പള്ളിത്തമാശകള്‍:ഫാദർജി

Date:

ജോണച്ചന്‍റെ വേദവിപരീതിനിയായ മേഴ്സിപ്പശു

 

ന്ധ്യമണിയടിക്കുവാന്‍ തട്ടേമ്മേപ്പള്ളിയിലെത്തിയ കപ്യാര്‍ കുഞ്ഞൗസേപ്പാണതു കണ്ടത്. കണ്ടപാടെ ഓടിച്ചെന്ന് സന്ധ്യമണി അത്യാഹിത കൂട്ടമണിയായി കൂട്ടിയടിച്ചു. ഓടിയെത്തിയ യൂത്തുലീഗു സെക്രട്ടറി മാമ്പി വീഡിയോ ഗ്രാഫറെ കൊണ്ടു വന്ന് സംഭവം മുഴുവന്‍ അഭ്രപാളികളിലാക്കി. മാരുതി എസ്റ്റീമില്‍ പാഞ്ഞെത്തിയ ട്രസ്റ്റി കുഞ്ഞോലന്‍ സംഭവസ്ഥലം നിരീക്ഷിച്ച് ട്രസ്റ്റി മുറിയില്‍ ചെന്ന് വീര്യം പ്രാപിച്ച് കമ്മറ്റി മുറിയിലെത്തി.
കൂട്ടമണിയും ആള്‍ക്കൂട്ടവും കണ്ട് പാഴ്സണേജില്‍ നിന്ന് ഓടിയെത്തിയ സൈമണച്ചനെ തടഞ്ഞു നിര്‍ത്തി മേമ്പൂട്ട് പത്രോസ് പറഞ്ഞു.
“അച്ചന്‍ വീട്ടീപ്പോ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് “
“കാര്യമെന്താണ്?”-അച്ചന്‍ ചോദിച്ചു.
“കാര്യം നാളെപ്പറയാം ഇപ്പോ വീട്ടീപ്പോകാനാ പറഞ്ഞത്. ഞങ്ങള്‍ അടിയന്തിര കമ്മറ്റി കൂട്വാണ്. അച്ചനിതില്‍ കാര്യമില്ല.” അച്ചന്‍ വിവര്‍ണ്ണനായി പിന്‍വാങ്ങി.
കുഞ്ഞോലന്‍റെ അദ്ധ്യക്ഷതയില്‍ ആകാശങ്ങളിലിരിക്കുന്ന ബാവ ചൊല്ലിക്കൂടിയ അടിയന്തിര അത്യാവശ്യക്കമ്മറ്റിയില്‍ സെക്രട്ടറി ഇട്ടന്‍ കാര്യം വിശദീകരിച്ചു.
“നമ്മുടെ ഇടവക വികാരി ഒറ്റവള്ളിക്കു പോകുന്ന ആളല്ലെന്നും എതിര്‍ക്കക്ഷികളോട് ചായ്വുള്ള കക്ഷിയാണെന്നും നമുക്കു പണ്ടേ സംശയമുണ്ടായിരുന്നു. വേദവിപരീതികളുമായി യാതൊരു സംസര്‍ഗ്ഗവുമരുതെന്ന ഇടവക മെത്രാപ്പൊലീത്തയുടെ കല്‍പ്പന വായിക്കാതെ പൂഴ്ത്തിയ റവ. കക്ഷിയാണദ്ദേഹം. ഇന്ന് എല്ലാം തെളിഞ്ഞു, അല്ല ദൈവം തെളിയിച്ചു.  എതിര്‍ക്കക്ഷിയുടെ    പള്ളിസെമിത്തേരിയില്‍ പുല്ലു തിന്നുന്ന   ജോണച്ചന്‍റെ പശുവിനെ കണ്ടത് കപ്യാരാണ്. ഇങ്ങേരെ ഇനി ഇവിടെ ഒരു ദിവസം വച്ചുകൊണ്ടിരിക്കാനാവില്ല”.
