എ.സി. ജോര്‍ജ്
കാതിനും മനസ്സിനും ഇമ്പം പകരുന്ന ഹൃദയഹാരിയായ പഴയകാല സിനിമാ-നാടക ഗാനങ്ങള്‍, ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പേരില്‍ കുറഞ്ഞ പക്ഷം അല്‍പ്പം പ്രായം ചെന്ന മലയാളികള്‍ ഇന്നും നെഞ്ചിലേറ്റി ആസ്വദിക്കാറുണ്ടല്ലോ. അതുപോലെ പഴമക്കാര്‍ ചില പഴയകാല നോവലോ കഥയോ താല്‍പ്പര്യത്തോടെ വീക്ഷിക്കാറുണ്ട്. പാമ്പും പഴകിയതാണുത്തമം എന്നൊരു ചൊല്ലുണ്ടല്ലൊ. 1974 മുതല്‍ അമേരിക്കയില്‍ അധിവസിക്കുന്ന ജോര്‍ജ് മണ്ണിക്കരോട്ട് വിവിധ മലയാള സാഹിത്യ ശാഖകള്‍ കൈകാര്യം ചെയ്യുന്ന പ്രഗല്‍ഭനായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നു വിരിഞ്ഞ ‘ജീവിതത്തിന്‍റെ കണ്ണീര്‍ ‘എന്ന കണ്ണുനീരില്‍ കുതിര്‍ന്ന, എന്നാല്‍ ശുഭപര്യവസാനമായി തീര്‍ന്ന കഥയുടെ നോവലിനെപ്പറ്റിയുള്ള ഒരു ഹ്രസ്വ പഠനവും ആസ്വാദനവുമാണീ ലേഖനം.
ജീവിതത്തിന്‍റെ കണ്ണീര്‍, കേരളത്തിലെ സംഭവ വികാസങ്ങളും കഥാപാത്രങ്ങളും ജീവിത ചുറ്റുപാടുകളും കണ്ടുകൊണ്ടെഴുതുകയും ചിത്രീകരിക്കുകയും ചെയ്തു. 1974 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ജോര്‍ജ് മണ്ണിക്കരോട്ട് 1982ല്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചു കൊണ്ട് അമേരിക്കയിലെ മലയാള നോവല്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു എന്നു പറയാം. കേരളത്തിനു വെളിയില്‍ ഉപജീവനത്തിനായി പറിച്ചു നടപ്പെടുന്ന മലയാളികളെ പൊതുവില്‍ സൗകര്യത്തിനായോ അടയാളപ്പെടുത്തുവാനോ ആയിട്ട് പ്രവാസികള്‍ എന്നു വിളിക്കാറുണ്ട്. എത്ര കാലം കഴിഞ്ഞാലും ഏതൊരു പ്രവാസിയുടെ മനസ്സിലും നിത്യഹരിതമായി പൂത്തുലഞ്ഞു നില്‍ക്കുന്നതാണ് ജന്മദേശമായ കേരളം അല്ലെങ്കില്‍ കേരള നാടിന്‍റെ സ്മരണകള്‍. നോവലിസ്റ്റ് മണ്ണിക്കരോട്ട് യു.എസ്സില്‍ സ്ഥിരതാമസമാക്കുന്നതിനു മുമ്പു തന്നെ കേരളം വിട്ട് വടക്കെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അതിജീവനം നടത്തിയ കാലഘട്ടങ്ങളിലാണീ നോവല്‍ എഴുതിയതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ കേരളത്തിലെ ഗൃഹാതുര ഇതിവൃത്തം ആധാരമാക്കി അക്കാലത്ത് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായത് യു.എസ്സില്‍ എത്തിയതിനു ശേഷമാണെന്നും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
