Home Malayalamഅമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍- പ്രൊഫ. കോശി തലയ്ക്കല്‍

അമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍- പ്രൊഫ. കോശി തലയ്ക്കല്‍

by admin
0 comments
മ്മയെന്നുള്ള മധുസ്വര മാദ്യമായ്
 വിശ്വവിഹായസ്സില്‍ വന്നു പതിക്കവേ
മണ്ണിന്‍റെ മാറു തരിച്ചുപോയ്, സ്വര്‍ഗ്ഗീയ
പീയൂഷ നിര്‍ഝരിയൊന്നായ് തുളുമ്പിപ്പോയ്
കണ്ണുതുറന്നത് കണ്ണിലേക്കാണെന്‍റെ
 അമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍
അമ്മതന്‍ കണ്ണിലുദിച്ചതു സൂര്യനാ-
ണെന്നെയാസൂര്യകിരണങ്ങള്‍ പുല്‍കവേ
അമ്മതന്‍ മാറിലെ ചൂടറിഞ്ഞല്ലയോ
ഞാനെന്‍റെ ജീവിത യാത്ര നടത്തുക.
അമ്മയെനിക്കായൊരുക്കിയ വീടതില്‍
സ്വച്ഛന്ദമായ് കുറെ നാളു കഴിച്ചു ഞാന്‍
ഞാനുരുവായാ നിമേഷം മുതലെന്നെ
ലാളിച്ചെനിക്കു വഴി കാട്ടിയായമ്മ
വേണ്ടതെല്ലാമെനിക്കേകി, ഞാനങ്ങനെ
മാലാഖയേപ്പോല്‍ കഴിഞ്ഞൊരാ നാളുകള്‍
വിസ്മൃതിയില്‍ പോയ്മറ, ഞ്ഞമ്മയെങ്കിലും
ജീവിത യാത്രയില്‍ ധന്യമാനാളുകള്‍
ഭൂവിലുമമ്മയാണെന്‍ വീട്-ഒരിക്കലാ
ജീവിതം തീരുകിലെന്‍ വീടനാഥമാം
അമ്മയെന്നുള്ള രണ്ടക്ഷരം പേറും
സനാതന സൗന്ദര്യം മറ്റെങ്ങു കണ്ടിടാന്‍
സര്‍വം സഹയായി സര്‍വാദരം നേടി
സര്‍വര്‍ക്കും മംഗള ദായിനിയാണമ്മ
അമ്മയൊരത്ഭുതമാണവര്‍ മുമ്പാകെ
എന്നഗ്നി ജ്വാലകളെല്ലാമണയുന്നു
അമ്മയൊരത്ഭുതമാണവര്‍ വാക്കുകള്‍
എന്‍റെയുള്ളില്‍ മൃദു സാന്ത്വനമേകുന്നു
ഇല്ല പകരം പറയുവാനമ്മയ്ക്കു 
അമ്മ മാത്രം പകരം വച്ചീടുവാന്‍
വാക്കുകള്‍ കൊണ്ടല്ലെന്നമ്മയെ പൂജിപ്പ-
തെന്നുള്ളില്‍ പൂക്കും പനീരലര്‍ച്ചെണ്ടിനാല്‍
സ്വര്‍ഗ്ഗവാത്സല്യങ്ങള്‍ എന്നില്‍ പകരുന്ന 
അമ്മയില്‍ ദൈവമുഖം കണ്ടിടട്ടെ ഞാന്‍

You may also like

Leave a Comment