട്ടി ”റ്റാറ്റാ” പറയാനെ ആയുള്ളൂ..

മുമ്പോക്കെ തിരിച്ചിങ്ങോട്ട് പോരുമ്പോള് കാറിലേക്ക് കയറുന്നതിനു മുന്പുള്ള ആര്ദ്ര നിമിഷങ്ങളില് സംയമനം പാലിച്ചു പറയാറുള്ളത് ഉള്ളില് തെളിഞ്ഞുവന്നു…..

“പോട്ടേട്ടോ മ്മേ…ലേറ്റ് ആയി… എയര്പോര്ട്ടിലെത്താന് ഇനി രണ്ടു മണിക്കൂര് പിടിക്കും… മരുന്നെല്ലാം മറക്കാതെ കഴിച്ചേക്കണേ.. ഭക്ഷണോന്നും കഴിക്കാതെ നടന്നേ ക്കണം!.. പിന്നേ, ഞങ്ങളാ കൊണ്ടു തന്ന ‘കോസ്റ്കോ’ യിലെ മൾട്ടി-വിറ്റാമിന് ഗുളികേം മറക്കണ്ടാട്ടോ….ചെന്നിട്ടു വിളിക്കാം..”.

കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തിട്ടു പെട്ടെന്ന് കാറില് കയറി ഡോറടക്കും..
തുളുമ്പിയ കണ്ണുകള് അമ്മ കാണരുത്… കാറനങ്ങാന് തുടങ്ങുമ്പോള് ചില്ലു പകുതി താഴ്ത്തി തല

തിരിക്കാതെ കൈ പുറത്തേക്കിട്ട് വീശും….

ഇലഞ്ഞിക്കണ്ടത്തിന്റെ വളവും തിരിഞ്ഞു പാറക്കാട്ടൂ താഴത്തെ കുഞ്ഞുമ്മയുടെ വീടുകഴിഞ്ഞുള്ള കയറ്റവും കയറി മറയുന്നതു വരെ അമ്മക്കണ്ണുകള് കാറിനോടൊപ്പമുണ്ടെന്നറിയാം. അല്ല, ആ കണ്ണുകള്

‘ഇവിടെയെത്തി നീ വിളിക്കുന്നതുവരെ ഇമ വെട്ടാതെ കൂടെയുണ്ടെ’ന്നൊരിക്കല് പറഞ്ഞിരുന്നു….

“പള്ളീടെ മുമ്പിലെ രണ്ടു കുരിശിങ്കിലും ഈ പൈസാ ഇട്ടേരേ..”

പോരുന്നതിനു മുന്പുള്ള പ്രാര്ത്ഥന കഴിഞ്ഞു എന്നും കയ്യില് വെച്ചുതരാറുള്ള രണ്ടു നോട്ടുകള്…….

“പള്ളീടടുത്തെത്തുമ്പോ ചാച്ചനവിടെ ഉറങ്ങണണ്ടെന്നോര്ക്കണം… പ്രാര്ത്ഥിക്കാന് മറക്കണ്ട…നീ പോണതു കാണാന് നോക്കിയിരിക്കും…..”

മുഴുവന് പറഞ്ഞു തീര്ക്കാനാകാറില്ല…

രണ്ടു വ്യാഴവട്ടം മുന്പ്, വിധിയുടെ കൂരമ്പേറ്റ് തന്നില് നിന്നും അടര്ന്നുവീണു യാത്ര പറഞ്ഞു പോയ തന്റെ നിത്യകാമുകന്റെ വിയോഗത്തില് തളരാതെ പിടിച്ചു നിന്നു ഇക്കാലമത്രയും…

ആഴ്ച്ചയിലൊരിക്കെലെങ്കിലും കബറിങ്കല് പോയി വിശേഷങ്ങള് പറഞ്ഞു കേള്പ്പിക്കും…. ചിലപ്പോള് ആവലാതിയും.. ചിലപ്പോൾ കരച്ചിലും…

“യെന്നെയിങ്ങനെ ഒറ്റക്കാക്കീട്ടു ചാച്ചനെന്തിനാ ഇത്ര നേരത്തേ പോയത്?.. നിങ്ങളൊരു ഭാഗ്യവാനാ…ഒന്നും കാണണ്ടാല്ലോ….ഞാന് കിടന്നിങ്ങനെ ചക്രശ്വാസം വലിക്കണ കണ്ടിട്ടെന്നാ ഒരക്ഷരം മിണ്ടാത്തേ…….!”

വിധി എന്ന വില്ലനറിഞ്ഞിരുന്നില്ല തന്നേക്കാള് എത്രയോ ശക്തയോടാണ് മല്പിടിത്തത്തിനു ഗോദാവിലിറങ്ങിയതെന്നു!

ദാവീദെന്ന ആട്ടിടയ ബാലനെ കണ്ടു ഗോലിയാത്തെന്ന മല്ലന് കളിയാക്കി ചിരിച്ചതു പോലെ… ബാല്യം മുതല് അവസാനം അടുക്കളയില് മറിഞ്ഞു വീണു അന്ത്യ ശ്വാസം വരേ പൊരുതി നിഷ്കരുണം തോല്പ്പിച്ചത് രാവണന്മാരെയായിരുന്നു.

പള്ളിമണിയുടെ മുഴങ്ങുന്ന ശബ്ദം ഓര്മ്മകളില് നിന്നുണര്ത്തി.. തൊണ്ണൂറു കഴിഞ്ഞ കുഞ്ഞുഞ്ഞു കപ്യാര് ഇപ്പോഴും മുടക്കമില്ലാതെ രണ്ടു നേരവും പള്ളിമണിയടിക്കുന്നു. അതിതുവരെയും ഒരിക്കലും തെറ്റിച്ചിട്ടില്ലത്രേ!

പോയിവരട്ടെ അമ്മേ… കാലചക്രത്തിന്റെ പ്രയാണത്തില്… അനന്തമായ കാലപ്രവാഹത്തില്….ഓര്മ്മകളുടെ വലിയൊരു ഭാണ്ഡവും പേറി…..ഞാന് പോയിവരട്ടെ…. തിരിഞ്ഞു നോക്കാതെ… പോയിവരട്ടേ……
****************************
ശോശപ്പ – വി, കുര്ബ്ബാനയില് അപ്പവീഞ്ഞുകളെ മൂടാന് ഉപയോഗിക്കുന്ന വെള്ള വസ്ത്രം. മരിച്ചവരുടെ കബറടക്കിത്തിനു മുമ്പ് മുഖം മൂടുന്ന പാരമ്പര്യത്തിനും ഇത് ഉപയോഗിക്കുന്നു.
** *** **
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
-റഫീക്ക് അഹമ്മീദ്
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...