അദ്ദേഹത്തിന്‍റെ ജന്മഭൂമിയായ മധ്യകേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ അന്തരീക്ഷവും മണ്ണിന്‍റെ ഗന്ധവും ജീവിത നിരീക്ഷണങ്ങളും വിലാപങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും ആ കാലഘട്ടത്തിന് അനുയോജ്യമാം വിധം കോര്‍ത്തിണക്കി ജീവിത ഗന്ധിയായി ‘ജീവിതത്തിന്‍റെ കണ്ണീര്‍’ ചിത്രീകരിച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം. സാമൂഹ്യ പ്രബുദ്ധതയോടെ, പ്രതിബദ്ധതയോടെ നേരെ ചൊവ്വെ നോവലിസ്റ്റ് കഥ പറയുന്നു. വരനു മതിയായ സ്ത്രീധനം കൊടുക്കാന്‍ വഴിയില്ലാതെ ശപിക്കപ്പെട്ട ജന്മങ്ങളായി ഈയാംപാറ്റകളെ പോലെ എരിഞ്ഞടങ്ങുന്ന ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങള്‍ നേരിടുന്ന വിഷമതകള്‍ നോവലിസ്റ്റ് കഥയിലൂടെ ഹൃദയസ്പര്‍ശിയായി വരച്ചു കാട്ടുന്നു. സ്ത്രീധനത്തിനെതിരായി അന്നും ഇന്നും കോടതി നിയമങ്ങളുണ്ട്. പക്ഷെ നിയമങ്ങള്‍ പാസാക്കിയിട്ടെന്തു കാര്യം. അതെല്ലാം പാലിക്കപ്പെടുന്നുണ്ടൊ? ഈ നോവലിന് ഒരാസ്വാദന കുറിപ്പെഴുതുമ്പോള്‍ തന്നെ കേരളത്തിലെ ചില സ്ഥലങ്ങളില്‍ കാണാന്‍ കഴിയുന്നത് പരോക്ഷമായിട്ട് കോടതി വിധിക്കെതിരെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകളടക്കം സമരം ചെയ്യുന്നവരേയും കോടതിവിധി ലംഘിക്കുന്നവരേയുമാണ്. നിയമങ്ങളും നിയമലംഘനങ്ങളും ഈ കഥ നടക്കുന്ന കാലഘട്ടങ്ങളില്‍ എന്ന പോലെ ഇന്നും പ്രസക്തമാണ്.
ഭാഷയിലും സംസ്കാരത്തിലും രൂപത്തിലും ഭാവത്തിലും അടിസ്ഥാനപരമായി വലിയ മാറ്റങ്ങള്‍ ഇന്നും അന്നത്തേക്കാള്‍ വന്നിട്ടില്ലായെന്നതിനാല്‍ ഈ നോവലിന്‍റെ ഇതിവൃത്തത്തിനും ഘടനക്കും ഇന്നും പ്രസക്തിയുണ്ട്. വായനക്കാരനെ ആദ്യം മുതല്‍ അവസാനം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഉദ്വേഗജനകങ്ങളായ സംഭവങ്ങളിലൂടെ കൊണ്ടു പോകുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. കഥയുടെ ആരംഭം തന്നെ സംഭ്രമജനകമാണ്. മാത്തന്‍ എന്ന ചട്ടമ്പി കഥാനായികയായ ശാലീന സുന്ദരി ലീനയെ കടന്നുപിടിച്ച് മറ്റു ചട്ടമ്പികളുടെ സഹായത്തോടെ വായും മൂക്കും മൂടിക്കെട്ടി അതിക്രൂരമായി വലിച്ചിഴച്ചു കൊണ്ടുപോകുന്ന സംഭവം കഥാകൃത്ത് വളരെയധികം റിയലിസ്റ്റിക്കായി അഭ്രപാളിയിലെന്നപോലെ വര്‍ണ്ണിച്ചിരിക്കുന്നു. അതോടെ നോവലിലെ കഥ അനുസ്യൂതം അനാവരണം ചെയ്യപ്പെടുകയാണ്.
