റൂട്ട് ഫോർ ഈസ്റ്റിലെ മാക് ഡൊണാള്‍ഡ്‌സ്.. ഹൈവേയോടു ചേർന്നുള്ള ഇരിപ്പിടം…
നിസ്സംഗനായീ പുറത്തെ ട്രാഫിക്കിലേക്കു ഞാൻ കണ്ണുകൾ പായിക്കും.. ഗൂഗിൾ മാപ്‌സ് ഇടതടവില്ലാതെ ‘ഹെവി ട്രാഫിക് — റൂട്ട് ഫോർ ജാം.. …’ എന്ന് മെസ്സേജ് വന്നുകൊണ്ടാണിരുന്നത് എന്ന് നിന്നോട് പറഞ്ഞില്ല…
“അറിയോ നിങ്ങൾക്ക്…. എന്റെ ഈ നോവലിനെ പറ്റി എന്തെങ്കിലും അറിയോ ?!…”
കവിൾ തുടുക്കുന്നതും മാറി മാറി വരുന്ന വികാര വിക്ഷോഭങ്ങൾ വെള്ളിത്തിരയിലെന്നപോലെ കണ്ണുകളിൽ മാറി മറയുന്നതും ഞാൻ നിർവികാരനായി നോക്കിയിരിക്കും…
കവിളിലേക്കു ചിതറി വീണു കിടക്കുന്ന ക്രോപ്പു ചെയ്‌ത ചുരുണ്ട മുടിയിഴകൾ ചെവിയുടെ പിറകിലേക്ക് ഞാൻ വകഞ്ഞു മാറ്റും.
നീ പറഞ്ഞു തുടങ്ങും…
ദ്രൗപതിയുടെ വസ്‌ത്രാക്ഷേപത്തിന്റെ പിറകിലെ ഗൂഢമായ താത്വിക പൊരുളുകൾ..
പഞ്ചപാണ്ഡവരെല്ലാവരുടേയും ഭാര്യയാകേണ്ടി വന്നിട്ടും എത്ര സാമർഥ്യമായീ അവൾ അവരെ സംതൃപ്തരാക്കി, പരസ്പരം തെറ്റിക്കാതെ കൊണ്ടു നടന്നു എന്നതും… പിന്നെ നിന്റെ പുതിയ ഗവേഷണ വെളിച്ചങ്ങളും…
“ഭാഗവതവും ഭാരതവുമൊക്കെ ഒരഞ്ചാവർത്തിയെങ്കിലും അരച്ചു കലക്കി കുടിച്ചിട്ടാ ഇതിനിറങ്ങിയത്.. അതും ഒറിജിനൽ സംസ്ക്രുതത്തിൽ …. ചുമ്മാതല്ല… ഊണിലും ഉറക്കത്തിലും ഇതെന്റെ തലേക്കിടന്നങ്ങു കറങ്ങാർന്നു, പ്രസവവേദനപോലെ…. ഹോപ്പ് യു അണ്ടർസ്റ്റാൻഡ് മി, മൈ ഡിയർ… “
ഞാൻ തലയാട്ടുമ്പോൾ മുഖത്തു സംതൃപ്തിയുടെ ഒരു പുഞ്ചിരി വിരിയും. കുത്തിക്കുറിച്ച നോട്ടുബുക്കിന്റെ താളുകളിൽ കൂടി ഞാൻ കണ്ണോടിക്കും .. നിനക്കതു വേണമെന്നുള്ളത് അറിഞ്ഞിരുന്നതാണ്……..ഒപ്പും ഒരു നല്ല സ്രോതാവിനേയും….
“ഫിഫ്ത് അവന്യൂവിലെ ന്യൂയോർക്ക് പബ്ലിക് ലൈബ്രറി മുഴുവൻ അരിച്ചു പെറുക്കാർന്നു മാസങ്ങളായി.. രാവും പകലും.. ഊണും ഉറക്കോം ഇല്ലാതെ….. ഒരുഗ്രൻ ഡോക്യുമെന്റ് ഇന്നു കിട്ടി!”….
ഒരു വിശ്വവിജയിയെപ്പോലെ നീയെന്റെ കഴുത്തിൽ കുടി കൈകൾ കോർത്തിട്ടു നെറ്റി എന്റെ ചുണ്ടിലമർത്തീ… ഒരുന്മാദിനിയെപ്പോലെ തുരുതുരെ തുള്ളിച്ചാടാൻ തുടങ്ങി….
