Home Malayalamയൗനാന്‍റെ അടുക്കള ജീവിതം:ഫാദര്‍ജി

യൗനാന്‍റെ അടുക്കള ജീവിതം:ഫാദര്‍ജി

by admin
0 comments

ങ്കരാടി പഞ്ചായത്തിലെ യൗനാന്‍ 60-കളില്‍ നാട്ടിലെ പാറമട തൊഴില്‍ മതിയാക്കി ഗള്‍ഫിലെത്തിയതാണ്. ഭാഗ്യത്തിന് ചെന്നെത്തിയത് മനുഷ്യപറ്റുള്ള ഒരു അറബിയുടെ അടുക്കളപണിക്കായിരുന്നു. യൗനാന്‍റെ സ്പൈസി പ്രിപ്പറേഷന്‍ അറബിക്കും മാഡത്തിനും പെരുത്തിഷ്ടായി. നാട്ടിലേക്ക് പോകണ്ട ഇവിടെത്തന്നെ കബറടക്കാം, വേണമെങ്കില്‍ തിരുശേഷിപ്പ് നാട്ടിലേക്ക് കൊടുത്തുവിടാമെന്ന് അറബി പറഞ്ഞതാണ്. യൗനാന്‍റെ നാടിനോടുള്ള നൊസ്റ്റാള്‍ജിക് ക്രേസുകൊണ്ട് അറബികൊടുത്ത പണച്ചാക്കുകളും കൊണ്ട് യൗനാന്‍چ ഗള്‍ഫ് റിട്ടേണ്‍ഡچ് ആയി.
അറുപതേക്കര്‍ തെങ്ങിന്‍ തോട്ടം വാങ്ങി അതിനു നടുവില്‍ അംബാനി സ്റ്റൈല്‍ മാന്‍ഷന്‍ തീര്‍ത്ത് നാട്ടിലെ വാലും തലയും കൊമ്പുമുള്ള നേതാക്കന്മാര്‍ക്കൊക്കെ വന്‍ ട്രീറ്റു കൊടുത്തു.
പക്ഷെ നാട്ടുകാര്‍ക്കിപ്പോഴും പാറമട യൗനാന്‍ തന്നെയായിരുന്നു. ബാങ്കില്‍ കുന്നുകണക്കിന് പണവും ലോക്കറില്‍ കൊട്ടക്കണക്കിന് സ്വര്‍ണ്ണവും ഉണ്ടായിരുന്നിട്ടും മാന്യനും മഹാനും സെലിബ്രിറ്റിയുമായി ആദരിക്കപ്പെടുന്നില്ലല്ലോ എന്ന “സൈലന്‍റ് പെയിന്‍”  ഉള്ളിലൊതുക്കി നടക്കുമ്പോഴാണ് തന്‍റെ പഴയകാല പ്രൈമറി സുഹൃത്ത് തങ്കപ്പനെ കണ്ടു മുട്ടിയത്.
മി. ഗോര്‍ക്കിയെപ്പോലെ താടിയും മുടിയും വളര്‍ത്തിയിരിക്കുന്ന തങ്കപ്പന്‍ നിലവില്‍ പാര്‍ട്ടി ലോക്കല്‍ ഘടകത്തിന്‍റെ ഛോട്ടാ നോതാവാണ്. മട്ടും ഭാവവും വലിയ സെറ്റപ്പിലാണ്.
യൗനാനൊപ്പമിരുന്ന് ലഹരിയില്‍ പറ്റായപ്പോള്‍ തങ്കപ്പന്‍ പറഞ്ഞു: നാലാളറിയണമെങ്കില്‍ വഴിയൊന്നേയുള്ളൂ.
യൗനാന്‍ ചോദിച്ചു:”എന്തിര ്?”
ഒരു പൈശാചിക ചിരിയോടെ തങ്കപ്പന്‍ പറഞ്ഞു: “ഒരു പാര്‍ട്ടിണ്ടാക്കണം, ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കണം.”
“അല്ല, പാര്‍ട്ടിണ്ടാക്കാന്‍ അണികള്‍ വേണ്ടേ?”
“ഒരു പണിയുമില്ലാതെ തെക്കുവടക്കു നടക്കുന്ന ഇത്രയധികം ദാരിദ്ര്യ പണ്ടാരങ്ങളുള്ള നാട്ടിലാണോ അണികള്‍ക്ക് ക്ഷാമം? കൊടുക്ക് തുട്ട്, വിളി കീ ജയ്, പ്രഖ്യാപിക്ക് ബന്ത,് ജനജീവിതം സ്തംഭിപ്പിക്കു, ആനവണ്ടികള്‍ എറിഞ്ഞ് തകര്‍ക്ക്, കടകള്‍ തല്ലിപ്പൊളിക്ക്, രണ്ടു മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കൂ, അവര്‍ക്ക് രക്തസാക്ഷി മണ്ഡപം പണിയൂٹ അപ്പോള്‍ നിങ്ങളുടേത് ജനശ്രദ്ധ നേടിയ പാര്‍ട്ടി ആകും.നിങ്ങള്‍ ആരാധ്യനായ അനിഷേധ്യ നേതാവാകും. ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ കോമരങ്ങളും മതനേതാക്കډാരും നിങ്ങളെ അന്വേഷിച്ചു വരും. ധീരാ ധീരാ യൗനാനേ, ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ.”
തങ്കപ്പനെ രാഷ്ട്രീയ ഉപദേഷ്ടാവാക്കി യൗനാന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. “മനുഷ്യേന്‍ പാര്‍ട്ടി”
ചോദിച്ച പണം കൊടുത്ത് മതരാഷ്ട്രീയ സെലിബ്രിറ്റികളെയും ദിവസക്കൂലി ആയിരം പ്ലസ് ആപ്പിറ്റൈസര്‍ കൊടുത്ത് അണിയണിയായ് അണികളെയും നിരത്തി പാര്‍ട്ടി ഉല്‍ഘാടനം നടത്തി. മീഡിയ ഇരച്ചു കയറി. ചാനലുകളില്‍ ഉലകനായകനായി യൗനാന്‍ വെട്ടിത്തിളങ്ങി.
പാര്‍ട്ടി മാനിഫെസ്റ്റോയെ പറ്റി പത്രലേഖകന്‍ ചോദിച്ചപ്പോള്‍ യൗനാന്‍ പറഞ്ഞു:
“രാജ്യം ഞാന്‍ കുട്ടിച്ചോറാക്കും.”

