Home Newsഎന്‍റെ നാട് കൊല്ലകടവ്: ശ്രീകുമാര്‍ കൊല്ലകടവ്

എന്‍റെ നാട് കൊല്ലകടവ്: ശ്രീകുമാര്‍ കൊല്ലകടവ്

by admin
0 comments

ഭാഗം 2, കൊല്ലകടവിന്‍റെ ഭൂമിശാസ്ത്രം.

ചരിത്രമാണ് കുറിയ്ക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അളന്നു കുറിച്ചു  തിട്ടപ്പെടുത്തിയ പരുപരുത്ത പാതയിലൂടെ നാം സഞ്ചരിക്കുന്നത് പിന്നോട്ടാണ്.  കാലപ്പഴക്കം കൊണ്ടു വീര്യം കൈവന്ന മേന്മയേറിയ വീഞ്ഞിന്‍റെ ലഹരിപോൽ നുരഞ്ഞു പൊന്തുന്ന ഓർമകൾ പേറുന്ന പഴമനസ്സുകളാണ് നമ്മുടെ വഴികാട്ടികൾ. കൈമാറുന്നതത്രയും  രണ്ടാമതൊരാലോചനക്കിടം

കൊടുക്കാതെ ഹൃദിസ്ഥമാക്കിയാൽ ഈ ചരിത്രം     ആസ്വാദ്യകരമായ അനുഭൂതിക്കിടം നൽകിയേക്കാം. യാത്ര തുടങ്ങുന്നു.

വടക്കു നിന്നും തെക്കോട്ടേക്കോ അതോ കിഴക്കു നിന്നും പടിഞ്ഞാറെക്കോ എന്നു തീർത്തും വ്യക്തമായി നിർവചിക്കാൻ പറ്റാത്ത ഭൂമിശാസ്ത്രം കൊണ്ടു മുകളില്‍    പറയപ്പെട്ട ഒരു ദിക്കിനും ചായ്വ്വു നൽകുന്നില്ല നമ്മുടെ ഈ നാട്. വടക്കു പുളിഞ്ചുവടും കിഴക്കു ഭാഗത്തു  ചെറുവല്ലൂരും പടിഞ്ഞാറു കടയിക്കാടും തെക്ക് ഭാഗത്ത് കുളിരണിയിച്ചൊഴുകുന്ന അച്ചൻകോവിലാറും   അതിർത്തികൾ തീർത്തു, ചതുരമെന്നോ അണ്ഡാകൃതിയെന്നോ പ്രഥമ നിഗമനത്തിൽ തീരുമാനമെടുക്കാൻ അമാന്തം നേരിടുന്ന കിടപ്പ്. നമ്മുടെ ചിന്തകളിലും പറഞ്ഞുകേട്ട കഥകളിലും ഒന്നുമില്ലാത്ത ഒരു രൂപം. മേൽപ്പറയപ്പെട്ട സ്ഥലങ്ങൾക്കുള്ളിൽ തന്‍റെ സ്വത്വമൊളിപ്പിച്ചു വിചിത്രഭൂമിശാസ്ത്രവുമായി വിലസുന്ന; പുരോഗമനത്തിന്‍റെ നാന്ദി കുറിച്ച കറുത്ത പാതകൾ കടന്നുവന്നിട്ടില്ലാത്ത, ആറിനു കുറുകെ കടക്കാൻ    കമാനങ്ങളുള്ള പാലമില്ലാത്ത, വളർച്ച വിളിച്ചോതുന്ന വ്യാപാരശാലകളില്ലാത്ത,  അക്ഷരങ്ങളിലൂടെ അറിവിന്‍റെ അഗ്നിയെ ആവാഹനം ചെയ്യുവാൻ ഒരു വിദ്യാലയം കൂടിയില്ലാതിരുന്ന നാട്…. എടുത്തു പറയാൻ ഇല്ലായ്മകൾ ഏറെയുണ്ടായിരുന്നെങ്കിലും അതിനെയൊക്കെ മായ്ച്ചു കളയാൻ തക്കവണ്ണം ശേഷിയുള്ള പാടശേഖരങ്ങളും തെളിനീരൊഴുകുന്ന തോടുകളും മണ്ണിൽ പൊന്നു വിളയിക്കുന്ന കൃഷീവലന്മാർ തീർക്കുന്ന  നിറസമൃദ്ധിയും മുഖം നോക്കാതെ മനസ്സിനെ സ്നേഹിച്ചു നേടിയ മതസൗഹാർദവുമൊക്കെയുണ്ടായിരുന്നു.

പച്ച വിരിച്ച പാടങ്ങൾ ഹൃദയഭാഗങ്ങളിലും അതിർത്തിയോടു ചേർന്നും നിരവധിയുണ്ടായിരുന്ന കാലം ഭൂതകാലത്തിലെ സുഭിക്ഷതയെ സൂചിപ്പിയ്ക്കുന്നു. കൊല്ലകടവ് എന്ന ഭൂവിഭാഗത്തെ രണ്ടായി തിരിച്ചുകൊണ്ടു വളവുകളും തിരിവുകളുമായി, ഇരുകരകളിലുമുള്ള കൃഷിക്കു വേണ്ടുന്ന വെള്ളവും വഹിച്ചൊഴുകുന്ന പമ്പാ ജലസേചന   പദ്ധതിയുടെ ഭാഗമായ വലിയ കനാൽ വടക്കു നിന്നും ഒഴുകി തെക്കോട്ടുള്ള തന്‍റെ   സഞ്ചാരം അനസ്യൂതം തുടരുന്നു. കൊല്ലകടവ് എന്ന കൊച്ചു ഗ്രാമത്തിന്‍റെ വികസനം തുടങ്ങുന്നതും ഈ കനാലിന്‍റെ വരവോടു കൂടിയാണ്. വെള്ളത്തിനു ക്ഷാമം തീരെ നേരിട്ടിട്ടുണ്ടായിരുന്നില്ല എന്നു കാണിക്കുന്നതിന്‍റെ അടയാളമായി വടക്കുകിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ആലക്കോട് കുളവും കുളത്തിൽ നിന്നും പടിഞ്ഞാറേക്കു നാടിനെ പിളർന്നൊഴുകുന്ന ചെറിയ കൈത്തോടും പഴയ പ്രൗഢിയോടെയല്ലെങ്കിലും ഇന്നും നിലനിൽക്കുന്നു. കുളവും കുളത്തിലെ ശോഷിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന പടവുകളും ഇന്ന് അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന അവസ്ഥയിലാണ്. തെളിനീരൊഴുകിയിരുന്ന കുളത്തില്‍ ഇന്നുള്ളത് തൊട്ടടുത്ത ചപ്പാത്തിലൂടെ ഒഴുകിവരുന്ന മണ്ണും പിന്നെ സ്വയംഭൂവെന്നു തോന്നിപ്പിക്കുന്ന കുറെ പാഴ്ചെടികളുമാണ്. പ്രസ്തുത കുളത്തില്‍ നിന്നും ഉത്ഭവിച്ചിരുന്ന കൈത്തോടു  കടന്നുപോകുന്ന ഇരുകരകളും കൃഷിക്കായി മാത്രമുപയോഗിക്കുകയും കാലക്രമേണ ഭക്ഷണത്തെക്കാൾ പാർപ്പിടത്തിനു   പോരായ്മ നേരിടുകയും ജനങ്ങൾ അധിവസിക്കാൻ തുടങ്ങുകയും അതുവഴി  മറ്റൊരു ജനവാസകേന്ദ്രം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ചാലുകളുടെ എണ്ണവും തീരെ കുറവല്ലാതിരുന്ന ഗതകാലങ്ങളിൽ മീൻപിടുത്തം ഒരു തൊഴിലോ വിനോദമോ    ഒക്കെയായി കണ്ടവരും നാട്ടിലുണ്ടായിരുന്നു. കടയിക്കാട് കുളം, വെങ്കുളം ചാല്‍, പഴഞ്ചിറ ചാല്‍ അങ്ങനെ ജലാശയങ്ങള്‍ ഏറെ നിറഞ്ഞിരുന്ന വിസ്തൃത ഭൂഭാഗം തന്നെയായിരുന്നു നമ്മുടെ നാട്. പുരയിടങ്ങൾ പലതും പലതരം   കൃഷികൾ കൊണ്ടലങ്കരിക്കപ്പെട്ടിരുന്നു എന്നു പറയുമ്പോൾ അതൊരു           കൗതുകമായി തോന്നാമെങ്കിലും വേദനയോടെ വിസ്മരിക്കാനാവാത്ത ഒരു  സത്യമാണത്. വരണ്ടു വിണ്ടു കീറിയ പരുത്ത നിലങ്ങൾ മൃദുവാക്കി തന്‍റെ ഇഷ്ടത്തിനൊത്ത വിളകളിറക്കി കഠിനാധ്വാനം ചെയ്തു പെരുവിരലാൽ നെറ്റിത്തടത്തിലെ    വേർപ്പുകണങ്ങളെ തുടച്ചുനീക്കുമ്പോൾ കര്‍ഷകന്‍റെ മുഖത്തു വിരിയുന്ന സംതൃപ്തി ഒരു നാടിന്‍റെ തന്നെ നിറസമൃദ്ധിയെ വിളിച്ചറിയിക്കുന്നതായിരുന്നു.

