മുടിയനായ അപ്പൻ – കഥ – ബെന്നി

Date:

മുടിയനായ അപ്പൻ – കഥ 
-ബെന്നി

ണ്ടു മക്കൾക്ക് ഒരു അപ്പൻ ഉണ്ടായിരുന്നു.

അപ്പൻ ഇളയ മകനോട്. ‘എടാ മകനേ… നീയെന്നെ എപ്പോഴും വല്ലാതെ നാണം കെടുത്തുന്നു എന്ന് അറിയില്ലയോ? എന്റെ മുഖത്ത് നീ കരി വാരിതേക്കുന്നു…

സ്കൂളിലെ മിഡ്-ടേം എക്സാമിന് ഒരു മാർക്കാണ് ഇംഗ്ലീഷിന് നിന്റെ ബന്ധുവിനേക്കാൾ കുറഞ്ഞത്! എല്ലാ ദിവസവും നിന്നെ കൂടെയിരുത്തി ചൂരലിന്റെ രുചിയിൽ വായിപ്പിക്കുകയും, സ്കൂളിൽ നിന്നുള്ള കുറിപ്പുകൾ വായിച്ചിട്ട് നിനക്കായ് വേണ്ട ‘ശിക്ഷ’ണം തരുകയും ചെയ്തിരുന്നല്ലോ?

നിന്റെ കൈയ്യക്ഷരം നന്നാക്കാൻ കൈവിരലുകൾക്ക് ആവശ്യമായ ചൂരലുമ്മ തന്നിരുന്നതും നീ മറന്നു. ഓരോ ദിവസവും എപ്പോൾ നീ ഉണരണം, എന്ത് കഴിക്കണം, ഏതു കുപ്പായം ധരിക്കണം, ഏതൊക്കെ കൂട്ടുകാരെ നിനക്ക് വേണം, എങ്ങിനെ നിൽക്കണം, നടക്കണം, ഇരിക്കണം തുടങ്ങിയ എല്ലാത്തിലും ഈ അപ്പൻ കൂടെനിന്ന് പഠിപ്പിക്കുകയും, നിന്റെ മസ്‌തിഷ്‌ക്കത്തിൽ ഇവ സ്ഥിരമായി പതിയുവാൻ ആവശ്യമായ വേദനക്കഷായങ്ങൾ മുറതെറ്റാതെ നൽകുകയും ചെയ്തിരുന്നല്ലോ?

അങ്ങിനെ ദൈവത്തിന്റെ മുമ്പിൽ ഒരപ്പന്റെ കടമകൾ സത്യസന്ധമായി നിർവഹിക്കുന്നുണ്ടെന്ന് അപ്പൻ ഉറക്കെ സന്ധ്യയിൽ പ്രാർത്ഥിക്കുന്നത് നീ കേൾക്കാറില്ലയോ?

‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.’ മകനെ, ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ ഉപദേശങ്ങൾ ഈ അപ്പൻ എല്ലാ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും ഉച്ചത്തിൽ ഉരുവിടുന്നത് നീ അറിയുന്നില്ലെയോ? അപ്പന്റെ ഉറ്റ സ്നേഹിതനായ ആ ചൂരലിനെ അപ്പനെന്നും താലോലിക്കുന്നതു് നീ കാണുന്നില്ലയോ…

നിന്റെ ക്ലാസ് ബുക്കുകൾ പരിശോധിക്കാനായി ഊണു മേശക്കു ചുറ്റും കൂടുമ്പോൾ, ആ ചൂരലിലേക്ക് നിന്റെ കണ്ണുകൾ പായുന്നതും, അത് കണ്ട് ഈ അപ്പന്റെ ഉള്ളം സന്തോഷിക്കുന്നു എന്നതും നീ അറിയുന്നില്ലയോ? ആ ചൂരലിന്റെ ഭയത്തിൽ നീ വളർന്ന് എല്ലാവരിലും മുൻപന്തിയിൽ എത്തുമെന്നത് അപ്പനെ അതീതമായി സന്തോഷിപ്പിച്ചിരുന്നല്ലോ.