അതുകേട്ട് അമ്പരന്ന പത്രലേഖകൻ തങ്കപ്പന്‍ വിശദീകരണം നല്‍കി:
“രാജ്യത്തെ അനാഥകുട്ടികള്‍ക്ക് ചോറു കൊടുക്കുമെന്നാണുദ്ദേശിച്ചത്”

തങ്കപ്പന്‍ പറഞ്ഞു: “ഏറ്റവും പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനജീവിതം സ്തംഭിപ്പിക്കണം. ബന്തിന് വലിയ കാരണമൊന്നും വേണമെന്നില്ല, കലാപം ഉണ്ടാക്കുന്നതിലും പൊതുമുതല്‍ നശിപ്പിക്കുന്നതിലും ജനങ്ങളെ ഭയപ്പെടുത്തുന്നതിലുമാണ് വിജയം. ഇര കിട്ടാതെ പട്ടിണികിടക്കുന്ന മീഡിയ അതൊക്കെ ആഘോഷമാക്കിക്കൊള്ളും.”

ബന്തിന് ബന്ധപ്പെട്ട കാരണമന്വേഷിച്ചു കൊണ്ടിരുന്നപ്പോഴാണ് പെട്രോള്‍ ലിറ്ററിന് 0.10 പൈസ കൂട്ടിയത്. തങ്കപ്പന്‍റെ ഉപദേശപ്രകാരം ഗവണ്‍മെന്‍റിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മനുഷ്യേന്‍ പാര്‍ട്ടി ഒരാഴ്ച ബന്തു പ്രഖ്യാപിച്ചു.
തല്ലിതകര്‍ക്കാനായി 5000 അധോലോക ഗുണ്ടകളെ വാടകകൊടുത്ത് കയറൂരി വിട്ടു. പറഞ്ഞനേരംകൊണ്ട് ഗുണ്ടകള്‍ എല്ലാം തല്ലിത്തകര്‍ത്ത് തരിപ്പണമാക്കി. ജനം പേടിച്ചു വിറച്ച് വീടിനകത്ത് ഒളിച്ചു. അക്രമം കൂടുതല്‍ വ്യാപകമാക്കാന്‍ തമിഴ്നാട്ടില്‍ നിന്നും 2500 വന്‍ ക്രിമിനലുകളെക്കൂടി തങ്കപ്പന്‍റെ നിര്‍ദ്ദേശപ്രകാരം ഇറക്കുമതി ചെയ്തു.
ബന്ത് വന്‍ വിജയമാണെന്ന് ചാനലുകള്‍ പ്രഖ്യാപിച്ചു. അഖണ്ഡചാനല്‍ ചര്‍ച്ചകള്‍ കസറി. യൗനാന്‍റെ മള്‍ട്ടികളര്‍ പടം ചാനലുകളില്‍ പ്ലേയും റിപ്ലേയും ചെയ്തുകൊണ്ടിരുന്നു. തങ്കപ്പനും യൗനാനും രഹസ്യചേമ്പറിലിരുന്ന് എല്ലാം കണ്ട് അസുര അണികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുത്തുകൊണ്ടിരുന്നു.  പാര്‍ട്ടിയില്‍ ലയിക്കാനോ ഭരണത്തില്‍ കക്ഷിചേരാനോ താല്‍പര്യമുണ്ടോ എന്ന് തിരക്കി കോളുകള്‍ വന്നുകൊണ്ടിരുന്നു.