ഞാൻ നിന്നെ അനുഗ്രഹിക്കണമെന്നോ അതോ അനുവദിക്കണമെന്നോ?!…
നിന്റെ എല്ലാ സ്വപ്നത്തേരിലും, കുരുക്ഷേത്രത്തിൽ കൗരവപ്പടയെ കണ്ടു സ്തബ്ധനായ അർജുനനെ വീണ്ടും വീര്യം കൊടുത്ത തേരാളിയായ കൃഷ്‌ണനെന്നപോലെ, തേരു തെളിച്ച് ഞാനുമൊപ്പമുണ്ട് സഖീ… കുരുക്ഷേത്രത്തിൽ ജയിക്ക തന്നേ…
ശരീരത്തിന്റെ പ്രലോഭനങ്ങളിൽ നിന്ന് എന്നോ പറന്നുപോയ ഒരു നിശാപുഷ്പമാണ് നീയെന്നത് അറിയാം.. ആസക്തികൾ വാട്ട്സ്ആപ്പ് മെസ്സേജുകളിൽ പൊതിഞ്ഞു നീ ഒളിപ്പിച്ചുവെച്ചു….
‘ഒരു ഇന്റലെക്ചൽ കംപാനിയനെ ആണ് എന്റെ ഉള്ളു മോഹിക്ക’ണമെന്നു നീ എപ്പോഴും പറയാറുള്ളത് ഞാൻ ഓർത്തെടുത്തു…………..
മുറിവേറ്റ പഴയ കാലത്തിലേക്ക് നീ ചിലപ്പോൾ ഊളിയിട്ടു പോകും. എനിക്കതു കേൾക്കേണ്ട എന്നു ഞാൻ പലകുറി പറഞ്ഞിരുന്നെങ്കിലും ഉള്ളിൽ അലയടിച്ചു കൊണ്ടിരിക്കുന്ന ക്രോധവും ഒപ്പം പ്രതികാരവും ആവിയായി പോകട്ടെ എന്നു കരുതി ഞാൻ നിശ്ശബ്ദനാകും… കൗമാര പ്രണയത്തിന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെ ഒരു താപസ്സിയുടെ ഉൾക്കരുത്തോടെ നിസ്സംഗയായി ചിലപ്പോൾ നീ അയവിറക്കുന്നതു കാണാം.
“താലിയൂരി ഞാൻ അറബി കടലിൽ എറിഞ്ഞു… അങ്ങേരു തന്ന മംഗല്യ മോതിരം അനാഥ മന്ദിരത്തിനും…………..” ഞാൻ തലതാഴ്ത്തി ഇരിക്കും….. എറണാകുളത്തെ സുബാഷ് പാർക്കിൽ സ്വപ്നങ്ങൾ പങ്കുവെക്കുന്ന രണ്ടിണക്കിളികൾ എന്റെ മനോമുഖുരത്തിൽ തെളിഞ്ഞ വരും…… മഹാരാജാസിലെ ക്‌ളാസ്സുകളോട് വിട്ടുപറഞ്ഞ്.. കായൽകാറ്റേറ്റ്…..
വർഷങ്ങൾക്ക് പിറകിൽ ഒരു ദിവസം നീ പെട്ടെന്ന് അപ്രത്യക്ഷയായത്
ഞാനോർത്തെടുത്തു… നീ തപസ്സിനു പോകയെന്നായിരുന്നു എന്നോട് പറഞ്ഞത്…
‘ഹിമാലയത്തിലേക്ക് ഞാനൊരു യാത്രപോകയാണ്.. സത്യം മുഴുവൻ അവിടെയാ കുഴിച്ചിട്ടിരിക്കുന്നത്…!’
കൊളംബിയാ യൂണിവേഴ്സിറ്റിയിലെ ആഗലേയ ഭാഷാപഠനം വലിച്ചെറിഞ്ഞു ഭാരതീയ ഇതിഹാസങ്ങളുടെ ആഴത്തിലേക്ക് ഊളിയുട്ടിറങ്ങാൻ നിനക്കു വല്യ ഭ്രാന്തായിരുന്നു… നീയെടുക്കുന്ന തീരുമാനങ്ങളെ ആർക്കും മാറ്റാൻ കഴിയില്ല എന്നറിയാമായിരുന്നു…
‘കാഷായ വേഷമണിഞ്ഞു തല മുഢനം ചെയ്തു ഒരു വലിയ രുദ്രാക്ഷമാലയുമായിട്ടായിരിക്കും നിന്റെ അടുത്ത വരവെന്ന’ എന്റെ ആശങ്കക്ക് ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു എന്നും നീ സമ്മാനിക്കാര്, ഒപ്പും കവിളിലൊരു കുസൃതിയുമ്മയും…
ചൂടുള്ള ബിഗ് മാക്കിൽ കെച്ചപ്പിന്റെ കവർ പൊട്ടിച്ച് ശ്രദ്ധയോടെ പുരട്ടുന്ന നിന്‍റെ മുഖത്തേയ്ക്കു അറിയാതെ എന്‍റെ കണ്ണുകൾ പതിച്ചു… എത്രയോ സായാഹ്നങ്ങളിൽ നമ്മൾ ഒരുമിച്ച് കൂടാറുണ്ടെങ്കിലും ഇന്നലെയാണത് എന്റെ കണ്ണുകളിൽ പതിഞ്ഞത്…
മറുകെ.. മുത്തിച്ചുവപ്പിച്ച് …. നിന്റെ നിറം ചുവപ്പായതു കണ്ടില്ലേ….