രാവും പകലും നിന്നെ ഉരുവിട്ടു ഉരുവിട്ട് പഠിപ്പിച്ച സൺഡേ സ്കൂൾ പ്രസംഗ മത്സരത്തിന്റെ ഒരു വാക്ക് നീ മറന്നുപോയിരുന്നത്, മകനെ, നിന്റെ സ്ഥാനം ഒന്നിൽ നിന്നും രണ്ടിലേക്ക് വഴുതി മാറുമെന്നതു കണ്ട് ജാക്കറ്റിന്റെ ഉള്ളിൽ ഭദ്രമായി ഒളുപ്പിച്ചുവെച്ചിരുന്ന അപ്പന്റെ പ്രിയ സ്നേഹിതനതായ ചൂരലെടുത്ത്, ആ വാക്കിനെ നീ മറന്നത് എന്തെന്ന് എല്ലാരുടെയും മുൻപിൽ നിന്നെ ഓർപ്പിക്കാൻ അപ്പന്റെ കൈ തരിച്ചു വന്നത് നീ അറിയില്ലയോ?

അന്ന് വികാരിയച്ചൻ ഓടി അടുത്തു വന്നിട്ട് നീ എത്ര നന്നായി പ്രസംഗിച്ചുവെന്നു പറഞ്ഞ് അപ്പനെ അഭിനന്ദിച്ചപ്പോൾ, ആ ചൂരൽ ഈ അപ്പന്റെ ജാക്കറ്റിന്റെ ഉള്ളിലേക്ക് വീണ്ടും ഒളിപ്പിക്കുകയായിരുന്നു…

നിന്നെപ്പറ്റിയുള്ള അപ്പന്റെ ആവലാതി നന്നായി അറിയുന്ന വികാരിയച്ചൻ അപ്പനെങ്ങാനും സ്റ്റേയ്ജിൽ കയറിവന്ന് നിന്റെ ഓർമ്മയിലേക്ക് ആ വാക്ക് കൊണ്ടുവരാനുള്ള ‘ആയുധം’ പുറത്തെടുത്ത് പ്രയോഗിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി പിന്നീട് പറഞ്ഞു. മോനേ.. എല്ലാം നിന്റെ നന്മയ്ക്കു വേണ്ടിയല്ലയോ? നീ പഠിച്ചു മിടുക്കാനായി നല്ല നിലയിൽ എത്തുവാനായി ഈ അപ്പൻ രാവും പകലും നിന്റെ കൂടെയിരുന്ന്  നിന്നെ പഠിപ്പിക്കുന്നല്ലോ മകനെ.  

Love is God, Love never PUNISH… സ്നേഹമുള്ള ദൈവം ‘ശിക്ഷിക്കില്ല’ എന്ന വാക്കിൽ തപ്പിത്തപ്പി മുപ്പത് സെക്കന്റിന് മേലെയാണ് നീ സ്തംഭിച്ചു നിന്നുപോയത്…

മകനേ, എത്രയോ തവണ ഉരുവിട്ടുരുവിട്ട് ഈ അപ്പൻ ആ വാക്ക് നിന്നെ കാണാപ്പാടം ചൊല്ലിച്ചാ സ്റ്റേജിൽ കയറ്റിവിട്ടത്! അപ്പന്റെ പെരുവിരൽ മുതൽ നെറുകംതല വരെ ദേഷ്യത്തരിപ്പായെങ്കിലും, നിന്റെ കണ്ണുകൾ ആകാശത്തിലേക്ക് ഉയരുന്നതും, നിന്റെ വലത്തെ കയ്യ് ഇടത്തേ കയ്യിനെ തഴുകുന്നതും കണ്ടു.

മകനെ, ആ കൈയ്യിലായിരുന്നല്ലോ ഈ അപ്പൻ ജ്ഞാനിയാ *ശലോമോന്റെ 23:13 ന്നിൽ സായൂജ്യം കണ്ടിരുന്നത്. അപ്പന്റെ ജാക്കറ്റിന്റെയുള്ളിൽ ഒളിപ്പിച്ചിരുന്ന ചൂരൽ മന്ത്രിക്കുന്നുണ്ടായിരുന്നു, ‘അപ്പാ, എന്നെ എടുത്ത് ഉയർത്തി’ കാട്ടാൻ!

എല്ലാ സാബത് ദിവസങ്ങളിലും ദേവാലയത്തിൽ നിന്നും മടങ്ങിവരുമ്പോൾ, ശുശ്രൂഷയിൽ പുരോഹിതന്റെ സഹായി ആയ നിനക്കു പറ്റിയ തെറ്റുകൾ ‘അടി’വരയിട്ട് നിന്നെ തിരുത്തുന്നതും, ആ തെറ്റുകൾ മുൻപ് പറഞ്ഞുതന്നതാണെങ്കിൽ ചൂരലിൽ അപ്പന്റെ സ്നേഹം നിനക്ക് പകർന്ന് തന്നിരുന്നതും അറിയില്ലയോ?

