Home Motivational Messagesവില്പനക്കാരനും വാങ്ങുന്നയാളും.

വില്പനക്കാരനും വാങ്ങുന്നയാളും.

by admin
0 comments

തുണിക്കടയിൽ പട്ടുതുണി വാങ്ങാൻ എത്തിയ ആൾ കടക്കാരനോട് ആരാഞ്ഞു: “ഇത് നല്ല പട്ടാണോ?” “അതേ സര്‍” കടക്കാരന്‍ വിനയ പൂർവ്വം പറഞ്ഞു. “പക്ഷേ, കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല; നല്ല പട്ടു ഇങ്ങനെയല്ല.” കടക്കാരന്‍ ഒന്നും പ്രതികരിച്ചില്ല; അയാള്‍ പിന്നെയും തുണി നന്നല്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. “ഏതായാലും 2 മീറ്റര്‍ മുറിക്കൂ” എന്ന് അയാള്‍ പറഞ്ഞു. പട്ടുതുണി മുറിച്ചു പൊതിയുമ്പോഴും അയാള്‍ചോദിച്ചു: “നല്ല പട്ടുതന്നെയാണല്ലോ?”
“അതേ സര്‍, നല്ല പട്ടു തന്നെ.” കടക്കാരന്‍ വളരെ സൌമ്യനായി പറഞ്ഞു. “പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല; ഇനി വേറെയെങ്ങും പോകാന്‍ സമയമില്ല; അതുകൊണ്ടാണ് ഇത് വാങ്ങുന്നത്.” അയാള്‍ പറഞ്ഞു. കടക്കാരന്‍ മറുപടിയൊന്നും പറഞ്ഞില്ല. കടക്കാരന്‍ തുണി പൊതിഞ്ഞു കൊടുത്തു; അപ്പോള്‍ അയാള്‍ ചോദിച്ചു: “ഞാന്‍ പല പ്രാവശ്യം തുണിയെപറ്റി കുറ്റം പറഞ്ഞിട്ടും താങ്കള്‍ പ്രതികരിക്കാഞ്ഞത് എന്താണ്? ഈ പട്ട് ഒന്നാന്തരമാണെന്ന് എനിക്ക് അറിയാമായിരുന്നു.” “ശരിയാണ് സര്‍ പറഞ്ഞത്” പണം മേശയിലിട്ടു കൊണ്ട് കടക്കാരന്‍ പറഞ്ഞു: “എന്‍റെ തുണിയുടെ ഗുണ നിലവാരം എനിക്ക് ബോദ്ധ്യമുണ്ട്; സാറിനോട് തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിച്ചാല്‍, ഒരു ഇടപാടുകാരനെ നഷ്ടപ്പെടുമായിരുന്നു; ഞാന്‍ കട തുറന്നു വയ്ക്കുന്നത് കച്ചവടം നടത്താനാണ്; തര്‍ക്കിക്കാനല്ല.” (ഗൂഗിൾ).

കടക്കാരന്‍റെ വാക്കുകൾ ശ്രദ്ധിക്കുക: “എന്‍റെ തുണിയുടെ ഗുണ നിലവാരം എനിക്ക് ബോദ്ധ്യമുണ്ട്;” ഇത് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. നാനാഭാഗങ്ങളിൽ നിന്നും പലതരമായ വിമർശനങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിനെല്ലാം പ്രതികരിക്കാതെ നമ്മെക്കുറിച്ചും നമ്മുടെ പ്രവർത്തനങ്ങളുടെ നിലവാരത്തെക്കുറിച്ചും ഉത്തമ ബോധ്യമുള്ളവർ ആയിരിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ‘നിറകുടം തുളുമ്പുകയില്ല’ എന്ന പഴഞ്ചൊല്ല് പോലെ ഗുണനിലവാരം ഉള്ളതെങ്കിൽ അത് സമർത്ഥിക്കുവാൻ അധികം ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. എന്നാൽ നിലവാരം ഇല്ലാത്തതിനെ കുറിച്ച് വളരെയേറെ പ്രശംസിച്ചു പറയേണ്ടി വന്നേക്കാം. അപ്പോൾ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ രൂക്ഷമായി എതിർക്കേണ്ടതായും വരും. വിനയപൂർവ്വം ശാന്തമായി ഇടപെടുവാൻ കഴിയുന്നത് ഓരോ ആളത്വത്തിന്‍റെയും    മഹത്വമാണ്. അതോടൊപ്പം നമ്മുടെ ജീവിത ലക്ഷ്യത്തെക്കുറിച്ചും ബോധ്യമുണ്ടായിരിക്കണം. ആ ലക്ഷ്യത്തിലേക്ക് എത്താൻ നാം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്നും ബോധ്യമുണ്ടായിരിക്കണം. ഇതര വിമർശനങ്ങളെ വിനയപൂർവ്വം തള്ളിക്കളഞ്ഞു ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നതാണ് ശ്രേഷ്ഠ ജീവിതം. ആരാലും വിമർശിക്കപ്പെടാതെ ജീവിക്കാം എന്ന് ആരും കരുതരുത്. ചിലപ്പോൾ ചിലർ നമ്മെ പ്രശംസിച്ചു എന്നും വരാം. വിമർശനങ്ങളിൽ നിരാശപ്പെട്ടിട്ടോ, പ്രശംസയിൽ ആഹ്ളാദിച്ചിട്ടോ കാര്യമില്ല. ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയാണ് ഏറ്റവും പ്രാധാന്യം. അതിന് നമ്മുടെ ജീവിത നിലവാരത്തെ കുറിച്ചുള്ള ഉത്തമ ബോധത്തോടെ ധൈര്യപൂർവ്വം മുന്നോട്ടു പോകാം.

പി. റ്റി. കോശിയച്ചൻ.
—————-

 

You may also like

Leave a Comment