ഒരു ഗുരുവിന്റെ ധ്യാനം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
തന്റെ ശിഷ്യർക്ക് തീരെ അനുസരണമില്ലാഞ്ഞതിനാൽ ഗുരുവിന് രാവിലെയുള്ള ധ്യാനത്തിന് പലപ്പോഴും തടസ്സം നേരിട്ടു. ഒരു ദിവസം, പുലർച്ചെ നാലു മണിക്ക്, ഗുരു തോണിയിൽ കയറി കായലിലൂടെ തുഴഞ്ഞ് വിജനമായ കിഴക്കൻതീരത്തേക്കു പോയി. ശുദ്ധവായു ശ്വസിച്ചും കിളികളുടെ മധുരതരമായ ശബ്ദങ്ങൾ കേട്ടും അദ്ദേഹം ധ്യാനത്തിൽ മുഴുകി. പെട്ടെന്ന് മറ്റൊരു വള്ളം ഗുരുവിന്റെ തോണിയുടെ പിറകിലായി വന്ന് ഇടിച്ചു. ഗുരു ഞെട്ടി ഉണർന്നു. തന്റെ ധ്യാനത്തിനു ഭംഗം വരുത്തിയ തോണിക്കാരനെ ഉഗ്രകോപത്തോടെ ശപിച്ചു: “ഇവിടെപ്പോലും എനിക്കു സ്വൈരം തരാത്ത നീ അലഞ്ഞുതിരിഞ്ഞ് സ്വസ്ഥത കിട്ടാതെ നരകിച്ചു മരിക്കട്ടെ!” നിലാവിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട നിഴൽ രൂപം ഈ അലർച്ച കേട്ടിട്ടും ഒന്നും പ്രതികരിക്കാഞ്ഞതിനാൽ ഗുരു, കണ്ണു രണ്ടും തിരുമ്മി ഒന്നുകൂടി നോക്കിയപ്പോൾ കാര്യം വ്യക്തമായി. അത് സ്വന്തം നിഴലായിരുന്നു! തന്റെ തോണിയിൽ മുട്ടിയതാകട്ടെ, എവിടെ നിന്നോ കെട്ടഴിഞ്ഞു അലഞ്ഞു തിരിയുന്ന മറ്റൊരു തോണിയായിരുന്നു! തന്റെ കോപവും ഉഗ്രശാപവും തന്റെ സ്വന്തം നിഴലിനോടായിരുന്നു എന്ന് മനസ്സിലാക്കിയ ഗുരു ഉടൻതന്നെ, തോണി തിരികെ തുഴഞ്ഞ് ആശ്രമത്തിൽ എത്തി. (ഗൂഗിൾ).
സ്വന്തം നിഴലിനോടു കോപിച്ച് അതിനെ ശപിച്ച ഗുരു, തന്നെത്തന്നെയല്ലേ ശപിച്ചത്? എന്താണ് കോപത്തിന്റെ ഫലം? ആരെയാണ് നാം ശപിക്കുന്നത്? മറ്റുള്ളവരുടെ നേരെയാണ് കോപം എങ്കിലും മിക്കപ്പോഴും അതിന്റെ ദുർഫലം അനുഭവിക്കേണ്ടിവരുന്നത് കോപിക്കുന്ന ആൾ മാത്രമാകും. കോപിക്കുവാൻ ഇടയായ ആ സന്ദർഭം കഴിയുമ്പോൾ, ഞാൻ കോപിക്കേണ്ടിയിരുന്നില്ല എന്ന് പലർക്കും തോന്നിയിട്ടില്ലേ? (എനിക്കങ്ങനെ തോന്നിയിട്ടുണ്ട്).
പലപ്പോഴും നാം കോപിക്കുന്നത് നിസ്സാര കാരണങ്ങളുടെ പേരിലല്ലേ? സ്വന്തം പിടിപ്പുകേടും നമ്മുടെ വിശകലനത്തിലെ പിഴവുമല്ലേ മിക്കപ്പോഴും കോപത്തിന് കാരണമായി ഭവിക്കുന്നത്? നാം കോപിഷ്ഠരാവുമ്പോൾ സ്വന്തം ശരീരത്തിലെ കോശങ്ങളെ ശിഥിലീകരിക്കുന്ന ജൈവപ്രക്രിയ നമ്മിൽ സംഭവിക്കുകയാണ്. തത് ഫലമായി നമ്മുടെ തന്നെ ശരീരത്തിനും മനസ്സിനുമാണ് ആഘാതം ഉണ്ടാകുന്നത്. കൂടാതെ കോപം ഒരു പ്രശ്നത്തിനും പരിഹാരമാകുന്നില്ല എന്നതിലുപരി കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. എന്തിനാണ് ശപിക്കുന്നത്? നമുക്ക് ഉപദ്രവം ഉണ്ടാക്കിയ അപരൻ നശിക്കട്ടെ എന്ന ഭാവമല്ലേ ശാപത്തിന് പിന്നിലുള്ളത്? അപരന്റെ നാശത്തിനായി നാം കാംക്ഷിക്കുമ്പോൾ അറിയാതെ സ്വയം നാശത്തിന് വിധേയരാവുകയാണ്! നശിപ്പിക്കുവാനുള്ള വ്യഗ്രത നാശ ഹേതുവായി ഭവിക്കും എന്നതിന് സംശയം ഇല്ല. ആകയാൽ ദീർഘക്ഷമ ഉള്ളവരായി മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നവരായി ജീവിക്കുന്നത് എത്ര ധന്യം! ദൈവികഭാവമുള്ളവരായി തീരുമ്പോൾ മാത്രമേ അന്യരുടെ നന്മ ആഗ്രഹിക്കുന്ന മനസ്സ് നമുക്കുണ്ടാകയുള്ളൂ. ദൈവമേ എല്ലാവരുടെയും നന്മയ്ക്കായി ആഗ്രഹിപ്പാനും പ്രവർത്തിപ്പാനും കൃപ തരണമേ എന്ന് പ്രാർത്ഥിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953