ധൂപക്കുറ്റി വീശുമ്പോൾ എൺപത് ഡിഗ്രിയിൽ കൂടുതൽ ആകരുത് എന്നത് പലപ്രാവശ്യം നിന്നെ പഠിപ്പിച്ചിട്ടും, കഴിഞ്ഞ ഞായറാഴ്ച തൊണ്ണൂറിന് അടുത്തു വരുന്നത് അപ്പൻ കണ്ടുകൊണ്ടിരിക്കുകയാർന്നു! കണ്ണും കയ്യും അപ്പൻ കാണിച്ചിട്ടും നീ വീണ്ടും വീണ്ടും ആ തെറ്റ് അവർത്തിച്ചുകൊണ്ടിരുന്നു.

കാസായും പീലാസായും എടുത്ത് വികാരിയച്ചൻ പടിഞ്ഞാട്ട് തിരിഞ്ഞപ്പോൾ ധൂപം വെച്ചുകൊണ്ടിരുന്ന നിന്റെ ഇടത്തെ കൈപ്പത്തി നെഞ്ചത്തുനിന്ന് നാല് ഇഞ്ച് താഴെയായതും ധൂപക്കുറ്റി തൊണ്ണൂറ്റി അഞ്ചു ഡിഗ്രീക്ക് മേലേ ആകുന്നതും കണ്ട് നിരാശനായി അപ്പൻ തലതാഴ്ത്തി.

പുരാതന സുറിയാനി ദേവാലയങ്ങളിൽ പല തലമുറകളായി കപ്യാരായിരുന്ന മ്മടെ കാർന്നോമ്മാർ ഇതുകണ്ട് എത്ര ദു:ഖിക്കുമെന്ന് നിനക്കറിയോ? വി. കുർബ്ബാനയിൽ പരേതാന്മാക്കൾ ഐക്കലയിൽ വന്നുചേരുമെന്ന് നൂറുവട്ടം നിന്നോട് പറഞ്ഞിട്ടും നിന്റെ തലയിൽ കേറണില്ലല്ലോ, മകനെ!

കൂട്ടുകാരുടെ കൂടെനിന്ന് നീ കൂടുതൽ ചിരിക്കുന്നത് കേൾക്കുമ്പോൾ, നിന്റെ ചിരിയുടെ തരംഗ ആവൃത്തിയിലുള്ള ഏറ്റക്കുറച്ചിലുകൾ ശ്രദ്ധിക്കാറുള്ള അപ്പൻ, ആ ചിരിയിൽ പാപത്തിന്റെ കറകൾ വീണിട്ടുണ്ടെങ്കിൽ പെട്ടെന്നു മനസ്സിലാക്കുകയും ഭവനത്തിൽ എത്തുമ്പോൾ ‘വേണ്ടപോലെ’ നിന്നെ ഓർപ്പിക്കുകയും ചെയ്യാറുള്ളതല്ലയോ മകനെ…
***

തന്റെ ഭവനത്തിൽ മകന്റെ അസാന്നിത്യം മനസ്സിലാക്കിയ അപ്പൻ, ചൂരൽ തുടച്ചു വൃത്തിയാക്കി, പുരോഹിതൻ വാഴ്ത്തിക്കൊടുത്ത ഒലിവ് എണ്ണ പുരട്ടി അതിനെ പാകം വരുത്തി. ജാക്കറ്റിന്റെ ഉള്ളറയിൽ ഒളിപ്പിച്ചു വെച്ചിട്ട് അവനെ അന്വേഷിക്കാൻ തീരുമാനിച്ചു.

‘കുടുംബത്തിന് അപമാനം വരുത്തിവെച്ചവൻ പോയി ചാവട്ടെ’. ക്രൂദ്ധനായിട്ട് ചൂരൽ വടിയുമായി തൻ്റെ അനുജനെ നല്ലൊരു പാഠം പഠിപ്പിക്കാൻ പോകുന്ന അപ്പനെ സ്നേഹപൂർവ്വം ആശ്ലേഷിച്ചായിരുന്നു മൂത്തവൻ യാത്രയാക്കിയത്.