മറുകേ.. അവൾ വീണ്ടും തപസ്സിനു പോകയാണ്, പൂർവ്വാശ്രമത്തിന്റെ കർമ്മബദ്ധനങ്ങളുടെ നീർക്കയത്തിൽ മുത്തുച്ചിപ്പി പറക്കാൻ… ജീവിതാസക്തികളെ കാഷായവേഷത്തിൽ നിഗ്രഹിച്ച് ഇവനോട് അനന്തമായി കാത്തിരിക്കാൻ കെഞ്ചി….
ബിഗ് മാക് കടിച്ചു തിന്നുകൊണ്ടു നീ തുടർന്നു…
“സഖോ, ഒരഞ്ചാറുവർഷം ഗർഭപാത്രത്തിലിട്ടു മുലയൂട്ടി പോറ്റിയതാ… വെളിച്ചം കാണിക്കണം………….”
“സാക്ഷാൽ കൈലാസത്തിൽ ശിവപാർവതിമാരുടെ സാന്നിത്യത്തിലായിരിക്കണം പ്രിയനേ, എന്നെ വരണമാല്യം അണിയിക്കേണ്ടത് …..” ഒരുന്മാദിനിയെപ്പോലെ നീ പൊട്ടി പൊട്ടി ചിരിച്ചു…..
പിന്നെ എതോ ചിന്തയിൽ ആമക്തയായി പിറുപിറുത്തു .
“എന്റെയീ സ്വപ്ന സൃഷ്ടി ശിവപാർവതിമാരായിരിക്കും റിലീസു ചെയ്യുന്നത്…. പരമ ശിവൻ പാർവതീക്കു കൊടുത്തുകൊണ്ട്!…… നിങ്ങളും വേണം ആ വേദിയിൽ…. അതു കഴിഞ്ഞു ശിവപാർവ്വതിമാർ തരുന്ന വരണമാല്യങ്ങൾ നമുക്ക് പരസ്‌പരം അണിയിക്കണം….. എന്തൊരു ഹെവൻലി ബ്യൂട്ടിഫുൾ അനുഭൂതിയായിരിക്കും അതെന്നു ഡ്രീം ചെയ്യ് പ്രിയനേ… “
നിന്റെ കണ്ണുകളിൽ ശിവപാർവതിമാരുടെ വശ്യമനോഹര നൃത്തച്ചുവടുകൾ…..
നോട്ടു ബുക്കെടുത്തു ഭ്രാന്തമായീ നീ ചുംബിക്കാൻ തുടങ്ങി. പിറന്നു വീണ തൻറെ കടിഞ്ഞൂൽ കുഞ്ഞിനെയെന്ന പോലെ. നിന്റെ സ്വപ്‍നങ്ങൾ വിളയുന്ന നോട്ടു ബുക്ക് വിറക്കുന്ന കൈകളാൽ എന്റെ നേരെ നീട്ടി. ആദ്യജാതനെ പിതാവിന്റ് കൈകളിൽ വെച്ചു കൊടുക്കുന്ന തരളിതയോടെ.
കുത്തിക്കുറിച്ചിരിക്കുന്ന അക്ഷരങ്ങളെയെടുത്തു ഞാൻ ചതുരംഗപ്പലകയിൽ നിരത്തി…… സിസിലിയൻ ഓപ്പണിങ്ങിൽ ഞാൻ കരുക്കൾ നീക്കി നല്ല മുന്നേറ്റം നടത്തിയിട്ടും ഇരുപതാമത്തെ നീക്കത്തിൽ നിന്റെ തേരിന്റെ ഒരപ്രതീക്ഷിത ആത്മബലിയുടെ തന്ത്ര അടവിൽ എന്റെ രാജാവ് അടിയറവു പറഞ്ഞു. എന്റെ കാലാൾ പടയാളികൾ ചാവേറുകളായീ കളത്തിൽ പൊരുതി വീണിട്ടും തേരുകൾ കൊണ്ടൊരു കോട്ട തീർക്കാൻ മന്ത്രിക്കായില്ല…..ഞാൻ തോൽവി സമ്മതിച്ചു..!
ഹിമവാന്റെ താഴ്വരയിലേക്കുള്ള യാത്രാമൊഴി പറയുവാൻ സഖി, നീ എന്തിനു വന്നു?!…….
കൊളംബിയാ യൂണിവേഴ്സിറ്റി: ന്യൂയോർക്ക് സിറ്റി – മൻഹാട്ടനിൽ ഉള്ള പ്രസിദ്ധമായ യൂണിവേഴ്സിറ്റി .
സിസിലിയൻ ഓപ്പണിങ്ങു്: ചെസ്സിലെ പ്രസിദ്ധമായ ഒരു തുടക്ക കരു നീക്കങ്ങളുടെ പേര്.