കരിസ്മാറ്റിക്  ശിമയോന്‍    പ്രെയ്സ് ദ ലോര്‍ഡ് ചൊല്ലിക്കൊണ്ട് പറഞ്ഞു.
” ദൈവത്തിനു സ്തോത്രം  എന്‍റെ വാത്സല്യ സഹോദരങ്ങളെ  ! അച്ചന്‍റെ പശു എതിര്‍ക്കക്ഷിയുടെ പറമ്പിലെ പുല്ലു തിന്നത് എങ്ങിനെ വേദവിപരീതമാകും? അച്ചനല്ലല്ലോ പശുവല്ലേ പുല്ലുതിന്നത്? ശത്രുക്കളെ സ്നേഹിക്കുവാന്‍ പറഞ്ഞ കര്‍ത്താവിനെ മറന്നൊന്നും പറയരുത് സ്തോത്രം! “

യൂത്തുലീഗുസെക്രട്ടറി മാമ്പി മേല്‍മീശ കീഴ്ച്ചുണ്ടുകൊണ്ടഭിഷേകം ചെയ്തു കൊണ്ടു പറഞ്ഞു.
څഎന്‍റെ കരിസ്മാറ്റിക്കേ ശത്രുക്കളെ സ്നേഹിക്കുവാന്‍ അത്രക്കു ബുദ്ധിമുട്ടുവാണെങ്കില്‍ പോയി സേവിച്ചോ. എതിര്‍ക്കക്ഷികളെ വന്ദ്യസഭാ നേതൃത്വം ശപിച്ചു നശിച്ചു തള്ളിയിരിക്കുകയാണ്. അവരും അവരുടെ സന്തതിപരമ്പരയുമായി നമുക്കു യാതൊരു ബദ്ധവും പാടില്ലെന്നും അവരെ വഴിയില്‍ വച്ചു കണ്ടുപോയാല്‍ തല കുലുക്കി നിന്ദിച്ച് വഴിമാറിപ്പോകണമെന്നും അത്യാവശ്യങ്ങളില്‍ തൊട്ടുകൂടരുതെന്നും അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്തയുടെ തൊണ്ണൂറ്റിരണ്ട് ബാര്‍ കല്‍പ്പനയുണ്ട് چ.
څഅപ്പോ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ വേദവിപരീതികളെ എവിടെ നിര്‍ത്തുംچ -കരിസ്മാറ്റിക് ചോദിച്ചു.
څനിങ്ങള്‍ ഭൂമിയില്‍ കെട്ടിയിരിക്കുന്നതൊക്കെ സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും എന്നു നമ്മുടെ കര്‍ത്താവുതാന്‍ പറഞ്ഞിട്ടില്ലേ? വേദ വിപരീതികളെ കയ്യും കാലും കെട്ടി നരകത്തിലിടുംچ -സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനും എളിയ വചന ശുശ്രൂഷകനുമായ പീറ്റര്‍ സാര്‍ തിരിച്ചടിച്ചു.
څനിങ്ങള്‍ ആരേയും വിധിക്കരുത് നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നങ്ങളും വിധിക്കപ്പെടുമെന്ന കര്‍ത്താവിന്‍റെ വചനം മറന്ന് ഒന്നും പറയരുത് . അച്ചന്‍ നമുക്കു വേണ്ടി ദൈവ ശുശ്രൂഷ ചെയ്യുന്ന അഭിവാക്തനാണ്. അദ്ധേഹത്തെ വേദവിപരീതി എന്നു വിളിച്ചാല്‍ ദൈവം പൊറുക്കില്ലാ ട്ടോ. സ്തോത്രം چ കരിസ്മാറ്റിക്കിന്‍റെ കണ്ഠമിടറി.