‘പോയവൻ പോയിത്തുലയട്ടെ അപ്പ. അനുസരണമില്ലാത്ത ആ അഹങ്കാരിയുടെ പുറം അടിച്ച് പൊട്ടിച്ച് വലിച്ചിഴച്ചുകൊണ്ട് ഇങ്ങോട്ട് കൊണ്ടുവന്നാലും. ആ കുടുംബദ്രോഹിയെ നമുക്ക് ആടുകളുടെ കൂട്ടിൽ കെട്ടിയിടാം. രാവും പകലും ചൂടിലും തണുപ്പിലും വയലിൽ വിയർപ്പൊഴുക്കുന്ന, അനുസരണയുള്ള ഈ മകൻ അങ്ങേക്ക് കൂടെയില്ലയോ? പിന്നെന്തിന് വിഷമിക്കണം.’

മൂത്ത മകന്റെ അഭ്യർത്ഥന ചെവികൊള്ളാതെ, തന്നെ ധിക്കരിച്ച്‌ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അഹങ്കാരിയായ ഇളയവനെ കണ്ടുപിടിച്ച്, കയ്യും കാലും കെട്ടിയിട്ട്, നഗരമധ്യത്തിൽ കൂടി വലിച്ചിഴച്ചു കൊണ്ടുവന്ന്, തന്റെ ‘അപ്പൻ അധികാരം’ എല്ലാവരെയും കാട്ടിക്കൊടുക്കണമെന്ന ധാർഷ്ട്യത്തിൽ യെരുശലേമും പ്രാന്തപ്രദേശങ്ങളും അരിച്ചു പെറുക്കി.

ഗോലാൻ കുന്നുകളിൽ പന്നിയെ മേയ്ക്കുന്ന മകനെ അകലേന്നു കണ്ട അപ്പൻ കോപത്താൽ തിളച്ചു മത്തനായി കുന്നു കയറി. പക്ഷേ, മകന്റെ കയ്യിലെ വലിയ ചൂരൽ കണ്ടു ഭയപ്പെട്ട്‌ അകലെ മാറി നിന്ന് മകനെ നീട്ടി വിളിച്ചു. അപ്പന്റെ നീട്ടിയ വിളികേട്ടു പരിചയമുള്ള മകൻ അടുത്തു ചെന്നിട്ട് അവന്റെ കയ്യിലുള്ള ചൂരൽ താഴെ ഇട്ടു.

കോപിഷ്ടനായ അപ്പൻ കോട്ടിൻ്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചൂരൽ എടുത്ത് വീശി കൊണ്ടു് പാഞ്ഞു ചെന്നു:

“മുടിയാന പുത്രാ, നീ അപ്പന്റെ ആഞ്ജകൾ നിരസിച്ചു. കഷ്ടപ്പെട്ട് കാലവേല കഴിച്ചു്, മഞ്ഞത്തും മഴയത്തും വെയിലത്തും പണിയെടുത്ത് നിന്നെ തീറ്റിപ്പോററി വളർത്തി വലുതാക്കിയിട്ടു്, ഇപ്പോ നീ പന്നികൾക്ക് കൊടുക്കുന്ന തവിടു തിന്നുന്ന അനുസരണമില്ലാത്ത മൂടിയനായ…. നിന്നെ ഞാൻ… “
 
ഗോലാൻ താഴ്വരയെ നടുക്കികൊണ്ടു മകൻ ആട്ടഹസ്സിച്ചു.

“താഴെ ഇടൂ നിങ്ങടെ ദുരധികാരത്തിന്റെ ശപിക്കപ്പെട്ട ലൂസിഫറിന്റെ ചെങ്കോൽ. തൊട്ടുപോകരുത് എന്നെ.

നിങ്ങളുടെ ഭവനത്തിലെ വെളുത്ത ചോറിനേക്കാൾ എത്രയോ രൂചികരം പന്നികൾക്കുള്ള ഈ തവിട്!

പാമ്പിനെ തല്ലുന്നതുപോലെ സ്വന്തം മകനെ ഉപദ്രവിച്ചത് നിങ്ങൾക്ക് ഇപ്പോഴും മതിയായില്ലേ? എന്ത് ദുഷ്ടനാണ് നിങ്ങൾ? നിങ്ങളെക്കാൾ എത്രയോ മടങ്ങ് ഭേതമാണ് കാട്ടിലെ വന്യമൃഗങ്ങൾ! “

അട്ടഹാസം കേട്ട് പന്നിക്കൂട്ടങ്ങൾ ഓടിയെത്തി ശബ്ദമുണ്ടാക്കി അവന്റെ ചുറ്റും വട്ടം കൂടി ഒരു കോട്ടപോലെ നിന്നു. ഇന്നലെ പ്രസവിച്ച അന്നസേ എന്നവൻ പേരിട്ടു വിളിച്ച പന്നിക്കുഞ്ഞിനെ വാരി കൈയ്യിലെടുത്ത് തലോടി ഉമ്മകൊടുത്തുകൊണ്ട് മകൻ പറഞ്ഞു തുടങ്ങി.

