= പി. ടി. പൗലോസ് =
——————————
ഫാദർ ജോസഫ് പുത്തൻപുരക്കൽ,
കഴിഞ്ഞ ദിവസം താങ്കൾ 24 ചാനലിലെ ജനകീയ കോടതിയിൽ കത്തോലിക്കാ സഭയുടെ ഉരുക്കുകോട്ടയിൽ കാലങ്ങളായി വെട്ടിമൂടുന്ന നഗ്നസത്യങ്ങളുടെ കുഴിമാടങ്ങളിൽ വെള്ളപൂശാൻ മെനക്കെടുന്നത് കണ്ടു. താങ്കൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. എഴുപതുകളുടെ തുടക്കത്തിൽ മലയാളത്തിലെ എക്കാലത്തെയും വലിയ നാടക പ്രതിഭയും ആചാര്യനുമായിരുന്ന എൻ. എൻ. പിളള ‘കാപാലിക’ എന്ന പേരിൽ ഒരു നാടകമെഴുതി. അതിന്റെ ആദ്യകാല സ്ക്രിപ്റ്റിലെ കഥാപാത്രങ്ങൾ രംഗവേദിയിൽ ചായമണിഞ്ഞെത്തിയപ്പോൾ ആർക്കും മറക്കാൻ കഴിയാത്ത ഒരു സീൻ ഉണ്ടായിരുന്നു. നായിക വായിക്കുന്ന പുസ്തകത്തിന്റെ പേര് ‘മഗ്ദലനമറിയാം’. സംശയം തോന്നിയ നായക കഥാപാത്രം (പിളള തന്നെ ) ആ പുസ്തകത്തിന്റെ പുറംചട്ട നാടകീയമായി വലിച്ചുകീറിയപ്പോൾ പുസ്തകത്തിന്റെ ശരിയായ പേര് ‘അക്ബറിന്റെ കഴുത്ത് ‘. എന്നിട്ട് എൻ. എൻ. പിളളയുടെ പരുക്കൻ ഡയലോഗും ”മഗ്ദലനമറിയത്തിന്റെ ചട്ടക്ക് അകത്താണോടി അക്ബറിന്റെ കഴുത്തിരിക്കുന്നത് ”. നാടകത്തിൽ എൻ. എൻ. പിളള ശൈലിയിലുള്ള അശ്ലീലഭംഗിക്കുവേണ്ടി എഴുതി ചേർത്തത് ആയിരിക്കാം. പക്ഷെ, താങ്കളുടെ കാര്യത്തിൽ അതിനിവിടെ പ്രസക്തിയുണ്ട്.
താങ്കൾ ഒരു അക്ബറിന്റെ കഴുത്താണ് ഫാദർ. താങ്കൾക്കറിയാം സത്യങ്ങൾ. അവയെ മഗ്ദലനമറിയത്തിന്റെ ചട്ടകൊണ്ടു മൂടി താങ്കൾ ഊരുചുറ്റി മിമിക്രി ധ്യാനം നടത്തുകയാണ്. താങ്കൾ പറയുന്ന ഫലിതങ്ങൾ വീണ്ടും വീണ്ടും പറയുമ്പോൾ ഞങ്ങൾ വീണ്ടും വീണ്ടും ചിരിച്ചുകൊണ്ടേയിരിക്കുന്നു. കാരണം ദുരിതങ്ങളുടെ കയ്പുനീര് കുടിച്ചുവളർന്ന ഞങ്ങൾക്ക് താങ്കൾ കാണിച്ചുതരുന്ന സ്വര്‍ഗ്ഗത്തിലെ സുന്ദരിമാരായ മാലാഖമാർ പകർന്നുതരുന്ന മുന്തിരിച്ചാറിന്റെ രുചിയോർക്കുമ്പോൾ താങ്കൾ ധരിച്ചിരിക്കുന്ന കാപ്പിപ്പൊടിക്കുപ്പായത്തെ ബഹുമാനിച്ചുകൊണ്ട് വീണ്ടുംവീണ്ടും ചിരിക്കാതിരിക്കാൻ പറ്റില്ലല്ലോ, വിഡ്ഢികളെപ്പോ ലെ.
