
പി. റ്റി. കോശി അച്ചന്‍
ഇന്ന് ഗാന്ധിജയന്തി! നമ്മുടെ രാഷ്ട്രപിതാവ്, മഹാത്മഗാന്ധിയുടെ 153-മത് ജന്മദിനം. ലോകം കണ്ടതില് വച്ചേറ്റവും വലിയ മനുഷ്യ സ്‌നേഹിയാണ് നമ്മുടെ രാഷ്ട്രപിതാവ്. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സഹാനുഭൂതി യുടെയും ആള്രൂപമായ ആ മഹാത്മാവാണ് നമ്മുടെ രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. അക്രമരാഹിത്യവും അഹിംസയും വെളിച്ചം പകര്ന്ന വഴിയിലൂടെ അദ്ദേഹം നയിച്ച ഇന്ത്യയ്ക്കുമുന്നില് ബ്രിട്ടീഷ് ആധിപത്യത്തിന്റെ തോക്കുകള് പരാജയം സമ്മതിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രചരിപ്പിച്ച ആ മഹാ പ്രതിഭയുടെ ജന്മദിനമാണ് ഗാന്ധി ജയന്തി എന്ന പേരിൽ നാം കൊണ്ടാടുന്നത്. ലോകം മുഴുവന് രാജ്യങ്ങള് തമ്മിലുള്ള യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും കൊണ്ട് കലുഷിതമായപ്പോള്, നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിയുടെ അഹിംസ മാത്രമാണ് ലോക സമാധാനത്തിനുള്ള സിദ്ധൗഷധമെന്ന തിരിച്ചറിവ് ഐക്യരാഷ്ട്ര സഭയ്ക്കുണ്ടായി. അതില് നിന്നാണ് 2007 മുതല് ഒക്‌ടോ.2, അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന് തീരുമാനിച്ചത്. (ഗൂഗിൾ).
അങ്ങനെ തീരുമാനിച്ച UNO യ്ക്ക് അഭിവാദനങ്ങൾ! തത്വങ്ങൾ അംഗീകരിക്കുന്നു എന്ന് പറഞ്ഞാൽ അത് ശരിയെന്ന് നാം സമ്മതിക്കുകയും അവ നമ്മുടെ ജീവിതത്തിൽ പകർത്തുവാൻ സമർപ്പിക്കുകയുമാണ്. പക്ഷേ, ‘എനിക്കത് ബാധകമല്ല’ എന്നതാണ് ചിലരുടെ മനോഭാവം. അതെത്ര സങ്കടം! “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ കാര്യം മാത്രമാണോ? നമ്മുടെ ജീവിതവും അങ്ങനെയാകണമെന്ന് നമ്മെ അനുസ്മരിപ്പിക്കുകയല്ലേ? അങ്ങന ജീവിതം മഹത്തായ സന്ദേശം ആക്കുവാൻ ഈ ദിനാചരണം നമ്മെ ശക്തീകരിക്കട്ടെ എന്ന് ആശംസിക്കുന്നു! പക്ഷേ പലർക്കും അങ്ങനെയാവാൻ ഇഷ്ടമില്ല എന്നുമാത്രമല്ല, തങ്ങൾക്ക് അതിനു കഴിയുകയുമില്ല എന്ന ഭാവമാണ് പുലർത്തുന്നത്? അങ്ങനെയെങ്കിൽ ഈ ദിനാചരണം അർത്ഥരഹിത മാവില്ലേ?
രാഷ്ട്രമായോ സമൂഹമായോ നാം കൊണ്ടാടുന്ന ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് അതിനനുസരണമായി നമ്മുടെ ജീവിതം ക്രമീകരിക്കുവാൻ നമുക്ക് സാദ്ധ്യമാവണ്ടേ? ഗാന്ധിജിയുടെ സിദ്ധാന്തങ്ങളെ അവഗണിച്ച് ഗാന്ധിദിനം കൊണ്ടാടുന്നത് ആ മഹാത്മാവിനെ അപമാനിക്കുന്ന തിനു തുല്യമല്ലേ? കേവലം ഒരു ദിവസം അവധി പ്രഖ്യാപിച്ചതു കൊണ്ട് ആ ജീവിതത്തിന്റെ മാഹാത്മ്യം ഉയർത്തി കാട്ടുവാൻ ആവുമോ? ഗാന്ധി ജയന്തി മാത്രമല്ല, എല്ലാ നല്ല ദിവസങ്ങളും നല്ല പ്രമാണങ്ങളും അർത്ഥപൂർണ്ണമായ വിധം ആചരിക്കാൻ നമുക്ക് സാധിക്കണം. ചിലപ്പോൾ തങ്ങൾ ചെയ്യുന്ന പ്രതിജ്ഞകൾ പോലും പലരും വിസ്മരിക്കാറുണ്ട് അഥവാ അവഗണിക്കാറുണ്ട്! ഇവിടെ നാം ശരി എന്ന് അംഗീകരിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി തീർക്കുവാൻ കഴിയണം. ആഘോഷങ്ങളിലൂടെയല്ല, ജീവിത ക്രമീകരണങ്ങളിലൂടെയാണ് എല്ലാ നല്ല കാര്യങ്ങളും ദിനാചരണങ്ങളും അർത്ഥപൂർണ്ണമാക്കേണ്ടത്. അപ്പോൾ മാത്രമേ, ജീവിതം സന്ദേശമായി തീരുകയുള്ളൂ. ഗാന്ധിജിയെ പോലെ നമ്മുടെ ജീവിതവും ലോകത്തിനുള്ള നന്മയുടെ സന്ദേശമായി തീരുവാൻ ഈ ഗാന്ധിജയന്തി ദിനത്തിൽ നമുക്ക് നമ്മെ സമർപ്പിക്കാം.
+ 91 9495913953