പറഞ്ഞു വന്നതു ഭൂമിശാസ്ത്രത്തെപ്പറ്റി ആയിരുന്നെങ്കിലും കൃഷി മണ്ണുമായി  തീർത്ത ഹൃദയബന്ധം വിഷയത്തെ ഒരൽപ്പം വഴിതിരിച്ചു. കൃഷിയില്ലാത്ത മണ്ണ്    അന്നില്ലായിരുന്നു, അല്ലെങ്കിൽ കൃഷി ഇല്ലാതിരുന്ന ഇടങ്ങൾ തീരെ കുറവായിരുന്നു എന്നതാണ് ഇതിനൊരു കാരണം. ഭൂമിയുടെ കിടപ്പു വെച്ചു നമ്മുടെ നാടൊരു സമതലമെന്നോ പുഞ്ചപ്രദേശമെന്നോ ഒന്നും നിർവചിക്കാൻകഴിയുന്നില്ല. കയറ്റവും ഇറക്കവും കുളങ്ങളും തോടുകളും സമതലങ്ങളും ഒക്കെക്കൂടി സർവ്വരൂപ സമ്മിളിതമായ ഭൂപ്രദേശം തന്നെയാണ് ഈ  നാട്.

ചെങ്ങന്നൂര് നിന്നും 9 കിലോമീറ്റർ തെക്കും മാവേലിക്കരയിൽ നിന്നും 7കിലോമീറ്റർ കിഴക്കും  പന്തളത്തു നിന്നും 13 കിലോമീറ്റര്‍ പടിഞ്ഞാറും മാറി സ്ഥിതി ചെയ്യുന്ന കൊല്ലകടവിന് മറ്റേതൊരു നാടിനുമെന്നപോൽ ഓർത്തഭിമാനിക്കാൻ പലതുമുണ്ട്. കൊല്ലകടവിൽ നിന്നാണ് വരുന്നത് എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം വരുന്ന ചോദ്യം തന്നെ പാലത്തിന്‍റെ ഏതു ഭാഗത്തുനിന്നുമാണ് എന്നതാണ്. കൊല്ലകടവിന്‍റെ      ഭൂമിശാസ്ത്രം പാലം കൂടിയില്ലാതെ പൂർണ്ണമാകുന്നില്ല എന്നതിനു തെളിവാണത്. ഇരുപതാം നൂറ്റാണ്ടിന്‍റെ           മദ്ധ്യത്തിൽ നിർമ്മിതമായ പാലം വർത്തമാനകാലത്തിൽ സപ്തതിയുടെ നിറവിലാണ്. രണ്ടു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തന്‍റെ വിരിമാറിലൂടെ കൈമാറാൻ അനുവദിച്ചത് പല ചരിത്രങ്ങളെയോ ചരിത്രങ്ങളുടെ ഭാഗങ്ങളെയോ ആവാം.