ട്രസ്റ്റികുഞ്ഞോലന്‍ ചാടിയെഴുന്നേറ്റ് ഗിമയോന്‍റെ കോളറില്‍ പിടിച്ച് പൊക്കി മാമ്പിക്ക് എറിഞ്ഞിട്ടു കൊടുത്തു. മാമ്പിയും കണ്‍വീനര്‍ പാപ്പയും കൂടി കരിസ്മാറ്റിക്കിനെ മേകൊട്ടി പോലെ പൊക്കിയെടുത്ത് കമ്മറ്റി മുറിയുടെ പുറത്തിട്ട് വാതിലടച്ചു.
പള്ളിസെക്രട്ടറി ഇട്ടന്‍ പറഞ്ഞു :
څപള്ളിയില്‍ വേദവിപരീതികള്‍ നുഴഞ്ഞു കയറുവാന്‍ നമ്മളൊരിക്കലും സമ്മതിക്കരുത് കരിസ്മാറ്റിക്കിനെ ഇന്നു തന്നെ രജിസ്റ്ററില്‍ നിന്നും മാറ്റുവാന്‍ പൊതുയോഗം യുനാനിമസായി തീരുമാനിച്ചതായി ഡയറിയില്‍ രേഖപ്പെടുത്തണംچ.
څഅതിനു പൊതുയോഗം കൂടിയിട്ടില്ലല്ലോچ- പ്രതിപക്ഷ മെമ്പര്‍ സ്കറിയ ക്രമപ്രശ്നമുന്നയിച്ചു.
څകൂടിയില്ല പക്ഷെ കൂടിയതായി നമ്മള്‍ എഴുതിച്ചേര്‍ക്കുംچ, ഒപ്പിടും- ഇട്ടന്‍ കട്ടായമായി പറഞ്ഞു.
څവേദവിപരീതികളില്‍ നിന്ന് പള്ളിയെ രക്ഷിക്കുവാന്‍ നാളിതുവരെ ഭരണ സമിതി എന്തെല്ലാം ചെയ്തിട്ടുണ്ട്?چ- ബാങ്കുമാനേജരും ഭദ്രാസന

പകോപന ഏകോപന സമിതിയംഗവുമായ കാരോളി ചോദിച്ചു.
ഇട്ടന്‍ വിശദീകരിച്ചു :
څവേദവിപരീധികളായ അച്ചന്‍മാര്‍, അല്‍മേനികള്‍ തുടങ്ങിയവരെ പള്ളി കോമ്പൗണ്ടില്‍ കയറ്റാറില്ല.അവരുടെ വഴിപാടുകള്‍ സ്വീകരിക്കാറില്ല. അറിയാതെ ഏതെങ്കിലും വേദവിപരീതി പള്ളിയില്‍ കയറിപ്പോയാല്‍ ഉടനെ കൂദാശ ചെയ്യാറുണ്ട്. പള്ളിക്കടുത്തുള്ള ഒരു വേദവിപരീതിക്ക് അന്ത്യകൂദാശ കൊടുക്കുവാന്‍ അച്ചന്‍ പോകുവാന്‍ തീരുമാനിച്ചപ്പോള്‍ അച്ചനെ മുറിയിലിട്ടു പൂട്ടി. മുന്‍ വികാരിമാരില്‍ വേദവിപരീതികളായിട്ടുള്ളവരെ ഒരു കാരണവശാലും പള്ളിയില്‍ കയറ്റുന്നതല്ല. വേദവിപരീതികളുടെ പള്ളിയിലേക്കു കണക്ഷന്‍ കൊടുത്തിരിക്കുന്ന ലൈനില്‍ നിന്നും നമ്മുടെ ലൈന്‍ മാറ്റി…………………چ
څഎന്‍റെ മാതാവേ ഈ പയ്യിന്‍റെ പാലല്ലേ ഞങ്ങള്‍ അഞ്ചെട്ടു വീട്ടുകാര്‍ വാങ്ങിക്കുടിക്കുന്നത്? ഞങ്ങളുടെ ഗതിയെന്താകും?چ- സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍ സര്‍ക്കിള്‍ രാജു നെഞ്ചത്തടിച്ചു .
