പി. റ്റി. കോശിയച്ചൻ.

സിൽബാരിപുരത്തെ ഒരു ഗുരുകുലത്തിൽ പൊതുജനങ്ങളുടെ പ്രതിവാര സമ്മേളനത്തിൽ ഒരാൾ ഗുരുജിയോട് ചോദിച്ചു: “ഗുരുജീ, ഒരുവന് എന്തു മാത്രം സമ്പത്ത് ആകാം? സമ്പാദിക്കുന്നത് ഒരു തെറ്റാണോ?” ഗുരുജി പറഞ്ഞു: “സമ്പാദിക്കുന്നത് തെറ്റല്ല. പക്ഷേ അമിതമായും അന്യായമായും സമ്പാദിക്കുന്നത് തെറ്റാണ്.” തുടർന്ന് ഗുരുജി പോയി കുറെ മുട്ടകളുമായി തിരികെ സദസ്സിലേക്കു വന്നു. സംശയം ചോദിച്ചയാളിന്റെ കൈകളിലേക്ക് മുട്ടകൾ ഓരോന്നായി വെച്ചു കൊടുത്തു. അയാൾ ഇരു കൈകളും ചേർത്തു പിടിച്ചു മുട്ടകൾ ശേഖരിച്ചു. എന്നാൽ, ഗുരുജി ഒന്നും മിണ്ടാതെ കൊടുത്തു കൊണ്ടിരുന്നു. കുറച്ചു മുട്ടകളായപ്പോൾ മുട്ട താഴെ പോകുമെന്ന് അയാൾ ഭയപ്പെട്ടു. അതിനാൽ അയാൾ പറഞ്ഞു: “ഗുരുജീ, മതി, എനിക്കു ഇതിൽ കൂടുതൽ പിടിക്കാനാവില്ല. ദയവായി നിർത്തൂ.”എങ്കിലും, ഗുരുജി വീണ്ടും വീണ്ടും മുട്ടകൾ വച്ചു കൊണ്ടേ യിരുന്നു. മുട്ട താഴെ പോകാതിരിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിലെ കുറെ മുട്ടകൾ താഴെ വീണു പൊട്ടി ച്ചിതറി! അപ്പോൾ ഗുരുജി എല്ലാവരോടുമായി പറഞ്ഞു: “സ്വത്തു സമ്പാദിക്കുന്നതും ഇതു പോലെയാണ്. നമുക്കു വേണ്ടതു മാത്രമേ ശേഖരിക്കാവൂ. കൂടുതൽ സമ്പത്താവുമ്പോൾ ഇതെല്ലാം കൈവിട്ട് പോകുമോ എന്ന പേടി കാരണം മനസ്സമാധാനം പോകും ആകെ ഒരു ടെൻഷൻ ആകും. അത് രോഗങ്ങൾക്ക് കാരണമാവും. അങ്ങനെയുള്ള ചിലർക്ക് ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം നഷ്ടപ്പെടാം. തങ്ങളുടെ സമ്പത്തു അനുഭവിക്കാൻ കഴിഞ്ഞില്ല എന്നും വരാം.” (ഗൂഗിൾ).
സമ്പത്ത് സ്വരൂപിക്കുന്നത് പലർക്കും ഒരു ഹരമാണ്! പക്ഷേ എന്തിനുവേണ്ടി? ഇരിക്കട്ടെ എപ്പോഴെങ്കിലും ആവശ്യം വരാം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. പക്ഷേ ഇത് ഭദ്രമായി സൂക്ഷിക്കുന്നത് ഒരു വലിയ ജോലിയല്ലേ? ശേഖരിക്കുന്നതിനേ ക്കാൾ വലിയ ജോലിയാണ് സൂക്ഷിക്കുന്നത്. എത്ര സൂക്ഷിച്ചാലും ഒരാളുടെ സമ്പത്ത് എപ്പോൾ വേണമെങ്കിലും നഷ്ടമാവാം. സമ്പാദിക്കുന്നതിനുള്ള വ്യഗ്രതയിൽ കുടുംബാംഗങ്ങളെ ശ്രദ്ധിക്കുവാൻ പോലും സമയം ലഭിച്ചില്ലെന്നും വരാം. മക്കൾക്കു വേണ്ടി പണം സമ്പാദിക്കും, പക്ഷേ അവർക്ക് വേണ്ട സ്നേഹം കൊടുക്കുവാൻ കഴിയാതെ പോകും. കുഞ്ഞുങ്ങൾക്ക് വേണ്ടത് പണമല്ല സ്നേഹമാണ്, വാത്സല്യമാണ്. ജീവിതപങ്കാളിക്കും അങ്ങനെ തന്നെയാണ്. പക്ഷേ സമ്പത്ത് ഉണ്ടെങ്കിൽ എല്ലാമാകും എന്ന് കരുതുന്നവരാണ് അനേകരും. അതു വലിയ ഭോഷത്വമല്ലേ? ഒരു കുടുംബത്തിന്റെ ധനം സന്തോഷവും സമാധാനവുമാണ്, തമ്മിലുള്ള സ്നേഹവും, അംഗീകാരവും കരുതലുമാണ്. അമിത ധന സമ്പാദനത്തിനുള്ള വ്യഗ്രത ഇവയെല്ലാം നഷ്ടപ്പെടുവാൻ കാരണമായേക്കാം. വേറൊരു വിധത്തിൽ പറഞ്ഞാൽ ഭൗതിക സമ്പത്ത് യഥാർത്ഥ സമ്പത്തിനെ നഷ്ടപ്പെടുത്തുന്നതാണ്. ആകയാൽ സമ്പത്തിനേക്കാൾ ജീവിതമൂല്യങ്ങൾക്ക് വിലകൽപ്പിച്ച് ജീവിപ്പാൻ നമുക്ക് സാധിക്കണം. അപ്പോൾ വേണ്ടുന്നത് എല്ലാം ലഭ്യമാകും. അങ്ങനെയുള്ള ഒരു ജീവിതത്തിനായി നമുക്ക് നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-