Home Motivational Messagesശിഷ്യത്വം തേടി.

ശിഷ്യത്വം തേടി.

by News Desk
0 comments
പി. റ്റി. കോശിയച്ചൻ.
 
ഒരു ദിവസം ഒരു കറുത്ത യുവാവ് മറ്റാരും ഇല്ലാതിരുന്ന സമയത്ത് ദ്രോണാചാര്യരുടെ സമീപം വന്നു സാഷ്ടാംഗം നമസ്കരിച്ചു കൊണ്ട് തന്നെ ഒരു ശിഷ്യനായി സ്വീകരിക്കുവാൻ അപേക്ഷിച്ചു. ദ്രോണാചാര്യർക്ക് ആ യുവാവിനെ വളരെയധികം ഇഷ്ടമായി. അദ്ദേഹം ദയാദൃഷ്ടിയോടെ അവനെ നോക്കി ചോദിച്ചു: “നീയാരാണ്?” ആ യുവാവ് പറഞ്ഞു: “ഞാൻ ഏകലവ്യൻ,എന്റെ പിതാവ് നിഷാദ രാജാവായ ഹിരണ്യ ധനുസ്സ് ആണ്. ദയ ചെയ്ത് അങ്ങ് എന്നെ ശിഷ്യനായി സ്വീകരിക്കണം”. ദ്രോണർ ആ യുവാവിനോട്പറഞ്ഞു: “ഞാൻ ഹസ്തിനപുരത്തിലെ രാജകുമാരന്മാരെ അഭ്യസിപ്പിക്കു വാൻ നിയോഗിക്ക പ്പെട്ടിട്ടുള്ള ഗുരുവാണ്. നീ ഒരു ക്ഷത്രിയൻ അല്ലാത്തതു കൊണ്ടും നിഷാദൻ ആയതു കൊണ്ടും, എനിക്ക് നിന്നെ ഈ ഗുരുകുലത്തിൽ ചേർത്തു പഠിപ്പിക്കുവാൻ കഴിയില്ല. എനിക്ക് നിന്നെ നന്നായി ഇഷ്ടപ്പെട്ടു, എങ്കിലും ഞാൻ നിന്നെ ഇവിടെ സ്വീകരിച്ചാലും നിന്നെ മറ്റാരും സ്വാഗതം ചെയ്യില്ല. അതു കൊണ്ട് നിന്നെ ഈ കൂട്ടത്തിൽ ചേർത്തു പഠിപ്പിക്കുവാൻ എനിക്കു നിവൃത്തിയില്ല. (ഗൂഗിൾ).
 
നാല് വർണ്ണങ്ങളായി സമൂഹത്തെ തരം തിരിക്കുന്ന സമ്പ്രദായമാണ് ചാതുർവർണ്ണ്യം. ഈ നാലു വർണ്ണങ്ങളിലും ഉൾപ്പെടാത്തവരെ അവർണ്ണർ എന്നും പറയുന്നു. വർണ്ണം പാരമ്പര്യാധിഷ്ഠിതമല്ല, കർമ്മാധിഷ്ഠിതമാണ് എന്നാണ് മനുസ്മൃതിയിൽ പറയുന്നത്. എന്നാൽ കാലക്രമേണ അത് പാരമ്പര്യാധിഷ്ഠിതമായി ഭവിച്ചു. ഇന്നും അങ്ങനെയാണ്. യഥാർത്ഥത്തിൽ മനുഷ്യനെ മനുഷ്യനിൽ നിന്നും വേർതിരിക്കുന്ന എല്ലാം മതിലുകളും പൈശാചികവും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതുമല്ലേ? വിശ്വാസ സംഹിതകളിൽ അങ്ങനെയുള്ള വേർതിരിവുകൾ ഇല്ലെങ്കിലും എല്ലാ വിശ്വാസ സമൂഹങ്ങളിലും വിവിധ കാരണങ്ങളാൽ ഈ വേർതിരിവിന്റെ മതിലുകൾ സൃഷ്ടിക്കപ്പെടുന്നു.
 
അങ്ങനെ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുവാനാണ് നമുക്ക് എല്ലാവർക്കും ഇഷ്ടം. തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠർ എന്ന ചിന്തയാണ് ഈ വേർതിരിവിന്റെ അടിസ്ഥാനം. എന്നാൽ യഥാർത്ഥ ശ്രേഷ്ഠത മറ്റുള്ളവരോട് ചേർന്ന് നിൽക്കുന്നതല്ലേ? ഒരുവൻ സ്വയം ശ്രേഷ്ഠനെന്നോ നീതിമാനെന്നോ കരുതുന്നുവെങ്കിൽ അത് ഭോഷത്വമല്ലേ? ജീവിതത്തിന്റെ യഥാർത്ഥ മഹത്വം മറ്റുള്ളവരെ സ്നേഹിക്കുന്നതല്ലേ? നമ്മെക്കാൾ താഴ്ന്നവർ എന്ന് കരുതപ്പെടുന്ന വിഭാഗങ്ങളിലുള്ളവരെ സ്നേഹിക്കുവാൻ നമുക്ക് മനസ്സുണ്ടോ? സമൂഹം മുഴുവൻ അവരെ അംഗീകരിച്ചതിനുശേഷം സ്നേഹിക്കുവാൻ ആർക്കും ഇടയാവില്ല. അവർ താഴ്ന്നവരായി കരുതപ്പെടുമ്പോൾ തന്നെ അവരെ സ്നേഹിക്കുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ മാത്രമേ വേർ തിരിവുകളെ ഇല്ലാതെയാക്കുവാൻ കഴിയുള്ളു. എല്ലാവരെയും സൃഷ്ടിച്ച പിതാവായ ദൈവത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാണല്ലോ. നാം സ്വയം ശ്രേഷ്ഠരായി നില നിൽക്കുന്നതോ, സകലരെയും സൃഷ്ടിച്ച ദൈവത്തിന്റെ ഹിതം അംഗീകരിക്കുന്നതോ ഏതാണ് ശ്രേഷ്ഠത? മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായി കാണുവാൻ നമുക്ക് എന്നെങ്കിലും സാധ്യമാകുമോ? അങ്ങനെ കാണുവാൻ കഴിയുന്നില്ല എങ്കിൽ നമ്മുടെ ഭക്തിയും വിശ്വാസവും വ്യർത്ഥമല്ലേ?
 
 
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
 
 

You may also like

Leave a Comment