څവേദവിപരീതികളുമായി തൊട്ടു കൂടുന്നവരെല്ലാം വേദവിപരീതികള്‍ തന്നെയാണെന്നാ പിതാക്കന്മാരുടെ പഠിപ്പിക്കല്‍. എതിര്‍ക്കക്ഷിയെ കല്ല്യാണം കഴിച്ച എന്‍റെ ഏക മകളെ. പത്തു കൊല്ലമായിട്ട് ഞാന്‍ വീട്ടില്‍ കയറ്റിയിട്ടില്ല. ഇതിപ്പോള്‍ ഇടവക മുഴുവന്‍ അശുദ്ധമായി.چ- സപ്തതികോരച്ചേട്ടന്‍ തന്‍റെ പൗരാണിക പാരമ്പര്യ അറിവുകള്‍ കോട്ട് ചെയ്ത് സമസിച്ചു .
എമര്‍ജന്‍സി ലൈറ്റിട്ട പന്ത്രണ്ടു കാറുകളില്‍ അരമനയില്‍ പാഞ്ഞെത്തിയ കമ്മറ്റി അംഗങ്ങള്‍ അഭിവാദ്യ സവിധം സങ്കടം ബോധിപ്പിടച്ചു. മൂന്നു ദിവസത്തിനു ശേഷം ഇടവക മെത്രാപ്പൊലിത്ത പള്ളിക്കയച്ച കല്‍പ്പന ഇങ്ങിനെ:
څകര്‍ത്താവിന്‍ വാത്സല്ല്യ മക്കളേ,
ശപിക്കപ്പെട്ട വേദവിപരീതികളോടെതിര്‍ത്തു നില്‍ക്കുന്നതിലും ജീവന്‍ കൊടുത്തും സത്യ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും ആ ഇടവക മക്കള്‍ കാണിക്കുന്ന ശുഷ്കാന്തിയില്‍ നാം സന്തുഷ്ടരാണ്. ആരോപണ വിധേയനായ പുരോഹിതന്‍ നമ്മുടെ അടുക്കല്‍ വന്ന് കാല്‍ക്കല്‍ വീണ് പശ്ചാത്തപിച്ച് മാപ്പുചോദിച്ചതിനാല്‍ ശിക്ഷാവിധിയില്‍ നിന്നും നാം അവനെ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ വേദവിപരീതികളുടെ ശവപ്പറമ്പില്‍ മേഞ്ഞ അശുദ്ധയായ څഉരുچമരിക്കേണ്ടതാകുന്നു. (ആഖാന്‍ ചെയ്ത കുറ്റത്തിന് ആ കുടുംബത്തേയും അവന്‍റെ കന്നുകാലികളേയും കല്ലെറിഞ്ഞു കൊല്ലുവാന്‍ ദൈവം കല്‍പ്പിച്ചത് നിങ്ങളുടെ സ്നേഹത്തോടെ നാം ഓര്‍മ്മിപ്പിക്കുന്നു). ശപിക്കപ്പെട്ട മൃഗത്തിന്‍റെ പാല്‍ കുടിച്ച ജനം മൂന്നു ദിവസം ഉപവസിച്ച് നോമ്പെടുത്ത് കുമ്പസാരിച്ച് വി.കുര്‍ബ്ബാന കൈക്കൊള്ളേണ്ടതാകുന്നു.
വേദവിപരീതികളോടെതിര്‍ത്തു നില്‍ക്കുവാന്‍ ദൈവം നിങ്ങള്‍ക്കു ശക്തി നല്‍കട്ടെ. ആകാശങ്ങളിലിരിക്കുന്ന ബാവാ…….ഈത്യാദിچ.
