എന്‍റെ നാട് കൊല്ലകടവ്:ശ്രീകമുര്‍ കൊല്ലകടവ്

Date:

ഭാഗം 11, സംരംഭങ്ങള്‍

കാലമെത്ര കഴിഞ്ഞാലും ഓര്‍മ്മയുടെ ചെപ്പിനുള്ളില്‍ ഗതകാലസ്മരണകളുടെ സുഗന്ധവും പേറി മനസ്സിന് ഒരുവേളയെങ്കിലും ഒരു മഞ്ഞുതുള്ളിയുടെ സ്നിഗ്ദ്ധത പകര്‍ന്നു കടന്നുപോകുന ചില അടയാളങ്ങളുണ്ട്. ഏറെ നേരം ആ ഓര്‍മ്മകളുടെ ഓളംതള്ളലില്‍ ഒഴുകുന്ന കടലാസ് തോണിയാകാറുണ്ട് മനസ്സ് ആ നേരങ്ങളില്‍. കൊല്ലകടവിന്‍റെ സുവര്‍ണ്ണ കാലഘട്ടമെന്നു കരുതാവുന്ന, ആധുനികതയുടെ കടന്നുവരവിനും പഴമയുടെ വിടവാങ്ങലിനും ഇടയിലുള്ള അവസ്ഥാന്തരങ്ങളുടെ കാലം.

വളര്‍ച്ചയുടെ പാതയിലായിരുന്ന നാടിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു എഴുപതുകളുടെ അവസാന നാളുകളിലെങ്ങോ അഭ്രപാളിയിലെ അത്ഭുതങ്ങള്‍ നമുക്കും ദൃശ്യയോഗ്യമാക്കിയ കവിതാ തിയേറ്ററിന്‍റെ കടന്നുവരവ്. വെളുത്ത വലിയ തിരശ്സീലയില്‍ സത്യനും മധുവും പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ പ്രണയവും ചരിത്രവുമൊക്കെ ആടിത്തിമര്‍ത്തതിന് ഒരു ജനത മുഴുവന്‍ കയ്യടിയും ആരവങ്ങളും നല്‍കിയത് ആലക്കോടു സ്ഥിതി ചെയ്തിരുന്ന ആ പഴയ കൊട്ടകയില്‍ വെച്ചായിരുന്നു. അന്നത്തെ തലമുറയില്‍ സിനിമാമോഹങ്ങള്‍ കുത്തിത്തിരുകുന്നതില്‍ കവിതാ തിയേറ്റര്‍ വഹിച്ച പങ്കു വിസ്മരിക്കാവുന്നതല്ല. പക്ഷേ തൊണ്ണൂറുകളുടെ ആരംഭദശയില്‍ തന്നെ അടച്ചുപൂട്ടലിനും പൊളിച്ചടുക്കലിനും ഇരയാകേണ്ടി വന്ന തിയേറ്ററിന്‍റെ തിരോധാനത്തോടു കൂടി ആലക്കോട് തന്‍റെ പ്രതാപങ്ങള്‍ ഒന്നൊന്നായി വച്ചൊഴിഞ്ഞുകൊണ്ടിരുന്നു.

കച്ചവടരംഗത്ത് ശോഭനമായ ഭാവി പണ്ടെക്കുപണ്ടേ ആരോ പ്രവചിച്ചിരുന്നു എന്ന രീതിയിലായിരുന്നു കൊല്ലകടവിന്‍റെ ഹൃദയഭാഗമായ പ്രധാന  ജങ്ക്ഷനില്‍ സംരംഭങ്ങള്‍ വന്നുപോയ്ക്കൊണ്ടേയിരുന്നത്. പുകയില വ്യാപാരം കൊണ്ടു പുരോഗതിയിലേക്കുയര്‍ന്ന കവലയ്ക്കല്‍ കുടുംബത്തിന്‍റെ സംരംഭങ്ങളും സംഭാവനകളും പലതായിരുന്നു. കൊല്ലകടവിലെ ആദ്യ ബസ്, സ്വര്‍ണ വ്യാപാരം, സിനിമാ നിര്‍മ്മാണം അങ്ങനെ നീണ്ടുകിടക്കുന്നു അവരുടെ സംഭാവനകള്‍.

