ഭാഗം 10, പഴമയുടെ തിരുശേഷിപ്പുകള്‍
ഭൂതകാലങ്ങളില്‍ പ്രൌഡിയോടെ തലയുയര്‍ത്തി നിന്ന പല വസ്തുതകളും ആധുനികതയുടെ കടന്നുവരവോടുകൂടി കാഴ്ചയില്‍ അഭംഗി ജനിപ്പിക്കുകയും പൂര്‍ണ്ണമായോ അല്ലെങ്കില്‍ ഭാഗികമായോ തകര്‍ക്കപ്പെടുകയും പുതുതലമുറയ്ക്ക് ആ ദൃശ്യങ്ങള്‍ എന്നേക്കും അന്യമായി തീരുകയും ചെയ്തു. ഒരുപക്ഷേ മാഞ്ഞുപോയ ഓരോ ദൃശ്യങ്ങളും ഒരിക്കല്‍ക്കൂടി കടന്നുവന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാത്ത ഒരാളുപോലുമുണ്ടാവില്ല പോയ കാലത്തിന്‍റെ പ്രതിനിധികളില്‍. കഴിഞ്ഞു പോയ തലമുറയുടെയും പുതു തലമുറയുടെയും ഇടയിലുള്ള സംക്രമണ ഘട്ടത്തില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ക്കിടയില്‍ മുന്‍തലമുറ കൂടെ കൊണ്ടുപോയത് ഒരു സംസ്ക്കാരത്തെയും കൂടിയായിരുന്നു. ഒരു നാളില്‍ ഒരു ജനതയുടെ മുഴുവന്‍ സഹായഹസ്തങ്ങളായിരുന്ന പലതുമിന്നു ജീര്‍ണ്ണാവസ്തയിലോ നാമാവശേഷമോ ആയി വിസ്മൃതിയുടെ ചവറ്റുകൂനയിലേക്കു തള്ളപ്പെട്ടിട്ടുണ്ട്.
ശിലായുഗത്തിന്‍റെ തിരുശേഷിപ്പുകള്‍ എന്നു കരുതാവുന്ന പലതും നമ്മുടെ കണ്‍മുമ്പില്‍ ഉണ്ടായിട്ടും ചരിത്ര പുസ്തകത്തിന്‍റെ താളുകളില്‍ നിന്നും മാത്രം അവയെ മനസ്സിലാക്കിയെടുക്കേണ്ടി വരുന്ന പുതുതലമുറയോടു തോന്നുന്ന വികാരം സഹതാപം മാത്രമാണ്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത സ്ഥലനാമവും നടന്നോ വാഹനത്തിലോ താണ്ടുവാന്‍ ഇനിയുമുള്ള ദൂരവും അടയാളപ്പെടുത്തിയ മൈല്‍ക്കുറ്റികള്‍ പാതകള്‍ക്കിരുവശവും ഏതു നാട്ടിലും എന്നതുപോലെ നമ്മുടെ നാട്ടിലും കാണാറുണ്ടായിരുന്നു. പല കുറ്റികളിലും മലയാളികള്‍ എന്നൂറ്റം കൊള്ളുന്ന നമുക്കു പോലും ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത മലയാള അക്കങ്ങള്‍ കൊത്തിവെച്ചിരുന്നു. സംഖ്യാ സമ്പ്രദായത്തില്‍ മലയാള അക്കങ്ങള്‍ക്ക് അന്നു കല്‍പ്പിച്ചു നല്‍കിയ സ്ഥാനം മറക്കാന്‍ പറ്റില്ല. കാലത്തിന്‍റെ തിരശീലയ്ക്കു പിന്നിലേയ്ക്കുള്ള പ്രയാണത്തില്‍ അന്നു പ്രചാരത്തിലിരുന്ന ആ അക്കങ്ങള്‍ കൂടി കടന്നുപോയിരിയ്ക്കുന്നു. പലയിടങ്ങളിലും ഇത്തരത്തിലുള്ള മൈല്‍ക്കുറ്റികള്‍ ഇപ്പോഴും ഒരു കാഴ്ചവസ്തു എന്നപോലെ കാണാമെങ്കിലും ആധുനികതയുടെ കടന്നുവരവ് അവയെ അപകടവസ്തു എന്ന പേരില്‍ മാത്രം കണക്കാക്കപ്പെടുന്നു.