ബന്തിന്‍റെ രണ്ടാം ദിവസം രാവിലെ രണ്ടായിരത്തോളം അന്യദേശ തൊഴിലാളികള്‍ യൗനാന്‍റെ കൊട്ടാരത്തിലേക്ക് ഇടിച്ചു കേറി വന്നു പറഞ്ഞു:”കാനാപീനാ നഹി, ഭൂഖ് ലഗ്ത്താ ഹൈ”
യൗനാന്‍ ബന്തു പ്രഖ്യാപിച്ചതുകൊണ്ട് ഇവര്‍ക്ക് പണിയില്ല, കടകള്‍ അടച്ചതു കൊണ്ട് ഭക്ഷണമില്ല, ഇര വേണമെന്നാണിവര്‍ പറയുന്നതെന്ന് മലയാളി നേതാവ് തര്‍ജ്ജിമ ചെയ്തു.
സെക്യൂരിറ്റി തടഞ്ഞെങ്കിലും അവര്‍ എല്ലാം തല്ലിത്തകര്‍ത്ത് അകത്ത് കടന്ന് വീട്ടിലുണ്ടായിരുന്നതെല്ലാം ശാപ്പിട്ടു. തെങ്ങേലെ തേങ്ങയെല്ലാം ഇട്ട് വെട്ടിക്കുടിച്ചു. കുടിയിലെല്ലാം അടുപ്പുകൂട്ടി. പതിനായിരക്കണക്കിന് അന്യദേശക്കാര്‍ വന്ന് കുടിലുകെട്ടിയതോടെ യൗനാന്‍ ബന്ത് നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. യൗനാനെ തൊഴിലാളികള്‍ ഘരാവോ ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട ദിവസങ്ങളിലെ കൂലി തരണമെന്നാവശ്യപ്പെട്ടു. പറയുന്നത് ന്യായമാണെന്ന് കേരളാപോലീസ്.
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ തകര്‍ത്ത ബസുകളുടെ മെയിന്‍റനന്‍സ് ബില്ല് മൂന്നു കോടി അടക്കാന്‍ കോടതി. ഗുണ്ടകളുടെ ആക്രമണത്തില്‍ കണ്ണ്, മൂക്ക്, ചെവി, കൈ തുടങ്ങിയ അംഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ ആശുപത്രി ബില്ലുമായി നഷ്ടപരിഹാരത്തിനായി കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തത് കൊണ്ട് മരിച്ചവരുടെ ബന്ധുക്കള്‍ ഡെഡ്ബോഡിയുമായി വന്ന് څ”സമയമാം രഥത്തില്‍ ഞാന്‍” എന്ന പാട്ടുപാടി മുറ്റത്തിരിപ്പായി.

വിവാഹം തടസ്സപ്പെട്ടതിന്‍റേയും വിദേശയാത്ര മുടങ്ങിയതിന്‍റെയും പെരുന്നാള്‍ ഉത്സവക്കാരുടെ വരുമാനം കുറഞ്ഞതിന്‍റെയും നഷ്ടപരിഹാരമായി ചോദിച്ചത് 25 സിയാര്‍!
ബാങ്കിലുള്ളതും സ്ഥാവരജംഗമവസ്തുക്കളും വിറ്റു കൊടുത്തിട്ടും ബാധ്യത തീരാതായപ്പോള്‍ യൗനാന്‍ പത്തേമാരിയില്‍ കയറി കടലു നീന്തി അറബിയുടെ വീട്ടിലെത്തി മാഡത്തിന്‍റെ കാല്‍ക്കല്‍ വീണു.
യൗനാന്‍റെ അടുക്കള ജീവിതം പുനരാരംഭിച്ചു!

കോണ്‍ട്രാക്ട് തുക തീര്‍ത്ത് കൊടുക്കാത്തതുകൊണ്ട് ഗുണ്ടാസംഘം തങ്കപ്പന്‍റെ കയ്യും കാലും തല്ലിയൊടിച്ചു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ക്രിട്ടിക്കല്‍ കെയറിലാണെന്ന് സ്വന്തം ലേഖകന്‍.
 
ഞങ്ങള്‍ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികള്‍ മലിനവസ്ത്രം പോലെയും ആണ്. ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്നപോലെ ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചു കളയുന്നു – യെശയ്യ 64:6

You may also like

Leave a Comment