ലോകത്താകമാനമുള്ള ബുദ്ധിമാന്ദ്യമില്ലാത്ത കോടിക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി താങ്കൾ പറഞ്ഞു. ലൂസി സിസ്റ്റർ സിസ്റ്റത്തിന്റെ ഭാഗമായതിനാൽ സ്വന്തം ചിന്തകൾക്ക് അവധി കൊടുത്ത് മഠത്തിന്‍റെ നാലുഭിത്തികൾക്കുള്ളിൽ അടിമയായി അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളണമെന്ന് . താങ്കളുടെ വാക്കുകൾ അതേപടി എഴുതുന്നു. ”സിസ്റ്ററെ (ലൂസി) പണ്ടേ പുറത്താക്കേണ്ടതായിരുന്നു. സിസ്റ്റത്തെ എന്തിന് ചൊറിയുന്നു . ഏത് പോപ്പ് പറഞ്ഞാലും ചാനലിൽ അലക്കണ്ടാത്ത രഹസ്യങ്ങൾ ഉണ്ട്. സിസ്റ്റത്തെ നിന്ദിക്കുന്നവർ ഇറങ്ങിപ്പോട്ടെ” എങ്ങോട്ടു പോകാൻ ? നിങ്ങൾ പറയുന്നു മാതാവ് ഉണ്ടല്ലോ. അവർ വന്നു വിളിച്ചുകൊണ്ടു പോകട്ടെ. വാർദ്ധക്യമായി അസുഖമുള്ള 84 വയസ്സുള്ള മാതാവ് 54 വയസ്സുള്ള മകളെ വീട്ടിൽ കൊണ്ടുവന്ന് സംരക്ഷിക്കുന്നതെങ്ങനെ ? ആവുന്ന കാലത്ത് ചോരയും നീരും ഊറ്റിക്കുടിച്ചിട്ട് അൻപത്തിനാലാം വയസ്സിൽ കരിമ്പിൻചണ്ട്‌പോലെ വലിച്ചെറിയുന്നു. ബൈബിളിലെ ഏതു നിയമമാണ്, ഏത് കല്പനകളാണ് അരമനകളെയും സന്യാസിനി മഠങ്ങളേയും നിയന്ത്രിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തുന്നിടത്തു മാത്രമേ നീതി നടപ്പാകുകയുള്ളു എന്ന ലോകസത്യം തിരക്കി താങ്കൾ ബൈബിളും കല്പനാപുസ്തകങ്ങളും തപ്പണ്ട. സിസ്റ്റത്തെ തിരുത്താൻ സിസ്റ്റത്തിനകത്തുതന്നെ സംവിധാനമുണ്ടെന്നാണ് താങ്കൾ പറയുന്നത്. കന്യാസ്ത്രീകളിൽ എങ്ങനെ കുട്ടികൾ ഉണ്ടാകാതിരിക്കാം എന്നത് പ്രായോഗിക പരീക്ഷണങ്ങളിലൂടെ വിജയിപ്പിച്ച പ്രകൃതിവിരുദ്ധലൈംഗീകതയുടെ രാജഗുരു ഫ്രാങ്കോമെത്രാൻ, നിർധന കുടുംബത്തിലെ 9 വയസ്സുള്ള പെൺകുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് കുഞ്ഞിന്റെ രഹസ്യഭാഗങ്ങളിൽ കാമത്തിന്റെ കറുത്ത കുർബാന സമർപ്പിച്ച കാട്ടുമാക്കാൻ തൃശ്ശൂർ തൈക്കാട്ടുശ്ശേരിയിലെ ഫാദർ രാജു കൊക്കൻ , കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ഗർഭത്തിന്റെ ഉത്തരവാദിത്വം പെൺകുട്ടിയുടെ പിതാവിനെ പണം കൊടുത്തേല്പിച്ച് മറ്റൊരു കനാന്‍ ദേശത്തേക്ക് തന്ത്രപൂർവ്വം മുങ്ങാൻ ശ്രമിച്ച കർത്താവിന്റെ പ്രതിപുരുഷൻ കേരളം കണ്ട ഒന്നാം നമ്പർ ക്രിമിനൽ ഫാദർ റോബിൻ, വേദപാഠക്ലാ സ്സിനു പോയ സ്രേയ എന്ന പെൺകുരുന്നിനെ പീഡനത്തിനുശേഷം കൊന്നു കുളത്തിലേക്ക് വലിച്ചെറിഞ്ഞ പകൽമാന്യരായ സാത്താന്റെ സന്തതികൾ, സാമ്പത്തിക തട്ടിപ്പിന്റെ പെരുമഴ പെയ്യിച്ച ആലഞ്ചേരി, പീലിയാനിക്കൽ, ജോസഫ് പാംപ്ലാനി എന്നിവരുടെ വിഷയങ്ങളിൽ ഒക്കെ താങ്കൾ പറയുന്ന സിസ്റ്റം എന്ത് തിരുത്തലാണ് വരുത്തിയത് ? അഭയകേസിൽ ബൈബിൾ തൊട്ടു കള്ളസാക്ഷ്യം പറഞ്ഞു മൊഴി മാറ്റി എട്ടാം കൽപ്പന ലംഘിച്ച അഭയയുടെ കൂട്ടുകാരി സിസ്റ്റർ അനുപമയെ ‘ചാവു’ ദോഷം കല്പിച്ചു മഠത്തില്‍നിന്നും പുറത്താക്കേണ്ടതല്ലേ ? കാരണം രണ്ടു പ്രാവശ്യവും അവർ ബൈബിളിൽ തൊട്ടാണ് സത്യം ചെയ്തത് .
ഒരു പത്രപ്രവർത്തകനെന്ന നിലയിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി എന്റെ സഞ്ചാരവേളകളിൽ നിരവധിയനവധി കന്യാസ്ത്രീകളുമായി സംവാദിക്കുവാനും വ്യക്തിപരമായി ആശയവിനിമയം ചെയ്യുവാനും എനിക്കവസരം കിട്ടിയിട്ടുണ്ട്. അവരിൽ ഭൂരിഭാഗത്തിനും മഠത്തിന്‍റെ ഉള്ളിൽ അവരനുഭവിക്കുന്ന പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കഥകളെ പറയാനുണ്ടായിരുന്നുള്ളു . ബംഗാളിലെ ബന്‍ഡേല്‍ പള്ളിമുറ്റത്ത് വച്ച് അടിസ്ഥാനവർഗ്ഗത്തിൽപ്പെട്ട ഒരു കന്യാസ്ത്രീ എന്നോട് പറഞ്ഞത് മഠത്തിലെ ആദ്യനാളുകളിൽ അവരെ നിലത്തിരുത്തി മാത്രമേ ഭക്ഷണം കൊടുത്തിട്ടുള്ളു. ഉയർന്ന വീടുകളിൽ നിന്നുള്ള സമപ്രായത്തിലുള്ളവർക്ക് തീൻ മേശയും. പാവം കന്യാസ്ത്രീകളുടെ ‘സിസ്റ്റെത്തി’ ലുള്ള നിലനിൽപ്പിന്റെ പ്രശ്നമായതുകൊണ്ട് ഞാനാരുടെയും പേര് പറയുന്നില്ല. എന്റെ ഒരു ഹൗറ – കൊച്ചി തീവണ്ടി യാത്രയിൽ ഒരു കന്യാസ്ത്രീയുടെ കഥ കേട്ടപ്പോൾ എന്റെ ഉള്ളും ഒന്ന് പിടഞ്ഞുപോയി. ആരുടേയും ഹൃദയത്തിന്റെ അടിത്തട്ടുകളെ ഇളക്കുന്നതായിരുന്നു അവരുടെ മേലധികാരികളുടെ കേട്ടാൽ ഓക്കാനം വരുന്ന മെനകെട്ട പെരുമാറ്റച്ചട്ടങ്ങൾ . എങ്കിലും അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവം എന്നോട് ഷെയർ ചെയ്തത് എനിക്കിവിടെ എഴുതിയേ പറ്റൂ. അവർ കുളിക്കുന്ന സമയത്ത് രഹസ്യഭാഗത്ത് അറിയാതെ കൈ സ്പർശിച്ചപ്പോൾ സ്വയം ഇക്കിളി ആയിപ്പോയി. അതൊരു പാപമാണോ എന്ന് നിഷ്ക്കളങ്കയായ കന്യാസ്ത്രീ സുപ്പീരിയറമ്മയോട് തുറന്നു ചോദിച്ചപ്പോൾ പാപം ചെയ്തതിന്റെ പേരിൽ സിസ്റ്ററിന്റെ അടിവസ്ത്രത്തിന് അലോട്ട് ചെയ്ത നൂറു രൂപ സുപ്പീരിയറമ്മ കട്ട് ചെയ്തു.