വിസ്മൃതിയുടെ വിശാലതയിലേക്കു സ്വയം നടന്നുകയറിയ പഴമയുടെ മറ്റൊരു സംഭാവനയായിരുന്നു ചുമടുതാങ്ങികള്‍. ചന്തയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ക്കിടയില്‍ ഇതിനെപ്പറ്റി ഒന്നു സൂചിപ്പിച്ചിരുന്നു എങ്കിലും അരങ്ങത്തു നിന്നും അണിയറയിലേക്കും അവിടെ നിന്നും ഇങ്ങിനി വരാതവണ്ണമുള്ള യാത്രയിലേക്കും മടങ്ങിയ ആ ദൃശ്യം ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യുന്നത് ഉചിതമെന്നു തോന്നുന്നു. ഏതൊരു നാടിന്‍റെയും പുരോഗതിയുടെ വിധിയെഴുതുന്നത് അന്നാട്ടിലെ റോഡുകളുടെ വികസനവും സുസജ്ജമായ വാഹന സൌകര്യവുമാണ്. പുരോഗതി എന്നതു തലയുയര്‍ത്തും മുന്‍പുള്ള കാലത്തും മനുഷ്യന്‍ ജീവിച്ചിരുന്നില്ലേ എന്ന കൌതുകകരമായ ചോദ്യത്തിനു മുന്‍പില്‍ നിരത്താന്‍ ചില സത്യങ്ങള്‍ കൂടി അവശേഷിപ്പിക്കുന്നു ചരിത്രം. വാഹനഗതാഗതം നിലവില്‍ വരുന്നതിനും മുന്‍പുള്ള കാലങ്ങളിലും മനുഷ്യന്‍ ജീവിച്ചിരുന്നു, ജീവനോപാധിയായി പലതും ചെയ്തിരുന്നു, ചെയ്തിരുന്നതു പലതും പങ്കു വെച്ചിരുന്നു. എന്തും ചെയ്യാനുള്ള മനസ്സിന്‍റെ ധൈര്യം ആവേശം പകര്‍ന്നതു കാലുകള്‍ക്കാണ്. അങ്ങനെ യാത്രയ്ക്കുള്ള ഉപാധി കൂടിയായിരുന്നു കാലുകള്‍. ദീര്‍ഘദൂരം ചരക്കുകളും മറ്റും തലച്ചുമടായ് ഏറ്റവും അടുത്തുള്ള വാണിജ്യ കേന്ദ്രത്തിലേക്ക്, അതിനി എത്ര ദൂരമാണെന്നു പറഞ്ഞാലും, നടന്നു പോകുന്നവര്‍ക്ക് പാതയോരങ്ങളില്‍ നാട്ടി നിര്‍ത്തിയിരുന്ന ചുമടുതാങ്ങികള്‍ ഒരാശ്വാസം തന്നെയായിരുന്നു. ആ ആശ്വാസത്തെ പറഞ്ഞറിയിക്കുക അസാധ്യമാണ്. ഏകദേശം അഞ്ചോ ആറോ അടി ഉയരത്തില്‍ നാട്ടിയ രണ്ടു കരിങ്കല്ലില്‍ താങ്ങി നിര്‍ത്തിയ നീളമുള്ള മറ്റൊരു കല്ലു ചേര്‍ത്തുവെച്ചു നിര്‍മ്മിച്ച ചുമടുതാങ്ങികള്‍ അത്താണി എന്ന പേരിലും അറിയപ്പെടുന്നു. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട നിരവധി അത്താണികള്‍ കൊല്ലകടവിലും പരിസരപ്രദേശങ്ങളിലുമായി കണ്ടു വന്നിരുന്നു. ആലക്കോട്, ഞാഞ്ഞൂക്കാട്, ചെറുവല്ലൂര്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന അത്താണികളില്‍ പലതും ഇന്നു നമുക്കന്യമാണ്. പരസ്സഹായം കൂടാതെ ചുമടിറക്കി വയ്ക്കുന്നതിനോ വീണ്ടും തലയിലേറ്റുന്നതിനോ ഒക്കെ ഉപയോഗിക്കപ്പെട്ടിരുന്ന ചുമടുതാങ്ങികള്‍ നൂതന ഗതാഗത സൌകര്യങ്ങളുടെ വരവോടു കൂടി പാതയോരങ്ങളില്‍ നിന്നും അപ്രത്യക്ഷമായി. ആധുനികതയുടെ ലോകത്ത് അഭംഗിയുടെ അടയാളമായി മാറാൻ വിധിക്കപ്പെട്ട് പല ചുമടുതാങ്ങികളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. പഴഞ്ചിറയിലും