Home Literatureഎന്‍റെ നാട് കൊല്ലകടവ്- ശ്രീകുമാര്‍ കൊല്ലകടവ്

എന്‍റെ നാട് കൊല്ലകടവ്- ശ്രീകുമാര്‍ കൊല്ലകടവ്

by admin
0 comments

ഭാഗം 6, ആരാധനാലയങ്ങള്‍

മനസ്സില്‍ തറച്ചുപോയ വിശ്വാസങ്ങളെ മാറോടടുക്കിപ്പിടിക്കുകയും   അതേസമയം തന്നെ തനിക്കരികിലുള്ളവന്‍റെ വിശ്വാസത്തിനു താന്‍ മൂലം  കളങ്കമേല്‍ക്കരുതെന്നു നിറഞ്ഞ മനസ്സോടെ ആഗ്രഹിക്കുകയും ചെയ്യുന്ന    ഒരു ജനവിഭാഗമാണ് കൊല്ലകടവെന്ന ഈ നാടിന്‍റെ അനുഗ്രഹം. നാനാജാതിമതസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന        കൊല്ലകടവിന്‍റെ ഭാഗമാണ് ഞാന്‍ എന്നു പറയുമ്പോള്‍ മനസ്സിലുയര്‍ന്നു  വരുന്നത്  നാട്ടില്‍ നമ്മുടെ പൂര്‍വ്വികര്‍ തീര്‍ത്തുവെച്ച മതമൈത്രി ഓര്‍ത്തുള്ള   അഭിമാനമാണ്. ഇന്നോളവും അതിനു കോട്ടം തട്ടാതെ പോയി എങ്കില്‍ നമ്മുടെ നാട്ടിലെ ഓരോരുത്തരുടെയും മതിലില്ലാത്ത മനസ്സുകള്‍ മാത്രമാണ് അതിനു കാരണം. ദൈവങ്ങളെയും വിശ്വാസങ്ങളെയും വീതം വെച്ചെടുക്കാത്ത ആ നല്ല നാളുകളുടെ മാധുര്യം നുകരാന്‍ ഇന്നത്തെ തലമുറയ്ക്കും ഭാഗ്യം സിദ്ധിച്ചു, അതങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.

കൊല്ലകടവില്‍ വിവിധ മതസ്തരുണ്ടെങ്കിലും ജനസംഖ്യാനുപാതത്തില്‍         മുസ്ലിം വിഭാഗമാണ്‌ മുന്നിട്ടു നില്‍ക്കുന്നത്. ചരിത്രാതീത കാലം മുതല്‍ക്കേ  ഇന്നാട്ടില്‍ താമസിച്ചു വരികയും നാടിന്‍റെ സമസ്ത മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ഒരു ജനത. കൊല്ലകടവിന്‍റെ ആവിര്‍ഭാവം മുതല്‍ തന്നെ ബാങ്കുവിളികളുടെ അലയൊലികള്‍ നാട്ടിലാകമാനം മുഴങ്ങിയിരുന്നു. അതൊരു മതവിഭാഗത്തിന്‍റെ സ്വകാര്യസ്വത്തായിരുന്നില്ല. നാഴികമണികള്‍ നാട്ടില്‍ പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് എല്ലാവരുടെയും സമയത്തെ ക്രമീകരിച്ചിരുന്നത് ഈ പ്രാര്‍ഥനകള്‍ അനുസരിച്ചായിരുന്നു. പണ്ട് ഒരു നമസ്കാരസ്ഥലം മാത്രമായി തുടങ്ങിയിരുന്ന ചന്തപ്പള്ളിയാണ് കൊല്ലകടവിലെ ആദ്യ പള്ളിയായി കണക്കാക്കപ്പെടുന്നത്. ഒരു വീടിന്‍റെ ചുറ്റുവട്ടങ്ങളോട് കൂടിയ നിസ്കാരകേന്ദ്രം ഒരു സാംസ്കാരിക കേന്ദ്രമാവാനും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി പുരോഗമനത്തിന്‍റെ പുതിയ മാനങ്ങള്‍ തേടുവാനും അധികകാലം വേണ്ടി വന്നില്ല. ഇന്നു കാണുന്ന ജുമാ മസ്ജിദ് ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പള്ളികളില്‍ ഒന്നാണ്. പൌരാണികതയുടെ അടയാളങ്ങള്‍ വിളിച്ചോതുന്ന പടിപ്പുരയും കടന്നുചെന്നാല്‍ കാണാം  മിനാരത്തിന്‍റെ തലയെടുപ്പുമായി വിശാലമായ നിസ്കാരസ്ഥലവും പേറി കൊല്ലകടവ് ജുമാമസ്ജിദ്, കൊല്ലകടവിലെ വലിയ പള്ളി. പിന്നെയുമുണ്ട് ആഞ്ഞിലിച്ചുവടും പുത്തന്പാലത്തും വടക്കേമലയിലുമൊക്കെയായി ചെറിയ ചെറിയ പള്ളികള്‍.