എറണാകുളം ജില്ലയിലെ പഴമകളുടെ ചരിത്രമുറങ്ങുന്ന ഒരു ആരാധനാമഠത്തിന്റെ പശുത്തൊഴുത്തിൽ വെളുപ്പാൻകാലത്തു കറവക്കാരന്റെ കരുത്തിനു മുൻപിൽ ഉടുവസ്ത്രമുരിഞ്ഞ സുപ്പീരിയറമ്മയുടെ രതിവൈകൃതങ്ങൽ അബദ്ധവശാൽ കാണേണ്ടിവന്ന ഒരു പാവം സിസ്റ്റർക്ക് മലബാറിലെ ഏതോ ഓണംകേറാ മൂലയിലേക്ക് ഒരു എമർജൻസി സ്ഥലം മാറ്റം. തേറ്റപന്നികള്‍ക്ക് തീറ്റ കൊടുക്കുന്ന ആ മഠത്തിലെ പന്നിക്കുഴികളിൽ ദുരൂഹതയുണ്ട് എന്ന് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലബാറിൽ തന്നെ കഴിയാൻ വിധിക്കപ്പെട്ട അവർ പറയുകയുണ്ടായി.
എഴുപതുകളുടെ പകുതിയിൽ എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള ഒരു കത്തോലിക്കാ മഠത്തിൽ ഒരു കൊച്ചുസിസ്റ്റർ പൊള്ളലേറ്റു മരിച്ചത് അച്ഛന് ഓർമ്മയുണ്ടാകില്ല. ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ അടക്കാനാകാത്ത സുഷിരങ്ങളുണ്ടാക്കി. തൊട്ടടുത്ത കന്യാസ്ത്രീ മഠത്തിൽനിന്നും വികാരിയച്ചന്റെ വിരിപ്പുമാറ്റാൻ നിയോഗിക്കപ്പെട്ട കൊച്ചുസിസ്റ്ററെ കടന്നുപിടിച്ചപ്പോൾ കുതറിയോടി മഠത്തിലെ അടുക്കളയിൽ കയറി കതകടച്ചു. അച്ഛനെ ധിക്കരിച്ചത് സുപ്പീരിയറമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിളച്ച എണ്ണയാണ് സിസ്റ്ററിന്റെ മുഖത്തേക്ക് ഒഴിച്ചത്. പിറ്റേ ദിവസം സിസ്റ്റർ ജീവനറ്റ നിലയിൽ. അന്ന് വൈകുന്നേരം മലമുകളിലെ ഒറ്റമുറി വീട്ടിൽ കൊച്ചുസിസ്റ്ററിന്റെ മാതാപിതാക്കൾ അലമുറയിട്ടു കരഞ്ഞപ്പോൾ, ഇങ്ങു താഴെ ആറ്റുതീരത്തെ ആരാധനാമഠത്തിലെ ആഴ്ചവട്ട സൊറപറച്ചിലിൽ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞ് ത്യാഗത്തിന്റെയും സഹനത്തിന്റെയും ശരശയ്യ ഇരന്നുവാങ്ങിയ അൽഫോൻസാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ലാസറിനെ ഉയർപ്പിച്ച കർത്താവിന് സ്തുതിഗീതങ്ങൾ പാടുകയായിരുന്നു സുപ്പീരിയറമ്മയും സംഘവും. ഏത് ശിലാഹൃദയരുടെയും കരളലിയിക്കുന്ന ഈ ദാരുണ സംഭവം അടിസ്ഥാനമാക്കി ഞാനൊരു കഥയെഴുതിയപ്പോൾ എന്റെ കൈ വെട്ടുമെന്നു പറഞ്ഞവരുടെ ബുദ്ധിശൂന്യതയെ സഹതാപപൂർവ്വം ഈയവസരത്തിൽ സ്മരിക്കുന്നു.
