Home Motivational Messagesസ്വർണ്ണ ജാലകങ്ങൾ.

സ്വർണ്ണ ജാലകങ്ങൾ.

by admin
0 comments
 
സ്വർണ്ണ ജാലകങ്ങൾ.
പി. റ്റി. കോശിയച്ചൻ
 
ആ പെൺകുട്ടിക്ക് അവളുടെ വീട് തീരെ ഇഷ്ടമായിരുന്നില്ല. മരക്കമ്പുകൾ കൊണ്ട് നിർമ്മിച്ചതും ഒരു കിടക്ക മാത്രമുള്ളതുമായ ഒരു ചെറിയ വീട്. അവളുടെ വീടിന് എതിർവശത്തുള്ള ചെങ്കുത്തായ പർവ്വതത്തിന്റെ മുകളിൽ നല്ല ഒരു കോട്ട കാണാമായിരുന്നു. ആ കോട്ടയിലുള്ള വീടിന്റെ സ്വർണ്ണ ജാലകങ്ങൾ മനോഹരമായ തിളങ്ങുന്നത് കാണുവാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. ആ വീട്ടിൽ ഒന്നു പോകുവാൻ അവൾ വ്യഗ്രതപ്പെട്ടു. കൗമാരപ്രായത്തിൽ തനിയെ പുറത്തു പോകുവാൻ അവൾക്ക് അമ്മയുടെ അനുവാദം ലഭിച്ചു. അങ്ങനെ ഒരു ദിവസം അവൾ ആ പാർവതത്തിലേക്ക് ബദ്ധപ്പെട്ട് കയറിച്ചെന്നു. അവിടെയെത്തിയ അവൾക്ക് വലിയ നിരാശ തോന്നി. കാരണം അതൊരു വൃത്തികെട്ട വീടായിരുന്നു. സ്വർണ്ണ ജാലകമോ മറ്റെന്തെങ്കിലും ഭംഗിയുള്ള വസ്തുക്കൾ ഒന്നും അവിടെ ഇല്ലായിരുന്നു. അവിടെനിന്ന് താഴേക്ക് നോക്കിയപ്പോൾ തന്റെ വീടിന്റെ ജനാലകൾ സ്വർണ്ണം പോലെ തിളങ്ങുന്നത് കണ്ടു. അപ്പോൾ അവൾക്കു മനസ്സിലായി ഈ സ്വർണ്ണത്തിളക്കമെല്ലാം സൂര്യ പ്രകാശത്തിൽ ഉണ്ടാകുന്ന പ്രതിഫലനത്തിന്റെ ഫലമാണെന്ന്. അവൾ വേഗം വീട്ടിലേക്ക് തിരികെ പോയി. (ഗൂഗിൾ).
 
ഇത് വീടിന്റെ തിളക്കം മാത്രമല്ല, ജീവിതത്തിലെ ഒരു യാഥാർത്ഥ്യമാണ്. അന്യന്റെ പക്കലുള്ള പല വസ്തുക്കളും മനോഹരമായി തിളങ്ങുന്നതും ആകർഷണീയമായും പലപ്പോഴും തോന്നും. ദൂരെ നിന്നു നോക്കുമ്പോൾ പലതും തിളങ്ങുന്നതായി കണ്ടെന്നിരിക്കും. എന്നാൽ അവയോട് കൂടുതൽ അടുക്കുമ്പോൾ മുന്നമേ കണ്ട തിളക്കം യാഥാർത്ഥ്യമല്ല എന്ന് മനസ്സിലാകും. താത്കാലിക തിളക്കങ്ങളൊന്നും ജീവിതത്തിൽ നിലനിൽക്കുകയില്ല എന്നത് ആരും വിസ്മരിക്കരുത്. “മിന്നുന്നതെല്ലാം പൊന്നല്ല” എന്ന പഴഞ്ചൊല്ല് നമുക്ക് പരിചിതം ആണല്ലോ.
 
പല പ്രണയ വിവാഹങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. വിവാഹത്തിനു മുൻപ് ഇരുവർക്കും പരസ്പരം തിളങ്ങുന്നത് പോലെ തോന്നും, എന്നാൽ ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ചില ജീവിതങ്ങളെങ്കിലും തിളക്കമെല്ലാം നഷ്ടപ്പെട്ട് പ്രതിസന്ധികളെ തരണം ചെയ്യുവാൻ കഴിയാതെ തകർന്നു പോകുന്നത് കാണുവാൻ കഴിയും. തിളക്കം നഷ്ടപ്പെട്ട ജീവിതത്തിലെ പ്രശ്നങ്ങൾ മിക്കപ്പോഴും അപരിഹാര്യങ്ങളായി ഭവിക്കാറുണ്ട്. പുറമോടിയിലുള്ള തിളക്കങ്ങൾ അയഥാർത്ഥ്യങ്ങളും താത്കാലികവുമായിരിക്കും. എങ്ങനെയാണ് ജീവിതത്തിന് തിളക്കമാർജ്ജിക്കുവാൻ കഴിയുന്നത്? ബാഹ്യ തിളക്കങ്ങൾ നിഷ്പ്രഭങ്ങൾ ആകുമ്പോൾ ആന്തരിക തിളക്കം എന്നും നിലനിൽക്കുന്നതായി ഭവിക്കും.
 
ജീവിതമൂല്യങ്ങൾ എന്നും നിലനിർത്തുവാൻ ശ്രമിക്കുന്നവർക്ക് മാത്രമേ തിളക്കമാർജ്ജിക്കുവാൻ കഴിയൂ. സത്യവും സ്നേഹവും നീതിയും വിശുദ്ധിയും കൂടാതെ ഒരു ജീവിതത്തിനും വിളങ്ങുവാൻ കഴിയില്ല. സത്യത്തെ ദൈവമായി കണ്ടു പൂജിച്ചവനാണ് മഹാത്മഗാന്ധി. അതായിരുന്നു ആ ജീവിതത്തിന്റെ മഹത്വം. സത്യവും അതിനോട് ചേർന്നുള്ള എല്ലാ നന്മകളും ജീവിതത്തിന്റെ അഭിവാജ്യഭാഗങ്ങളായി തീരുമ്പോൾ മാത്രമേ ജീവിതം ശ്രേഷ്ഠമായുള്ളൂ.താത്ക്കാലിക കാര്യസാധ്യങ്ങൾക്കായി സത്യത്തെ കുഴിച്ചുമൂടുന്നവരുടെ ജീവിതം എങ്ങനെയാണ് ശ്രേഷ്ഠമാവുക? സ്നേഹം, സത്യം, നീതി, വിശുദ്ധി ഇവ നിലനിൽക്കുന്ന മഹത്വപൂർണ്ണമായ ജീവിതം നയിക്കാൻ നമുക്കേവർക്കും സാധ്യമായി തീരട്ടെ,
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 

You may also like

Leave a Comment