-കൊടുംതപസ്വിയായ അച്ഛാ, ഭൂലോകത്തിന്റെ കാമനകളിൽ നിന്ന് എത്ര ക്രൂരമായാണ് താങ്ങൾ യൌവ്വനത്തിലേക്ക് കാലുകുത്തിയിരുന്ന എന്നെ കഠിന ചിട്ടയോടെ ആശ്രമത്തിൽ തളച്ചിട്ടത്. വൈശാലി എന്ന വിദൂഷി എന്റെ പൌരുഷത്തിൽ കവിതകൾ രചിച്ചപ്പോഴാണ് എന്റെ കണ്ണുകൾ തുറന്നത്.
‘വ്യാസന്റെ ചിരി’യിൽ വിഭാണ്ഡകനാണ് പരിഹാസിതനായത്, അല്ലാതെ നിങ്ങളുടെ മകൻ ഈ ഋഷ്യശൃംഗൻ അല്ല!
 

വിശ്വാസികളുടെ പിതാവാം അബ്രാഹാം പിതാവേ, കുലം നിലനിർത്താൻ നിങ്ങളുടെ ദാസിയായിരുന്ന എന്റെ പാവം അമ്മ ഹഗാറിനെ നിങ്ങൾക്ക് വേണമായിരുന്നു, അല്ലേ? എന്നിട്ട് സദസ്സുകളിലെല്ലാം എന്നെ പരിഹസിക്കാൻ നിങ്ങൾ നിഷ്ടൂരമായി എറിഞ്ഞുകൊടുത്തു. എൻ്റെ അമ്മയേയും താങ്ങളുടെ മകനായ എന്നേയും മരണ ശിക്ഷ വിധിച്ച്, തീ പാറുന്ന മരുഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. വെറും ഒരു തുണ്ട് അപ്പവും ഒരു മൺകുടം വെള്ളവും മാത്രമായിരുന്നല്ലോ തന്നു വിട്ടത് . മണലാരണ്യത്തിലേക്ക് അടിച്ചോടിച്ച് വിട്ടപ്പോൾ നിങ്ങളുടെ കറപറ്റിയ സദാചാരത്തെ വെള്ളപൂശാമെന്ന് മനക്കോട്ട കെട്ടിയിരുന്നെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി.

നിങ്ങൾക്ക് പേരെടുക്കാൻ നടത്തിയ ദണ്ഡി യാത്രയിൽ ഞാനാ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ചപ്പോൾ എന്നെ തല്ലി ഓടിച്ചിട്ട് താങ്ങളുടെ സംയമനത്തിന്റെ കപട പരീക്ഷണശാലയിലെ ഇരകളായ അന്തേവാസിനികളുടെ തോളിൽ തൂങ്ങി നടന്നു നീങ്ങി. ഞാനും അമ്മ കസ്തൂർബായും അതുകണ്ട് ഉള്ളുനൊന്ത് അവരെ ശപിച്ചു: മുടിഞ്ഞു പോകട്ടെ അവരുടെ സ്ത്രൈണത. എന്റെ അമ്മയും നിങ്ങടെ പരീക്ഷണശാലയിലെ വികാരമില്ലാത്ത വെറുമൊരു ഉപകരണം മാത്രമായിരുന്നു. അറിയോ, ഈ മൂത്തമകന്റെ നഷ്ടബാല്യത്തിന്റെ കാശാപ്പുകാരനാണ് നിങ്ങൾ എന്ന്?!