കൊല്ലകടവിന്‍റെ സാംസ്കാരിക ഭൂപടത്തില്‍ ചെറുതല്ലാത്ത സ്ഥാനം വഹിക്കുന്ന ക്ഷേത്ര സമുച്ചയങ്ങളുണ്ട്. മാതൃ ക്ഷേത്രം ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ്. നിര്‍മ്മാണഘടനകള്‍ വെച്ചുനോക്കി ക്ഷേത്രം ചേരമാന്‍ പെരുമാളിന്‍റെ കാലത്തു നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണെന്നു ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. കായംകുളം രാജാവിന്‍റെ അധീനതയില്‍ ആയിരുന്ന നാളുകളില്‍ നവീകരണവും പുനപ്രതിഷ്ടയും നടന്നതായി കണക്കാക്കപ്പെടുന്നു. ഉടമസ്ഥാവകാശം തൃശൂര്‍ കണയന്നൂര്‍ ദേശത്തുള്ള ഉമ്മന്‍പിള്ള മനയ്ക്കും കൈസ്ഥാനം ചെറിയനാട് കിഴക്കെടത്തു മൂസന്മാര്‍ക്കും താന്ത്രിക ചുമതല താഴമണ്‍ മഠം തന്ത്രിമാര്‍ക്കും പൂജാദികര്‍മ്മങ്ങള്‍ക്കായി പല മഠങ്ങളിലുള്ള ഊരാഴ്മക്കാരെയും രാജാവ് ചുമതലപ്പെടുത്തി. കൊല്ലകടവിനും രണ്ടു കിലോമീറ്റര്‍ ദൂരെ മാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍റെ ഉപക്ഷേത്രമായ് ആലക്കോട്ട് പുതിയ ക്ഷേത്രം വന്നിട്ട് നാളുകള്‍ അധികമായിട്ടില്ല. ആരാധനയ്ക്ക് പല മൂര്‍ത്തികള്‍ക്കുമായ് നിരവധിയനവധി അമ്പലങ്ങള്‍ കൊല്ലകടവിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കടയിക്കാട് നല്ലവീട്ടില്‍ ഭദ്രകാളി ക്ഷേത്രം, ചെറുവല്ലൂര്‍ ദേവീ ക്ഷേത്രം, നല്ലൂര്‍ക്കാവ് ദേവീ ക്ഷേത്രം, ഞാഞ്ഞൂക്കാട് സുബ്രഹ്മണ്യ ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്. ഇതിനൊക്കെയും പുറമേ ചില കുടുംബക്ഷേത്രങ്ങള്‍ കൂടി നാടിനു നന്മ പുലരുവാന്‍ വേണ്ടി നിലകൊള്ളുന്നു.

അച്ചന്‍കോവില്‍ ആറിന്‍റെ ലാളനകള്‍ ഏറെ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആരാധനാലയമാണ് കൊല്ലകടവ് സെന്റ്‌ ആന്‍ഡ്രൂസ് സി.എസ്.ഐ. ചര്‍ച്ച്. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യവുമായി നില്‍ക്കുന്ന ഈ ക്രിസ്തീയ ദേവാലയം നാടിന്‍റെ കവാടമായ പാലത്തിനു വളരെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നു. ഈ പള്ളിയുടെ തന്നെ മറ്റൊരു ശാഖ ആലക്കോട്ടും സ്ഥിതി ചെയ്യുന്നുണ്ട്.

1948 ല്‍ സ്ഥാപിതമായ കടയിക്കാട് ബെഥേല്‍ മാര്‍ത്തോമാ പള്ളിയാണ് മറ്റൊരു ക്രിസ്തീയ ആരാധനാലയം. ക്രിസ്തീയ വിഭാഗത്തിലെ തന്നെ പെന്തക്കോസ്ത് വിശ്വാസികളുടെ പ്രാര്‍ഥനാലയങ്ങളും നമ്മുടെ നാട്ടിലുണ്ട്. വിശ്വാസത്തിനും ഭക്തിയ്ക്കുമൊക്കെ പ്രിയമേറിയതോടെ ആരാധനാലയങ്ങളുടെ എണ്ണത്തിലും മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വര്‍ദ്ധനവ്‌ പ്രകടമാണ്. നാടിന്‍റെ ഐശ്വര്യത്തിന് അതൊക്കെ ഒരു കാരണമാകുന്നു എങ്കില്‍ അതിലും നമുക്കു സന്തോഷിക്കാം. മനസ്സില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാത്തിടത്തോളം കാലം മുഖങ്ങളില്‍ പുഞ്ചിരിയുണ്ടാവും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും.

ആരാധനകള്‍ പലതാകട്ടെ, വിശ്വാസങ്ങള്‍ ഏതു രീതിയില്‍  ഉള്ളതുമാകട്ടെ, പുറത്തറിയപ്പെടുന്നത് കൊല്ലകടവുകാരന്‍ എന്നുതന്നെയാവും. കൈമോശം വന്നുപോകാത്ത പരസ്പര വിശ്വാസവും സ്നേഹവും സഹകരണവും നമുക്കു പകര്‍ന്നു തന്ന പഴമക്കാര്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിടുന്നുണ്ടാവും. നാടിന്‍റെ നേര്‍ച്ചിത്രങ്ങളില്‍ ജ്വലിക്കുന്നോരേടാണ് വിവധ മതസ്ഥര്‍ അഭിമാനമായി, ഒരിത്തിരി അഹങ്കാരമായി കരുതുന്ന നമ്മുടെ മതമൈത്രി. (തുടരും)

You may also like

Leave a Comment