Home Articlesമിയ മോള്‍ ഇത് നിന്‍റെ ഓര്‍മ്മക്കായി( വാരാന്ത്യത്തില്‍ പ്രസിദ്ധികരിച്ചത്)

മിയ മോള്‍ ഇത് നിന്‍റെ ഓര്‍മ്മക്കായി( വാരാന്ത്യത്തില്‍ പ്രസിദ്ധികരിച്ചത്)

by admin
0 comments
വര്‍ഗീസ് പ്ലാമ്മൂട്ടില്‍
മൂന്നു മാസത്തിലൊതുങ്ങുന്ന കുഞ്ഞായുസിനൊടുവില്‍ ബന്ധുക്കളെയും ബന്ധുക്കളെക്കാള്‍ ബന്ധമുള്ള സുഹൃത്തുക്കളെയും ദു:ഖത്തിലാക്കി കടന്നു പോയ മിയ. പക്ഷെ ഒരിക്കല്‍ കൂടി ഒരു വലിയ സത്യം അടിവരയിടുവാന്‍ അവളുടെ കൊച്ചു ജീവിതത്തിനായി എന്നുള്ളത് ആ ജീവിതത്തെ ധന്യമാക്കുന്നു. എത്രനാള്‍ ജീവിച്ചു എന്നുള്ളതല്ല , ആ ജീവിതം കൊണ്ട് എന്തു നേടിയെന്നതാണ് പ്രധാനം.
എന്‍റെ അനന്തിരവളുടെ കുഞ്ഞ് മിയയുടെ ആകസ്മികമായ വേര്‍പാട് ഞെട്ടലോടെയാണ്  കേട്ടത്. ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിനടുത്തുള്ള  വോള്‍വര്‍ഹാംപ്റ്റണ്‍ എന്ന സ്ഥലത്താണ് കുടുംബമായി അവര്‍ താമസിക്കുന്നത്. . അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതിനും അവരുടെ കൂടെ ഏതാനും  ദിവസങ്ങള്‍ ചിലവഴിക്കുന്നതിനുമായി അവിടേക്ക് പോയിരുന്നു
മാഞ്ചസ്റ്റര്‍ എയര്‍പ്പോര്‍ട്ടിലെത്തി ഞങ്ങളെ സ്വീകരിച്ച് ഭവനത്തിലെത്തിച്ചത് അവരുടെ സുഹൃത്തായ ജോയിയായിരുന്നു. മടക്കയാത്രയില്‍ അരുണും. അവിടെയെത്തിയതുമുതല്‍ തിരികെ പോരുന്നതുവരെ അനുഭവപ്പെട്ട
അവിടത്തെ  മലയാളി സമൂഹത്തിന്‍റെ സ്നേഹവും സഹകരണവും വിവരിക്കുവാന്‍  വാക്കുകള്‍ അപര്യാപ്തമാണ്.
അചഞ്ചലമായ ദൈവവിശ്വാസവും  ഈ സമൂഹത്തിന്‍റെ കൈത്താങ്ങലും പ്രതിസന്ധിയുടെയും, നിരാശയുടെയും, സങ്കടത്തിന്‍റെയും മൂന്നാഴ്ചക്കാലം
 ഈ കുടുംബത്തിനു താങ്ങും തണലുമായിരുന്നു. ഭക്ഷണം കൊണ്ടുവരുന്നുവെന്നു മാത്രമല്ല, ചേര്‍ത്തിരുത്തി അവര്‍ അതു കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തി മാത്രം മടങ്ങുന്നവര്‍. വിവിധ ക്രൈസ്തവ വിഭാഗത്തില്‍ പെട്ട അവര്‍ എല്ലാ ദിവസവും ഒരുമിച്ചു പ്രാര്‍ത്ഥിച്ചു. നിരാശക്കും, ദു:ഖത്തിനും അല്ല, മറിച്ച് പ്രത്യാശക്കും വിശ്വാസത്തിനും ഊന്നല്‍ നല്‍കി പ്രാര്‍ത്ഥനകള്‍ക്കും ഗാനങ്ങള്‍ക്കും പോലും നിഷ്ക്കര്‍ഷയോടെ നേതൃത്വം കൊടുത്ത ജേയ്ബി  എന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നു. നെല്‍സണ്‍, റെജി, ജോയി, അരുണ്‍  തുടങ്ങിയ മറ്റു സുഹൃത്തുക്കളും കുടുംബാംഗങ്ങലും  ഈ കുടുംബത്തോടൊപ്പം മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവച്ച് രാവും പകലും  ചിലവഴിച്ചു.
പൊതുവെ തന്നെ അവിടെയുള്ള മലയാളികള്‍ വളരെ നല്ല സഹകരണത്തിലും കൂട്ടായ്മയിലുമാണ് കഴിയുന്നതെങ്കിലും