ദാരിദ്ര്യത്തിന്‍റ ചൂളയില്‍ പിറന്നു വീണ ലീന എന്ന സൗന്ദര്യവതിയുടെ ദുഃഖങ്ങളും, ശോകങ്ങളും, കണ്ണീരും, കഷ്ടപ്പാടുകളുമാണ് ഈ കഥയിലെ കേന്ദ്രബിന്ദു. ലീന തന്നെയാണ് കഥയിലെ നായികയും ആരംഭം മുതല്‍ അവസാനം വരെ കൊണ്ടുപോകുന്ന ഏറ്റവും മിഴിവുള്ള കഥാപാത്രവും. ഔസേഫ് ചേട്ടന്‍-കൊച്ചേലി ദാമ്പത്യ വല്ലരിയില്‍ മൂന്നു കുസുമങ്ങള്‍ ലീന, ജോയി, ലിസ. അതില്‍ ഒരേയൊരു ആണ്‍തരിയായിരുന്ന ജോയി ചെറുപ്പത്തിലെ മരണപ്പെട്ടു. താമസിയാതെ അപ്പന്‍ ഔസേഫ് ചേട്ടനും മരണപ്പെട്ടു. മാതാവ് കൊച്ചേലി രോഗബാധിതയായി കിടപ്പിലുമായി. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ലീന ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നാട്ടിലെ സ്ഥിരം ചട്ടമ്പികളുടെ വിഹാരകേന്ദ്രത്തിനടുത്തായിരുന്നു ലീനയുടെ വീട് . സൗന്ദര്യത്തിന്‍റെ നിറകുടമായ ലീനയെ വശത്താക്കാനും ഉപയോഗിക്കാനും മാത്തന്‍റെ നേതൃത്വത്തിലുള്ള ചട്ടമ്പി പൂവാലന്മാര്‍ ശ്രമമായി. ലീനയുടെ പേടിസ്വപ്നമായി ഈ തെരുവു പൂവാലഗുണ്ടകള്‍ മാറി. മദ്യത്തിന്‍റേയും മയക്കു മരുന്നിന്‍റേയും മഹിളകളുടേയും ലഹരിതേടി കഴിയുന്ന ചട്ടമ്പി സംഘം അവിടത്തെ പോലീസ് അധികാരികളുടെ അനുഗ്രഹ ആശംസകളോടെ ആ നാട്ടില്‍ പരക്കെ അക്രമങ്ങള്‍, ബലാല്‍സംഗങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്തിയിരുന്നു. അമ്മക്കു മരുന്നു വാങ്ങുവാന്‍ പോയ അവസരത്തില്‍ ചട്ടമ്പികള്‍ ലീനയെ പിടിക്കാന്‍ വട്ടമിട്ട അവസരത്തില്‍ അവരില്‍ നിന്നു വഴുതിമാറിയ ലീന കാറോടിച്ചു വന്ന ജോണിയുടെ കാറിന്‍റെ മുമ്പില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പണക്കാരനായ ജോണി ലീനയെ രക്ഷിച്ചു ആശുപത്രിയിലാക്കി ശുശ്രൂഷിച്ചു. ഈ സംഭവത്തിലൂടെ ലീന ജോണിയില്‍ ആകൃഷ്ടയായി. ഇരുവരും തമ്മില്‍ പ്രണയം നാമ്പിട്ടു. അനവധി വിഘ്നങ്ങളിലൂടെ അവരുടെ അനുരാഗപൊയ്ക നിശ്ചലമായി ഒഴുകി. അതിനിടയില്‍ ലീനക്കു ഒരു വിവാഹാലോചന വന്നു. വരനും വീട്ടുകാര്‍ക്കും ലീനയെ ഇഷ്ടമായതോടെ ഏകപക്ഷീയമായി രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിച്ചു. എന്നാല്‍ ലീന തന്‍റെ ഇഷ്ടകാമുകനെ തന്നെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. ലീനയുടെ കാമുകനായ ജോണിയുടെ സമ്പന്നനായ പിതാവ് പൗലോസ് വക്കീലിന് മകന്‍റെ പ്രേമബന്ധം ഇഷ്ടപ്പെട്ടില്ല. ഒരു വന്‍തുക സ്ത്രീധനമായി മകന്‍ ജോണി മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ കിട്ടുന്നത് നഷ്ടമാക്കാന്‍ പൗലോസ് തയ്യാറല്ലായിരുന്നു. അതിനാല്‍ ജോണിയുടെ പിതാവ് പൗലോസ് വക്കീല്‍ ജോണിയും ലീനയുമായുള്ള പ്രേമബന്ധം തകര്‍ക്കാന്‍ കരുക്കള്‍ നീക്കി. ലീനയുടെ മാതാവ് രോഗം മൂര്‍ച്ഛിച്ച് അത്യാസന്ന നിലയിലെത്തിയ രാത്രിയില്‍ തനിയെ ഡോക്ടറെ വിളിക്കാന്‍ ലീന പുറപ്പെട്ടു. ആ രാത്രിയില്‍ മാത്തന്‍ നേതൃത്വം കൊടുക്കുന്ന കൊള്ളസംഘത്തിന്‍റെ പിടിയിലായ ലീന ചട്ടമ്പിക്കൂട്ടത്തിന്‍റെ ഉല്ലാസ ഭവനവും കേന്ദ്രവുമായ മലയിടുക്കിലെ കൂടാരത്തില്‍ കള്ളും പാര്‍ട്ടിയും കഞ്ചാവും വേശ്യവൃത്തിയും കൂട്ടിക്കൊടുപ്പും നിര്‍ബാധം തുടര്‍ന്നിരുന്ന കേന്ദ്രത്തില്‍ എത്തപ്പെട്ടു. മാദകമോഹിനിയായ സരോജം ആ കൂടാരത്തിലെ വേശ്യകളുടെ നേതൃത്വം അലങ്കരിച്ചു. സരോജയുടെ നേതൃത്വത്തില്‍ അന്നത്തെ രീതിയിലുള്ള കാബറെ നൃത്തങ്ങളും അരങ്ങു തകര്‍ത്തിരുന്നു. ആ അവിശുദ്ധ കൂടാരത്തിലെത്തിയ ലീന പല്ലും നഖവും ഉപയോഗിച്ച് ആ കാമവെറിയന്മാരോട് എതിരിട്ട് നിന്നു. കൊള്ള സംഘത്തോടൊപ്പം സുഖിക്കാനും പണം സമ്പാദിക്കാനും ലീന സ്വമനസ്സാലെ പോയതാണെന്ന കിംവദന്തിയും നാടാകെ പരന്നു, ലീനയുടെ കാമുകനായ ജോണിയും അതു വിശ്വസിച്ചു. ഇതിനകം ലീനയുടെ മാതാവ് കൊച്ചേലി രോഗം കലശലായി മരണത്തിനു കീഴടങ്ങി. എന്തായാലും ജോണിയുടെ പരാതിയില്‍ പോലീസ് അന്വേഷണവും ഊര്‍ജ്ജിതമായിരുന്നു. വഴങ്ങാതിരുന്ന ലീനയെ തെമ്മാടി മാത്തന്‍ ബലാല്‍ക്കാരമായി ഓരോ അടിവസ്ത്രവും പിച്ചിച്ചീന്തി എടുക്കുന്നതിനിടയിലാണ് കൂടാരത്തില്‍ ഇരച്ചു കേറി പോലീസ് റെയിഡു നടത്തി ലീനയെ രക്ഷിച്ചത്.
തിരിച്ചുനാട്ടിലെത്തിയ ലീനയെ നാട്ടുകാര്‍ സത്യമറിയാതെ ഒരുതരം പുഛത്തോടെയാണ് വീക്ഷിച്ചത്. അയല്‍പക്കത്തെ അന്നചേടത്തിയുടെ സംരക്ഷണയിലായിരുന്ന കൊച്ചനുജത്തി ലിസയേയും എടുത്തുകൊണ്ട് ലീന അകലെ ഒരു ഗ്രാമത്തിലെത്തി ജീവിക്കാനായി തെരുവിലിറങ്ങി ഭിക്ഷതെണ്ടാനൊരുങ്ങി. ഇതിനിടയില്‍ മാത്തന്‍റെ ഗുണ്ടാസംഘത്തില്‍ നിന്ന് മാനസാന്തരപ്പെട്ട് നല്ലവനായി വേര്‍പിരിഞ്ഞുവന്ന പാപ്പി, ജോണിയെ എല്ലാ സത്യാവസ്ഥയും അറിയിച്ചു. തെറ്റിദ്ധാരണയെല്ലാം മാറിയ ജോണി ലീനയെ തേടിയിറങ്ങി. പട്ടിണിയിലും നിരാശയിലും ഞെരിഞ്ഞമര്‍ന്ന ലീന ഒക്കത്ത് കുഞ്ഞനുജത്തി ലിസയുമായി ആത്മഹത്യ ചെയ്യാനായി തീവണ്ടിപാളത്തിലെത്തി. എവിടെ നിന്നോ മാത്തന്‍ തീവണ്ടിപാളത്തില്‍ കയറി ലീനയെ കടന്നു പിടിച്ചു. മരിക്കാന്‍ പോകുന്ന ലീനയെ പിടിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു മാത്തന്‍റെ ഉദ്ദേശ്യം. എന്നാല്‍ വളരെ ശക്തിയായി ലീന മാത്തനെ തള്ളിയിട്ട് തിരിച്ചടിച്ചു. ഇതിനിടയില്‍ കൊടുങ്കാറ്റുപോലെ കാറില്‍ പറന്നെത്തിയ ജോണി പാപ്പിയുടെ സഹായത്തോടെ ലീനയേയും ലിസയേയും രക്ഷിച്ചു. പാളത്തില്‍ കുടുങ്ങിയ ദുഷ്ടനായ മാത്തന്‍ എതിരെ വന്ന തീവണ്ടിക്കടിയില്‍ പെട്ട് ശരീരം ഛിന്നഭിന്നമായി മരണപ്പെട്ടു.മനംമാറിയ ജോണിയുടെ പിതാവ് പൗലോസ് വക്കീലിന്‍റെ അനുഗ്രഹ ആശംസകളോടെ ജോണിയുടേയും ലീനയുടേയും വിവാഹം സമംഗളം നടക്കുന്നതോടെ ജീവിതത്തിന്‍റെ ദുഃഖപൂരിതമായ ആ കണ്ണീര്‍ ഒരാനന്ദകണ്ണീരായി മാറുകയായിരുന്നു.
