Home Motivational Messagesമിനിമലിസം

മിനിമലിസം

by admin
0 comments
 
പി. റ്റി. കോശിയച്ചൻ.
എന്താണ് മിനിമലിസം? അത് ഒരു ജീവിതരീതിയാണ്. “കുറവാണ് അധികം” എന്ന ആശയത്തിലൂന്നിയുള്ള ജീവിതശൈലി. ‘ഉള്ളതു കൊണ്ട് ഓണംപോലെ’ എന്നൊക്കെ പറയില്ലേ? അതു തന്നെ. കുറഞ്ഞ വസ്തുവകകളുമായി സന്തോഷ പൂർവ്വം ജീവിതം നയിക്കുക! ജപ്പാനിലെ സെൻ ബുദ്ധിസത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ് മിനിമലിസമെന്ന് പറയപ്പെടുന്നു. മിനിമലിസ്റ്റുകൾ ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു. ലളിത വസ്ത്ര ധാരണം. എത്രയും കുറച്ച് ഉപകരണങ്ങൾ, അവശ്യ സാധനങ്ങൾ മാത്രം കൈവശം വയ്ക്കുക എന്നിങ്ങനെ ക്രമീകരിക്കപ്പെട്ട ജീവിത രീതിയാണ് മിനിമലിസ്റ്റുകൾ സ്വീകരിച്ചിട്ടുള്ളത്. അച്ചടക്കത്തിന്റെയും, മനസ്സമാധാനത്തിന്റെയും വഴികളിലേക്കാണ് മിനിമലിസം വാതിൽ തുറക്കുന്നത്. സന്തോഷം എന്നത് സാധനങ്ങൾ വാങ്ങി ക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന ബോധ്യമാണ് ഇതിന് ആധാരം. (ഗൂഗിൾ).
 
ഇന്ന് നമ്മുടെ ജീവിതരീതി എങ്ങനെയാണ്? എത്രയും കൂടുതൽ വസ്തുവകകൾ
വാങ്ങിക്കൂട്ടുന്നതിനല്ലേ അനേകരും താല്പര്യപ്പെടുന്നത്? കടയിൽ നിന്നു വാങ്ങി പായ്ക്ക് ഓപ്പൺ ചെയ്യാതെ പല സാധനങ്ങളും പല ഭവനങ്ങളിലും ഉണ്ട്. നമ്മുടെ പലരുടെയും ഭവനങ്ങൾ നാം ഗോഡൗണുകൾ ആക്കി തീർത്തിട്ടില്ലേ? ഇതെല്ലാം ഭൗതിക വസ്തുക്കളോടുള്ള നമ്മുടെ ആർത്തിയുടെ ഭാഗമാണ്. ആവശ്യവും ആർത്തിയും എത്ര വ്യത്യസ്ത കാര്യങ്ങളാണ്!
 
അനേകരുടെയും ലോണിന്റെ കാരണം ആർത്തിയാണ്! നമ്മുടെ ആർത്തി, ചുറ്റുപാടും കാണുന്നവയെല്ലാം സ്വന്തമാക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതിനായി ലോൺ എടുക്കുന്നു. പിന്നീട് ലോൺ എങ്ങനെ അടച്ചു തീർക്കും എന്ന വെപ്രാളത്തിൽ ജീവിക്കുന്നു. ചിലരുടെ ജോലി നഷ്ടപ്പെടുകയോ വരുമാനമാർഗ്ഗം നിന്നു പോകുകയോ ചെയ്താൽ ലോൺ അടയ്ക്കാൻ കഴിയാതെ ആത്മഹത്യക്ക് ഒരുങ്ങുകയും ചെയ്യുന്നു. ഇന്ന് നമുക്കുള്ള പല വസ്തുക്കളും ഇല്ലായിരുന്നുവെങ്കിലും നമുക്ക് സന്തോഷപൂർവ്വം ജീവിക്കുവാൻ കഴിയുമായിരുന്നില്ലേ? അതുപോലെതന്നെ, ആവശ്യ വസ്തുക്കൾക്കുള്ള ചിലവിനേക്കാൾ അലങ്കാരങ്ങൾക്കും മോടി പിടിപ്പിക്കുന്നതിനും വേണ്ടിയല്ലേ പലരും കൂടുതൽ പണം ചിലവഴിക്കുന്നത്?  ‘അയൽക്കാരന്റെ വീട്ടിലുള്ളതൊക്കെ എനിക്കും വേണം’, ‘അയാളെക്കാൾ ഞാൻ കുറയാൻ പാടില്ലല്ലോ’ എന്നൊക്കെയാണ് പലരുടെയും ചിന്താഗതി. ഈ ചിന്തകളൊക്കെ യഥാർത്ഥത്തിൽ വിനാശകരമല്ലേ? ഇവിടെ നമുക്കൊരു രൂപാന്തരം സംഭവിക്കട്ടെ! മിനിമലിസം നമുക്കും സ്വീകരിക്കാവുന്ന ഒരു ജീവിതരീതി അല്ലേ? അവശ്യം ആവശ്യം വേണ്ട വസ്തുവകകൾ മാത്രം ഉപയോഗിച്ച് ലളിത ജീവിതം നയിപ്പാൻ നമുക്ക് ഒന്നു സജ്ജമായി കൂടെ? 
 
പി. റ്റി. കോശിയച്ചൻ.
+ 91 9495913953

You may also like

Leave a Comment