നെടുവക്കാട്ടും ഇപ്പോഴും ചുമടുതാങ്ങികള്‍ കാണാം. ആലക്കോട് സ്ഥിതി ചെയ്തിരുന്ന അത്തരം ചുമടുതാങ്ങിയോട് ചേർന്ന് ഒരു കളത്തട്ടും (ഇന്ന് ആ സ്ഥലത്താണ് ആലക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നില്‍ക്കുന്നത്) നിലനിന്നിരുന്നു. സിമന്‍റ് പൂശി മിനുക്കിയ തറയിൽ ചീകിച്ചെത്തിയ തടിത്തൂണുകളിൽ താങ്ങി നിർത്തപ്പെട്ട മേൽക്കൂരയ്ക്കു കീഴിൽ ആർക്കും ആരുടെയും അനുവാദത്തിനു കാത്തുനിൽക്കാതെ വിശ്രമിച്ചു ക്ഷീണം തീർത്തു യാത്ര തുടരാമായിരുന്നു. ഇന്ന് അതും നമുക്കന്യം. തിരികെ കൊണ്ടുവരാന്‍ ആവാത്തവണ്ണം വിസ്മൃതിയിലേക്കു മടങ്ങിപ്പോയ ഭൂതകാല സമ്പത്തുകളുടെ കൂട്ടത്തിൽ കളത്തട്ട് എന്ന ആ ചെറിയ ഇടത്താവളവും ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായി.
പോയ കാലങ്ങളുടെ സ്മരണികകളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ എന്നോണം സ്ഥിതി ചെയ്യുന്ന വഴിക്കിണറുകളും നമ്മുടെ നാട്ടിലുണ്ടായിരുന്നു. ശേഖരിച്ചിരുന്ന വിവരങ്ങള്‍ എല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരു വ്യാപാരകേന്ദ്രം എന്ന നിലയില്‍ കൊല്ലകടവിന്‍റെ സ്ഥാനം എത്രമാത്രം ഉയരത്തിലായിരുന്നു എന്ന് നമുക്കു മനസ്സിലാക്കാം. നീണ്ട നാട്ടുപാതയും പാതവക്കിലെ ചുമടുതാങ്ങികളും ഇടത്താവളമായ കളത്തട്ടും വഴിക്കിണറുകളുമൊക്കെ കാണിക്കുന്നത് നമ്മുടെ ആഥിത്യമര്യാദ കൂടിയാണ്.
നരച്ച നാട്ടുപാതകളെ താണ്ടുവാന്‍ നമ്മുടെ പഴമക്കാര്‍ യാത്രയ്ക്കും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ഏറെ ആശ്രയിച്ചിരുന്നത് കാളവണ്ടിയെയോ ഉന്തുവണ്ടിയെയോ ഒക്കെയായിരുന്നു. കാളയുടെ കഴുത്തിലെ മണിയൊച്ചയും കുളമ്പടിത്താളങ്ങളും ഞെരിഞ്ഞമര്‍ന്നു പോകുന്ന ചക്രങ്ങളുടെ പരുക്കന്‍ ശബ്ദവും ഇടയിലെപ്പോഴോ കാളയ്ക്കു മേല്‍ വീഴുന്ന ചാട്ടവാറിന്‍റെ മൂളലും ഒക്കെ ചേര്‍ന്നുണ്ടാക്കുന്ന ആസുരതാളം നമ്മുടെ പാതകളില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു എന്നേക്കുമായി. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പു വരെ ദൃശ്യമായിരുന്ന ആ കാഴ്ചയും ആധുനികവല്‍ക്കരണത്തിനു വഴിമാറി. ഇന്നിപ്പോള്‍ കാളവണ്ടി ചക്രങ്ങളും കലപ്പയുമൊക്കെ പുരാവസ്തു ശേഖരങ്ങളുടെ കൂട്ടത്തില്‍ ചില്ലുകൂട്ടിലോ അതുമല്ലെങ്കില്‍ പുതുമയുടെ മോടികൂട്ടുന്ന പഴഞ്ചന്‍ വസ്തുക്കളായോ മാത്രം ഉപയോഗിക്കപ്പെടുന്നു. പഴമയുടെ പേരില്‍ പൊടിമൂടിക്കിടന്ന പലതും ഇന്ന് വെറും കാഴ്ച്ചവസ്തുക്കളായി രൂപാന്തരം സംഭവിച്ചു ദൃശ്യമാകുന്നു, അതും സമ്പന്നതയുടെ അടയാളമായി.