ഇത്തരമോ അല്ലെങ്കില്‍ ഇതിനു സാദൃശ്യമുള്ളതോ ആയ കഥകളോ നോവലുകളോ ഉണ്ടെങ്കില്‍ തന്നേയും ജീവിതത്തിന്‍റെ കണ്ണീര്‍ കഥാകഥന രീതിയില്‍ കൊച്ചു കൊച്ചു സംഭാഷണങ്ങളോടെ വായനക്കാരുടെ മനസ്സില്‍ ഉദ്വേഗത്തിന്‍റെയും ആനന്ദത്തിന്‍റേയും തരംഗമാലകള്‍ ഈ നോവല്‍ സൃഷ്ടിക്കുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും നിറഞ്ഞുനിന്ന പൈങ്കിളി പ്രേമസംഭാഷണങ്ങളും സല്ലാപങ്ങളും മരംചുറ്റി പാര്‍ക്കിലുള്ള ജോണി- ലീനാ പ്രേമമുഹൂര്‍ത്തങ്ങളും നോവലിസ്റ്റ് വളരെ തډയത്വമായി ചിത്രീകരിച്ചിരിക്കുന്നു. ചില സന്ദര്‍ഭത്തിലുണ്ടായ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒന്നുകൂടി നന്നാകുമായിരുന്നു. ആകാലങ്ങളിലെ പ്രേമപ്രകടനങ്ങളും സങ്കല്‍പ്പങ്ങളും ഇന്നത്തേതില്‍ നിന്നും വിഭിന്നമായിരുന്നു. ഇന്നാണെങ്കില്‍ പ്രേമസല്ലാപങ്ങള്‍ അനുനിമിഷത്തില്‍ കൈമാറാനുള്ള സോഷ്യല്‍മീഡിയാ പ്രിപ്രിന്‍റെഡ് പ്രണയവാക്യങ്ങള്‍, അഭ്യര്‍ത്ഥനകള്‍ കാമിനി കാമുകന്മാര്‍ക്ക് ഇന്‍സ്റ്റന്‍റ് ആയൊ ഡൗണ്‍ലോഡ് ചെയ്തോ കൈമാറാനുള്ള സാങ്കേതിക സൗകര്യങ്ങളാണുള്ളത്. പ്രേമമിഥുനങ്ങളുടെ പ്രേമ പ്രണയ പ്രകടനങ്ങളിലും ഭാഷാ പ്രയോഗങ്ങളിലും പല അര്‍ത്ഥങ്ങളും മാനങ്ങളും ചുരുക്കെഴുത്തുമുണ്ട്. അതനുസരിച്ച് നോവല്‍ തുടങ്ങിയ സാഹിത്യ രചനകളില്‍ കാലോചിതങ്ങളായ പരിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഇക്കാലത്തെ ഒരു മലയാള നോവലുമായി ജീവിതത്തിന്‍റെ കണ്ണീര്‍ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ജോര്‍ജ് മണ്ണിക്കരോട്ടിന്‍റെ ആഖ്യാനശൈലി ഇക്കാലത്തും മികച്ചു തന്നെ നില്‍ക്കുന്നു. ഏതായാലും പഴയ വായനക്കാര്‍ക്കും പുത്തന്‍ വായനക്കാര്‍ക്കും വായിച്ചു രസിക്കാന്‍ മാത്രമല്ല വളരെ പ്രബുദ്ധമായ പല ആശയങ്ങളും സന്ദേശങ്ങളും പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ് ജോര്‍ജ് മണ്ണിക്കരോട്ടിന്‍റെ ജീവിതത്തിന്‍റെ കണ്ണീര്‍ എന്ന നോവല്‍.