പി. റ്റി. കോശിയച്ചൻ.

അതീവ സുന്ദരിയായ തന്റെ ഭാര്യക്ക് ഒരു അപൂർവ്വ ചർമ്മ രോഗം പിടിപെട്ടതിനാൽ സൗന്ദര്യം നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. തന്റെ സൗന്ദര്യം നഷ്ടപെട്ടതുകൊണ്ട് ഭർത്താവിന് തന്നോടുള്ള സ്നേഹം നഷ്ടപ്പെടുമോ എന്ന് അവൾ സംശയിച്ചു. ഭർത്താവു അവളെ തിരുത്താൻ ശ്രമിച്ചെങ്കിലും അവളുടെ സംശയം മാറിയില്ല. ഈ അവസരം ഭർത്താവിന് ഒരു അപകടം ഉണ്ടായി. അപകടത്തിൽ തന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടതായി അയാൾ ഭാര്യയെ അറിയിച്ചു. ഇത് അവളുടെ നിരാശ കൂട്ടിയെങ്കിലും സാവധാനം അവൾ സാധാരണ ജീവിതത്തിലേക്ക് വന്നു. കാഴ്ച നഷ്‌ടമായ ഭർത്താവിന് ആവശ്യമായ ശുശ്രൂഷകൾ അവൾ ചെയ്തുപോന്നു. ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ മരണത്തിന് കീഴടങ്ങി.
ഒറ്റയ്ക്ക് ആയ ഭർത്താവു തന്റെ ഭാര്യയുടെ ഓർമയുള്ള സ്ഥലത്തു, ഭാര്യ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് വിചാരിച്ചു വേറെ ഒരു സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. കാഴ്ചയില്ലാത്ത അയാൾ പുതിയ സ്ഥലത്ത് എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്ന അയൽവാസിയുടെ ചോദ്യത്തിന് ഉത്തരമായി അയാൾ പറഞ്ഞു: “എന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടില്ല. തന്റെ ഭാര്യക്ക് അസുഖം മൂലം സൗന്ദര്യം നഷ്ടപ്പെട്ടതിനാൽ തനിക്ക് അവളോ ടുള്ള സ്നേഹം കുറയുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു. അവളുടെ സൗന്ദര്യം നഷ്ടം ഞാൻ കാണുന്നില്ല എന്ന് അവൾ കരുതി കൊള്ളട്ടെ എന്ന് കരുതി കാഴ്ച നഷ്ടപ്പെട്ടതു പോലെ ഞാൻ അഭിനയിക്കുക മാത്രമായിരുന്നു. അവൾ നല്ല സ്നേഹം ഉള്ള ഭാര്യ ആയിരുന്നു. ഞാൻ അവളെയും വളരെയേറെ സ്നേഹിച്ചിരുന്നു. എനിക്ക് അവളോടൊപ്പം ജീവിക്കാൻ ആയിരുന്നു സന്തോഷം.” (ഗൂഗിൾ).
പരസ്പരം സ്നേഹിച്ചിരുന്ന ദമ്പതികൾ! ഭാര്യയ്ക്ക് വിഷമമുണ്ടാകാതിരിക്കാൻ അന്ധനായി അഭിനയിക്കുന്ന ഭർത്താവ്! യഥാർത്ഥ സ്നേഹം ഉടലിനോടുള്ള സ്നേഹം അല്ല, ഉയിരിനോടുള്ള സ്നേഹമാണ്. ഒരാളിനോടുള്ള സ്നേഹം, ആ ആളിന്റെ യാതൊരു യോഗ്യതയും അടിസ്ഥാനമാക്കിയല്ല. ബാഹ്യ സൗന്ദര്യമോ, സത്പ്രവർത്തികളോ ഒന്നുമല്ല സ്നേഹത്തിനാധാരം. സ്നേഹത്തിനു കാരണം സ്നേഹം മാത്രം. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും യഥാർത്ഥ സ്നേഹം ഒരിക്കലും ഇല്ലാതെ ആവില്ല. അതേ പ്രകാരം, പങ്കാളിയുടെ സ്നേഹം നഷ്ടപ്പെടുമോ എന്നതാവരുത് നമ്മുടെ ചിന്ത, മറിച്ച് നമ്മുടെ സ്നേഹത്തിൽ കുറവുണ്ടാകാതെ സൂക്ഷിക്കുകയാണ് വേണ്ടത്. എനിക്ക് സ്നേഹം കിട്ടണം എന്ന ചിന്ത പോലും സ്വാർത്ഥമാണ്. ഞാൻ നൽകുന്ന സ്നേഹം കുറഞ്ഞുവോ എന്ന ചിന്ത സ്വയശോധനയ്ക്കും തിരുത്തലിനും സഹായിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും യാതൊരു കാരണത്താലും സ്വാർത്ഥപരമാ കരുത്. സ്നേഹത്തിൽ സ്വാർത്ഥത കടന്നു കൂടിയാൽ, ആ സ്നേഹം വിഷമയമായി തീരും! സ്നേഹവും സ്വാർത്ഥതയും പരസ്പര വിരുദ്ധമാണല്ലോ. എനിക്ക് ലഭിക്കേണ്ട സ്നേഹം, നന്മ, ശുശ്രൂഷ തുടങ്ങിയവയെ കുറിച്ചുള്ള ചിന്തകൾ തന്നെ സ്വാർത്ഥതയുടെ ഫലമാണ്. ഞാൻ നൽകുന്നവയാണ് സ്നേഹത്തിന്റെ പ്രതീകം. സ്നേഹം ഒരിക്കലും സ്വാർത്ഥ പരമായ നേട്ടങ്ങൾ ഉണ്ടാക്കുകയില്ല, സ്നേഹം, അപരനു വേണ്ടി നഷ്ടം സഹിക്കാനുള്ള സന്നദ്ധതയാണ്. കുടുംബത്തിലും സമൂഹത്തിലും യഥാർത്ഥ സ്നേഹം പങ്കുവെക്കുന്നവരായി ജീവിപ്പാൻ നമുക്ക് സജ്ജമാകാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-