അപേക്ഷിക സിദ്ധാന്തവുമായി ലോകത്തിന്റെ നെറുകയിൽ ചക്രവർത്തിയായി വാണിരുന്ന നിങ്ങൾ എന്റെ മൂത്ത പെങ്ങൾ ലൈസറയെ അറിയോ?… മുഴുവൻ ഞാൻ പറയുന്നില്ല. അവളുടെ ആത്മാവ് സെർബിയായുടെ ഏതോ ഒരു ഗ്രാമത്തിലെ ശ്മശാനത്തിൽ നിങ്ങളെ പ്രതീക്ഷിച്ചിരുക്കുന്നു എന്നത് നിങ്ങൾക്കറിയാം. നിങ്ങളുടെ കലാലയ കാമുകി, എന്റെ അമ്മ മിലേവയുടെ കണ്ണീർ ഒരിക്കലും തോരാതിരുന്നതിനെ നിങ്ങൾ സൗകര്യപൂർവം ചിരിച്ചു തള്ളി. നിങ്ങളെ ലോകത്തിലെ വലിയ ബുദ്ധിരാക്ഷസ്സൻ ആക്കിയ സിദ്ധാന്തത്തിന്റെ കണക്കുകൾ എഴുതിക്കൂട്ടിയത് ആ കൊച്ചുമുറിയിലെ മേശയിൽ, മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നിങ്ങൾ സമ്മാനിച്ച പിഴച്ച ഗർഭത്തിന്റെ അരിഷ്ടകളുടെ നടുവിലായിരുന്നു. പേരുവന്നപ്പോൾ മിലേവ നിങ്ങൾക്ക് അയിത്തമായി.

താങ്ങൾക്ക് , ഞങ്ങൾ മക്കൾ ടെൻസർ കാൽക്കുലസ്സിലെ ഉത്തരം കണ്ടെത്താനാകാതിരുന്ന വെറുമൊരു ഒരു സമസ്യ മാത്രമായിരുന്നു.

വലിയ മഞ്ഞുവീഴ്ചയുണ്ടായിരുന്ന ഒരു ദിവസം സ്കൂളിൽ നിന്നും എന്നെ പിക്ക് ചെയ്ത് പൊരുന്ന വഴി ഒരു കത്ത് തന്നിട്ട് എന്നോടു വായിക്കാൻ പറഞ്ഞത് ഓർക്കുന്നില്ലയോ? ഒരു ക്ലാസ് മുറിയിൽ നിന്നും അടുത്ത ക്‌ളാസ്സ് മുറിയിലേക്ക് നീണ്ട ദൂരം നടന്നെത്തിയപ്പോൾ അഞ്ചു മിനിട്ട് വൈകിയത് അറിയിച്ച കത്തായിരുന്നു അത്. ക്രൂദ്ധനായി ആ കൊടുംമഞ്ഞിൽ ഹൈവേയിൽ എന്നെ ഇറക്കിവിട്ടു. എങ്കിലും, ഒരു മണിക്കൂർ മഞ്ഞിൽ കൂടി തണുത്തു വിറച്ചു നടന്നുവന്ന് നിങ്ങളുടെ ഭവനത്തിന്റെ മുൻവാതിലിൽ പല തവണ മുട്ടി വിളിച്ചു. നിങ്ങൾ വാതിൽ തുറന്നില്ല, തുറക്കാത്ത വാതിൽപ്പടിയിൽ ഒരു രാവു മുഴുവൻ ഞാനിരുന്നു. പിന്നെ ഇറങ്ങി നടന്നു. സ്നേഹം അന്വേഷിച്ചുള്ള അനന്തമായ യാത്ര…

അതീത സ്നേഹത്തിന്റെ പ്രതീകമായ നിങ്ങളുടെ ചൂരലിന് ഒഴിവ് കൊടുക്കാനാണ് നിങ്ങളുടെ ഭവനത്തിനോട് എന്നന്നേക്കുമായി യാത്ര പറഞ്ഞു പോയത് എന്നത് അറിയില്ലയോ?

ഗോലാൻ മലയോരങ്ങളിൽ പന്നികളെ നോക്കുന്ന ജോലിയാണ് എനിക്ക് കിട്ടിയത്.

പന്നിക്കൂട്ടങ്ങളുടെ ഉടമസ്ഥൻ ഈ ചൂരൽ കയ്യിൽ തന്നിട്ട് ഉറക്കെ പറഞ്ഞിരുന്നു. ‘ദാസാ, ഈ ചൂരൽ നിനക്കു ഞാൻ തരുന്നു. നീ എന്റെ പന്നിക്കൂട്ടങ്ങളെ വേണ്ടവിധം കാത്തു പരിപാലിക്കുക. എന്റെ പ്രിയ പന്നികൂട്ടങ്ങളെ ഉപദ്രവിക്കാൻ വരുന്ന ചെന്നായ്ക്കളെ ഓടിക്കാനും ഈ ചൂരൽ നിനക്ക് ഉപകാരപ്പെടും. ഞാൻ എത്രയും എന്റെ പന്നിക്കൂട്ടങ്ങളെ സ്നേഹിക്കുന്നുവെന്ന്, ദാസാ, നിനക്കറിയില്ലയോ?’

