Home Motivational Messagesഒരു പരിഷ്കാരി സ്ത്രീ.

ഒരു പരിഷ്കാരി സ്ത്രീ.

by admin
0 comments
ഒരു പരിഷ്കാരി സ്ത്രീ.
പി. റ്റി. കോശിയച്ചൻ.
 
പരിഷ്കാരിയും പൊങ്ങച്ചക്കാരിയും ആയ ഒരു സ്ത്രീ ഒരു ചെരുപ്പുകടയിൽ എത്തി: “എനിക്ക് ചേരുന്ന ഒരു ജോടി പുതിയ ചെരിപ്പ് വേണം” അവർ പറഞ്ഞു. കാലിൽ കിടന്ന ചെരിപ്പുകൾ ഊരി വച്ചിട്ട് കടക്കാരൻ കാണിച്ച ചെരിപ്പുകൾ ഓരോന്നായി അവർ കാലിൽ ഇട്ടു നോക്കി. ധാരാളം ചെരിപ്പുകൾ പരിശോധിച്ചിട്ടും അവരുടെ കാലിനു ചേരുന്ന ചെരിപ്പ് ഒന്നും കിട്ടിയില്ല. ഒടുവിൽ അൽപ്പം മാറിക്കിടന്ന ഒരു ജോടിയിൽ കാൽ കയറ്റിയപ്പോൾ, കൃത്യം. സന്തോഷത്തോടെ അവർ പറഞ്ഞു: “ഇത് എനിക്ക് നന്നായി ചേരുന്നുണ്ട്. ഇതു തന്നെ എടുക്കാം. എന്താണിതിന്റെ വില?” കടക്കാരൻ പറഞ്ഞു: “അയ്യോ, അതിനു വിലയൊന്നും തരണ്ട. MADAM ഇവിടേയ്ക്ക് വന്നപ്പോൾ മാഡത്തിന്റെ കാലിൽ കിടന്ന ചെരിപ്പുകൾ ആണത്.”(ഗൂഗിൾ).
 
നമുക്ക് ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യങ്ങൾ ഏറ്റവും നല്ലതും ഉചിതവും എങ്കിലും അവയിൽ തൃപ്തിപ്പെടാതെ പുതിയ സാഹചര്യങ്ങളെ തേടി പോകുന്ന ധാരാളം ആളുകൾ ഉണ്ട്. ഇപ്പോഴത്തെതൊക്കെ നമ്മുടെ അന്തസ്സിനും പരിഷ്കാരത്തിനും പോരാ എന്നൊരു തോന്നൽ! കൂടുതൽ പരിഷ്കൃതമായവ തേടിപ്പോകുമ്പോൾ പലപ്പോഴും നമുക്ക് അനുയോജ്യമല്ലാത്തതാണ് ലഭിക്കുന്നത്. എന്തുകൊണ്ടാണ് ലഭിച്ചിരിക്കുന്ന സാഹചര്യങ്ങളിലും നന്മകളിലും തൃപ്തി അടയാൻ കഴിയാത്തത്? ഇപ്പോഴത്തെ സൗകര്യങ്ങൾ മതിയാകാഞ്ഞിട്ടെങ്കിൽ പുതിയ ക്രമീകരണങ്ങൾ ആവശ്യമാവാം. എന്നാൽ ഇപ്പോഴത്തെ സൗകര്യങ്ങളും സാഹചര്യങ്ങളും മതിയായതെങ്കിൽ എന്തിനാണ് പുതിയവ തേടിപ്പോകുന്നത്? അത് നമ്മുടെ പൊങ്ങച്ചത്തിന്റെ ഒരു ഭാഗം കൂടിയല്ലേ?
 
എന്താണ് ഈ പൊങ്ങച്ചമനോഭാവം? “ഞാൻ മറ്റാരെക്കാളും മോശമല്ല, എല്ലാറ്റിനും ഞാൻ മുൻപിലാണ് എന്ന് സ്വയം ചിന്തിക്കുന്ന ഒരു ഭാവം! ഈ ഭാവം മറ്റുള്ളവർ തന്നെ  അംഗീകരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ആരും അംഗീകരിച്ചില്ലെങ്കിലും സ്വയം നമ്മുടെ തന്നെ മനസ്സിനെ തൃപ്തിപ്പെടുത്തുകയാണ് ഈ ഭാവം സ്വീകരിക്കുന്നതിലൂടെ നാം ചെയ്യുന്നത്. അങ്ങനെ സ്വയം തൃപ്തി അടയുന്നതിൽ ദോഷമില്ലെങ്കിലും നാമറിയാതെ നമ്മുടെ വിനയഭാവം നഷ്ടപ്പെട്ടുപോകും. അതൊരു വലിയ നഷ്ടമാണ്! പൊങ്ങച്ചം നമ്മുടെ മഹത്വത്തിന് ഹാനികരമാണ്. എന്നാൽ വിനയമോ അതാണ് ജീവിതത്തിന്റെ മഹത്വം! ആകയാൽ ലഭ്യമായിരിക്കുന്ന സാഹചര്യങ്ങളിൽ സംതൃപ്തരായി വിനയപുരസ്സരം ജീവിക്കുവാൻ നമുക്ക് സാധ്യമാകണം.
 
യഥാർത്ഥത്തിൽ പൊങ്ങച്ച സാഫല്യത്തിന് വേണ്ടി വിനിയോഗിക്കുന്ന പണം സാധുക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിച്ചിരുന്നെങ്കിൽ സമൂഹത്തിൽ എത്രയധികം പേർ അനുഗ്രഹീതരാകുമായിരുന്നു!
അങ്ങനെ ജീവിപ്പാനും പ്രവർത്തിപ്പാനും മഹത്വകരമായ ആളത്തത്തിന്റെ ഉടമകൾക്കു മാത്രമേ സാധ്യമാവൂ. അതിന് ദൈവഹിതം തിരിച്ചറിവാനും അതിൻ പ്രകാരം ജീവിക്കാനും നാം സമർപ്പിതരാവണം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 

You may also like

Leave a Comment