ഒരു ഭൂവിഭാഗവും പഴമയില്‍ ഉറച്ചു നില്‍ക്കുന്നില്ല. കാലാകാലങ്ങളായി നിരവധിയനവധി മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിയ്ക്കുന്നു ഓരോ പ്രദേശങ്ങളും. അങ്ങനെ വിപ്ലവാത്മകമായ പല മാറ്റങ്ങള്‍ക്കും വിധേയമായി നാമിന്നു കാണുന്ന കൊല്ലകടവും ആവിര്‍ഭാവം ചെയ്തു. പുരോഗമനം കൊണ്ടു നമുക്കുണ്ടായ നേട്ടങ്ങള്‍ നിരത്തുമ്പോള്‍ ഒരല്പം വേദനയോടുകൂടി മാത്രമേ നമുക്കു നമ്മുടെ നഷ്ടങ്ങളെപ്പറ്റി ഓര്‍ക്കാന്‍ പറ്റൂ. പുതിയതെന്തും നമുക്കു സൃഷ്ടിച്ചെടുക്കാവുന്നത്ര ഉയരത്തിലാണ് സാങ്കേതികവിദ്യയുടെ വളര്‍ച്ച. പക്ഷെ അതില്‍ ആ പഴമയുടെ ഗന്ധവും പച്ചപ്പിന്‍റെ സൗന്ദര്യവും നാട്ടിന്‍പുറത്തിന്‍റെ നന്മയും കൂടി പുനരുജ്ജീവിപ്പിക്കാന്‍ ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചാലാണ് സാധ്യമാവുക? നാം ഇന്നിന്‍റെ കൂടി ഭാഗമാണെന്ന തിരിച്ചറിവുകള്‍ ഈ മാറ്റങ്ങളെ ഒക്കെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയാണ്.

കൊല്ലകടവിന്‍റെ ഭൂമിശാസ്ത്രത്തിൽ ഒഴിച്ചുമാറ്റപ്പെടാൻ പറ്റാത്തത്ര പ്രാധാന്യവും   പേറി കിഴക്കു നിന്നും പടിഞ്ഞാറേക്കു രൂപവും ഭാവവും കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടു പല രീതിയില്‍            മാറിക്കൊണ്ടൊഴുകുന്നു അച്ചൻകോവിലാറ്. മഴയിലൊരു ഭാവം, വേനലാവുമ്പോൾ മറ്റൊരു ഭാവം, മഴയുടെ പാരമ്യതയിൽ ബീഭത്സ രൂപം, വേനലിന്‍റെ കാഠിന്യത്തിൽ തീരെ ശുഷ്കമായ് മറ്റൊരു രൂപം. കൊല്ലകടവ് എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടിവരുന്ന ചിത്രങ്ങളില്‍ ഒന്ന് ഈ പുഴ തന്നെ. നാട്ടിലെവിടെയും പുഴകള്‍ മെലിഞ്ഞു തോടുകളായി പരിണമിയ്ക്കുന്നു. ഇങ്ങനെയുള്ള ഹൃദയഭേദകമായ രൂപത്തിനുകൂടി പാത്രമാകുന്ന ആറു കാണുമ്പോള്‍ മനസ്സിലുള്ളത് സഹതാപമല്ല, നമ്മള്‍ നമ്മളോട് ചെയ്യുന്ന യുദ്ധത്തിന്‍റെ ഭീതിയാണ്. കാലമേറെച്ചെന്നാലും കഥകളനവധി നിരത്തപ്പെട്ടാലും, കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മാറിവന്നാലും നാടിനു പുളകം പകർന്നൊഴുകുന്ന തെളിനീർവാഹിനി എന്നും ഒരുസാക്ഷിയായിരിക്കും; കാലത്തിന്‍റെ കണ്ണുകൾ സ്വയം ആവാഹിച്ചെടുത്ത സാക്ഷി. കൊല്ലകടവിന്‍റെ ചരിത്രത്തിന്‍റെ നിശബ്ദ  പശ്ചാത്തലം.   (തുടരും)

You may also like

Leave a Comment