 മിയ ആ കൂട്ടായ്മക്ക് ഒരു പുതിയ മാനം തന്നെ എഴുതിച്ചേര്‍ത്തു. മതത്തിനും ജാതിക്കും സഭാ വിഭാഗങ്ങള്‍ക്കും അതീതമായി ചിന്തിക്കുവാനും കൈകോര്‍ക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള പ്രചോദനമായി തീരുകയായിരുന്നു അവള്‍.   മിയയുടെ  വേര്‍പാടുണ്ടാക്കിയ മുറിവുണങ്ങാന്‍ ഇനിയും കാതങ്ങള്‍ പോവേണ്ടിയിരിക്കുന്നുവെങ്കിലും ശക്തമായ കൈത്താങ്ങലുമായി ഒരു സമൂഹം ആ പ്രയാണത്തില്‍ കൂടെയുണ്ടെന്ന ചിന്ത അവര്‍ക്ക് ആ യാത്രയില്‍ അത്താണിയാകുമെന്നുള്ളതില്‍ സംശയമില്ല. സമൂഹത്തിന്‍റെ കൂട്ടായ പ്രാര്‍ത്ഥനയും അവരോടൊപ്പമുണ്ടെന്നുള്ളതും അവര്‍ക്ക് ശക്തി നല്‍കും.
ബര്‍മിങ്ങാമിലെ മലയാളി സുഹൃത്തുക്കളുടെ നല്ല മാതൃക നമുക്ക് പിന്തുടരാം. നമ്മുടെയിടയില്‍ കൈത്താങ്ങലര്‍ഹിക്കുന്ന അനേകരുണ്ട്. ആവശ്യപ്പെടാതെ,  ചെറിയ ചെറിയ സഹായങ്ങളെത്തിക്കുവാന്‍ നമുക്കു സാധിക്കും. അത് അവര്‍ക്ക് പ്രതീക്ഷയും പ്രത്യാശയും ആകും. അമേരിക്കയിലെ പല മലയാളി സമൂഹങ്ങളും തുടക്കത്തില്‍ ഇങ്ങനെയായിരുന്നുവെന്നുള്ളതും ഇവിടെ ഓര്‍ക്കുന്നു.  മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും   വര്‍ദ്ധിച്ചുവരുന്ന അംഗസംഖ്യയും
നമ്മെ കൂടുതല്‍ ഉള്ളിലേക്കൊതുങ്ങുവാനാണോ സഹായിക്കുന്നതെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.
ഇത്തവണത്തെ ഒളിംപിക്സ് ശ്രദ്ധിച്ചവര്‍ക്ക്  ഉദാത്തമായ ഒരു  മാതൃക  മനസ്സില്‍ പതിഞ്ഞിട്ടുണ്ടവണം. അത് മറ്റൊന്നുമല്ല, വര്‍ഷങ്ങളുടെ പ്രയത്നത്തിനും കാത്തിരിപ്പിനുമൊടുവില്‍ 5000 മീറ്റര്‍ ഓട്ടത്തിനിടയില്‍ 3000 മീറ്റര്‍ ഓടിക്കഴിഞ്ഞ് ന്യൂസിലാന്‍റിന്‍റെ നിക്കി ഹാബ്ലിനും അമേരിക്കയുടെ ആബി ഡാഗസ്റ്റിനോയും പരസ്പരം കൂട്ടിമുട്ടി വീണു. നിരാശയായ നിക്കിയെ കൈപിടിച്ചുയര്‍ത്തി
ഏറ്റവും പിന്നിലാണെങ്കിലും മത്സരം മുഴുമിപ്പിക്കുവാന്‍   ആബി നിക്കിയെ  ഉത്സാഹിപ്പിച്ചു. ഈ മാതൃകാപരമായ പ്രകടനം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുകയും  വളരെ വിരളമായി മാത്രം  നല്‍കപ്പെടാറുള്ള   പിയര്‍ ദി ക്യൂബര്‍ടിന്‍ അവാര്‍ഡ് ഇരുവര്‍ക്കും നല്കി ഒളിമ്പിക്ക്  കമ്മിറ്റി ഇവരെ ആദരിക്കുകയും ചെയ്തു. സ്വര്‍ണ്ണ, വെള്ളി, വെങ്കല മെഡലുകള്‍  നേടുന്നതിനേക്കാള്‍ ശ്രേഷ്ഠമായ നേട്ടമാണിതെന്നു പറയേണ്ടതില്ലല്ലോ.
കൊച്ചുകൊച്ചു കൈത്താങ്ങലുകള്‍ മറ്റുള്ളവര്‍ക്ക് ഒരു പക്ഷെ വലിയ പ്രതീക്ഷയും പ്രത്യാശയുമായിരിക്കും പ്രദാനം ചെയ്യുകയെന്നുള്ളതാണ് ഇതില്‍നിന്നൊക്കെ ഉള്‍ക്കൊള്ളേണ്ട പാഠം. ഇതിനുള്ള അവസരങ്ങള്‍ വ്യക്തികളായും സമൂഹമായും നമുക്ക് പാഴാക്കാതിരിക്കാം.

You may also like

Leave a Comment