ചൂരൽ എന്റെ കൈകളിൽ കിട്ടിയപ്പോൾ അതെന്റെ ഇടത്തെ കയ്യിലേക്ക് അഞ്ഞൂവീശി ഞാൻ രസിച്ചു. അതെന്റെ ഒരു പതിവ് വിനോദമായി. നിങ്ങളുടെ സ്നേഹ ‘ശിക്ഷ’ണത്തിന്റെ മാധുര്യം പന്നികളെ മേയ്ക്കുന്ന എന്നെ ഉന്മത്തനാക്കി. ദിവസങ്ങൾ കഴിയും തോറും ഈ പന്നിക്കൂട്ടങ്ങൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു.”

അപ്പന്റെ തലതാഴുന്നതു കണ്ട മകൻ അന്നസേയെ അവളുടെ അമ്മയുടെ അടുത്തേക്ക് ഇറക്കി വിട്ടു.
 

മകന്റെ കൈപിടിച്ചിട്ട് ഗദ്ഗദത്തോടെ അപ്പൻ പറഞ്ഞുതുടങ്ങി….

“മകനേ! ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ അപ്പൻ എന്നു വിളിക്കപ്പെടാൻ യോഗ്യനല്ല; നിന്റെ യജമാനന്റെ പന്നികളെ മേയ്ക്കുവാൻ നിനക്കു പകരം എന്നെ സ്വീകരിച്ചാലും.”

അമ്മയുടെ പാലുകുടിച്ചു കഴിഞ്ഞ് തുള്ളിച്ചാടി തിരികെ വന്ന അന്നസേയെ അവനെടുത്ത് തോളത്തിട്ടു.
പിതാവിനേയും കൂട്ടി യജമാനന്റെ അടുത്തേക്ക് നടന്നു. പന്നിക്കൂട്ടങ്ങൾ അവന്റെ കൂടെ കൂടി.
 

യജമാനന്റെ അടുത്ത് എത്തിയിട്ട് അവൻ പറഞ്ഞു.

“യജമാനനെ, ഇതാ കാണാത പോയ, അന്ധനായിരുന്ന എന്റെ അപ്പൻ. ഈ അപ്പൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു…”

യജമാനൻ അവനോട്
“നിന്റെ സന്തോഷം നമുക്ക് ആഘോഷിക്കാം. എന്റെ ഏറ്റവും കുസൃതികളായ പന്നികളെ മേയ്ക്കാനാണ് ഞാൻ നിന്നെ ഏൽപ്പിച്ചത്. എന്റെ പല ദാസരും മടുത്തിട്ട് ഉപേക്ഷിച്ച പന്നിക്കൂട്ടങ്ങളെ നിന്നെ ഏല്പിച്ചപ്പോൾ നീയും അവരെപ്പോലെ എന്നെ വിട്ടുപോകുമെന്ന് ഞാൻ ഭയപ്പെട്ടു.
വേഷം മാറി നീ അറിയാതെ എന്റെ പന്നികളെ കാണാൻ വന്നപ്പോഴെല്ലാം കണ്ടത്, നീ പന്നികളെ താലോലിച്ച്‌ ഉമ്മകൊടുക്കുന്നതും, പന്നിക്കുഞ്ഞുങ്ങളെ മടിയിൽ കിടത്തി താരാട്ടു പാട്ടുപാടി ഉറക്കുന്നതുമായിരുന്നു. നിന്റെ താരാട്ടു പാട്ടുകൾ മലയുടെ അടിവാരത്തും ഒഴുകിയെത്തിയിരുന്നു. ആ താരാട്ടു കേട്ടാണ് എന്റെ കുഞ്ഞുമകളും ഉറങ്ങിയിരുന്നത്… ദാസാ, നീ എനിക്കും ആനന്ദം തന്നിരിക്കുന്നു”
 

യജമാനൻ തന്റെ ദാസന്മാരോടു: ‘വേഗം മേൽത്തരമായ അങ്കി കൊണ്ടുവന്നു ഈ അപ്പനെ ധരിപ്പിപ്പിൻ; ഇവന്റെ അപ്പന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഇവന്റെ അപ്പൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.