നാട്ടുവൈദ്യവും നാടന്‍ വൈദ്യന്മാരും മറ്റേതു നാട്ടിലുമെന്നപോലെ  കൊല്ലകടവിലും സജീവമായിത്തന്നെ മുന്നോട്ടു പോയിരുന്നു. അതത്രയും ശരി വെക്കുന്ന തരത്തിലായിരുന്നു വിവിധയിനം പച്ചമരുന്നുകള്‍ നിറയെ ശേഖരിച്ചു വെച്ചിരുന്ന വിശാലമായ അങ്ങാടിക്കട ഉള്‍പ്പെട്ടിരുന്ന മലയില്‍ക്കടയുടെ വളര്‍ച്ചയും സേവനവും. അവിടെ ലഭ്യമല്ലാതിരുന്ന ഒരു പച്ചമരുന്നുമുണ്ടാവില്ലായിരുന്നു കാലമേതായാലും. അതിനു തൊട്ടുമുന്‍പിലൂടെ കടന്നു പോകുമ്പോള്‍ തന്നെ അനുഭവിച്ചിരുന്ന സുഖമുള്ളൊരു സമ്മിശ്ര ഗന്ധം പോയകാലങ്ങളിലെങ്ങോ കൈമോശം വന്ന ഓര്‍മ്മകളുടെ സുഗന്ധമായ്  മനസ്സിലേക്കു തിരയടിച്ചുയരാറുണ്ട്. നാടിനു സ്വന്തമായ  ഗന്ധങ്ങളില്‍ ഒന്ന്.

വസ്ത്രവ്യാപാര രംഗത്ത് പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള, ഭൂതകാലത്തിലെന്നപോലെ വര്‍ത്തമാനകാലത്തിലും കൊല്ലകടവിനൊപ്പം നിന്ന എബനേസര്‍ ടെക്സ്റ്റയില്സ്, നാട്ടിലുണ്ടായ വിപ്ലവാത്മകമായ മാറ്റങ്ങളുടെ സാക്ഷി കൂടിയാണ്. മറ്റു പലരും ഈ രംഗത്തേക്കു കൊല്ലകടവില്‍ പരീക്ഷണം നടത്തിയിരുന്നു എങ്കിലും അധികം പിടിച്ചുനില്‍ക്കാതെ പിന്‍വാങ്ങേണ്ടി വന്നു. ആധുനികത കൊണ്ടുവന്ന ഭാവനാ ടെക്സ്റ്റയില്സ് വലിയ മാറ്റങ്ങള്‍ക്കു ശ്രമിച്ചുവെങ്കിലും, തൊട്ടടുത്ത പട്ടണങ്ങളായ മാവേലിക്കരയും ചെങ്ങന്നൂരുമൊക്കെ കൊല്ലകടവുകാരെ കുതികാലിട്ടു വീഴ്ത്തി എന്നതു കൊണ്ടു തന്നെ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയും രംഗം വിട്ടൊഴിയുകയും ചെയ്തു. ഇന്നിപ്പോള്‍ വസ്തവ്യാപാര ശാലകള്‍ നിരവധിയാണ് കൊല്ലകടവില്‍. മെഗായും, സിബീസും, ഇലവുംമൂട്ടിലുമൊക്കെ ഈ രംഗത്തെ ആധുനികവല്‍ക്കരിയ്ക്കപ്പെട്ട വസ്ത്രവ്യാപാര ശാലകള്‍.

തുന്നല്‍ മേഖലയിലുമുണ്ടായിരുന്നു കഴിവു തെളിയിക്കുകയും മത്സര ബുദ്ധിയോടെ കര്‍മ്മരംഗത്തു ശോഭിക്കുകയും ചെയ്തിരുന്ന സ്ഥാപനങ്ങള്‍. ട്രൂഫിറ്റും ന്യൂമാനും ഒക്കെ അന്നത്തെ യുവാക്കളുടെ ഇഷ്ട തുന്നല്‍ സ്ഥാപങ്ങനളായിരുന്നു. ചെറുതും വലുതുമായ് അന്നു കാണപ്പെട്ട മിക്ക തുന്നല്‍ക്കടകളും ഇന്നു കാണാനാവുന്നില്ല. അന്നുണ്ടായിരുന്ന മിക്ക തുണിക്കടകളുടെയും മുന്നിലുണ്ടാവും പഴയ തയ്യല്‍ മെഷീനുമായി ഒരു തുന്നല്‍ക്കാരന്‍. കടയും അവരുടെ ജീവനോപാധികളില്‍ ഒന്നായിരുന്നു എന്ന് വ്യക്തം.  ആധുനികതയുടെ കുത്തൊഴുക്കില്‍ ആ കാഴച്ചകളും  നമുക്കു നഷ്ടമായി.

