നിജ ബെന്നി
നമ്മുടെ ജീവിതത്തില്‍ എറ്റവും വിലപ്പെട്ടത് എന്താണ് എന്ന ചോദ്യത്തിനു പലര്‍ക്കും വ്യത്യസ്തമായ ഉത്തരമായിരിക്കും ഉണ്ടാവുക. ഒരു കൊച്ചു കുട്ടിയോടു ചോദിച്ചാല്‍ ഒരുപക്ഷെ അത് അവനു പുതുതായി കിട്ടിയ കളിപ്പാട്ടമായിരിക്കാം. ഇനി ഇതേ ചോദ്യം ഒരു കോളജ് വിദ്യാര്‍ത്ഥിയോടു ചോദിച്ചാല്‍ ഒരു പാട് ആഗ്രഹിച്ചു വാങ്ങിയ ഏറ്റവും പുതിയ മോഡല്‍ ഫോണായിരിക്കാം മറുപടി.. ഒരു കുടുംബനാഥനോടു ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ ജോലിയായിരിക്കാം വിലപ്പെട്ടത്. ഇനി ഒരു വീട്ടമ്മയോടു അതേ ചോദ്യം ആവര്‍ത്തിച്ചാല്‍ അവരുടെ കുടുംബമായിരിക്കാം അവര്‍ക്ക് ഏറ്റവും വിലപ്പെട്ടത്. ഇങ്ങനെ ഓരോ വിഭാഗത്തിനും അവരവവരുടെ ജീവിത മൂല്യങ്ങള്‍ വ്യത്യസ്തമായിരിക്കും.
ജീവിതം സന്തോഷപ്രദമാകണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് പലരുടെയും ജീവിതം പരാജയത്തില്‍ കലാശിക്കുന്നു. ജീവിതത്തില്‍ ഏറ്റവും അമൂല്യമായതു ദൈവം ദാനമായി തന്ന നമ്മുടെ ജീവിതം തന്നെയാണ്. അതുകൊണ്ട് അതു മികച്ചതാക്കാന്‍ നാം ശ്രദ്ധിച്ചേ മതിയാകൂ. അങ്ങനെ നമ്മുടെ ജീവിതത്തെ മികച്ചതാക്കാന്‍ ചില വഴികളുണ്ട്.
അതില്‍ ആദ്യത്തെ പടി സ്വയം അംഗീകരിക്കുകയെന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവര്‍ എന്നെ മനസ്സിലാക്കുന്നില്ല എന്നു പറഞ്ഞ് വിലപിക്കുന്നവരുടെ പ്രധാന പ്രശ്നം സ്വയം അംഗീകരിക്കുന്നില്ല എന്നതു തന്നെയാണ്. അതുകൊണ്ട് ആദ്യം സ്വയം അംഗീകരിക്കുക, പിന്നാലെ അര്‍ഹിക്കുന്ന എല്ലാ അംഗീകാരവും വന്നുചേരും.
ഓരോ ദിവസവും വിലപ്പെട്ടതാണ്. ശരാശരി മനുഷ്യന്‍റെ ആയുസ്സ് 80 വയസ്സുവരെയാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഭൂമിയിലുള്ള ഓരോ ദിവസവും വളരെ വിലപ്പെട്ടതാണ്. ഇന്നു നിങ്ങള്‍ക്കു സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ പിന്നീടൊരിക്കലും ലഭിച്ചെന്നു വരികയില്ല. ക്ഷമയോടും ഉത്സാഹത്തോടും കൂടി പരിശ്രമിച്ച് ഓരോ ദിവസവും വിലപ്പെട്ടതാണെന്നു മനസ്സിലാക്കി സന്തോഷം കണ്ടെത്തണം.
സമയം പാഴാക്കരുത്. സമയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇനി ബോധവല്‍ക്കരിക്കേണ്ട ആവശ്യമില്ലല്ലോ. എത്ര സമയം ലഭിച്ചു എന്നതല്ല, ലഭിച്ച സമയം എങ്ങനെ വിനിയോഗിച്ചു എന്നുള്ളതാണ് പ്രധാനം.
ആഗ്രഹങ്ങളെ നിയന്ത്രിക്കുക. ആഗ്രഹങ്ങള്‍ പല തരത്തിലുണ്ട്. അതില്‍ ഏറ്റവും കുഴപ്പം പിടിച്ച ഒന്നാണ് മറ്റൊരാളെ പോലെ ആകുവാന്‍ ആഗ്രഹിക്കുകയെന്നത്. മറ്റൊരാളുടെ ജീവിതത്തിലേക്ക് നോക്കുന്പോള്‍ അല്ലെങ്കില്‍ ഒരു വ്യക്തിയെപ്പോലെ ആകുവാന്‍ ശ്രമിക്കുന്പോള്‍ നമ്മുടെ വ്യക്തിത്വമാണ് ഇല്ലാതാകുന്നത്. അതുകൊണ്ട് ബാലിശമായ ആഗ്രഹങ്ങള്‍ മനസ്സില്‍ വളരാന്‍ ഒരിക്കലും അനുവദിക്കരുത്.
സ്നേഹിക്കുക. പരസ്പരം സ്നേഹിക്കുക, നിസ്വാര്‍ത്ഥമായി, കുറ്റപ്പെടുത്താതെ ആരാണു വലുത്, ആരാണു ചെറുത് എന്ന ഭാവമില്ലാതെ സ്നേഹം വാക്കിലും പ്രവര്‍ത്തിയിലും പ്രകടമാക്കാന്‍ ശ്രമിക്കുക.
പരാജയത്തെ ഭയപ്പെടരുത്. പരാജയങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. വീഴാതെ നടക്കാന്‍ പഠിക്കുക അസാധ്യം. മൂര്‍ച്ചയാകാതെ പെന്‍സില്‍കൊണ്ട് എഴുതാന്‍ സാധിക്കുമോ.
പരാജയം പുതിയ തിരിച്ചറിവുകളുടെ ആദ്യപടിയാണ്.
ദൈവത്തില്‍ വിശ്വസിക്കുക. നമ്മുടെ ജീവിതമൂല്യങ്ങളെ തിരിച്ചറിയാന്‍ ഏറ്റവും അത്യാവശ്യം ദൈവ വിശ്വാസമാണ്. സൃഷ്ടിച്ചവന്‍ വഴി നടത്തും എന്ന് ഉറച്ച് വിശ്വസിക്കു. ദിവസവും അല്‍പ്പസമയമെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ കണ്ടെത്തുക. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം ജീവിതം ഫലപ്രദമാക്കിത്തീര്‍ക്കും.
ഈ കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഓരോ നിമിഷവും അമൂല്യമായിത്തീരും.
തിരിച്ചറിയും ഓരോ നിമിഷവും.”