ഇനിയും ഒരുപാട് പറയാനുണ്ട്. മറ്റൊരിക്കലാകാം. ഈ പാവപ്പെട്ട സ്ത്രീകളുടെ ഹൃദയഭിത്തികളിൽ ഉണ്ടായ മുറിവുകളിലൂടെ ഇന്നും ചോര പൊടിയുന്നു. ആ മുറിവായിൽ പുരട്ടുവാനുള്ള ലേപനം താങ്കളുടെ സിസ്റ്റത്തിലില്ല. കാരണം സിസ്റ്റത്തെ താങ്ങുന്നത് കുപ്പായമിട്ട കുഴിവെട്ടുകാരും പാഷാണം വർക്കികളും ചട്ടുകാലിമറിയകളും ആണ്. കടമിഴികൾ കൊത്തിപ്പറിക്കാൻ കഴിവുള്ള കൊമ്പൻ കഴുകന്മാർ താങ്കളുടെ സിസ്റ്റത്തിന് കാവലുണ്ടെന്നറിയാം. അവർ അരമനയപ്പന്മാരുടെയും പ്രൊവിൻഷ്യലമ്മച്ചിമാരുടെയും ഒക്കെ കൂടെക്കിടപ്പിന്റെയും കൂട്ടിക്കൊടുപ്പിന്റെയും അറക്കുന്ന കഥകൾക്ക് വിശുദ്ധിയുടെ തൈലം പുരട്ടുമെന്നും ഫ്രാങ്കോയേയും റോബിനെയും കൊക്കനേയുമൊക്കെ വാഴ്ത്തപ്പെട്ടവരാക്കുമെന്നും അറിയാം. മഠങ്ങളിലെ മറപ്പുരകളിൽ വയറ്റാട്ടികളില്ലാതെ പ്രസവിക്കുമ്പോൾ അലറിക്കരയാൻ അനുവാദം കൊടുക്കാതെ, പേറ്റുനോവിന് കൊന്തചൊല്ലാൻ പറയുന്ന സുപ്പീരിയറമ്മകളുടെ വിശുദ്ധ സിസ്റ്റത്തിന്റെ വിശുദ്ധിയില്ലായ്മയെയും മഠങ്ങളിൽ വർദ്ധിച്ചുവരുന്ന അബോർഷനെയും ഈയിടെ ഒരു വത്തിക്കാൻ മാസിക ‘വിമൺ ചര്‍ച്ച് വേള്‍ഡ് ‘ തെളിവോടെ നിരത്തി. വത്തിക്കാന്റെ ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ, അതെ ഫ്രാൻസിസ് മാർപാപ്പ ഈ അനീതിക്കും അധാർമ്മികതക്കും എതിരായി രംഗത്തുവന്നു. ഇതൊന്നും പുത്തൻപുരക്കലച്ചൻ അറിഞ്ഞില്ലേ ? അതോ, മഗ്ദലനമറിയത്തിന്റെ ചട്ടയിട്ട് അറിഞ്ഞില്ലെന്ന് നടിക്കുന്നതാണോ ?
ഫാദർ, ഞാൻ അവസാനിപ്പിക്കുകയാണ്. തൂമ്പയെ തൂമ്പയെന്ന് വിളിക്കുന്ന, തെറ്റ് തെറ്റാണെന്ന് തിരിച്ചറിയുന്ന, മതങ്ങൾക്കും മതങ്ങൾക്ക് വീതം വച്ചു കിട്ടിയ ദൈവങ്ങൾക്കും മുകളിലായി മനുഷ്യസ്‌നേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ പതാക ഉയർത്താൻ ഒരു തലമുറ തയ്യാറായിക്കഴിഞ്ഞു. ഒരു സാംസ്കാരികവിപ്ലവത്തിന്റെ സംഘഗാനം സാമൂഹ്യമാധ്യമങ്ങളിൽ മുഴങ്ങിത്തുടങ്ങി. അത് താങ്കളുടെ ധ്യാനവഴികളിൽ വഴികാട്ടിയാകട്ടെ !!!
സ്നേഹപൂർവ്വം, ധൈര്യപൂർവ്വം, മുകളിൽ പേരെഴുതിയ ഒരു മനുഷ്യസ്നേഹി.