പേരെടുത്തു പറയാനാവാത്തിടത്തോളം പലച്ചരക്കുകടകള്‍ കൊല്ലകടവില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ പലതും പുതുമയുടെ കുപ്പായത്തില്‍ പാരമ്പര്യത്തിന്‍റെ പകിട്ടും പേറി നില്‍ക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ആശയം നാട്ടിലെത്തിച്ച തെങ്ങുംതറയില്‍ കടയും മേലെവീട്ടില്‍ കടയും ചില്ലുകൂട്ടില്‍ നിരത്തപ്പെട്ട പുതിയ തരം പലഹാരങ്ങള്‍ നാടിനു പരിചയപ്പെടുത്തിയ ബെസ്റ്റ് ബേക്കറിയും തനതു രുചികളും മറുനാടന്‍ വിഭവങ്ങളും നമുക്കു സുപരിചിതമാക്കിയ കൊല്ലകടവിലെ ആദ്യ ഹോട്ടലായ അപ്സരാ ഹോട്ടലും, അതിനു ശേഷം വന്ന കൃഷ്ണാ ഹോട്ടലും, മിഴിവേകുന്ന ചിത്രങ്ങള്‍ നല്‍കിയ ത്രീസ്ടാര്‍ സ്ടുഡിയോയും റോയ്സ് ഇലക്ട്രോണിക്സും പഴയ കൊല്ലകടവിന്‍റെ പ്രൌഡികളിലെ ചില നാഴികക്കല്ലുകള്‍ മാത്രം.

വ്യാപാര രംഗങ്ങളില്‍ കൊല്ലകടവുകാരോടൊപ്പം കിടപടിച്ചു നിന്ന അന്യനാട്ടുകാരും പില്‍ക്കാലത്തു കൊല്ലകടവിന്‍റെ തന്നെ ഭാഗമായ് മാറിയതും ചരിത്രത്തിന്‍റെ തിരുത്തലുകള്‍. അത്തരത്തില്‍ വ്യക്തിപരമായ അടുപ്പം കൊണ്ട് എനിക്കു  പേരെടുത്തു തന്നെ പറയേണ്ടുന്ന വ്യക്തിത്വം തന്നെയാണ് കായംകുളം അണ്ണന്‍. ആക്രിക്കച്ചവടത്തില്‍ നിന്നും പലചരക്കു വ്യാപാരവും സ്ടുഡിയോയും വരെ നടത്തി കൊല്ലകടവിന്‍റെ തന്നെ ഭാഗമായിരുന്നു കുറച്ചുനാള്‍ മുന്‍പ് വരെയും.

നാടിന്‍റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണ് പാകപ്പെടുത്തിയെടുത്ത ഓരോ വ്യാപാരിയുടെയും ത്യാഗങ്ങളുടെ കഥയും പേറി നില്‍ക്കുന്ന കൊല്ലകടവ് നമ്മുടെ നാട് എന്ന് പറഞ്ഞു നാം ഊറ്റം കൊള്ളുമ്പോള്‍ അറിയാതെ ഓര്‍ത്തുപോകുന്നത്‌ ആ പൂര്‍വികരെ കൂടിയായിരിക്കും. ഗ്രാമീണത തുളുമ്പുന്ന നാട്ടിന്‍പുറങ്ങളുടെ മനോഹാരിത ഉള്ളിലൊതുക്കി ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പുന്ന നമ്മുടെ നാടിന് ചരിത്രങ്ങള്‍ വഴിമാറിക്കൊടുക്കുന്ന ഉത്തരാധുനികതയുടെ യുഗത്തിലും നമുക്കു മുതല്‍ക്കൂട്ട് പോയകാലം നമുക്കു സമ്മാനിച്ച പാരമ്പര്യമാണ്.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...