സീയോൻ മലയുടെ ഉയരങ്ങളിൽ നിന്ന് ഒരു അശരീരി മുഴങ്ങി: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ അവരെ സ്നേഹം കൊണ്ട്, കണ്ണിലെ കൃഷ്ണമണി കണക്കെ പോറ്റി വളർത്തുവിൻ. എന്തുകൊണ്ടെന്നോ, അവർ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിൽ പിറന്ന മാലാഖമാർ എന്നറിഞ്ഞാലും…”

ഇതെല്ലം കണ്ട് സ്തബ്ദനായ അപ്പൻ കോട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന ചൂരൽ തന്റെ ഇടത്തെ കൈപ്പത്തിയിലേക്ക് ആഞ്ഞാഞ്ഞ് അടിച്ചു. കൈപ്പത്തി പൊട്ടി രക്തം പുറത്തേയ്ക് ചീറ്റി. പല കഷങ്ങളായി ചൂരൽ ഒടിഞ്ഞ് ചുറ്റും വീണു. പിന്നെ മകന്റെ കാൽക്കൽ വീണ് മാപ്പിരന്നിട്ട് ഉറക്കെ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

“പൊന്നുമകനെ, നിന്റെ അപ്പൻ എന്ന് പറയുവാൻ ഈ മഹാപാപി ഒട്ടും അർഹനല്ല. നിന്നോടും സ്വർഗ്ഗത്തിലെ പിതാവിനോടും അപ്പൻ മഹാപാപം ചെയ്തിരിക്കുന്നു. അതിനുള്ള കടുത്ത ശിക്ഷ അപ്പന് തന്നാലും. ഈ അപ്പൻ അന്ധനായിരുന്നു. മകനേ, നീ അപ്പന്റെ കണ്ണുകൾ തുറപ്പിച്ചു.”
 

മകൻ ഓടിവന്ന് രക്തം പൊടിയുന്ന അപ്പന്റെ കൈപ്പത്തിയെടുത്ത് തടവി. കഷ്ണം കഷ്ണമായി ഒടിഞ്ഞ ചൂരലെടുത്ത് തീയിലേക്ക് എറിഞ്ഞു. അപ്പനെ കെട്ടിപ്പിടിച്ച് ചുംബനം കൊണ്ടു വീർപ്പുമുട്ടിച്ചു.

അപ്പൻ്റെ വിദഗ്ദമായ ചൂരൽ പ്രയോഗത്തിൽ വേദന കൊണ്ട് പുളഞ്ഞു വരുന്ന അനുജനെ വലിയ ആത്മനിർവൃതിയോടെ പ്രതീക്ഷിച്ചിരുന്ന മൂത്ത മകൻ പർവ്വതത്തിൻ്റെ അടിവാരത്തിലേക്ക് തൻ്റെ കുതിരയുടെ പുറത്തു കയറി വെച്ചുപിടിച്ചു.

അപ്പൻ്റെ കയ്യിലെ പുരാതനമായതും പവിത്രമായത് ആയ ചൂരൽ ഒടിഞ്ഞു പോകുമോ എന്നു കരുതി നല്ലൊരു ചൂരലും എടുത്തിട്ടാണ് മൂത്തവൻ ഇറങ്ങിയത്

പക്ഷേ, അകലെ നിന്നും അനുജൻ്റെ അട്ടഹാസവും അപ്പൻ്റെ കരച്ചിലും കേട്ട് സ്തബ്ദനായി.
ചൂരൽ കയ്യിൽ ഇല്ലാത്ത അശക്തനായ അപ്പൻ അനുജനെ ആശ്ലേഷിക്കുന്നതും കണ്ണീരുകൊണ്ട് അവൻ്റെ കവിളകൾ കഴുകുന്നതും കണ്ട് കോധം കൊണ്ട് തുള്ളിച്ചാടി. 

‘താനോ എത്രയോ വലിയൊരു മരമണ്ടൻ’ എന്ന് സ്വയം പറഞ്ഞു നിരാശയോടെ വയലിലേക്ക്  തിരികെ പോയി. 

അപ്പന്റെ കവിളുകളിൽ കൂടി ധാരധാരയായി ഒഴുകിവന്ന കണ്ണീരുമായി മകന്റെ ചുടുകണ്ണീർ അലിഞ്ഞു ചേർന്ന്, അതൊരു വലിയ പ്രവാഹമായി ഗോലാൻ മലയിലെ പാറകളിൽ കൂടി ഒഴുകിവന്ന് ജോർദാൻ നദിയിൽ വലിയൊരു വെള്ളപ്പൊക്കമുണ്ടാക്കി.

=====*===========
*ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.

 

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...