കല്‍പ്പന വായിച്ചു ചര്‍ച്ച അടിയന്തിരക്കമ്മിറ്റിയുടെ തീരുമാനപ്പ്രകാരം ഞായറാഴ്ച വി.കുര്‍ബ്ബാനക്കു ശേഷം മൃഗത്തെ പള്ളിപ്പറമ്പിലിട്ടു വെട്ടിപ്പങ്കിടുവാനും, ജോണച്ചനെക്കൊണ്ടു ബ. കമ്മിറ്റിയുടെ കാലുപിടിച്ചു മാപ്പു പറയിക്കുവാനും തീരുമാനിച്ചു.
ഞായറാഴ്ച പള്ളി ഗേറ്റിനു മുമ്പില്‍ څപശു ഇറച്ചി വില്‍ക്കപ്പെടുംچ എന്നോരു ബോര്‍ഡ് കുഞ്ഞാലോന്‍ വച്ചു. കുര്‍ബ്ബാനക്കു ശേഷം വിശ്വാസികളുടെ അകമ്പടിയോടെ ശേഷക്രിയക്കായി പശുവിനെ അറവക്കാരന്‍ ഹൈദ്രോസിനു വിട്ടുകൊടുത്തു. ബലി മൃഗത്തേയും കൊണ്ടു ജനം മുമ്പോട്ടു നീങ്ങവേ, ഗോവധ നിരോധന സംഘം പ്രസിഡന്‍റും നാലാം വാര്‍ഡ് മെമ്പറുമായ ഗോവര്‍ദ്ധനപ്പിള്ളയും കുറേ നാട്ടുകാരും എസ്സൈ വീരനും നാലു പോലീസുകാരുമായി څകടന്നുچ വന്നു. എസ്സൈ പറഞ്ഞു :
څഈ പയ്യ് ആറു മാസം ഗര്‍ഭിണിയാണ്. പരിസ്തിതി വകുപ്പു നിയമപ്പ്രകാരം ഇതിനെ കൊല്ലുന്നത് നിയമ വിരുദ്ധമാണ്. അതുകൊണ്ട് തല്‍ക്കാലം കൊല്ലാന്‍ പറ്റില്ല. എല്ലാവുരും ഉടനെ പിരിഞ്ഞു പോകണം. പശുവിനെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയാണ് چ.
څഅപ്പോളിവള്‍ വേദവിപരീതിനി മാത്രമല്ല ദുര്‍നടപ്പുകാരി കൂടിയാണല്ലേ സാറേچ. ഒന്നിരുത്തിമൂളി തിരിച്ചു നടക്കുന്നതിനിടയില്‍ കുഞ്ഞോലന്‍ പറഞ്ഞു.

റവ. ഫാ. ഡോ. എ. പി. ജോര്‍ജ്(ഫാദർജി)  :  വെങ്ങോലയിലെ ബദ്സാദാ മാനസികാരോഗ്യകേന്ദ്രം ഡയറക്ടര്‍, ഗവേഷണബിരുദവും ഗവേഷണാനന്തര ബിരുദവും മാനസിക രോഗ ചികിത്സാ വൈദഗ്ദ്യവും നേടിയിട്ടുള്ള പ്രഗദ്ഭനായ വിദ്യാവിചക്ഷണന്‍, ചിന്താ സൗകുമാര്യം പ്രസരിപ്പിക്കുന്നതും സമാകര്‍ഷകമായ ശൈലിയുടെ ഉടമസ്ഥന്‍, പിരിമുറുക്കങ്ങളില്ലാതെ ചിരിക്കുവാനും ചിന്തിക്കുവാനും പ്രേരിപ്പിക്കുന്ന ഗ്രന്ഥകാരനുമായ റവ. ഫാ. ഡോ. എ. പി. ജോര്‍ജിന്‍റെ കൃതികളിലെ തിരഞ്ഞടുത്ത സമകാലിക പ്രസക്തമായ  ഏടുകളുടെ ഒരു പരമ്പര ഇവിടെ ആരംഭിക്കുന്നു.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...